സോഷ്യൽ മീഡിയയിലെ ഉപദേശത്തില്‍ ഓഹരികള്‍ വാങ്ങരുത്, കെണിയില്‍ വീഴാം, ജാഗ്രത പാലിക്കേണ്ടതിന്റെ ആവശ്യകതകള്‍

ഒറ്റരാത്രികൊണ്ട് പണം ഉണ്ടാക്കാമെന്ന വാഗ്ദാനം ചെയ്ത് നിക്ഷേപകരെ വൈകാരിക തീരുമാനങ്ങള്‍ എടുക്കാന്‍ പ്രേരിപ്പിക്കുന്ന രീതിയില്‍ ജാഗ്രത പാലിക്കണം.
Finfluencers, share market
Representational image, Courtesy: Canva
Published on

ഓഹരി വിപണിയില്‍ നിക്ഷേപിക്കുന്നതിനെക്കുറിച്ച് അറിയാന്‍ നിരവധി ആളുകള്‍ക്കാണ് താല്‍പ്പര്യമുളളത്. ഇത് മുതലെടുത്ത് സമൂഹ മാധ്യമങ്ങളില്‍ സ്റ്റോക്ക് ടിപ്പുകളും മാർക്കറ്റ് വിശകലനങ്ങളും പങ്കിടുന്ന അനേകം പ്ലാറ്റ്‌ഫോമുകൾ പ്രത്യക്ഷപ്പെടുന്നുണ്ട്. സമൂഹമാധ്യമങ്ങളില്‍ പ്രശസ്തരായവരെ ഇന്‍ഫ്ലുവന്‍സേഴ്സ് എന്നാണ് പറയുന്നത് എങ്കില്‍ ഓഹരി വിപണി സംബന്ധിച്ച കാര്യങ്ങളില്‍ അറിവ് പങ്കുവെക്കുന്നവരെ ഫിൻഫ്ലുവൻസേഴ്സ് എന്നാണ് വിളിക്കുന്നത്.

എന്നാല്‍ ഇവരുടെ ഉപദേശങ്ങള്‍ ജാഗ്രതയോടെ സമീപിക്കേണ്ടത് അത്യാവശ്യമാണ്. ആവശ്യമായ സെബി രജിസ്ട്രേഷൻ ഇല്ലാത്ത ഫിൻഫ്ലുവൻസേഴ്സിന്റെ ആശയങ്ങൾ പിന്തുടരുന്നത് നിക്ഷേപകര്‍ക്ക് വലിയ അപകടങ്ങള്‍ സൃഷ്ടിക്കാനിടയുണ്ട്. സോഷ്യൽ മീഡിയയിലെ നിക്ഷേപ ഉപദേശങ്ങൾ പരിഗണിക്കുമ്പോള്‍ മനസിൽ സൂക്ഷിക്കേണ്ട പ്രധാന കാര്യങ്ങളാണ് ഇവിടെ പരിശോധിക്കുന്നത്.

യോഗ്യതകളുടെ അഭാവം

സോഷ്യൽ മീഡിയയിലെ ഫിൻഫ്ലുവൻസേഴ്സില്‍ ഭൂരിഭാഗവും ഫിനാന്‍സില്‍ ഔപചാരിക വിദ്യാഭ്യാസമോ പരിശീലനമോ യോഗ്യതയോ ഇല്ലാത്തവരാണ് എന്നതാണ് വസ്തുത. അതുകൊണ്ട് അവർ പങ്കിടുന്ന ആശയങ്ങൾ പലപ്പോഴും മികച്ച സാമ്പത്തിക തത്വങ്ങളെക്കാൾ വ്യക്തിപരമായ അഭിപ്രായങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് എന്ന കാര്യം പ്രത്യേകം ഓര്‍ക്കേണ്ടതാണ്. കൂടാതെ പ്രത്യേക ഓഹരികളും ബിസിനസുകളും പ്രോത്സാഹിപ്പിക്കുന്നതിന് അവര്‍ക്ക് പണം ലഭിക്കുന്നതു പോലുള്ള കാര്യങ്ങളും ഉണ്ടാകാം. ഇത് അവരെ പക്ഷപാതപരമായ ശുപാർശകളിലേക്ക് നയിക്കും.

വൈകാരിക കൃത്രിമത്വം

ചില ഫിൻഫ്ലുവൻസേഴ്സ് ഒറ്റരാത്രികൊണ്ട് പണം ഉണ്ടാക്കാമെന്ന വാഗ്ദാനം ചെയ്തോ ആവേശപ്പെടുത്തുന്ന വാക്കുകൾ ഉപയോഗിച്ചോ നിക്ഷേപകരുടെ യുക്തിസഹമായ ചിന്തയെ നിരുത്സാഹപ്പെടുത്തി വൈകാരിക പ്രതികരണങ്ങൾക്ക് പ്രേരിപ്പിക്കുന്ന രീതി കണ്ടുവരുന്നുണ്ട്. ഉദാഹരണമായി ചില ഫിൻഫ്ലുവൻസേഴ്സ് ജീവിതത്തിലൊരിക്കൽ മാത്രം ലഭിക്കുന്ന ഒരു ഓഹരി അവസരത്തെക്കുറിച്ച് പോസ്റ്റ് ചെയ്ത് അനുയായികളെ ഉടനടി വാങ്ങാന്‍ പ്രേരിപ്പിക്കാം. ഇത് ഊഹക്കച്ചവടപരമായ നിക്ഷേപങ്ങളിലേക്ക് നയിക്കാനിടയുണ്ട്.

അന്ധമായി പിന്തുടരുക

സ്വയം ഗവേഷണം നടത്താതെ ഒരു വലിയ വിഭാഗം ചെയ്യുന്നത് അന്ധമായി പിന്തുടരുന്നത് നിക്ഷേപകര്‍ക്ക് കെണിയാകാന്‍ ഇടയുണ്ട്. ശരിയായ ഗവേഷണ പ്രവർത്തനങ്ങൾക്ക് ശേഷം മാത്രമാണ് നിക്ഷേപങ്ങൾ നടത്തേണ്ടത്. ബ്രോക്കറേജ് റിപ്പോർട്ടുകൾ, കമ്പനികളുടെ വരുമാനം, ജിഡിപി കണക്കുകൾ മുതലായവ വിവരങ്ങള്‍ ശരിയായി വിശകലനം ചെയ്ത് വേണം നിക്ഷേപകര്‍ ഏത് ഓഹരിയാണ് വാങ്ങേണ്ടതെന്നും വിറ്റൊഴിയേണ്ടതെന്നുമുളള നിഗമനങ്ങളില്‍ എത്താന്‍.

വ്യാജ ഗ്രൂപ്പുകള്‍

ഫിൻഫ്ലുവൻസേഴ്സിനെ നിയന്ത്രിക്കാൻ സെബി അടുത്തിടെ നടപടികൾ സ്വീകരിച്ചിട്ടുണ്ടെങ്കിലും നിക്ഷേപകർക്ക് ഇപ്പോഴും സമൂഹ മാധ്യമങ്ങള്‍ അപകടസാധ്യതയുള്ള മേഖലയാണ്. ഉദാഹരണമായി നിരവധി വ്യാജ ടെലിഗ്രാം, വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകൾ അറിയപ്പെടുന്ന മാധ്യമ വ്യക്തികളുടെയും മാർക്കറ്റ് വിദഗ്ധരുടെയും പേരുകൾ ഉപയോഗിച്ച് നിരപരാധികളായ റീട്ടെയിൽ നിക്ഷേപകരെ വശീകരിച്ച് ലാഭകരമാണെന്ന് വിശ്വസിപ്പിച്ച് പെന്നി സ്റ്റോക്കുകൾ വാങ്ങിപ്പിക്കാറുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ നിക്ഷേപകര്‍ ആവേശം അടിസ്ഥാനമാക്കിയുള്ള തീരുമാനങ്ങൾ ഒഴിവാക്കേണ്ടതാണ്.

രജിസ്റ്റർ ചെയ്ത നിക്ഷേപ ഉപദേഷ്ടാക്കള്‍

അപകടങ്ങളില്‍ ചാടാതിരിക്കാന്‍ എല്ലാ ഫിൻഫ്ലുവൻസേഴ്സിന്റെയും വിശ്വാസ്യതയും യോഗ്യതകളും പരിശോധിച്ച് ഉറപ്പാക്കേണ്ടത് പ്രധാനമാണ്. അന്ധമായി നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുമ്പായി നിക്ഷപകര്‍ സ്വതന്ത്ര ഗവേഷണം നടത്തുക. ഏതെങ്കിലും ഫിൻഫ്ലുവൻസറെ അന്ധമായി പിന്തുടരുന്നതിന് മുമ്പായി സെബിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിച്ച് രജിസ്റ്റർ ചെയ്ത നിക്ഷേപ ഉപദേഷ്ടാക്കളുടെ പട്ടിക പരിശോധിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com