പുതിയ സാമ്പത്തിക വർഷത്തിൽ സാമ്പത്തിക തട്ടിപ്പുകാരെ പൂട്ടാം; ആർബിഐയുടെ സചേത് പോർട്ടല്‍ പരാതി നൽകാനുള്ള ലളിതമായ വഴി

വ്യാജ നിക്ഷേപ പദ്ധതികളെയും സ്ഥാപനങ്ങളെയും തിരിച്ചറിയുന്നതിനും പരാതികൾ റിപ്പോർട്ട് ചെയ്യുന്നതിനുമുള്ള സിംഗിൾ വിൻഡോ പ്ലാറ്റ്‌ഫോമാണിത്, മലയാളം ഉൾപ്പെടെയുളള ഭാഷകളിൽ പോർട്ടൽ ലഭ്യമാണ്
RBI
RBIImage:dhanamfile/rbi/canva
Published on

ഡിജിറ്റൽ ഇടപാടുകൾ വർദ്ധിച്ചുവരുന്നതിനാല്‍ സാമ്പത്തിക തട്ടിപ്പുകളിൽ നിന്ന് സുരക്ഷിതരായിരിക്കുക എന്നത് പുതിയ സാമ്പത്തിക വർഷത്തിൽ (FY27) നിക്ഷേപകർക്ക് ഏറെ വെല്ലുവിളിയുള്ള കാര്യമായിരിക്കുകയാണ്. ഇതിനായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) ഒരുക്കിയിട്ടുള്ള കേന്ദ്രീകൃത ഓൺലൈൻ ഡിജിറ്റൽ സംവിധാനമാണ് സചേത് പോർട്ടൽ (https://sachet.rbi.org.in/). വ്യാജ നിക്ഷേപ പദ്ധതികളെയും സ്ഥാപനങ്ങളെയും തിരിച്ചറിയുന്നതിനും പരാതികൾ റിപ്പോർട്ട് ചെയ്യുന്നതിനുമുള്ള ഒരു സിംഗിൾ വിൻഡോ പ്ലാറ്റ്‌ഫോമാണിത്.

സചേത് പോർട്ടലിന്റെ പ്രാധാന്യം

ഒരു ധനകാര്യ സ്ഥാപനം അല്ലെങ്കിൽ നിക്ഷേപ പദ്ധതി സെബി (SEBI), ആർബിഐ (RBI), ഐആർഡിഎഐ (IRDAI), പിഎഫ്ആർഡിഎ (PFRDA) എന്നീ റെഗുലേറ്റർമാരിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടോ എന്ന് ഈ പോർട്ടൽ വഴി മിനിറ്റുകൾക്കുള്ളിൽ പരിശോധിക്കാം. പെട്ടെന്നുള്ള ലാഭം വാഗ്ദാനം ചെയ്യുന്ന പോൺസി സ്കീമുകളിൽ (Ponzi schemes) നിന്നും വ്യാജ ഡെപ്പോസിറ്റ് ഓഫറുകളിൽ നിന്നും പണം സംരക്ഷിക്കാൻ ഇത് സഹായിക്കുന്നു. മലയാളം ഉൾപ്പെടെ 13 ഇന്ത്യൻ ഭാഷകളിൽ ഈ പോർട്ടൽ ലഭ്യമാണ് എന്നത് ഇതിന്റെ സ്വീകാര്യത വർദ്ധിപ്പിക്കുന്നു.

പരാതി ഫയൽ ചെയ്യുന്നതിനുള്ള 5 ഘട്ടങ്ങൾ:

  • സചേത് ഔദ്യോഗിക പോർട്ടൽ സന്ദർശിച്ച് 'File a Complaint' എന്ന ടാബിൽ ക്ലിക്ക് ചെയ്യുക.

  • തട്ടിപ്പിന്റെ വിഭാഗവും അത് നടത്തിയ സാമ്പത്തിക സ്ഥാപനത്തിന്റെ തരവും തിരഞ്ഞെടുക്കുക.

  • കമ്പനിയുടെ പേര്, കോൺടാക്റ്റ് വിവരങ്ങൾ, വിലാസം, നഷ്ടപ്പെട്ട തുക, തട്ടിപ്പ് നടന്ന രീതി എന്നിവയുടെ പൂർണരൂപം നൽകുക.

  • രസീതുകൾ, സ്ക്രീൻഷോട്ടുകൾ, ബാങ്ക് സ്റ്റേറ്റ്‌മെന്റുകൾ അല്ലെങ്കിൽ ചാറ്റ് രേഖകൾ തുടങ്ങിയ തെളിവുകൾ അറ്റാച്ച് ചെയ്യുക.

  • വിവരങ്ങൾ പരിശോധിച്ച ശേഷം സബ്മിറ്റ് ചെയ്യുക. ഭാവി ആവശ്യങ്ങൾക്കായി ലഭിക്കുന്ന റഫറൻസ് നമ്പറോ അക്നോളജ്‌മെന്റ് രസീതോ സൂക്ഷിച്ചുവെക്കുക.

പരാതി സമർപ്പിച്ചു കഴിഞ്ഞാൽ, അത് ബന്ധപ്പെട്ട റെഗുലേറ്റർക്കോ അന്വേഷണ ഏജൻസിക്കോ കൈമാറുകയും അവർ കർശന നടപടികൾ സ്വീകരിക്കുകയും ചെയ്യും. നിങ്ങളുടെ അക്നോളജ്‌മെന്റ് നമ്പർ ഉപയോഗിച്ച് പരാതിയുടെ പുരോഗതി ഓൺലൈനായി ട്രാക്ക് ചെയ്യാനും സാധിക്കും.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com