പലിശ വര്‍ധന ഏശിയില്ല; വായ്പ വാങ്ങിക്കൂട്ടി ഇന്ത്യക്കാര്‍

റിസര്‍വ് ബാങ്ക് കഴിഞ്ഞവര്‍ഷം മേയ് മുതല്‍ ഈ വര്‍ഷം ഫെബ്രുവരിവരെ അടിസ്ഥാന പലിശനിരക്ക് കൂട്ടിയത് 6 തവണയാണ്. 4 ശതമാനമായിരുന്ന റിപ്പോനിരക്ക് 6.5 ശതമാനമായി. ആനുപാതികമായി ബാങ്കുകള്‍ വായ്പകളുടെ പലിശനിരക്കും കുത്തനെ കൂട്ടി. പക്ഷേ, ഇതൊന്നും വായ്പ എടുക്കുന്നതില്‍ നിന്ന് ഇന്ത്യക്കാരെ പിന്തിരിപ്പിച്ചില്ലെന്നാണ് റിസര്‍വ് ബാങ്കിന്റെ തന്നെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

ഈ വര്‍ഷം ഫെബ്രുവരിയിലെ കണക്കുപ്രകാരം മൊത്തം വ്യക്തിഗത വായ്പകള്‍ (Personal Loans) 40.13 ലക്ഷം കോടി രൂപയാണ്. 2022 ഫെബ്രുവരിയിലെ 33.33 ലക്ഷം കോടി രൂപയേക്കാള്‍ 20.4 ശതമാനം അധികമാണിതെന്ന് റിപ്പോര്‍ട്ട് പറയുന്നു. അതായത്, റിസര്‍വ് ബാങ്ക് പലിശഭാരം കുത്തനെ കൂട്ടിയെങ്കിലും വായ്പകളുടെ ഡിമാന്‍ഡ് കുറഞ്ഞില്ല.
വാഹനം, വീട്, വിദ്യാഭ്യാസം
വ്യക്തിഗത വായ്പകളില്‍ ഏറ്റവും വലിയ ഡിമാന്‍ഡ് വാഹന വായ്പകള്‍ക്കായിരുന്നു. 23.4 ശതമാനമാണ് വാഹന വായ്പകളിലെ വളര്‍ച്ച. ഭവന വായ്പകള്‍ 15 ശതമാനവും വിദ്യാഭ്യാസ വായ്പകള്‍ 16 ശതമാനവും ഉയര്‍ന്നു. കൊവിഡിന് ശേഷം സാമ്പത്തിക സാഹചര്യങ്ങള്‍ മെച്ചപ്പെട്ടതാണ് വായ്പകളുടെ ഡിമാന്‍ഡ് കൂടാന്‍ വഴിയൊരുക്കിയതെന്ന് വിലയിരുത്തപ്പെടുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ വാഹന വില്‍പ്പന മികച്ച വളര്‍ച്ച നേടിയത് വാഹന വായ്പകള്‍ കൂടാന്‍ സഹായിച്ചു.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it