പണപ്പയറ്റ്: പണം വേണോ? ഈടായി വിശ്വാസം മതി

നിങ്ങള്‍ക്ക് അത്യാവശ്യമായി മൂന്ന് ലക്ഷം രൂപ വേണം. ഇത്രയധികം തുക എവിടെ നിന്ന് ലഭിക്കും? ബാങ്കിനെ സമീപിച്ചാല്‍ ഈട് നല്‍കണം. സമാന്തര രീതിയില്‍ നോക്കിയാല്‍ പലിശ, ക്രെഡിറ്റ് സ്‌കോര്‍ എന്നിവ നോക്കേണ്ടിവരും. എന്നാല്‍ ഇതൊന്നുമില്ലാതെ പണം നിങ്ങള്‍ക്ക് ലഭിക്കുമെങ്കില്‍ ആശ്വാസമാവില്ലേ? അതും ഈടായി വിശ്വാസം മാത്രം നല്‍കുമ്പോള്‍.

ഇതാണ് കാലങ്ങളായി കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ വിവിധ മേഖലകളില്‍ നിലനിന്നു പോരുന്ന പണപ്പയറ്റ് സമ്പ്രദായം- ഒരു കൂട്ടം വിശ്വാസത്തിന്റെ പണപ്പതിപ്പ്. 1970-90കളിലും അതിനു മുമ്പും രണ്ടായിരത്തിന്റെ ആദ്യ വര്‍ഷങ്ങളിലും സജീവമായി നടന്നുവന്ന പണപ്പയറ്റുകള്‍ പിന്നീട് ജനപ്രീതി കുറഞ്ഞുവന്നെങ്കിലും കോവിഡിന് ശേഷം ഈ മേഖലകളില്‍ അതിശക്തമായ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്.

എന്താണ് പണപ്പയറ്റ്

കോഴിക്കോട് ജില്ലയിലെ വടകര, നാദാപുരം, കുറ്റ്യാടി, ബാലുശ്ശേരി മേഖലകളിലും കണ്ണൂര്‍ ജില്ലയിലെ ചില പ്രദേശങ്ങളിലും നിലവിലുള്ള ഒരു അനൗപചാരിക സാമ്പത്തിക ഇടപാട് സമ്പ്രദായമാണ് പണപ്പയറ്റ്. ജാതി, മത ഭേദമന്യേ ഒരു പ്രദേശത്തെ ജനങ്ങള്‍ അവരില്‍ ഓരോരുത്തരുടെയും ആവശ്യങ്ങള്‍ നിറവേറ്റാനായി ഈടൊന്നുമില്ലാതെ പണം നല്‍കുന്ന സംവിധാനമാണിത്. ഈ വ്യവസ്ഥയില്‍ ഒരാള്‍ക്ക് പണം നല്‍കുന്നതിനെ 'പയറ്റുക' എന്നാണ് പറയുന്നത്.

പണപ്പയറ്റ് ചില പ്രദേശങ്ങളില്‍ 'കുറി കല്ല്യാണം' എന്ന പേരിലും അറിയപ്പെടുന്നു. കല്ല്യാണം, വീട് നിര്‍മാണം പോലുള്ള അത്യാവശ്യ ഘട്ടങ്ങളിലാണ് പലരും ഇത് ഉപയോഗപ്പെടുത്തുന്നത്. ഒരു പ്രദേശത്തുള്ളവര്‍ക്ക് എവിടെയുള്ളവരുമായും എത്ര പണപ്പയറ്റില്‍ വേണമെങ്കിലും പങ്കുചേരാം. കൂടുതല്‍ പണപ്പയറ്റുള്ള, കൃത്യമായി പണം നല്‍കിവരുന്ന വ്യക്തികള്‍ക്ക് സമൂഹത്തില്‍ പൊതുവെ അംഗീകാരം ലഭിക്കുകയും പണം കൃത്യമായി തിരിച്ചുനല്‍കാത്തവരെ പുതിയ പയറ്റുകളില്‍ ഉള്‍പ്പെടുത്താതിരിക്കുകയും ചെയ്യുന്ന സാഹചര്യവും ഉണ്ട്.

ഇടക്കാലത്ത് പണപ്പയറ്റിന് സ്വീകാര്യത കുറഞ്ഞുവന്നെങ്കിലും കോവിഡിന് ശേഷം കൂടുതല്‍ പേര്‍ ഈ സമ്പ്രദായവുമായി സഹകരിച്ചുപോരുന്നുണ്ട്. മുമ്പ് 100, 250, 500 തുടങ്ങിയ തുകയാണ് ഒരാള്‍ പയറ്റാറുള്ളതെങ്കില്‍ ഇന്ന് 500, 1,000, 2,000 രൂപ വരെ എത്തി. മുമ്പ് ഒരു പയറ്റില്‍ നിന്ന് 1-2 ലക്ഷം രൂപവരെയാണ് ലഭിച്ചിരുന്നതെങ്കില്‍ ഇന്ന് രണ്ട് ലക്ഷം മുതല്‍ അഞ്ച് ലക്ഷം രൂപ വരെ പലര്‍ക്കും ലഭിക്കുന്നു. ''ജനുവരിയില്‍ പണപ്പയറ്റ് കഴിച്ച എനിക്ക് 146 പേരില്‍ നിന്നായി 2,64,000 രൂപ ലഭിച്ചു.''- പണപ്പയറ്റ് നടത്തിയ വടകര യിലെ ദിനേശന്‍ പറയുന്നു.

രീതി എങ്ങനെ

പണപ്പയറ്റ് നടത്തുന്ന ആളുടെ പേര്, വീട്ടുപേര്, തീയതി, സമയം, സ്ഥലം എന്നിവ രേഖപ്പെടുത്തിയ ക്ഷണക്കത്ത് പരിചിത വലയങ്ങളിലും നമ്മള്‍ മുമ്പ് പണം നല്‍കിയവര്‍ക്കും വിതരണം ചെയ്യുന്നു. (ഓരോ വ്യക്തിക്കും പയറ്റില്‍ ഏര്‍പ്പെട്ട ആളുകളുടെ എണ്ണത്തില്‍ മാറ്റമുണ്ടാകാം). ക്ഷണിതാക്കളല്ലാത്തവര്‍ക്കും പുതുതായി പണം അടച്ച് പയറ്റില്‍ അംഗമാകാം. പയറ്റ് നടക്കുന്ന കടയിലോ വീട്ടിലോ സജ്ജീകരിച്ച ഭക്ഷണം കഴിച്ച ശേഷം തുക നല്‍കാം. പേര്, വീട്ടുപേര്, തുക സഹിതം പയറ്റ് നടത്തുന്ന വ്യക്തി ബുക്കില്‍ രേഖപ്പെടുത്തും.

പുതുതായി പയറ്റുന്നവര്‍ക്ക് ആഗ്രഹമുള്ള തുക പയറ്റാവുന്നതാണ്. അല്ലാത്തവര്‍ അവര്‍ക്ക് മുമ്പ് ലഭിച്ച 'മുതല്‍' സംഖ്യയുടെ ഇരട്ടിയോ സമാനമായ തുകയോ നല്‍കാം. ശരാശരി ഒരാള്‍ക്ക് 100 മുതല്‍ 250 പേര്‍ വരെ ഇപ്പോള്‍ ഇതുവഴി പണം നല്‍കുന്നുണ്ട്. പണം നല്‍കിയ വ്യക്തികള്‍ പണപ്പയറ്റ് നടത്തുമ്പോള്‍ തിരിച്ച് ഇതുപോലെ പണം നല്‍കേണ്ടതാണ്. തിരിച്ച് പയറ്റുമ്പോള്‍ അയാള്‍ പയറ്റിയ മുതല്‍ സംഖ്യയും ഒരു സംഖ്യ കൂടുതലും പയറ്റണം. ഉദാഹരണത്തിന് 500 രൂപയാണ് മുതല്‍ സംഖ്യ എങ്കില്‍ 500+500 ആയിരം തിരിച്ച് പയറ്റുക. ഈ പ്രവൃത്തി ആവര്‍ത്തിച്ചുകൊണ്ടേയിരിക്കും. പണപ്പയറ്റില്‍ നിന്ന് പിന്മാറാന്‍ വ്യക്തികള്‍ 'മുതല്‍ സംഖ്യ' മാത്രം നല്‍കുകയോ സ്വീകരിക്കുകയോ ചെയ്താല്‍ മതിയാകും.

''ഗ്രാമങ്ങളിലുള്ള വരുടെ ഐക്യവും സഹകരണവും ശക്തമാക്കാനും സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റാനും പണപ്പയറ്റ് സമ്പ്രദായം ഒരുപാട് സഹായിക്കുന്നുണ്ട്'' കോഴിക്കോട് ഗവ.ആര്‍ട്ട്‌സ് ആന്‍ഡ് സയന്‍സ് കോളെജ് ഇക്കണോമിക്‌സ് വിഭാഗം മേധാവി പ്രൊഫ. ഷഹീദ് റംസാന്‍ സി.പി പറഞ്ഞു.

തിരിച്ചുവരവ്

ഇടക്കാലത്ത് ചെറിയ ആവശ്യങ്ങള്‍ക്കായി ബാങ്ക് ലോണ്‍, ഗോള്‍ഡ് ലോണ്‍ തുടങ്ങിയവയില്‍നിന്ന് പണം സമാഹരിച്ച് ഈ മേഖലയിലെ ജനങ്ങള്‍ അവശ്യങ്ങള്‍ നിറവേറ്റിയിരുന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍ പലരും പണപ്പയറ്റ് ഒഴിവാക്കുകയും പുതിയത് തുടങ്ങാതിരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കോവിഡിലുണ്ടായ പ്രതിസന്ധി ജനങ്ങളെ ബാധിക്കുകയും തിരിച്ചടവ് പാളുകയും പലിശ കൂടിക്കൂടി വരുകയും ചെയ്യുന്ന സാഹചര്യം പലര്‍ക്കുമുണ്ടായി. ഇതിന് ശേഷമാണ് ചെറിയ പണ ആവശ്യങ്ങള്‍ക്കായി വീണ്ടും പണപ്പയറ്റിനെ ജനങ്ങള്‍ കൂട്ടുപിടിച്ചു തുടങ്ങിയത്.

പലിശ രഹിതമായ ഇത്തരം സമ്പ്രദായങ്ങളിലൂടെ പണം സമാഹരിച്ച് ആവശ്യങ്ങള്‍ നിറവേറ്റാനാകും. നിലവില്‍ നിരവധി പ്രവാസികള്‍ വരെ പണപ്പയറ്റില്‍ പങ്കുചേരുന്നുണ്ട്. മുമ്പ് ഉള്ളതിനേക്കാള്‍ ആളുകളുടെ എണ്ണവും പയറ്റുന്ന പണവും ഇപ്പോള്‍ വര്‍ധിച്ചു. നിലവില്‍ ഒരാള്‍ക്ക് ഒരുമാസം ശരാശരി നാല് മുതല്‍ 8 പണപ്പയറ്റുകളില്‍ വരെ പണം നല്‍കേണ്ടതായി വരുന്നുണ്ട്.

എന്തുണ്ട് മെച്ചം

  • പണത്തിന് ഈട്, പലിശ എന്നിവ നല്‍കേണ്ടതില്ല.
  • എപ്പോള്‍ വേണമെങ്കിലും ഒരാള്‍ക്ക് മറ്റൊരാളുമായുള്ള പണപ്പയറ്റ് (മുതല്‍ പണം നല്‍കി) അവസാനിപ്പിക്കാം.
  • നമുക്കാവശ്യമുള്ളപ്പോള്‍ പണപ്പയറ്റ് വെയ്ക്കാം.
  • നമ്മള്‍ പണം നല്‍കിയവര്‍ നമുക്ക് തിരിച്ച് പയറ്റുമെന്നതിലൂടെ കൃത്യമായി എത്ര പണം ലഭിക്കും എന്ന വ്യക്തതയുണ്ടാകും.
  • ക്രെഡിറ്റ് സ്‌കോറോ ബാങ്ക് അക്കൗണ്ടോ ആവശ്യമില്ല.
  • സമൂഹത്തില്‍ കൂട്ടായ്മ നിലനിര്‍ത്താന്‍ സഹായിക്കും.

ദോഷങ്ങള്‍

  • ഈടൊന്നും നല്‍കാതെ നടത്തുന്നതിനാല്‍ തിരിച്ചുനല്‍കാത്തവരില്‍ നിന്ന് പണം നിയമ പരമായി വാങ്ങാന്‍ കഴിയില്ല.
  • കൂടുതല്‍ വലിയ തുകകള്‍ ലഭിക്കില്ല.
  • തുടര്‍ന്നുള്ള ദിവസങ്ങളില്‍ പണപ്പയറ്റ് വന്നാല്‍ സാധാരണക്കാര്‍ക്ക് തിരിച്ചടവിന് ബുദ്ധിമുട്ടുണ്ടായേക്കാം.


തയ്യാറാക്കിയത്: അഖില്‍. എം

(This story was published in the15th April 2023 issues of Dhanam Magazine)

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it