നിങ്ങളുടെ PAN ഉപയോഗിച്ച് വ്യാജ ഇടപാടുകൾ നടന്നോ? ദുരുപയോഗം കണ്ടെത്താനും പരാതിപ്പെടാനും ചെയ്യേണ്ടത്

ശമ്പള റെക്കോർഡുകൾ, ബാങ്ക് സ്റ്റേറ്റ്‌മെന്റുകൾ, പോലീസിൽ നൽകിയ പരാതിയുടെ രസീതുകൾ എന്നിവ കൃത്യമായി സൂക്ഷിക്കുക
pan-card
Image courtesy: Canva
Published on: 

പെർമനന്റ് അക്കൗണ്ട് നമ്പർ (PAN) ദുരുപയോഗം ചെയ്യുന്നത് മൂലം നികുതിദായകര്‍ നടത്താത്ത സാമ്പത്തിക ഇടപാടുകളുടെ പേരിൽ അപ്രതീക്ഷിതമായി ഭീമമായ ആദായനികുതി ബാധ്യതകൾ നേരിടേണ്ടി വരുന്ന സാഹചര്യം വർദ്ധിച്ചുവരുന്നതായി കാണപ്പെടുന്നു. ഡൽഹിയിലെ ഒരു ഹോട്ടൽ പാചകക്കാരന്റെ പാൻ കാർഡ് വിവരങ്ങൾ ഉപയോഗിച്ച് അയാള്‍ അറിയാതെ 24.62 കോടി രൂപയുടെ വിൽപ്പന രേഖപ്പെടുത്തുകയും 4 കോടി രൂപയോളം നികുതി ആവശ്യപ്പെടുകയും ചെയ്ത കേസ് അടുത്തിടെ ഡൽഹി ഹൈക്കോടതി റദ്ദാക്കിയിരുന്നു.

പാൻ ദുരുപയോഗവും വ്യാജ ഇടപാടുകളും എങ്ങനെ പരിശോധിക്കാം?

ആനുവൽ ഇൻഫർമേഷൻ സ്റ്റേറ്റ്‌മെന്റും (AIS) ഫോം 26AS ഉം: നിങ്ങളുടെ ടാക്സ് റെക്കോർഡുകളായ AIS, ഫോം 26AS എന്നിവ പതിവായി പരിശോധിക്കുക. അപരിചിതമായ ഇടപാടുകൾ, ഉയർന്ന മൂല്യമുള്ള സാമ്പത്തിക വിവരങ്ങൾ, ടി.ഡി.എസ് (TDS) ക്രമക്കേടുകൾ എന്നിവ ഇതിലൂടെ കണ്ടെത്താം.

ജി.എസ്.ടി പോർട്ടൽ വഴി പരിശോധന: ജി.എസ്.ടി പോർട്ടലിലെ 'Search by PAN' സൗകര്യം ഉപയോഗിച്ച് നിങ്ങളുടെ പാൻ ഉപയോഗിച്ച് ആരെങ്കിലും അനധികൃതമായി ജി.എസ്.ടി രജിസ്ട്രേഷൻ എടുത്തിട്ടുണ്ടോ എന്ന് പരിശോധിക്കുക.

വ്യാജ ഇടപാടുകൾ ശ്രദ്ധയിൽപ്പെട്ടാൽ ചെയ്യേണ്ട കാര്യങ്ങൾ:

പൊലീസിൽ പരാതി നൽകുക: തട്ടിപ്പോ ഐഡന്റിറ്റി മോഷണമോ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ പൊലീസിലും സൈബർ ക്രൈം സെല്ലിലും രേഖാമൂലം പരാതി നൽകുക.

നികുതി അധികൃതർക്ക് മറുപടി നൽകുക: ഇൻകം ടാക്സ് വകുപ്പിൽ നിന്നുള്ള നോട്ടീസുകൾക്ക് സമയപരിധിക്കുള്ളിൽ മറുപടി നൽകുകയും വ്യാജ ഇടപാടുകൾ തെളിയിക്കുന്ന വിവരങ്ങൾ ആവശ്യപ്പെടുകയും ചെയ്യുക.

രേഖകൾ സൂക്ഷിക്കുക: ശമ്പള റെക്കോർഡുകൾ, ബാങ്ക് സ്റ്റേറ്റ്‌മെന്റുകൾ, പോലീസിൽ നൽകിയ പരാതിയുടെ രസീതുകൾ എന്നിവ കൃത്യമായി സൂക്ഷിക്കുക.

ആദായനികുതി റെക്കോർഡുകൾ നിരന്തരം പരിശോധിച്ച് ഉറപ്പുവരുത്തുന്നത് ഭാവിയിലെ വലിയ സാമ്പത്തിക-നിയമ പ്രശ്നങ്ങളിൽ നിന്ന് നിങ്ങളെ സംരക്ഷിക്കും.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com