സ്വര്‍ണ ബോണ്ടിന്റെ വില പ്രഖ്യാപിച്ചു; ഓണ്‍ലൈനിലൂടെ നിക്ഷേപിച്ചാല്‍ നേടാം ₹50 ഡിസ്‌കൗണ്ട്

ഡിസംബര്‍ 18 മുതല്‍ നിക്ഷേപിക്കാം; സ്വര്‍ണ ബോണ്ടില്‍ നിക്ഷേപിച്ചാല്‍ എന്താണ് നേട്ടം? ഇതാ വിശദാംശങ്ങള്‍
RBI logo and gold bars
Image : Canva and RBI
Published on

കേന്ദ്രസര്‍ക്കാരും റിസര്‍വ് ബാങ്കും ചേര്‍ന്ന് അവതരിപ്പിച്ച നിക്ഷേപ പദ്ധതിയാണ് സോവറീന്‍ ഗോള്‍ഡ് ബോണ്ട് (SGB). ഭൗതിക സ്വര്‍ണത്തിന് പകരം അതേമൂല്യമുള്ള കടപ്പത്രങ്ങളില്‍ (Bond) നിക്ഷേപിച്ച് മികച്ച നേട്ടം (return) സ്വന്തമാക്കാന്‍ സഹായിക്കുന്ന പദ്ധതിയാണിത്. ഭൗതിക സ്വര്‍ണത്തിലേക്ക് ഒഴുക്കുന്നതിന് പകരം, നിക്ഷേപം രാജ്യത്തിന്റെ വികസനത്തിനായി പ്രയോജനപ്പെടുത്തുക, സ്വര്‍ണ ഇറക്കുമതി കുറയ്ക്കുകയും അതുവഴി വ്യാപാരക്കമ്മി, കറന്റ് അക്കൗണ്ട് കമ്മി എന്നിവ നിയന്ത്രിക്കുകയുമാണ് കേന്ദ്രം പദ്ധതിയിലൂടെ ഉന്നമിടുന്നത്.

വില പ്രഖ്യാപിച്ചു

നടപ്പുവര്‍ഷത്തെ (2023-24) സോവറീന്‍ ഗോള്‍ഡ് ബോണ്ട് മൂന്നാം സീരീസിന്റെ (SGB 2023-24 Series III) വില റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചു. ഗ്രാമിന് 6,199 രൂപയാണ് വില. ഓണ്‍ലൈനിലൂടെ അപേക്ഷിക്കുന്നവര്‍ക്കും പണമടയ്ക്കുന്നവര്‍ക്കും ഗ്രാമിന് 50 രൂപ ഡിസ്‌കൗണ്ടുണ്ട്. ഇവര്‍ ഗ്രാമിന് 6,149 രൂപ നല്‍കിയാല്‍ മതി.

നിക്ഷേപ തീയതി

ഡിസംബര്‍ 18 മുതല്‍ 22 വരെ സോവറീന്‍ ഗോള്‍ഡ് ബോണ്ടിനായി അപേക്ഷിക്കാം. 28ന് ബോണ്ടുകള്‍ നിക്ഷേപകന് വിതരണം ചെയ്യും.

ആര്‍ക്കൊക്കെ വാങ്ങാം?

ഇന്ത്യന്‍ പൗരന്മാര്‍, ഹിന്ദു അവിഭക്ത കുടുംബങ്ങള്‍ (HUF), ട്രസ്റ്റുകള്‍, സര്‍വകലാശാലകള്‍, ചാരിറ്റബിള്‍ ഇന്‍സ്റ്റിറ്റിയൂഷനുകള്‍ എന്നിവരാണ് സ്വര്‍ണ ബോണ്ട് വാങ്ങാന്‍ യോഗ്യര്‍.

വ്യക്തികള്‍ക്കും ഹിന്ദു അവിഭക്ത കുടുംബങ്ങള്‍ക്കും പരമാവധി 4 കിലോഗ്രാം വരെ വാങ്ങാം. ട്രസ്റ്റുകള്‍ ഉള്‍പ്പെടെ മറ്റുള്ളവര്‍ക്ക് പരമാവധി 20 കിലോ വരെയും വാങ്ങാം.

എവിടെ നിന്ന് വാങ്ങാം?

സ്മോള്‍ ഫിനാന്‍സ് ബാങ്കുകള്‍, പേമെന്റ് ബാങ്കുകള്‍, ഗ്രാമീണ്‍ ബാങ്ക് എന്നിവ ഒഴികെയുള്ള ഷെഡ്യൂള്‍ഡ് കൊമേഴ്സ്യല്‍ ബാങ്കുകള്‍, സ്റ്റോക്ക് ഹോള്‍ഡിംഗ് കോര്‍പ്പറേഷന്‍ (SHCIL), ക്ലിയറിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (CCIL), തിരഞ്ഞെടുക്കപ്പെട്ട പോസ്റ്റ് ഓഫീസുകള്‍, നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച്, ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് എന്നിവിടങ്ങളില്‍ നിന്ന് സോവറീന്‍ സ്വര്‍ണ ബോണ്ട് വാങ്ങാം.

എങ്ങനെ വാങ്ങാം?

സ്വര്‍ണ ബോണ്ട് വാങ്ങുന്നവര്‍ വോട്ടേഴ്സ് ഐ.ഡി., അധാര്‍ കാര്‍ഡ്, പാന്‍/ടാന്‍, പാസ്പോര്‍ട്ട് തുടങ്ങിയ ഏതെങ്കിലും തിരിച്ചറിയല്‍ കാര്‍ഡ് ഹാജരാക്കണം. അപേക്ഷ പൂര്‍ത്തിയാക്കുമ്പോള്‍ പാന്‍ വിവരങ്ങള്‍ നല്‍കേണ്ടതും നിര്‍ബന്ധമാണ്.

കറന്‍സി നോട്ടുകളായി പരമാവധി 20,000 രൂപ നിക്ഷേപിക്കാം. ഉയര്‍ന്ന തുകള്‍ക്ക് ഡി.ഡി., ചെക്ക്, ഓണ്‍ലൈന്‍ ഇടപാട് എന്നിവ ഉപയോഗിക്കണം.

എന്താണ് നേട്ടം?

എട്ടുവര്‍ഷമാണ് സ്വര്‍ണ ബോണ്ട് നിക്ഷേപത്തിന്റെ കാലാവധി. 5 വര്‍ഷങ്ങള്‍ക്ക് ശേഷം നിബന്ധനകളോടെ നിക്ഷേപം പിന്‍വലിക്കാം. 2.50 ശതമാനമാണ് വാര്‍ഷിക പലിശനിരക്ക്. ഇത് ആറ് മാസത്തിലൊരിക്കല്‍ നിക്ഷേപകന്റെ അക്കൗണ്ടിലേക്ക് വരവുവയ്ക്കും.

നിക്ഷേപ കാലാവധി പൂര്‍ത്തിയാകുമ്പോഴുള്ള സ്വര്‍ണത്തിന്റെ വിപണി വിലയനുസരിച്ച് നിക്ഷേപവും പലിശയും തിരികെ ലഭിക്കും. ഉദാഹരണത്തിന്, പ്രഥമ ഗോള്‍ഡ് ബോണ്ട് പദ്ധതിയില്‍ മൊത്തം 93,940 രൂപ നല്‍കി 35 ഗ്രാം ബോണ്ടുകള്‍ വാങ്ങിയ നിക്ഷേപകന് എട്ടുവര്‍ഷ കാലാവധി കഴിഞ്ഞപ്പോള്‍ തിരികെ കിട്ടിയത് 2.14 ലക്ഷം രൂപയാണ്. എട്ടുവര്‍ഷം മുമ്പ് 2,684 രൂപയ്ക്ക് വാങ്ങിയ സ്വര്‍ണ ബോണ്ടിന് കാലാവധി അവസാനിച്ചപ്പോള്‍ കിട്ടിയ വില ഗ്രാമിന് 6,132 രൂപ വീതവുമാണ്.

ഈടുവയ്ക്കാം, വായ്പ നേടാം

ഭൗതിക സ്വര്‍ണമല്ലെങ്കിലും അതേ മൂല്യം പക്ഷേ സ്വര്‍ണ ബോണ്ടിനുണ്ട്. സൊവറീന്‍ ഗോള്‍ഡ് ബോണ്ട് ഈടുവച്ച് സ്വര്‍ണ വായ്പയും നേടാം.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com