സാമ്പത്തിക ആസൂത്രണം നടത്തുന്നതിന് മുമ്പ് സ്ത്രീകള്‍ സ്വയം ചോദിക്കേണ്ട ചില കാര്യങ്ങള്‍

ഇന്നത്തെ സ്ത്രീകളെ സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്ക് എത്തിക്കുന്നതില്‍ ക്യാപ്പിറ്റല്‍ മാര്‍ക്കറ്റ് ഉള്‍പ്പെടെയുള്ള പല നിക്ഷേപങ്ങളും പ്രധാന പങ്ക് വഹിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ സ്ത്രീകള്‍ ഇന്ന് ലഭ്യമായിട്ടുള്ള നിരവധി നിക്ഷേപങ്ങളെയും സേവനങ്ങളെയും കുറിച്ച് വ്യക്തമായ റിവ് ഉണ്ടാക്കുക എന്നതാണ് ആദ്യപടി ചെയ്യേണ്ടത്. ഈയടുത്ത് വന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഏകദേശം 79 ശതമാനത്തിലധികം സ്ത്രീകളും സ്വയം തന്നെയാണ് അവരുടെ നിക്ഷേപ തീരുമാനം എടുക്കുന്നത്. ഇതില്‍ തന്നെ കൂടുതല്‍ പേരും ദീര്‍ഘകാല അടിസ്ഥാനത്തില്‍ ഒരു നിശ്ചിത തുക സമ്പാദ്യമായി ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നവരുമാണ്. അതുപോലെ തന്നെ വിവിധ തരം ആസ്തി വിഭാഗങ്ങളിലേക്ക് കയ്യിലുള്ള പണം വിന്യസിക്കുന്നതായും കാണുന്നുണ്ട്.
ആംഫി (AMFI) റിപ്പോര്‍ട്ട് പ്രകാരം സ്ത്രീകളുടെ വരുമാനത്തില്‍ കൂടുതല്‍ തുക മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങളിലേക്ക് എത്തിയതായാണ് കാണുന്നത്. ഇതോടൊപ്പം ചേര്‍ത്തിരിക്കുന്ന ടേബിള്‍ പരിശോധിക്കുക.
ഒരു നല്ല പ്ലാന്‍ തയാറാക്കുന്നതിനായി ചുവടെ പറയുന്ന കാര്യങ്ങള്‍ നിങ്ങള്‍ ശ്രദ്ധിക്കാറുണ്ടോയെന്ന് പരിശോധിക്കുന്നത് നന്നാകും.
ഓരോ സ്ത്രീക്കും അവരവരുടെ കുടുംബത്തിന്റെ വരുമാനം, ചെലവുകള്‍, ആസ്തികള്‍, ബാധ്യതകള്‍ എന്നിവയെ കുറിച്ച് വ്യക്തമായ ധാരണയുണ്ടോ?
ആകസ്മികമായി വരുന്ന സാമ്പത്തിക പ്രതിസന്ധിയെ നേരിടാനായി നിശ്ചിത തുക മാറ്റിവെക്കേണ്ടതുണ്ടോ? ഇതിന് ഏത് തരത്തിലുള്ള നിക്ഷേപമാകും നല്ലതെന്ന് ധാരണയുണ്ടോ?
നിങ്ങള്‍ക്ക് മതിയായ ഇന്‍ഷുറന്‍സ് പരിരക്ഷയുണ്ടോ?
നിങ്ങള്‍ക്ക് നല്ലൊരു ആരോഗ്യ ഇന്‍ഷുറന്‍സ് ഉണ്ടോ?
നിലവിലുള്ള ബാധ്യതകളുടെ തിരിച്ചടവിന് ബുദ്ധിമുട്ട് അനുഭവപ്പെടാറുണ്ടോ?
ഇനി ഏറ്റവും പ്രധാനപ്പെട്ട കാര്യം. നിങ്ങള്‍ക്ക് റിട്ടയര്‍മെന്റ് പ്ലാന്‍ ഉണ്ടോ?
ജോലിയില്‍ നിന്ന് വിരമിച്ച ശേഷം ജീവിക്കാനുള്ള തുക കണ്ടെത്താനുള്ള നിക്ഷേപം നിങ്ങള്‍ ഇപ്പോള്‍ നടത്തുന്നുണ്ടോ?
നിലവിലുള്ള നിക്ഷേപങ്ങള്‍ പണപ്പെരുപ്പം കണക്കിലെടുത്ത് മികച്ച നേട്ടം നല്‍കുന്നതാണോയെന്ന് പരിശോധിക്കാറുണ്ടോ?
ഫിനാന്‍ഷ്യല്‍ പ്ലാന്‍ കൊണ്ട് പരിഹരിക്കാവുന്ന ഏതാനും ചില കാര്യങ്ങളാണിത്. ഇവയെല്ലാം കണക്കിലെടുത്ത് സമഗ്രമായ സാമ്പത്തിക ആസൂത്രണമാണ് ഇന്നത്തെ സ്ത്രീകള്‍ നടത്തേണ്ടത്. ഇതിനുവേണ്ടി വിദഗ്ധനായ ഒരു ഫിനാന്‍ഷ്യല്‍ പ്ലാനറുമായി ചര്‍ച്ച ചെയ്ത് അനുയോജ്യമായ പ്ലാന്‍ തയാറാക്കണം.
വിജയശ്രീ എസ് കൈമള്‍
(ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ ഇന്‍വെസ്റ്റ്മെന്റ്
സ്ട്രാറ്റജിസ്റ്റാണ് ലേഖിക)

ധനം മാഗസിൻ സെപ്റ്റംബർ ലക്കം പ്രസിദ്ധീകരിച്ചത്

Related Articles

Next Story

Videos

Share it