

വളർത്തുമൃഗങ്ങളെ കുടുംബാംഗങ്ങളായി വരെ കാണുന്നവരുണ്ട്. അത്രക്ക് പ്രാധാന്യത്തോടെയും ശ്രദ്ധയോടെയുമാണ് പലരും വളര്‍ത്തുമൃഗങ്ങളെ പരിപാലിക്കുന്നത്. വളര്‍ത്തുമൃഗങ്ങള്‍ക്കായി രൂപകൽപ്പന ചെയ്തിട്ടുള്ള സമഗ്രമായ ഇൻഷുറൻസ് പദ്ധതിയാണ് പെറ്റ് ഇൻഷുറൻസ്. നായ്ക്കൾക്കും പൂച്ചകൾക്കുമായി തയാറാക്കിയിട്ടുള്ള ഈ പദ്ധതി, അവയുടെ ആരോഗ്യ പരിരക്ഷ മുതൽ മരണം വരെയുള്ള വിവിധ റിസ്കുകൾ ഒരൊറ്റ ഉൽപ്പന്നത്തിലൂടെ കൈകാര്യം ചെയ്യുന്നു. സാധാരണയായി മൂന്ന് മാസം പ്രായമുള്ള ചെറിയ കുട്ടികള്‍ മുതൽ നിശ്ചിത പ്രായപരിധി വരെയുള്ള വളർത്തുമൃഗങ്ങൾക്ക് ഈ പോളിസി എടുക്കാവുന്നതാണ്.
ഈ പോളിസിയിലൂടെ ശസ്ത്രക്രിയകൾക്കും അപകടങ്ങൾക്കും അസുഖങ്ങൾക്കും ആവശ്യമായ ആശുപത്രി ചെലവുകൾക്ക് പരിരക്ഷ ലഭിക്കുന്നു. മൃഗങ്ങള്‍ക്കുണ്ടാകുന്ന ക്യാൻസർ, വൃക്ക പരാജയം തുടങ്ങിയ മാരകമായ രോഗങ്ങൾക്കും പ്രമേഹം, തൈറോയ്ഡ് തുടങ്ങിയ ദീർഘകാല ചികിത്സ ആവശ്യമുള്ള രോഗങ്ങൾക്കും ഇതിൽ സഹായം ലഭിക്കും.
കൂടാതെ, മൃഗഡോക്ടറെ കാണുന്നതിനുള്ള ഒപിഡി (OPD) ചെലവുകളും ഈ ഇൻഷുറൻസ് വഴി ലഭ്യമാക്കാം. മൃഗങ്ങൾ മരിക്കുകയാണെങ്കിൽ ഇൻഷുറൻസ് തുകയും (Mortality benefit) സംസ്കാര ചടങ്ങുകൾക്കുള്ള നിശ്ചിത സഹായവും പോളിസി വാഗ്ദാനം ചെയ്യുന്നു. മറ്റൊരു പ്രധാന സവിശേഷത, നിങ്ങളുടെ വളർത്തുമൃഗം മറ്റൊരാൾക്ക് ശാരീരിക പരിക്കോ സ്വത്ത് നാശമോ വരുത്തിയാൽ ഉണ്ടാകുന്ന നിയമപരമായ ബാധ്യതകൾ ഏറ്റെടുക്കുന്ന 'തേർഡ് പാർട്ടി ലയബിലിറ്റി' പരിരക്ഷയാണ്.
നിങ്ങളുടെ വളർത്തുമൃഗത്തെ മോഷ്ടിക്കപ്പെടുകയോ, കാണാതാവുകയോ ചെയ്താൽ പെറ്റ് ഇൻഷുറൻസ് വഴി സാമ്പത്തിക പരിരക്ഷ ലഭിക്കും. ഇൻഷുറൻസ് എടുത്തിട്ടുള്ള മൃഗത്തെ കാണാതാവുകയും ശക്തമായ തിരച്ചിലിന് ശേഷവും നിശ്ചിത ദിവസങ്ങൾക്കുള്ളിൽ കണ്ടെത്താൻ കഴിയാതിരിക്കുകയും ചെയ്താൽ ഇൻഷുറൻസ് കമ്പനി തുക നൽകും.
മറ്റ് ആനുകൂല്യങ്ങൾ: മൃഗങ്ങൾക്ക് ആർഎഫ്ഐഡി (RFID) ടാഗിംഗ് ഉണ്ടെങ്കിൽ പ്രീമിയത്തിൽ പ്രത്യേക ഡിസ്കൗണ്ടുകൾ ലഭിക്കും. കൂടാതെ, ഒന്നിലധികം വളർത്തുമൃഗങ്ങൾ ഉള്ളവർക്കും ക്ലെയിം ഇല്ലാത്ത വർഷങ്ങളിലും നിശ്ചിത കിഴിവുകൾ ലഭിക്കാൻ അർഹതയുണ്ട്. അപ്രതീക്ഷിതമായി ഉണ്ടാകാവുന്ന ഭീമമായ ചികിത്സാ ചെലവുകൾ ലഘൂകരിക്കാൻ ഇത്തരമൊരു ഇൻഷുറൻസ് പോളിസി തിരഞ്ഞെടുക്കുന്നത് ഉടമകള്‍ക്ക് വളരെയധികം സഹായകമാണ്.
Pet insurance policies offer financial protection for medical expenses, theft, loss, mortality, and third-party liabilities of pets.
Read DhanamOnline in English
Subscribe to Dhanam Magazine