കോളടിച്ച് ആദ്യ സ്വര്‍ണ ബോണ്ട് നിക്ഷേപകര്‍, നേട്ടം ഇരട്ടിയിലേറെ

റിസര്‍വ് ബാങ്ക് ആദ്യമായി പുറത്തിറക്കിയ സോവറിന്‍ ഗോള്‍ഡ് ബോണ്ടിന്റെ (Sovereign Gold Bond /SGB)) മെച്യുരിറ്റി തുക പ്രഖ്യാപിച്ചു. യൂണിറ്റിന് 6,132 രൂപയാണ് നവംബര്‍ 30ന് കാലാവധി പൂര്‍ത്തിയാകുന്ന സ്വര്‍ണ ബോണ്ടുകള്‍ക്ക് നിശ്ചയിച്ചിരിക്കുന്നത്. 2023 നവംബര്‍ 20നും 24നും ഇടയിലുള്ള ഒരാഴ്ചയിലെ സ്വര്‍ണ വിലയുടെ ശരാശരിയാണ് ഇതിനായി പരിഗണിച്ചത്.

2015 നവംബര്‍ 30നാണ് റിസര്‍വ് ബാങ്ക് ആദ്യ സോവറിന്‍ ഗോള്‍ഡ് ബോണ്ട് പുറത്തിറക്കിയത്. അന്ന് ഒരു ഗ്രാമിന് തുല്യമായ യൂണിറ്റിന് 2,684 രൂപയാണ് നിശ്ചയിച്ചിരുന്നത്. ഇപ്പോള്‍ റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചിരിക്കുന്നതനുസരിച്ച് യൂണിറ്റിന് 6,132 രൂപ വീതം നിക്ഷേപകര്‍ക്ക് തിരികെ ലഭിക്കും. അതായത് എട്ട് വര്‍ഷം കൊണ്ട് ഇരട്ടിയിലേറെ നേട്ടം.
നിക്ഷേപകര്‍ക്ക് ലഭിക്കുന്നത്
ആദ്യമായി ഗോള്‍ഡ് ബോണ്ട് പുറത്തിറക്കിയപ്പോള്‍ യൂണിറ്റ് ഒന്നിന് 2,684 രൂപ പ്രകാരം 35 ഗ്രാം സ്വര്‍ണത്തില്‍ നിക്ഷേപിച്ചുവെന്നു കരുതുക. അന്ന് നിക്ഷേപിക്കേണ്ടി വന്ന തുക 93,940 രൂപ. നിലവിലെ മച്യുരിറ്റി തുക പ്രകാരം നിക്ഷേപകന് ലഭിക്കുക 2,14,620 രൂപ. അതായത് ഗോള്‍ഡ് ബോണ്ടില്‍ നിന്ന് ലഭിച്ച പലിശ കണക്കാക്കാതെ 128.5 ശതമാനമാണ് നേട്ടം. വാര്‍ഷിക ആദായ (CAGR) പ്രകാരമാണെങ്കില്‍ നേട്ടം 10.88 ശതമാനവും.
2015 ഒക്ടോബര്‍ 30ന് റിസര്‍വ് ബാങ്ക് പുറത്തിറക്കിയ വിജ്ഞാപനമനുസരിച്ച് ഗോള്‍ഡ് ബോണ്ടിലെ നിക്ഷേപ തുകയ്ക്ക് സ്വര്‍ണത്തിന്റെ വില കൂടാതെ 2.75 ശതമാനം പലിശയും വാഗ്ദാനം ചെയ്തിരുന്നു. പലിശ ആറ് മാസത്തിലൊരിക്കല്‍ നിക്ഷേപകന്റെ ബാങ്ക് അക്കൗണ്ടിലേക്ക് വരവ് വയ്ക്കുകയാണ് ചെയ്തിരുന്നത്. ഈ പലിശ കൂടി കൂട്ടുമ്പോള്‍ നേട്ടം 13.65 ശതമാനമാകും.
എസ്.ജി.ബിയിലെ നിക്ഷേപം
എല്ലാവര്‍ഷവും പല ഘട്ടങ്ങളിലായി റിസര്‍വ് ബാങ്ക് സ്വര്‍ണ ബോണ്ട് വില്‍പ്പന നടത്താറുണ്ട്. ഇന്ത്യന്‍ പൗരത്വമുള്ള ആര്‍ക്കും എസ്.ജി.ബി വാങ്ങാം. വ്യക്തികള്‍ക്ക് 4 കിലോഗ്രാം വരെയും ട്രസ്റ്റുകള്‍ക്കും മറ്റ് സമാനസ്ഥാപനങ്ങള്‍ക്കും 20 കിലോഗ്രാം വരെയുമാണ് സ്വര്‍ണം വാങ്ങാനാകുക. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ പേരില്‍ മാതാപിതാക്കള്‍ക്കും വാങ്ങാം.

ഷെഡ്യൂള്‍ഡ് വാണിജ്യ ബാങ്കുകള്‍ (ചെറുകിട ഫിനാന്‍സ് ബാങ്കുകളും പേയ്മെന്റ് ബാങ്കുകളും ഒഴികെ), സ്റ്റോക്ക് ഹോള്‍ഡിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് (എസ്.എച്ച്.സി.ഐ.എല്‍), ക്ലിയറിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് (സി.സി.ഐ.എല്‍), പോസ്റ്റ് ഓഫീസുകള്‍ എന്നിവ വഴി ഗോള്‍ഡ് ബോണ്ടുകള്‍ ലഭ്യമാണ്.

കൂടാതെ ആര്‍.ബി.ഐ പുറത്തിറക്കുമ്പോള്‍ അല്ലാത്ത സമയങ്ങളില്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് വഴിയും വാങ്ങാം. ട്രേഡിംഗ് അക്കൗണ്ടും ഡീമാറ്റ് അക്കൗണ്ടും ഉണ്ടായാല്‍ മതി.

വിലയും പലിശയും

ഗോള്‍ഡ് ബോണ്ടിന്റെ വ്യവസ്ഥ പ്രകാരം സബ്‌സ്‌ക്രിപ്ഷന്‍ ആരംഭിക്കുന്നതിന് മുന്‍പുള്ള മൂന്ന് ദിവസത്തെ ഇന്ത്യന്‍ ബുള്ള്യന്‍ ആന്‍ഡ് ജുവലേഴ്‌സ് അസോസിയേഷന്റെ 999 പരിശുദ്ധിയുള്ള സ്വര്‍ണത്തിന്റെ ശരാശരി വില കണക്കാക്കിയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില നിശ്ചയിക്കുക. സെപ്റ്റംബര്‍ 11 മുതല്‍ 15 വരെയായിരുന്നു അവസാന ഗോള്‍ഡ് ബോണ്ട് വില്‍പ്പന. അന്ന് യൂണിറ്റിന് 5,923 രൂപ പ്രകാരമായിരുന്നു വില്‍പ്പന. നിലവില്‍ 2.5 ശതമാനമാണ് ഗോള്‍ഡ് ബോണ്ടിന് പലിശ.
Related Articles
Next Story
Videos
Share it