ഈ സ്‌മോള്‍ ക്യാപ് ഓഹരിയില്‍ നിക്ഷേപവുമായി പൊറിഞ്ചു വെളിയത്ത്; ഓഹരി മൂന്നു മാസത്തില്‍ 50% ഉയര്‍ന്നു

ഓഹരി വിപണി കയറ്റിറക്കങ്ങളുടെ പാതയിലായിരിക്കുന്ന ഈ സമയത്തും സ്‌മോള്‍ ക്യാപ് ഓഹരിയില്‍ നിക്ഷേപവുമായി പ്രമുഖ പോര്‍ട്ട്‌ഫോളിയോ മാനേജറായ പൊറിഞ്ചു വെളിയത്ത്. രാജ്യത്തെ പ്രമുഖ തയ്യല്‍ മെഷീന്‍ നിര്‍മാതാക്കളില്‍ ഒന്നായ സിംഗര്‍ ഇന്ത്യയിലാണ് (Singer India Ltd) പുതിയ നിക്ഷേപം. എക്‌സ്‌ചേഞ്ചുകള്‍ക്ക് നല്‍കിയിട്ടുള്ള വിവരങ്ങള്‍ പ്രകാരം 6.25 ലക്ഷം ഓഹരികളാണ് പൊറിഞ്ചു വെളിയത്ത് സ്വന്തമാക്കിയിരിക്കുന്നത്. അതായത് 1.02 ശതമാനം ഓഹരി വിഹിതം.

പൊറിഞ്ചു വെളിയത്ത് നിക്ഷേപം നടത്തിയതിനു പിന്നാലെ ഇന്നലെ (ഒക്ടോബര്‍ 12) ഓഹരി 10 ശതമാനത്തോളം ഉയര്‍ന്നിരുന്നു. ഈവര്‍ഷം ഇതു വരെ 37.12 ശതമാനം നേട്ടം നിക്ഷേപകര്‍ക്ക് നല്‍കിയിട്ടുള്ള ഓഹരിയാണ് സിംഗര്‍ ഇന്ത്യ. കഴിഞ്ഞ ഒരു വര്‍ഷത്തെ നേട്ടം 53.31 ശതമാനമാണ്. അതേസമയം, ഇന്ന് രാവിലത്തെ സെഷനില്‍ രണ്ട് ശതമാനം ഇടിഞ്ഞ് 110 രൂപയിലാണ് ഓഹരി വ്യാപാരം നടത്തുന്നത്.
നിക്ഷേപം കഴിഞ്ഞ പാദത്തിൽ

കഴിഞ്ഞ പാദത്തിലാണ് പൊറിഞ്ചു വെളിയത്ത് സിംഗര്‍ ഇന്ത്യ ഓഹരി സ്വന്തമാക്കിയത്. ആരെങ്കിലും കമ്പനിയില്‍ ഒരു ശതമാനത്തിലധികം നിക്ഷേപം നടത്തിയിട്ടുണ്ടെങ്കില്‍ അത് ത്രൈമാസ ഷെയര്‍ ഹോള്‍ഡിംഗ് അപ്‌ഡേറ്റില്‍ എക്‌സ്‌ചേഞ്ചകളെ അറിയിക്കാറുണ്ട്. ഇന്നലെ സിംഗര്‍ ഇന്ത്യ സമര്‍പ്പിച്ച അപ്‌ഡേറ്റില്‍ പൊറിഞ്ചു വെളിയത്ത് നിക്ഷേപിച്ചതായി കണ്ടതോടെ നിക്ഷേപകര്‍ ഓഹരി വാങ്ങാന്‍ തുടങ്ങിയതാണ് വിലയില്‍ കുതിപ്പുണ്ടാക്കിയത്. കഴിഞ്ഞ മൂന്നു മാസത്തിനിടയില്‍ ഓഹരി 53 ശതമാനം ഉയര്‍ന്നിട്ടുണ്ട്.

പ്രമുഖ നിക്ഷേപകനായിരുന്ന രാകേഷ് ജുന്‍ജുന്‍വാലയുടെ പങ്കാളി രേഖ ജുന്‍ജുന്‍വാലയ്ക്കും സിംഗര്‍ ഇന്ത്യയില്‍ 6.95 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. 2023 സെപ്റ്റംബര്‍ പാദത്തിലെ വിവരങ്ങളനുസരിച്ച് കമ്പനിയുടെ പ്രമോട്ടര്‍മാര്‍ക്ക് 31 ശതമാനം ഓഹരിയാണുള്ളത്. ബാക്കി 69 ശതമാനം പൊതുജനങ്ങളുടെ കൈവശമാണ്. 678 കോടി രൂപ വിപണി മൂല്യമുള്ള കമ്പനിയാണ് സിംഗര്‍ ഇന്ത്യ. 2023 സാമ്പത്തിക വര്‍ഷത്തില്‍ 460.3 കോടി രൂപയാണ് കമ്പനിയുടെ വരുമാനം. ഇക്കാലയളവില്‍ ലാഭം 8.3 കോടി രൂപയും.

സ്‌മോള്‍ ക്യാപ്പുകളോട് കൂട്ടുകൂടി

അധികം ശ്രദ്ധിക്കപ്പെട്ടിട്ടില്ലാത്ത സ്‌മോള്‍ക്യാപ് ഓഹരികള്‍ കണ്ടെത്തി നിക്ഷേപിക്കുന്ന രീതിയാണ് പൊറിഞ്ചു വെളിയത്ത് പിന്തുരുന്നത്. അതുകൊണ്ട് തന്നെ പല ദേശീയ മാധ്യമങ്ങളും 'സ്‌മോള്‍ ക്യാപ്പുകളുടെ തമ്പുരാന്‍' എന്ന വിശേഷണവും പൊറിഞ്ചുവിന് നല്‍കാറുണ്ട്. കോര്‍പ്പറേറ്റ് ഷെയര്‍ ഹോള്‍ഡിംഗ് വിവരങ്ങള്‍ പ്രകാരം 17 ഓഹരികളിലാണ് പൊറിഞ്ചു വെളിയത്തിന് നിക്ഷേപമുള്ളത്. മൊത്തം ആസ്തി 208.2 കോടി രൂപയും.

ഓറിയന്റ്‌ ബെല്‍, സോം ഡിസ്റ്റലറീസ്, സീ മീഡിയ, ഡ്യൂറോ പ്ലൈ ഇന്‍ഡസ്ട്രീസ് എന്നിവയാണ് പൊറിഞ്ചു വെളിയിത്തിന്റെ പോര്‍ട്ട്‌ഫോളിയോയിലുള്ള മുഖ്യ ഓഹരികള്‍. നേരിട്ടുള്ള നിക്ഷേപം കൂടാതെ സ്വന്തം ഉടമസ്ഥതയിലുള്ള പോര്‍ട്ട്‌ഫോളിയോ മാനേജ്‌മെന്റ് സ്ഥാപനമായ ഇക്വിറ്റി ഇന്റലിജന്‍സ് വഴിയും പൊറിഞ്ചു വെളിയത്ത് നിക്ഷേപം നടത്തുന്നുണ്ട്.

കേരള ആയുര്‍വേദ കുതിപ്പ് തുടരുന്നു
പൊറിഞ്ചു വെളിയത്ത് നിക്ഷേപം ഉയര്‍ത്തിയതിനു ശേഷം കേരളത്തിലെ പ്രമുഖ ആയുര്‍വേദ ഉത്പന്ന നിര്‍മാണക്കമ്പനിയായ കേരള ആയുര്‍വേദ ഓഹരികള്‍ തുടര്‍ച്ചയായി അപ്പര്‍ സര്‍കീട്ടിലാണ്. റിപ്പോർട്ട് വന്നത്തിനു പിന്നാലെ ഒറ്റ ദിവസത്തില്‍ ഓഹരി അഞ്ച് ശതമാനത്തിലധികം ഉയര്‍ന്നിരുന്നു. കഴിഞ്ഞ അഞ്ച് ദിവസം കൊണ്ട് 24.64 ശതമാനം കുതിപ്പാണ് ഓഹരിയിലുണ്ടായത്. ഈ വര്‍ഷം ഇത് വരെ കേരള ആയുര്‍വേദ ഓഹരി വിലയില്‍ 94.10 ശതമാനം ഉയര്‍ച്ചയുണ്ടായിട്ടുണ്ട്. കഴിഞ്ഞ ഒരു വര്‍ഷക്കാലത്തെ നേട്ടം 202.47 ശതമാനവും. ഇന്ന് 4.98 ശതമാനം ഉയര്‍ന്ന് 214 രൂപയിലാണ് ഓഹരിയുള്ളത്. നിലവിലെ 3.18 ശതമാനത്തില്‍ നിന്ന് 4.16 ശതമാനമായാണ് പൊറിഞ്ചു വെളിയത്ത് നിക്ഷേപം ഉയർത്തിയത്.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it