പ്രൊവിഡന്റ് ഫണ്ട് പിന്‍വലിക്കല്‍ എങ്ങനെ?എപ്പോള്‍?

ശമ്പളവരുമാനക്കാര്‍ക്കിടയില്‍ ഏറ്റവും പ്രചാരമുള്ള നിക്ഷേപ മാര്‍ഗമാണ് എംപ്ലോയീ പ്രോവിഡന്റ് ഫണ്ട്. ഇരുപതോ അതിലധികമോ ജീവനക്കാരുള്ള സ്ഥാപനങ്ങളിലെല്ലാം ഇപിഎഫ് സൗകര്യം ലഭ്യമാണ്. ജോലിയില്‍ പ്രവേശിക്കുമ്പോള്‍ മുതല്‍ ഓരോ മാസവും ഇപിഎഫിലേക്ക് നിക്ഷേപിച്ചു തുടങ്ങാം.

ശമ്പളത്തിന്റെ 12 ശതമാനമാണ് പിഎഫിലേക്ക് നീക്കി വയ്‌ക്കേണ്ടത്. ജീവനക്കാരനൊപ്പം തൊഴിലുടമയും 12 ശതമാനം പിഎഫിലേക്ക് നല്‍കണം.

പലിശയും മച്യൂരിറ്റി തുകയും നികുതി മുക്തമാണെന്നതിനാല്‍ നല്ലൊരു സമ്പാദ്യവളര്‍ച്ച നേടാന്‍ ഇപിഎഫ് സഹായിക്കും. ദീര്‍ഘകാല നിക്ഷേപമാണ് പിഎഫില്‍ എപ്പോഴും നല്ലതെങ്കിലും ഇപിഎഫ്ഒ അംഗങ്ങള്‍ക്ക് രണ്ടു മാസത്തില്‍ കൂടുതല്‍ ജോലി ഇല്ലാത്ത അവസ്ഥ വന്നാല്‍ മുഴുവന്‍ തുകയും പിന്‍വലിക്കാനുള്ള അവസരം നല്‍കുന്നുണ്ട്.

ഇപിഎഫ്ഒയുടെ പുതിയ പിന്‍വലിക്കല്‍ നിയമം അനുസരിച്ച് തൊഴില്‍ നിന്ന് പിരിച്ചുവിടപ്പെട്ടാല്‍ ഒരു മാസത്തിനുള്ളില്‍ തന്നെ പിഎഫില്‍ നിന്ന് 75 ശതമാനം തുക പിന്‍വലിക്കാം. രണ്ടു മാസം തൊഴിലില്ലാതെ വന്നാല്‍ ബാക്കി 25 ശതമാനം കൂടി പിന്‍വലിക്കാം. നിലവില്‍ പ്രൊവിഡന്റ് ഫണ്ട് ഓണ്‍ലൈനായി പിന്‍വലിക്കാനുള്ള സൗകര്യവുമുണ്ട്.

തൊഴില്‍ നഷ്ടപ്പെടുന്ന അവസരങ്ങളിലല്ലാതെ മറ്റു ചില അടിയന്തിര സാഹചര്യങ്ങളിലും പ്രൊവിഡന്റ് ഫണ്ടില്‍ നിന്ന് പണം പിന്‍വലിക്കാന്‍ അനുവദിക്കാറുണ്ട്.

വിവാഹം

ഇപിഎഫിലേക്ക് അടയ്ക്കുന്ന തുകയുടെ 50 ശതമാനം വരെ വിവാഹ ആവശ്യങ്ങള്‍ക്കായി പിന്‍വലിക്കാനാകും. സ്വന്തം വിവാഹത്തിനോ അല്ലെങ്കില്‍ മകന്‍/ മകള്‍, സഹോദരന്‍/ സഹോദരി എന്നിവരുടെ വിവാഹ ആവശ്യങ്ങള്‍ക്കായോ ആണ് തുക പിന്‍വലിക്കാനാകുക. ഏറ്റവും കുറഞ്ഞത് ഏഴു വര്‍ഷത്തെ സര്‍വീസ് പൂര്‍ത്തിയാക്കിയിട്ടുള്ളവര്‍ക്കാണ് ഈ സൗകര്യം ലഭിക്കുക.

വിദ്യാഭ്യാസം

സ്വന്തം വിദ്യാഭ്യാസത്തിനോ പത്താം ക്ലാസ് പൂര്‍ത്തിയാക്കിയതിനുശേഷമുള്ള മക്കളുടെ വിദ്യാഭ്യാസത്തിനോ വേണ്ടി ജീവനക്കാരന്റെ വിഹിതത്തിന്റെ 50 ശതമാനം വരെ പിന്‍വലിക്കാന്‍ അനുവദിക്കുന്നതാണ്. ഇതിനും കുറഞ്ഞത് ഏഴു വര്‍ഷത്തെ സര്‍വീസ് ഉണ്ടായിരിക്കണം.

വീട് പണി, സ്ഥലം വാങ്ങല്‍

വീടു പണിക്കായാണ് പിന്‍വലിക്കാനുദ്ദേശിക്കുന്നതെങ്കില്‍ സ്വന്തം പേരിലോ, പങ്കാളിയുടെ പേരിലോ അല്ലെങ്കില്‍ രണ്ടു പേരുടേയും കൂടി പേരിലോ ഉള്ള ഭൂമിയിലായിരിക്കണം വീട് നിര്‍മിക്കേണ്ടത്. സ്ഥലം വാങ്ങാനാണെങ്കില്‍ മാസ ശമ്പളത്തിന്റെ 24 മടങ്ങിനൊപ്പം ഡിയര്‍നെസ് അലവന്‍സ് കൂടി ചേര്‍ത്തുള്ള തുകയാണ് പിന്‍വലിക്കാനാകുക. അതേ സമയം വീടു വാങ്ങാനായി മാസ ശമ്പളത്തിന്റെ 36 മടങ്ങിനൊപ്പം ഡിയര്‍നെസ് അലവന്‍സും ചേര്‍ത്തുള്ള തുക പിന്‍വലിക്കാനാകും. ജോലിയില്‍ അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കിയിട്ടുള്ളവര്‍ക്കാണ് ഇതിനു യോഗ്യത.

ഭവന വായ്പാ തിരിച്ചടവ്

പണയം വയ്ക്കപ്പെട്ടിട്ടുള്ള വീട് ജീവനക്കാരന്റെയോ പങ്കാളിയുടേയോ അല്ലെങ്കില്‍ രണ്ടു പേരുടേയും കൂടി പേരിലോ ആയിരിക്കണം. ജീവനക്കാരന്റെയും തൊഴിലുടമയുടേയും വിഹിതത്തിന്റെ 90 ശതമാനം വരെയാണ് പിന്‍വലിക്കാന്‍ അനുവദിക്കുക. പത്തു വര്‍ഷം സേവനകാലയളവു പൂര്‍ത്തിയാക്കിയിരിക്കണമെന്ന് നിര്‍ബന്ധമുണ്ട്. മാത്രമല്ല ഭവന വായ്പയുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഇപിഎഫ്ഒ ആവശ്യപ്പെടുന്ന മുറയ്ക്ക് ഹാജരാക്കുകയും വേണം. 20,000 രൂപയില്‍ കൂടുതല്‍ ഇപിഎഫ് ബാലന്‍സ് ഉള്ളവര്‍ക്കാണ് ഈ സൗകര്യം ലഭിക്കുക.

വീട് നവീകരിക്കല്‍

വീടിന് നവീകരണത്തിനായി മാസ ശമ്പളത്തിന്റെ 12 മടങ്ങ് വരെ പിന്‍വലിക്കാവുന്നതാണ്. ഇതിനും സ്വന്തം പേരിലോ, പങ്കാളിയുടെ പേരിലോ എല്ലെങ്കില്‍ രണ്ടുപേരുടേയും കൂടി പേരിലോ ആയിരിക്കണം വീട്. മാത്രമല്ല അഞ്ച് വര്‍ഷത്തെ സേവന കാലയളവും നിര്‍ബന്ധമാണ്.

വൈദ്യപരിശോധന

ജീവനക്കാരന്‍, പങ്കാളി, മാതാപിതാക്കള്‍, കുട്ടികള്‍ എന്നിവര്‍ക്കുള്ള ചികിത്സയ്ക്കായി പണം പിന്‍വലിക്കാന്‍ ഇപിഎഫ്ഒ അനുവദിക്കാറുണ്ട്. വൈദ്യസേവനങ്ങള്‍ക്കായി പണം പിന്‍വലിക്കുന്നതിന് സേവനകാലയളവ് ബാധകമല്ല.

Resya Raveendran
Resya Raveendran  

Assistant Editor

Related Articles
Next Story
Videos
Share it