പണപ്പയറ്റ് മലബാറിന്റെ മൈക്രോഫിനാന്‍സ്, ബിസിനസിനും ഒരു കൈ സഹായം, പലിശയില്ലാതെ മറിയുന്നത് കോടികള്‍ വരെ

വായ്പയുടെ പുതുരൂപങ്ങള്‍ക്കിടയില്‍ ഇനിയും അന്യം നിന്നു പോകാത്ത പരസ്പര സഹായത്തിന്റെ നാട്ടുമ്പുറ മോഡലാണ് പണപ്പയറ്റ്‌
panapayatt and indian money dhanam special story logo
image credit : canva
Published on

ജീവിതത്തില്‍ സാമ്പത്തിക പ്രതിസന്ധികള്‍ നേരിടാത്തവര്‍ വിരളമാകും. ഓരോ ഘട്ടത്തിലും പുതിയ ആവശ്യങ്ങള്‍ മുന്നില്‍ വന്നു നില്‍ക്കുമ്പോള്‍ പണം കണ്ടെത്താന്‍ പാടുപെടുന്നവരാണ് അധിക പേരും. ഇന്ന്, ഇത്തരം ഘട്ടങ്ങളില്‍ ആശ്രയിക്കാന്‍ ബാങ്കുകളും മറ്റു ധനകാര്യ സ്ഥാപനങ്ങളുമുണ്ട്. എന്നാല്‍ ഇതൊന്നും വ്യാപകമല്ലാതിരുന്ന കാലത്ത്, പണത്തിന് മറ്റു വഴികളില്ലാതെ പ്രതിസന്ധിയിലാകുന്നവരെ സഹായിക്കാന്‍ 'പണപ്പയറ്റി'ലൂടെ ഒപ്പം നിന്ന നാടുകളുണ്ട്. വടക്കേ മലബാറിലെ പാനൂരും പരിസര പ്രദേശങ്ങളും പരസ്പര സഹായത്തിന്റെ ആ പരമ്പര ഇന്നും പിന്തുടരുന്നുണ്ട്. പണപ്പയറ്റ് തലമുറകളിലൂടെ ഇവിടെ ഇപ്പോഴും സജീവം.

എന്താണ് പണപ്പയറ്റ്?

പയറ്റ് എന്ന് കേള്‍ക്കുമ്പോള്‍ ആദ്യം ഓര്‍മയിലേക്ക് വരുന്നത് വാള് കൊണ്ടുള്ള പയറ്റാകും. എന്നാല്‍ ഇത് പണം കൊണ്ടുള്ള പയറ്റാണ്. പണം പരസ്പരം നല്‍കി സഹായിക്കുന്നതാണ് കണ്ണൂര്‍, കോഴിക്കോട് ജില്ലകളുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ ഇന്നും നിലനില്‍ക്കുന്ന പണപ്പയറ്റ്. മറ്റിടങ്ങളില്‍ കുറിക്കല്ല്യാണം തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്ന സാമ്പത്തിക ഇടപാടുകള്‍ തന്നെ. പാനൂരില്‍ അതിന് കൃത്യമായ ചിട്ടവട്ടങ്ങളുണ്ട്. മിക്കവാറും എല്ലാ വീട്ടിലും പയറ്റ്പുസ്തകം കാണും. ഈ പുസ്തകത്തില്‍ രേഖപ്പെടുത്തിയിരിക്കുന്ന തുകകളാണ് പണപ്പയറ്റിന്റെ ആധാരം.

''വീട് നിര്‍മാണം, മക്കളുടെ വിവാഹം, സാമ്പത്തിക ബാധ്യതകള്‍ വീട്ടല്‍, പുതിയ ബിസിനസ് സംരംഭം ആരംഭിക്കല്‍ തുടങ്ങിയ ആവശ്യങ്ങള്‍ വ്യക്തികള്‍ക്ക് വരുമ്പോള്‍ നാട്ടുകാര്‍ സഹായിക്കുന്നതാണ് പണപ്പയറ്റ്. പ്രതിസന്ധി ഘട്ടങ്ങളില്‍ നാട്ടുകാര്‍ ഒട്ടാകെ ഒരു വ്യക്തിക്ക് കൈത്താങ്ങാവുകയാണ്.'' പാനൂരിലെ സാമൂഹ്യ പ്രവര്‍ത്തകനായ ഇ.മനീഷ് ധനം ഓണ്‍ലൈനോട് പറഞ്ഞു.

നൂറിലേറെ വര്‍ഷങ്ങള്‍ക്ക് മുമ്പ് പണപ്പയറ്റ് പാനൂരിലുണ്ട്. പണത്തിന് പ്രത്യേക ആവശ്യങ്ങള്‍ വരുമ്പോള്‍ വ്യക്തികള്‍ നാട്ടുകാര്‍ക്ക് കത്ത് നല്‍കും. സ്വന്തം വീട്ടിലോ ചായക്കടയിലോ വെച്ച് നിശ്ചിത ദിവസം പണപ്പയറ്റ് നടത്തുന്ന വിവരം കത്തിലുണ്ടാകും. പണം നല്‍കാനെത്തുന്ന അതിഥികള്‍ക്ക് ചായ സല്‍ക്കാരം ഒരുക്കും. അയാളുടെ ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞ് ആ ദിവസം നാട്ടുകാര്‍ എത്തി പണം നല്‍കും. നാട്ടിലെ പ്രമുഖ വ്യക്തികളുടെ സാന്നിധ്യത്തില്‍ ഓരോ തുകയും പയറ്റ് പുസ്തകത്തില്‍ രേഖപ്പെടുത്തുന്നു. പണം നല്‍കിയവര്‍ പിന്നീട് ഒരവസരത്തിൽ പണപ്പയറ്റ് നടത്തും. അപ്പോള്‍ മുമ്പ് പണം സ്വീകരിച്ചവര്‍ പുസ്തകം നോക്കി എത്ര രൂപയാണോ അയാള്‍ നല്‍കിയത്, അതിനെക്കോള്‍ കൂടുതല്‍ തുക തിരിച്ചു നല്‍കുന്നു. ഒരാള്‍ ഒരു പയറ്റിന് 1,000 രൂപയാണ് നല്‍കിയതെങ്കില്‍ തിരിച്ചു നല്‍കുന്നത് അതിനേക്കാള്‍ കൂടിയ തുകയായിരിക്കും. അധികമായി നല്‍കിയ തുക അയാള്‍ മറ്റൊരു പയറ്റ് കാലത്ത് തിരിച്ചു നല്‍കും. ഇങ്ങിനെ, പണം നല്‍കിയും തിരിച്ചു നല്‍കിയും പണപ്പയറ്റ് നൂറ്റാണ്ടിനപ്പുറം മുന്നോട്ടു പോകുന്നു.

2 കോടി വരെ എത്തുന്ന പയറ്റുകള്‍

പണപ്പയറ്റുകളില്‍ എത്തുന്നത് വലിയ തുകകളാണ്. പയറ്റ് നടത്തുന്നയാളുടെ ആവശ്യങ്ങള്‍ക്കനുസരിച്ചാണ് തുകയുടെ വലുപ്പം. മുമ്പു കാലത്ത് മക്കളുടെ വിവാഹത്തിനാണ് ഇത്തരത്തില്‍ പണം സ്വീകരിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ ബിസിനസ് ആവശ്യങ്ങള്‍ക്കും പണപ്പയറ്റ് നടത്തുന്നവരുണ്ട്. ഇത്തരം പയറ്റുകളില്‍ രണ്ടു മൂന്നും ലക്ഷം രൂപ നല്‍കുന്നവരുണ്ട്. രണ്ട് കോടി രൂപ വരെ മൊത്തമായി സമാഹരിക്കപ്പെടുന്ന പയറ്റുകളുണ്ടെന്ന് ജനകീയ വേദിയുടെ കണ്ണുര്‍ ജില്ലാ സെക്രട്ടറി കൂടിയായ മനീഷ് പറയുന്നു. പാനൂര്‍ മേഖലയിലാണ് പണപ്പയറ്റ് ഇപ്പോഴും സജീവമായി തുടരുന്നത്.കണ്ണൂര്‍-കോഴിക്കോട് ജില്ലകളിലെ പല ഗ്രാമങ്ങളിലും തുടരുന്നു. മുമ്പ് എല്ലാ ഗ്രാമങ്ങളിലും ദിവസേന പയറ്റുകള്‍ നടന്നിരുന്നു. ഇപ്പോള്‍ കുറവ് വന്നിട്ടുണ്ട്. പുതിയ തലമുറ പണപയറ്റിനോട് കൂടുതല്‍ താല്‍പര്യം കാണിക്കുന്നവരല്ല. എന്നാല്‍, അവരുടെ മാതാപിതാക്കള്‍ നടത്തിയ ഇത്തരം പണമിടപാടുകള്‍ തുടരുന്നതിനോ, പണം നല്‍കി അവസാനിപ്പിക്കുന്നതിനോ ചെറുപ്പക്കാര്‍ തയ്യാറാകുന്നുണ്ടെന്ന് മനീഷ് ചൂണ്ടിക്കാട്ടി.

മൈക്രോ ഫിനാന്‍സിന്റെ ആദ്യ രൂപം

ബാങ്കിംഗ് മേഖലയില്‍ മൈക്രോ ഫിനാന്‍സിംഗ് ആരംഭിക്കുന്നതിന് എത്രയോ കാലം മുമ്പ് വടക്കേ മലബാറിലെ ഗ്രാമങ്ങളില്‍ സജീവമായതാണ് ഇത്തരം പണമിടപാടുകള്‍. പലിശ നല്‍കാതെ പണം ലഭിക്കുന്നു; പല സമയങ്ങളിലായി ചെറിയ തുകകളായി തിരിച്ചു നല്‍കുന്നു. ഇതാണ് പണപ്പയറ്റിന്റെ സാമ്പത്തിക ശാസ്ത്രം. പണത്തിന് അത്യാവശ്യം വരുന്നവര്‍ക്ക് ഇത് വലിയ ആശ്വാസമാണെന്ന് പാനൂര്‍ മുനിസിപ്പല്‍ കൗണ്‍സിലറായ എം. രത്‌നാകരന്‍ പറയുന്നു. ''ആദ്യ കാലങ്ങളില്‍ വീടുവെക്കാനും മക്കളുടെ വിവാഹം നടത്താനുമൊക്കെയാണ് പണപ്പയറ്റ് നടന്നിരുന്നത്. ഇന്ന് ബിസിനസ് ഉള്‍പ്പടെയുള്ള ആവശ്യങ്ങള്‍ക്ക് വലിയ തുകകള്‍ ഇത് വഴി വ്യക്തികള്‍ക്ക് ലഭിക്കുന്നുണ്ട്. അത് കൃത്യമായി തിരിച്ചു നല്‍കുന്നതാണ് രീതി' രത്‌നാകരന്‍ പറയുന്നു.

വ്യക്തികള്‍ തമ്മിലുള്ള പരസ്പര വിശ്വാസത്തിന്റെ അടയാളം കൂടിയാണ് പണപ്പയറ്റ്. നല്‍കുന്ന പണം കൃത്യമായി തിരിച്ചേല്‍പ്പിക്കും. പണം നല്‍കാനുള്ളവര്‍ വിദേശത്താണെങ്കില്‍ വീട്ടുകാര്‍ വഴി അത് തിരിച്ചു നല്‍കും. പയറ്റ് നടക്കുന്ന ദിവസം ഒരാള്‍ സ്ഥലത്തില്ലെങ്കില്‍ പിന്നീട് പണം നല്‍കും. ഒരു കുടുംബത്തിന് പയറ്റ് തുടരാന്‍ ആഗ്രഹമില്ലെങ്കില്‍, വാങ്ങിയ അതേ തുക തിരിച്ചു നല്‍കി സാമ്പത്തിക ഇടപാടുകള്‍ അവസാനിപ്പിക്കുന്നതിനും അവസരമുണ്ട്. പുതിയ തലമുറയിലുള്ളവര്‍ ഇത്തരത്തില്‍ പയറ്റുകളോട് അകലം പാലിക്കുന്നവരാണെന്ന് കൗണ്‍സിലര്‍ എം.രത്നാകരന്‍ ചൂണ്ടിക്കാട്ടുന്നു. '' ജനങ്ങള്‍ക്ക് സാമ്പത്തിക പ്രതിസന്ധികള്‍ കൂടുതലുണ്ടായിരുന്ന കാലത്താണ് ഈ സംവിധാനം തുടങ്ങിയത്. ഇന്ന് മാറ്റങ്ങൾ  വന്നിട്ടുണ്ട്. അതിന് അനുസരിച്ചുള്ള കുറവുകളും പണപ്പയറ്റില്‍ ഉണ്ടാകുന്നുണ്ട്.'' രത്‌നാകരന്‍ ചൂണ്ടിക്കാട്ടി.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com