തിരികെ കിട്ടുമെന്ന് ഉറപ്പ്, എത്ര കോടികളും നിക്ഷേപിക്കാം; പലിശ നിരക്ക് 8.05% തന്നെ; ആർ.ബി.ഐ ഫ്ലോട്ടിം​ഗ് റേറ്റ് സേവിങ്സ് ബോണ്ട്

ജനുവരി 1, ജൂലൈ 1 തീയതികളിൽ ആറുമാസം കൂടുമ്പോൾ പലിശ കൃത്യമായി അക്കൗണ്ടിലെത്തും. അതിനാൽ സ്ഥിരവരുമാനം ആഗ്രഹിക്കുന്നവർക്ക് ആർ.ബി.ഐയുടെ ഫ്ലോട്ടിം​ഗ് റേറ്റ് സേവിങ്സ് ബോണ്ട് സ്കീം ഏറെ അനുയോജ്യമാണ്
RBI Floating Rate Savings Bond Rate
പ്രതീകാത്മക ചിത്രം(Source: Canva)
Published on

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ.ബി.ഐ) പുറത്തിറക്കിയ ഫ്ലോട്ടിംഗ് റേറ്റ് സേവിംഗ്സ് ബോണ്ടിന്റെ (FRSB) പലിശ നിരക്കിൽ മാറ്റമില്ല. നിലവിലെ 8.05 ശതമാനം നിരക്കിലുള്ള ആദായം നിലനിർത്തി. 2026 ജൂലൈ 1 മുതൽ ഡിസംബർ 31 വരെയുള്ള ആറുമാസത്തെ കാലയളവിലേക്കാണ് ഈ പലിശ നിരക്ക് ആർ.ബി.ഐ പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് തുടർച്ചയായ നാലാം തവണയാണ് ഫ്ലോട്ടിംഗ് റേറ്റ് സേവിംഗ്സ് ബോണ്ടിന്റെ പലിശ നിരക്കിൽ മാറ്റമില്ലാതെ തുടരുന്നത്. ഈ അർധ വർഷത്തെ പലിശ 2027 ജനുവരി 1-ന് നിക്ഷേപകരുടെ അക്കൗണ്ടിൽ ക്രെഡിറ്റ് ചെയ്യുന്നതായിരിക്കും.

കേന്ദ്ര സർക്കാരിന്റെ 2020 ജൂൺ 26-ലെ വിജ്ഞാപന പ്രകാരം, ഫ്ലോട്ടിംഗ് റേറ്റ് സേവിംഗ്സ് ബോണ്ടിന്റെ പലിശ നിരക്കുകൾ ഓരോ ആറു മാസം കൂടുമ്പോഴും പുതുക്കി നിശ്ചയിക്കാറുണ്ട്. പോസ്റ്റ് ഓഫീസ് നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റിന്റെ (NSC) നിലവിലുള്ള പലിശ നിരക്കിനേക്കാൾ 0.35 ശതമാനം അധികമായിരിക്കും ഈ ബോണ്ടിന്റെ പലിശ നിരക്കായി നിശ്ചയിക്കാറുള്ളത്. രണ്ടാം സാമ്പത്തിക പാദത്തിലും എൻ.എസ്.സി പദ്ധതിയിലെ പലിശ നിരക്ക് 7.70 ശതമാനമായി ധനമന്ത്രാലയം നിലനിർത്തിയതിനാലാണ് ആർ.ബി.ഐയുടെ ഈ ബോണ്ടിന്റെ ആദായ നിരക്ക് 8.05 ശതമാനമായി തുടരുന്നത്.

എങ്ങനെ നിക്ഷേപിക്കാം?

ഫ്ലോട്ടിം​ഗ് റേറ്റ് സേവിങ്സ് ബോണ്ടുകൾ ഓൺലൈനായി ആർ.ബി.ഐ റീട്ടെയിൽ ഡയറക്ട് പോർട്ടൽ (RBI Retail Direct portal) വഴിയോ, അല്ലെങ്കിൽ തിരഞ്ഞെടുത്ത പൊതുമേഖലാ ബാങ്കുകൾ, എച്ച്.ഡി.എഫ്.സി ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക്, ആക്സിസ് ബാങ്ക്, സ്റ്റോക്ക് ഹോൾഡിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (SHCIL) എന്നിവ വഴി ഓഫ്‍ലൈനായോ വാങ്ങാം. ഇതിനായി ഡീമാറ്റ് അക്കൗണ്ട് ആവശ്യമില്ല. നിങ്ങളുടെ നിക്ഷേപങ്ങൾ ആർ.ബി.ഐയുടെ സ്വന്തം ബോണ്ട് ലെഡ്ജർ അക്കൗണ്ടിലാണ് സൂക്ഷിക്കുക. വ്യക്തിഗതമായോ സംയുക്തമായോ അല്ലെങ്കിൽ പ്രായപൂർത്തിയാകാത്തവർക്ക് വേണ്ടിയോ ബോണ്ടിൽ നിക്ഷേപിക്കാവുന്നതാണ്. കുറഞ്ഞ നിക്ഷേപ തുക 1,000 രൂപയാണ്. പരമാവധി എത്ര തുക വേണമെങ്കിലും നിക്ഷേപിക്കാം.

മറ്റ് സ്ഥിര നിക്ഷേപങ്ങളുമായുള്ള താരതമ്യം

നിലവിലെ 8.05 ശതമാനം പലിശ നിരക്ക് പ്രമുഖ പൊതുമേഖലാ ബാങ്കുകളുടെ ഫിക്സഡ് ഡിപ്പോസിറ്റ് (എഫ്.ഡി) പലിശ നിരക്കുകളേക്കാൾ വളരെ ആകർഷകമാണ്. എങ്കിലും മുതിർന്ന പൗരന്മാർക്കുള്ള സമ്പാദ്യ പദ്ധതിയായ സീനിയർ സിറ്റിസൺ സേവിങ്സ് സ്കീം (SCSS) നൽകുന്ന പലിശ നിരക്കിനേക്കാൾ അല്പം താഴെയുമാണിത്.

സീനിയർ സിറ്റിസൺ സേവിങ്സ് സ്കീമിൽ ഉയർന്ന നിക്ഷേപ പരിധിയുണ്ട്. എന്നാൽ ആർ.ബി.ഐയുടെ ഫ്ലോട്ടിം​ഗ് റേറ്റ് സേവിങ്സ് ബോണ്ടുകളിലെ നിക്ഷേപത്തിന് പരിധി നിശ്ചയിച്ചിട്ടില്ല എന്നതിനാൽ, എത്ര വലിയ തുകകളും തിരികെ കിട്ടുമെന്ന ഉറപ്പോടെ വളരെ സുരക്ഷിതമായി നിക്ഷേപിക്കാൻ സാധിക്കുന്നതാണ്. അതേസമയം ആർ.ബി.ഐ.യുടെ ഈ ബോണ്ട് പദ്ധതിക്ക് 7 വർഷത്തെ ലോക്ക്-ഇൻ കാലാവധിയുണ്ട്. 60 വയസ്സിന് മുകളിൽ പ്രായമായിട്ടുള്ള നിക്ഷേപകർക്ക് മാത്രമേ നിശ്ചിത പിഴയോടെ നിർദിഷ്ട കാലാവധിക്ക് മുൻപ് ഫ്ലോട്ടിം​ഗ് റേറ്റ് സേവിങ്സ് ബോണ്ടിൽ നിന്നും പണം പിൻവലിക്കാനുള്ള അനുമതിയുള്ളൂ.

നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഫ്ലോട്ടിം​ഗ് റേറ്റ് സേവിങ്സ് ബോണ്ടിൽ നിന്നുള്ള പലിശ വരുമാനത്തിന്, നിക്ഷേപകരുടെ ഇൻകം ടാക്സ് സ്ലാബ് അനുസരിച്ചുള്ള നികുതി ഈടാക്കുന്നതാണ്. കൂടാതെ ഇതിന് സെക്ഷൻ 80-സി പ്രകാരമുള്ള നികുതി ഇളവുകൾ ലഭിക്കില്ല. പലിശ തുക ഒന്നിച്ച് ലഭിക്കുന്ന ക്യുമുലേറ്റീവ് ഓപ്ഷൻ ഇതിലില്ല. പകരം ജനുവരി 1, ജൂലൈ 1 തീയതികളിൽ ആറുമാസം കൂടുമ്പോൾ പലിശ കൃത്യമായി അക്കൗണ്ടിലെത്തും. അതിനാൽ സ്ഥിരവരുമാനം ആഗ്രഹിക്കുന്നവർക്ക് ആർ.ബി.ഐയുടെ ഫ്ലോട്ടിം​ഗ് റേറ്റ് സേവിങ്സ് ബോണ്ട് സ്കീം ഏറെ അനുയോജ്യമാണ്. വരുന്ന സാമ്പത്തിക പാദങ്ങളിലും നാഷണൽ സേവിങ്സ് സ്കീം പലിശ നിരക്കുകളിൽ മാറ്റമുണ്ടാകാത്ത പക്ഷം ആർ.ബി.ഐയുടെ ഫ്ലോട്ടിം​ഗ് റേറ്റ് സേവിങ്സ് ബോണ്ടുകളുടെ ആ​ദായ നിരക്കുകളും ഇതേപടി തുടരാനാണ് സാധ്യത.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com