

പ്രോവിഡന്റ് ഫണ്ട് (പി.എഫ്) പിൻവലിക്കലുകൾ നേരിട്ട് യു.പി.ഐ വഴി സാധ്യമാക്കുന്ന വിപ്ലവകരമായ പരിഷ്കാരത്തിന്, എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇ.പി.എഫ്.ഒ) തയ്യാറെടുക്കുകയാണ്. 'ഇ.പി.എഫ്.ഒ 3.0' എന്ന പുതിയ പതിപ്പിന്റെ ഭാഗമായി നടപ്പിലാക്കുന്ന ഈ സംവിധാനത്തിലൂടെ, അംഗങ്ങൾക്ക് യു.പി.ഐ പിൻ ഓതന്റിക്കേഷൻ (PIN authentication) ഉപയോഗിച്ച് അർഹമായ പി.എഫ് തുക ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റാനുള്ള വഴിതെളിയും.
നിലവിൽ 5 ലക്ഷം രൂപ വരെയുള്ള ക്ലെയിമുകൾക്ക് ഇ.പി.എഫ്.ഒ ഓട്ടോ-സെറ്റിൽമെന്റ് സൗകര്യം ഏർപ്പെടുത്തിക്കഴിഞ്ഞു. എന്നാൽ, പി.എഫ് അക്കൗണ്ട് രേഖകളിലെ തെറ്റുകളും പിഴവുകളും ഈ അതിവേഗ സേവനത്തിന് തടസ്സമാകാതിരിക്കാൻ താഴെ പറയുന്ന അഞ്ച് കാര്യങ്ങൾ ഉപഭോക്താക്കൾ മുൻകൂട്ടി ശ്രദ്ധിക്കേണ്ടതായുണ്ട്. വിശദമായി നോക്കാം.
ഇ.പി.എഫ്.ഒ നൽകിയിട്ടുള്ള നിങ്ങളുടെ യൂണിവേഴ്സൽ അക്കൗണ്ട് നമ്പർ (UAN) സജീവമാണെന്നും (ആക്ടീവ്) പ്രവർത്തന സജ്ജമാണെന്നും ഉറപ്പുവരുത്തുക. യു.എ.എൻ സജീവമല്ലെങ്കിൽ ഇ.പി.എഫ് സേവനങ്ങൾ, കെ.വൈ.സി വെരിഫിക്കേഷൻ, പണം പിൻവലിക്കൽ, ഡിജിറ്റൽ കൈമാറ്റങ്ങൾ എന്നിവ തടസ്സപ്പെടും. രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറോ പാസ്‌വേഡോ മാറിയിട്ടുണ്ടെങ്കിൽ അത് ഉടൻ പരിഹരിക്കേണ്ടതാണ്.
പി.എഫ് ക്ലെയിമുകൾ മുടങ്ങാനുള്ള മുഖ്യ കാരണങ്ങളിലൊന്ന് ആധാർ കാർഡ്, പാൻ കാർഡ്, തൊഴിലുടമയുടെ രേഖകൾ, ഇ.പി.എഫ്.ഒ രേഖകൾ എന്നിവയിൽ രേഖപ്പെടുത്തിയിട്ടുള്ള പേര്, ജനന തീയതി, പിതാവിന്റെ പേര് എന്നിവയിലുണ്ടാകുന്ന വ്യത്യാസങ്ങളാണ്. ഇ.പി.എഫ്.ഒ രേഖകളിലുള്ള പേര്, ജനന തീയതി, ലിംഗം എന്നിവയിലും അനുബന്ധ രേഖകളിലും കാണപ്പെടുന്ന ചെറിയ മാറ്റങ്ങൾ പോലും യു.പി.ഐ അധിഷ്ഠിത വെരിഫിക്കേഷൻ പരാജയപ്പെടാൻ കാരണമായേക്കും. പാൻ കാർഡ് വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്തിട്ടില്ലെങ്കിൽ പിൻവലിക്കുന്ന തുകയ്ക്ക്മേൽ ഉയർന്ന ടി.ഡി.എസ് ഈടാക്കാൻ സാധ്യതയുണ്ട്.
പി.എഫിൽ നിന്നും യു.പി.ഐ വഴി പിൻവലിക്കുന്ന തുക നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്ക് വരുന്നതിനാൽ നിങ്ങളുടെ ബാങ്ക് അക്കൗണ്ട് നമ്പർ, ഐ.എഫ്.എസ്.സി കോഡ്, പേര് എന്നിവ ഇ.പി.എഫ്.ഒ പോർട്ടലിൽ കൃത്യമാണെന്ന് ഉറപ്പാക്കുക. ശമ്പളം വരുന്ന ബാങ്ക് അക്കൗണ്ട് തന്നെ ഇതിനായി ഉപയോഗിക്കുന്നതാണ് ഉചിതം. നിലവിൽ ഉപയോഗത്തിലില്ലാത്തതോ ജോയിന്റ് അക്കൗണ്ടുകളോ നൽകുന്നത് ക്ലെയിം നിരസിക്കപ്പെടാൻ ഇടയാക്കും. നിങ്ങളുടെ പ്രാഥമിക യു.പി.ഐ ഐ.ഡി ശരിയായ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്നും ഉറപ്പുവരുത്തുക.
യു.പി.ഐ അധിഷ്ഠിത പി.എഫ് ഇടപാടുകൾക്ക് ഒ.ടി.പി അടിസ്ഥാനമാക്കിയുള്ള പ്രമാണീകരണം (OTP authentication) നിർണായകമാണ്. ആധാറുമായും യു.എ.എന്നുമായും യു.പി.ഐയുമായും ബന്ധിപ്പിച്ചിരിക്കുന്ന മൊബൈൽ നമ്പർ ഒന്ന് തന്നെയാകുന്നത് ഇടപാടുകൾ സുഗമമാക്കാൻ സഹായിക്കും. നമ്പറുകൾ തമ്മിലുള്ള വ്യത്യാസം ഇടപാടുകളെ ബാധിച്ചേക്കാം.
മുൻപ് ജോലി ചെയ്ത സ്ഥാപനങ്ങളിലെ വിവരങ്ങളിൽ പിശകുകളില്ലെന്ന് ഉറപ്പാക്കുക. പഴയ പി.എഫ് അക്കൗണ്ടുകൾ നിലവിലുള്ള യു.എ.എന്നുമായി ലയിപ്പിക്കേണ്ടതുണ്ട്. കൂടാതെ, ഇ-നോമിനേഷൻ അപ്‌ഡേറ്റ് ചെയ്യുന്നത്, അടിയന്തിര സാഹചര്യങ്ങളിൽ ക്ലെയിം നടപടികൾ വേഗത്തിലാക്കാൻ സഹായിക്കും.
അതേസമയം സാങ്കേതികവിദ്യയ്ക്ക് സേവനങ്ങൾ വേഗത്തിലാക്കാൻ കഴിയുമെങ്കിലും, രേഖകളിലെ പിഴവുകളും പിശകുകളും സ്വയം തിരുത്താൻ പരിമിതികളുണ്ട്. അതിനാൽ പുതിയതായി അവതരിപ്പിക്കുന്ന യു.പി.ഐ അധിഷ്ഠിത പി.എഫ് സംവിധാനം പ്രയോജനപ്പെടുത്തുന്നതിന് മുൻപായി, അംഗങ്ങൾ തങ്ങളുടെ അക്കൗണ്ട് വിവരങ്ങളിലെ കൃത്യത ഉറപ്പാക്കുന്നത് ക്ലെയിമുകൾ തടസ്സമില്ലാതെ ലഭിക്കാൻ സഹായിക്കും.
Read DhanamOnline in English
Subscribe to Dhanam Magazine