ഓണസദ്യക്കും വിലക്കയറ്റം! മിനിമം വേണം ₹350

മലയാളികളെല്ലാം ഓണമുണ്ണാനുള്ള തയ്യാറെടുപ്പിലാണ്. തൂശനിലയില്‍ നല്ല കുത്തരി ചോറും പരിപ്പും സാമ്പാറും അവിയലും ഓലനും കാളനും എരിശ്ശേരിയും പപ്പടവും പായസവും തുടങ്ങി മൊത്തം 26 വിഭവങ്ങള്‍ അടങ്ങിയ കേരളത്തിന്റെ സ്വന്തം തിരുവോണസദ്യ. പണ്ട് വീടുകളില്‍ വട്ടംകൂടിയിരുന്നായിരുന്നു സദ്യ കഴിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ തിരിക്കിട്ട ജീവിതവും അണുകുടുംബ പശ്ചാത്തലവുമൊക്കെ മൂലം റെഡിമെയ്ഡ് സദ്യക്ക് പിന്നാലെയാണ് പലരും. അരിക്കും പച്ചക്കറിക്കെമെല്ലാം വില കുത്തനെ വര്‍ധിച്ചതോടെ ഈ ഓണത്തിന് വിഭവസമൃദ്ധമായൊരു ഓണസദ്യ വാങ്ങി കഴിക്കണമെങ്കില്‍ കൈയ്യില്‍ 450 രൂപ വേണമെന്നായി!

വിലയേറി ഓണസദ്യ

അരി, പച്ചക്കറി തുടങ്ങിയവയ്ക്ക് വില കൂടിയതോടെ ഓണസദ്യയ്ക്കും വിലക്കയറ്റമാണ്. കഴിഞ്ഞവര്‍ഷം പ്രാരംഭ വില 250 രൂപയായിരുന്നെങ്കില്‍ ഇപ്പോള്‍ സ്വാദിഷ്ട വിഭവങ്ങളടങ്ങിയ സദ്യക്ക് മിനിമം കൊടുക്കണം 350 രൂപ. വിഭവങ്ങളുടെ എണ്ണം 20ല്‍ കൂടുതലാകുന്നതോടെ വില 450 ആകും. കഴിഞ്ഞ വര്‍ഷം കുറഞ്ഞത് 250 രൂപയായിരുന്നു ഒരാള്‍ക്കുള്ള ഓണസദ്യയ്ക്ക്. അന്ന് 250 മുതല്‍ 350 രൂപ വരെയായിരുന്നു ഓണസദ്യയ്ക്ക്. ഇന്നിത് 350 രൂപ മുതല്‍ 450 രൂപ വരെയാണ്.

കഴിഞ്ഞ വര്‍ഷം 1,500 രൂപയ്ക്ക് 5 പേര്‍ക്കാണ് ഓണസദ്യ ലഭിച്ചിരുന്നതെങ്കില്‍ ഇതേ വിലയില്‍ ഇന്ന് 3 പേര്‍ക്കുള്ള ഓണസദ്യയാണ് ലഭിക്കുന്നത്. അരിക്കും പച്ചക്കറിക്കുമെല്ലാം വില കുത്തനെ ഉയര്‍ന്നതിനാലാണ് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 100-150 രൂപയുടെ വര്‍ധന ഈ ഓണത്തിന് ഉണ്ടായതെന്ന് കൊച്ചിയിലെ ഹോട്ടലുടമകള്‍ പറയുന്നു.

വില കൂടുതലെങ്കിലും ആവശ്യക്കാരേറെ

കാണം വിറ്റും ഓണമുണ്ണമെന്നാണ് പഴമക്കാര്‍ പറയുന്നത്. വിലയെത്രയാണെങ്കിലും ഓണസദ്യ വാങ്ങാന്‍ നിരവധിപേര്‍ എത്തുമെന്നാണ് കൊച്ചിയിലെ ഹോട്ടലുടമകള്‍ പറയുന്നു. കാരണം പല ഹോട്ടലുകളും ബുക്കിംഗുകള്‍ ആരംഭിച്ചതിന് തൊട്ടു പിന്നാലെ ഓണസദ്യ ബുക്ക് ചെയ്യാന്‍ ഓട്ടറെപ്പേര്‍ വിളിക്കുന്നുണ്ടെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍ വിളിക്കുന്നവരില്‍ കൂടുതലും ബള്‍ക്ക് ഓര്‍ഡറുകളെക്കുറിച്ചാണ് അന്വേഷിക്കുന്നതും ബുക്ക് ചെയ്യുന്നതും. വീടുകളിലേക്കടക്കം ചെറിയ ഓര്‍ഡറുകളും വന്നുതുടങ്ങിയതായി അവര്‍ പറയുന്നു.

ജോലിത്തിരക്കിനിടയില്‍ കൊച്ചിയില്‍ പലര്‍ക്കും വീട്ടില്‍ ഓണസദ്യയുണ്ടാക്കാന്‍ സമയമില്ലാത്ത സ്ഥിതിയാണ്. അതിനാല്‍ കടയില്‍ നിന്ന് ഇത് വാങ്ങുക എന്നത് മാത്രമാണ് ഏക മാര്‍ഗം. ഓണസദ്യ വാങ്ങാന്‍ നാലുപേരടങ്ങുന്ന ഒരു കുടുംബത്തിന് 1,800 രൂപയെടുത്ത് വരുന്നുണ്ടെങ്കിലും ഇത് ഒഴിവാക്കാനാകുന്ന ഒന്നല്ലല്ലോ എന്നാണ് പലരും പറയുന്നത്. നിത്യജീവിതത്തെ ബാധിക്കുന്ന വിധം അവശ്യസാധനങ്ങളുടെ വില വര്‍ധിച്ചതോടെയാണ് ഓണം ഇത്ര ചെലവേറിയത്.

Nadasha K V
Nadasha K V  

Related Articles

Next Story

Videos

Share it