ഇതിനൊരു മറുവശവുമുണ്ട്. സമൂഹത്തില്‍ ധനികര്‍ക്കും ദരിദ്രര്‍ക്കും ഇടയിലെ വിടവ് കൂടി. എന്നാല്‍ ഏറ്റവും വലിയ വിടവ് വന്നിരിക്കുന്നത് സ്ത്രീ- പുരുഷന്മാര്‍ക്കിടയിലെ സമ്പത്തിന്റെ ഉടമസ്ഥാവകാശവും വരുമാനവും തമ്മിലാണ്. പുരുഷന്മാര്‍ കൂടുതല്‍ കൂടുതല്‍ സമ്പത്തിന്റെ അധികാരികളാകുമ്പോള്‍ സ്ത്രീകള്‍ തൊഴില്‍ സേനയില്‍ നിന്നുപോലും കൊഴിഞ്ഞുപോകുന്നു. അതോടെ അവരുടെ വരുമാനവും നിലയ്ക്കുന്നു.
അടുത്ത ദശാബ്ദത്തില്‍ ലോകത്തിന്റെ നേതൃനിരയിലെത്തിക്കാന്‍ മോഹിക്കുന്ന രാജ്യമാണ് നമ്മളുടേത്. എന്നാല്‍ ഒരു കൈ പിന്നില്‍ കെട്ടിവെച്ച് യുദ്ധത്തിന് ഇറങ്ങുന്നതിന് സമമാണ് നമ്മുടെ അവസ്ഥയും. ലോകമെമ്പാടുമുള്ള തൊഴില്‍ സേനയിലെ സ്ത്രീകളുടെ പ്രാതിനിധ്യം 47 ശതമാനമാണ്.
പുരുഷന്മാരുടേത് 72 ശതമാനവും. എന്നാല്‍ ഇന്ത്യയില്‍ 2020 ഒക്ടോബറിലെ കണക്ക് പരിശോധിച്ചാല്‍ പുരുഷന്മാരുടെ 76 ശതമാനം പ്രാതിനിധ്യമുള്ളപ്പോള്‍ സ്ത്രീകളുടേത് വെറും 20.3 ശതമാനം മാത്രമാണ്. ഇന്ത്യന്‍ ജനസംഖ്യയില്‍ 49 ശതമാനം സ്ത്രീകളാണെങ്കിലും രാജ്യത്തിന്റെ സമ്പത്ത് വ്യവസ്ഥയിലേക്കുള്ള അവരുടെ വിഹിതം 18 ശതമാനത്തില്‍ താഴെ മാത്രമാണ്.
നമ്മുടെ തൊഴില്‍ സേനയില്‍ സ്ത്രീ പ്രാതിനിധ്യം 10 ശതമാനത്തോളം വര്‍ധിപ്പിച്ചാല്‍ 2025ഓടെ ഇന്ത്യന്‍ ജിഡിപിയിലേക്ക് 770 ബില്യണ്‍ ഡോളര്‍ കൂടി അധികമായി കൂട്ടിച്ചേര്‍ക്കപ്പെടും. നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്യപ്പെട്ട 3.7 ശതമാനം കമ്പനികളുടെ സാരഥ്യത്തില്‍ മാത്രമാണിന്ന് വനിതകളുള്ളത്.
ആഗ്രഹങ്ങളും ആവശ്യങ്ങളും
കുടുംബകാര്യങ്ങള്‍ നോക്കാനാണ് പലപ്പോഴും സ്ത്രീകള്‍ ജോലിക്ക് പോകാത്തതോ ജോലി ഉപേക്ഷിക്കുന്നതോ എല്ലാം. എന്നാല്‍ സ്ത്രീകള്‍ അവരുടെ സാമ്പത്തിക കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കേണ്ടിയിരിക്കുന്നു. സ്വന്തം നിലയ്‌ക്കോ അല്ലെങ്കില്‍ പങ്കാളിക്കൊപ്പം ചേര്‍ന്ന് കുടുംബത്തിന്റെ ഗോളിനായോ ഒക്കെ സാമ്പത്തിക ലക്ഷ്യങ്ങള്‍ മുന്നില്‍ വെയ്‌ക്കേണ്ടിയിരിക്കുന്നു.
ആഗ്രഹങ്ങള്‍ക്ക് മുന്‍ഗണനാക്രമം നിശ്ചയിച്ച് അത്യാവശ്യം വേണ്ടവ ആദ്യമാദ്യം നിവര്‍ത്തിക്കണം. നിങ്ങളുടെ ആസ്തികള്‍ വ്യത്യസ്ത വിഭാഗങ്ങളിലായി ക്രമീകരിക്കണം. ഇക്വിറ്റി/ ഇക്വിറ്റി ഫണ്ടുകള്‍, ഡെറ്റ്, സ്വര്‍ണം, കമോഡിറ്റീസ് എന്നിങ്ങനെ. ഇത് കേള്‍ക്കുമ്പോള്‍ സങ്കീര്‍ണമായി തോന്നുമെങ്കിലും അത്ര പ്രയാസമുള്ള കാര്യമല്ല.
ഇതിനൊക്കെ നിങ്ങള്‍ക്ക് മ്യൂച്വല്‍ ഫണ്ട് കമ്പനികളെ സമീപിക്കാം. അവര്‍ നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങളിലേക്ക് എത്താനുള്ള വഴി ലഘൂകരിച്ച് തരുകയും ചെയ്യും. ഉദാഹരണത്തിന് ഹ്രസ്വകാല ലക്ഷ്യങ്ങള്‍ക്കായി ലിക്വിഡ് ഫണ്ടുകളെ ഉപയോഗിക്കാം. കുട്ടികളുടെ വിദ്യാഭ്യാസം, വിവാഹം, വീട് നിര്‍മാണം, വാഹനം വാങ്ങല്‍, റിട്ടയര്‍മെന്റ് പ്ലാനിംഗ് എന്നിങ്ങനെ ദീര്‍ഘകാല ലക്ഷ്യങ്ങള്‍ക്കായി ഇക്വിറ്റി/ ബാലന്‍സ്ഡ് ഫണ്ടുകള്‍ തെരഞ്ഞെടുക്കാം.
അലര്‍ജിയോ സൈഡ് എഫക്റ്റ്‌സോ ഇല്ലാതിരിക്കാന്‍ നല്ലൊരു ഡോക്ടറെ കണ്‍സള്‍ട്ട് ചെയ്ത ശേഷമല്ലേ നമ്മള്‍ രോഗത്തിന് മരുന്ന് കഴിക്കാറുള്ളൂ. നമ്മളോട് കൃത്യമായി കാര്യങ്ങള്‍ തിരക്കി നമ്മുടെ ശരീരത്തെയും രോഗത്തെയും മനസ്സിലാക്കി കൃത്യമായി ഡോക്ടര്‍ മരുന്ന് കുറിക്കുമെന്ന് നാം വിശ്വസിക്കുന്നു.
നമ്മുടെ ശരീരത്തിന് താങ്ങാന്‍ പറ്റുന്ന അളവില്‍ മരുന്ന് കുറിച്ച് രോഗം ഭേദമാക്കുന്ന കാര്യത്തില്‍ ഡോക്ടര്‍ നിഷ്ഠ പുലര്‍ത്തുകയും ചെയ്യും. സമ്പത്ത് സൃഷ്ടിക്കുന്നതിലും വേണം ഇതുപോലുള്ള ചില വിദഗ്ധ മേല്‍നോട്ടങ്ങള്‍.
ഇങ്ങനെ തുടങ്ങാം
സാമ്പത്തിക കാര്യങ്ങളെ കുറിച്ച് അറിവുണ്ടായിരിക്കുകയെന്നത് ഇക്കാലത്തൊരു ചോയ്‌സല്ല, മറിച്ച് മസ്റ്റായ കാര്യമാണ്. നിങ്ങള്‍ക്ക് എഴുതാനും വായിക്കാനും അറിയില്ല എന്ന സ്ഥിതിയില്‍ ചമ്മല്‍ തോന്നില്ലേ? അതേ ചമ്മല്‍ ഇക്കാര്യത്തിലും തോന്നണം.
പണത്തിന്റെ കാര്യത്തിലും വേണം മൈന്‍ഡ്ഫുള്‍നെസ്സ്. ഓരോ രൂപയും എവിടെ, എന്തിന്, എങ്ങനെ ചെലവിടുന്നുവെന്ന് അറിഞ്ഞുകൊണ്ട് തന്നെ ചെലവിടുക.
ലക്ഷങ്ങള്‍ വിലയുള്ള ലൂയിവ്‌ട്ടോണിന്റെ ബാഗ് സ്വന്തമാക്കിയിട്ടുണ്ടോ? ഇതുപോലുള്ള ലോകോത്തര ബ്രാന്‍ഡുകളുടെ ഉല്‍പ്പന്നങ്ങളുമായാണോ പൊതുസദസ്സുകളില്‍ നിങ്ങള്‍ പോകാന്‍ ഇഷ്ടപ്പെടുന്നത്? ഇതില്‍ തെറ്റില്ല. പക്ഷേ, ഇങ്ങനെയൊക്കെ ചെയ്യുമ്പോള്‍ ആ ബ്രാന്‍ഡുകളുടെ ചിറകേറി സ്വയം മൂല്യം കൂട്ടാനുള്ള തത്രപ്പാടല്ലേ നടത്തുന്നത്? യഥാര്‍ത്ഥത്തില്‍ അതിന്റെ ആവശ്യമുണ്ടോ? വിലപിടിപ്പുള്ള വസ്തുക്കള്‍ സ്വന്തമാക്കി സംതൃപ്തി നേടുമ്പോള്‍ നിങ്ങള്‍ സ്വയം ചോദിക്കുക, ഇത് ഇപ്പോള്‍ സാക്ഷാത്കരിക്കേണ്ടതാണോ? ചില സ്വപ്ന സാക്ഷാത്കാരങ്ങള്‍ അല്‍പ്പം നീട്ടി വെക്കാന്‍ ശീലിക്കുക.
കോവിഡ് ലോക്ക്ഡൗണ്‍ തുടങ്ങിയ കാലത്ത് പലരും ഓടിവന്ന് അവരുടെ 20,000- 30,000 രൂപയുടെ എസ്ഐപികള്‍ തിരക്കിട്ട് നിര്‍ത്തിവെച്ചു. കാരണം തിരക്കിയപ്പോള്‍ കാര്‍ ലോണ്‍ തിരിച്ചടവുണ്ട്, പേഴ്‌സണല്‍ ലോണുണ്ട് അതുപോലെ പലതും കേട്ടു.
ഇങ്ങനെയുള്ള സന്ദര്‍ഭത്തില്‍ തീരുമാനമെടുക്കേണ്ടത് ഇതുപോലെയല്ല. മറിച്ച് ബുദ്ധിമുട്ട് വരുന്ന കാലത്തും അല്ലാത്തപ്പോഴും ചെലവിടുന്ന പണം മൂല്യം കൂടുന്ന ആസ്തി സൃഷ്ടിക്കാനാണോ അതോ മൂല്യം കുറയുന്ന, നിരന്തര പരിപാലന ചെലവ്ണ്ടിന്ന ഒന്നിനുവേണ്ടിയാണോ എന്ന് ശാന്തമായി ചിന്തിക്കുക.
ഞാന്‍ ഉന്നത ജോലി രാജിവെച്ചാണ് സ്വന്തം സംരംഭം തുടങ്ങാന്‍ ഇറങ്ങിപ്പുറപ്പെട്ടത്. ആ സമയം കുട്ടികളെ വിളിച്ച് ഒരുമിച്ചിരുത്തി സംസാരിച്ചു. അമ്മ ജോലി വിടുകയാണ്. ഇനി സ്വന്തം സംരംഭമാണ്. ഇതുവരെ നിശ്ചിത തുക പ്രതിമാസം കൃത്യമായി കിട്ടിയിരുന്നു. ഇനി ആ ഉറപ്പില്ല. അതുകൊണ്ട് നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും അപ്പപ്പോള്‍ സാധിച്ചുതരാന്‍ പറ്റിയെന്ന് വരില്ല. ഇതു പോലെ എല്ലാവരെയും ഉള്‍ക്കൊള്ളിച്ച്, കൃത്യമായ കാര്യങ്ങള്‍ പറഞ്ഞ് നമ്മള്‍ മുന്നോട്ട് പോയാല്‍ കുടുംബത്തിലെ എല്ലാവര്‍ക്കും എല്ലാം മനസ്സിലാകും. കൂടെ നില്‍ക്കും.
കുടുംബം ഒരു ഇന്‍ക്യുബേറ്ററാണ്. ചിലര്‍ പറയുന്നത് കേട്ടിട്ടുണ്ട്; കുട്ടികളുടെ കൈയില്‍ പണം കൊടുത്താല്‍ അവര്‍ തോന്നിയപോലെ ചെലവിടും. ചീത്തയായി പോകും. ഈ ചിന്ത ശരിയല്ല. പണം കൈകാര്യം ചെയ്യാന്‍ പഠിപ്പിക്കേണ്ടത് പണം കൊടുത്തു തന്നെയാണ്. ചെറിയ തുകകള്‍ ആദ്യമേ കൊടുക്കുക.
ചില കുട്ടികള്‍ അത് സൂക്ഷിച്ചുവെച്ച് ഇഷ്ടപ്പെട്ട ഷൂസോ ഡ്രസ്സോ വാങ്ങും. ചിലര്‍ അപ്പപ്പോള്‍ അടിച്ചുപൊളിച്ച് തീര്‍ക്കും. ആദ്യം അവര്‍ ഇഷ്ടമുള്ളത് ചെയ്യട്ടെ. പിന്നെ നിങ്ങള്‍ അവരില്‍ നിന്ന് പണം കടം വാങ്ങി നിശ്ചിത ദിവസത്തിന് പലിശ നിശ്ചയിച്ച് കൃത്യമായ തീയതിയില്‍ പണവും പലിശയും കൊടുക്കുക. അപ്പോള്‍ അവര്‍ക്ക് മനസ്സിലാകും പണം കരുതി വെച്ചാല്‍, അത് വേണ്ട രീതിയില്‍ നിക്ഷേപിച്ചാല്‍ മുതലും പലിശയും കിട്ടുമെന്ന്.
അമ്മമാര്‍ക്ക് കുട്ടികളുടെ സ്വഭാവ രൂപീകരണത്തിലും അവരെ സാമ്പത്തിക സാക്ഷരതയുള്ളവരാക്കി വളര്‍ത്തുന്നതിലും നിര്‍ണായക പങ്കുണ്ട്. കുട്ടികള്‍ക്ക് ഭക്ഷണം നല്‍കുമ്പോള്‍, അവരെ ഉറക്കുമ്പോള്‍ എല്ലാം പറയുന്ന കാര്യങ്ങളിലും കഥകളിലും സാമ്പത്തിക അച്ചടക്കത്തിന്റെ, സമ്പത്ത് സൃഷ്ടിക്കുന്നതിന്റെ പാഠങ്ങള്‍ കൂടി ഉള്‍പ്പെടുത്തണം.
എത്ര ചെറിയ തുകയായാലും കഠിനാധ്വാനം ചെയ്ത് സമ്പത്ത് സൃഷ്ടിക്കേണ്ടിയിരിക്കുന്നു. അതിന് ഒരുപാട് മാര്‍ഗങ്ങള്‍ ഇപ്പോഴുണ്ട്. ഇക്വിറ്റി നിക്ഷേപം, എസ്ഐപി ഒക്കെ അതിനായുള്ളതാണ്.