പ്രോപ്പർട്ടി വാങ്ങാതെ റിയൽ എസ്റ്റേറ്റിൽ നിക്ഷേപിക്കാം: REITs & InvITs

പ്രോപ്പർട്ടി നേരിട്ട് വാങ്ങാതെ റിയൽ എസ്റ്റേറ്റിലും ഇൻഫ്രാസ്ട്രക്ചറിലും നിക്ഷേപിക്കാനുള്ള REITs, InvITs സംവിധാനങ്ങൾ, അവയുടെ വരുമാന സാധ്യതകളും റിസ്‌കുകളും അറിയാം
Digital Real Estate Assets
പ്രതീകാത്മക ചിത്രംImage Source: Canva
Published on

പി. അനില്‍കുമാര്‍

കയ്യില്‍ കുറച്ച് പണമുണ്ടെങ്കില്‍ മലയാളികള്‍ ചെയ്യുന്ന സാധാരണ നിക്ഷേപ രീതിയാണ് ഭൂമിയിലോ, സ്വര്‍ണത്തിലോ നിക്ഷേപിക്കുക എന്നത്. കുറച്ചുപേര്‍ ഓഹരി വിപണിയിലും നിക്ഷേപം നടത്തും. എന്നാല്‍ കൈവശം പണം അധികമില്ലാത്തവര്‍ക്കും ഓഹരി വിപണിയിലെ ചാഞ്ചാട്ടങ്ങള്‍ക്കിടയിലും സ്ഥിരമായ ലാഭവിഹിതം ഉറപ്പാക്കാന്‍ സഹായിക്കുന്ന രണ്ട് ആധുനിക നിക്ഷേപ ഉപകരണങ്ങളാണ് REITs (Real Estate Investment Trusts), InvITs (Infrastructure Investment Trust) എന്നിവ.

വന്‍കിട വാണിജ്യ സമുച്ചയങ്ങള്‍, രാജ്യത്തിന്റെ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ എന്നിവയില്‍ നിന്ന് ആദായം നേടാന്‍ സാധാരണക്കാരെ സഹായിക്കുന്ന ഈ സംവിധാനങ്ങള്‍ നിക്ഷേപകര്‍ക്ക് ഇന്ന് കൂടുതല്‍ പ്രിയപ്പെട്ടതായി മാറുന്നുണ്ട്.

പരമ്പരാഗത റിയല്‍ എസ്റ്റേറ്റ് നിക്ഷേപങ്ങളുടെ പരിമിതികള്‍

  • ലിക്വിഡിറ്റി ഇല്ലായ്മ: അടിയന്തര ആവശ്യങ്ങള്‍ക്ക് ഭൂമി പെട്ടെന്ന് വിറ്റ് പണമാക്കാന്‍ കഴിയില്ല. അനുയോജ്യനായ വാങ്ങലുകാരനെ കണ്ടെത്താന്‍ മാസങ്ങളോ, വര്‍ഷങ്ങളോ എടുത്തേക്കാം.

  • കുറഞ്ഞ വാടക വരുമാനം: റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടികളില്‍ നിന്നുള്ള വാടക വരുമാനം ശരാശരി 2-3% മാത്രമാണ്. ഇത് ബാങ്ക് എഫ്ഡി പലിശയേക്കാള്‍ കുറവാണ്.

  • നിയമക്കുരുക്കുകളും അറ്റകുറ്റപ്പണികളും: അതിര്‍ത്തി തര്‍ക്കങ്ങള്‍, വില്ലേജ് കയറിയിറങ്ങല്‍, വസ്തു പരിപാലനം എന്നിവ പ്രവാസികള്‍ക്കും പ്രായമായവര്‍ക്കും തലവേദനയാണ്.

ഡിജിറ്റല്‍ റിയല്‍ എസ്റ്റേറ്റ്

വന്‍ തുക കടം വാങ്ങാതെയും പ്രായോഗിക ബുദ്ധിമുട്ടുകളില്ലാതെയും റിയല്‍ എസ്റ്റേറ്റ്, ഇന്‍ഫ്രാസ്ട്രക്ചര്‍ മേഖലകളില്‍ നിന്ന് ലാഭം കൊയ്യാന്‍ സഹായിക്കുന്ന രണ്ട് നിക്ഷേപ മാര്‍ഗങ്ങളാണ് REITs, InvITs എന്നിവ. മ്യൂച്വല്‍ ഫണ്ടുകളുടെ അതേ മാതൃകയിലാണ് ഇവയും പ്രവര്‍ത്തിക്കുന്നത്.

REITs (Real Estate Investment Trusts): വന്‍കിട ഓഫീസ് കെട്ടിടങ്ങള്‍, മാളുകള്‍, വെയര്‍ഹൗസുകള്‍ എന്നിവ വാങ്ങി, വാടകക്ക് നല്‍കുകയും അതില്‍ നിന്നുള്ള വരുമാനം നിക്ഷേപകര്‍ക്ക് ലാഭവിഹിതമായി നല്‍കുകയും ചെയ്യുന്നു (ഉദാ: കൊച്ചി ഇന്‍ഫോപാര്‍ക്കിലെ കെട്ടിടങ്ങള്‍).

InvITs (Infrastructure Investment Trusts): ദേശീയപാതകള്‍, പവര്‍ ഗ്രിഡുകള്‍, ടെലികോം ടവറുകള്‍ തുടങ്ങിയ പദ്ധതികളിലെ ടോള്‍ പിരിവ്, യൂസര്‍ ചാര്‍ജ് എന്നിവയിലൂടെ നിക്ഷേപകര്‍ക്ക് വരുമാനം ലഭ്യമാക്കുന്നു.

ലാഭവിഹിതവും നിക്ഷേപവും (താരതമ്യം)

താഴെ നല്‍കിയിരിക്കുന്ന പട്ടികയില്‍ 1,00,000 രൂപ നിക്ഷേപിച്ചാല്‍ ലഭിക്കാവുന്ന ഏകദേശ വാര്‍ഷിക ലാഭവിഹിതവും മറ്റ് പ്രധാന വ്യത്യാസങ്ങളും കാണിച്ചിരിക്കുന്നു:

Digital Real Estate Comparison
Image Source: Dhanam Magazine

പ്രധാന സവിശേഷതകള്‍

  • സ്ഥിരവരുമാനം: സെബി നിയമപ്രകാരം ലാഭത്തിന്റെ 90% നിക്ഷേപകര്‍ക്ക് ഡിവിഡന്റായി (ഓരോ മൂന്ന് മാസം കൂടുമ്പോഴോ, വര്‍ഷത്തിലൊരിക്കലോ) ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് നല്‍കണം.

  • ലിക്വിഡിറ്റി: പരമ്പരാഗത ഭൂമി വില്‍പന പോലെയല്ല, ഡീമാറ്റ് അക്കൗണ്ട് വഴി സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലൂടെ നിമിഷങ്ങള്‍ക്കകം ഇവ വില്‍ക്കാം.

  • സുരക്ഷിതത്വം: സെബിയുടെ കര്‍ശന മേല്‍നോട്ടമുള്ളതിനാല്‍ തട്ടിപ്പുകള്‍ക്ക് സ്ഥാനമില്ല. ആധാരമെഴുത്തോ തണ്ടപ്പേര് മാറ്റലോ ആവശ്യമില്ല.

സ്മാര്‍ട്ടായി നിക്ഷേപം തുടങ്ങാം

സാധാരണ ഓഹരികള്‍ വാങ്ങുന്നത് പോലെ ലളിതമായി ഇതില്‍ നിക്ഷേപിക്കാം. ഇപ്പോള്‍ ഒരു ചെറിയ തുകക്ക് ഒരു യൂണിറ്റ് വരെ വാങ്ങാം (പലതിനും 100 - 400 രൂപവരെ മാത്രമെ വിലയുള്ളൂ).

പ്രായോഗിക ഘട്ടങ്ങള്‍

ഒരു ട്രേഡിങ് അക്കൗണ്ട് നിര്‍ബന്ധമായും ഉണ്ടായിരിക്കണം. പിന്നീട് ആപ്പില്‍ പോയി ലിസ്റ്റ് ചെയ്തിട്ടുള്ള ട്രസ്റ്റുകള്‍ കണ്ടെത്തിയ ശേഷം ഇഷ്ടമുള്ള യൂണിറ്റ് തിരഞ്ഞെടുത്ത് 'Buy' ഓര്‍ഡര്‍ നല്‍കാം.

നിക്ഷേപ രീതികള്‍

  • നേരിട്ടുള്ള നിക്ഷേപം (Direct): എക്‌സ്‌ചേഞ്ച് വഴി നേരിട്ട് വാങ്ങാം. വിപണിയെക്കുറിച്ച് ധാരണയുള്ളവര്‍ക്കും ബ്രോക്കറേജ് കുറക്കാനും അനുയോജ്യം.

  • മ്യൂച്വല്‍ ഫണ്ടുകള്‍ വഴി (Indirect): ഇവ കൈകാര്യം ചെയ്യുന്ന ഫണ്ടുകളിലോ, പ്രത്യേക സ്‌പെഷലൈസ്ഡ് ഫണ്ടുകളിലോ നിക്ഷേപിക്കാം. റിസ്‌ക് കുറക്കാനും ഫണ്ട് മാനേജര്‍മാരുടെ സഹായം ആവശ്യമുള്ളവര്‍ക്കും നല്ലത്.

ഇന്ത്യയിലെ പ്രമുഖ ട്രസ്റ്റുകള്‍ (Nifty REITs & InvITs Index)

1. റിയല്‍ എസ്റ്റേറ്റ് ട്രസ്റ്റുകള്‍ (REITs)

  • Embassy Office Parks REIT: ഇന്ത്യയിലെ ആദ്യത്തെ REIT (2019). ബംഗളൂരു, മുംബൈ, പൂനെ, എന്‍സിആര്‍ (National Capital Region), ചെന്നൈ എന്നിവിടങ്ങളിലെ 'Grade-A' ഓഫീസുകളിലും ഐടി ക്യാമ്പസുകളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

  • Mindspace Business Parks REIT: മുംബൈ, ഹൈദരാബാദ്, പൂനെ, ചെന്നൈ നഗരങ്ങളിലെ അത്യാധുനിക വാണിജ്യ സമുച്ചയങ്ങള്‍, ഓഫീസ് പാര്‍ക്കുകള്‍.

  • Brookfield India Real Estate Trust: മുംബൈ, ഗുരുഗ്രാം, നോയിഡ, കൊല്‍ക്കത്ത, ലുധിയാന എന്നിവിടങ്ങളിലെ ക്യാമ്പസ് ശൈലിയിലുള്ള വാണിജ്യ കെട്ടിടങ്ങള്‍.

  • Nexus Select Trust: ഇന്ത്യയിലെ ആദ്യത്തെ റീറ്റെയ്ല്‍ കേന്ദ്രീകൃത ഞഋകഠ; പ്രധാന ഷോപ്പിങ് മാളുകളാണ് ആസ്തി.

  • Knowledge Realty Trust: ഐടി (IT/ITES) മേഖലക്കുള്ള ഗ്രേഡ്-എ ഓഫീസ് കെട്ടിടങ്ങള്‍.

2. ഇന്‍ഫ്രാസ്ട്രക്ചര്‍ ട്രസ്റ്റുകള്‍ (InvITs)

  • IndiGrid INfrastructure Trust: പവര്‍ ട്രാന്‍സ്മിഷന്‍ (വൈദ്യുതി വിതരണം) മേഖലയിലെ പ്രമുഖര്‍.

  • POWERGRID Infrastructure Investment Trust: പൊതുമേഖല സ്ഥാപനമായ പവര്‍ഗ്രിഡിന് കീഴിലുള്ള ട്രസ്റ്റ്.

  • IRB InvIT Fund: ദേശീയപാതകളിലെ ടോള്‍ പിരിവ് (Roads & Highways) വഴി വരുമാനം കണ്ടെത്തുന്നു.

  • Capital Infra Trust: വിവിധ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രോജക്റ്റുകളില്‍ നിക്ഷേപിക്കുന്നു.

നിക്ഷേപകര്‍ ശ്രദ്ധിക്കേണ്ട ചെക്ക്‌‍ലിസ്റ്റ് & റിസ്‌കുകള്‍

ഏതൊരു നിക്ഷേപത്തിനും റിസ്‌കുകള്‍ ഉണ്ടെന്ന കാര്യം ഓര്‍ക്കുക. നിക്ഷേപിക്കുന്നതിന് മുമ്പ് ട്രസ്റ്റുകളുടെ പഴയ ഡിവിഡന്റ് ചരിത്രം, ഒക്യുപ്പന്‍സി റേറ്റ്, ക്രെഡിറ്റ് റേറ്റിങ് എന്നിവ കൃത്യമായി പരിശോധിക്കേണ്ടതുണ്ട്.

പ്രധാന റിസ്‌കുകള്‍

  • മാര്‍ക്കറ്റ് റിസ്‌ക്: ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തിട്ടുള്ളതിനാല്‍ വിപണിയിലെ ചാഞ്ചാട്ടങ്ങള്‍ക്കനുസരിച്ച് വിലയില്‍ ഉയര്‍ച്ച, താഴ്ചകള്‍ ഉണ്ടായേക്കാം.

  • വാടകക്കാരുടെ കുറവ്: സാമ്പത്തിക മാന്ദ്യം മൂലം ഓഫീസുകള്‍ ഒഴിഞ്ഞു കിടക്കുകയോ, ടോള്‍ വരുമാനം കുറയുകയോ ചെയ്താല്‍ ലാഭത്തെ ബാധിക്കാം. എന്നാല്‍ പ്രമുഖ കമ്പനികളുമായുള്ള ദീര്‍ഘകാല കരാറുകള്‍ ഈ റിസ്‌ക് കുറക്കുന്നു.

നികുതി ഘടന

ലഭിക്കുന്ന മൂന്നുതരം വരുമാനങ്ങള്‍ക്കും വ്യത്യസ്ത രീതിയിലാണ് നികുതി ചുമത്തുന്നത്:

1. ലാഭവിഹിതം: ട്രസ്റ്റിന്റെ ടാക്‌സ് റെജീം (Old/New) അനുസരിച്ചായിരിക്കും നികുതി.

  • നികുതി രഹിതം (Exempt): ട്രസ്റ്റ് പ്രത്യേക നികുതി ഇളവുകള്‍ (Section 115BAA) സ്വീകരിച്ചിട്ടില്ലെങ്കില്‍ ഡിവിഡന്റ് പൂര്‍ണമായും നികുതി രഹിതമാണ്.

  • നികുതി ബാധകം (Taxable): ട്രസ്റ്റ് ഇളവുകള്‍ സ്വീകരിച്ചിട്ടുണ്ടെങ്കില്‍ ഡിവിഡന്റ് നിങ്ങളുടെ വരുമാനത്തോടൊപ്പം ചേര്‍ത്ത് ടാക്‌സ് സ്ലാബ് അനുസരിച്ച് നികുതി നല്‍കണം.

2. പലിശ വരുമാനം: യൂണിറ്റുകളില്‍ നിന്ന് ലഭിക്കുന്ന പലിശക്ക് നിങ്ങളുടെ ഇന്‍കം ടാക്‌സ് സ്ലാബ് അനുസരിച്ച് പൂര്‍ണമായും നികുതി ബാധകമാണ്.

3. മൂലധന നേട്ടം: യൂണിറ്റുകള്‍ ലാഭത്തില്‍ വില്‍ക്കുമ്പോള്‍ ഈ നികുതി ബാധകമാകും.

  • STCG (=12 മാസം): 12 മാസം/മാസത്തിനുള്ളില്‍ വിറ്റാല്‍ ലാഭത്തിന്റെ 20% നികുതി.

  • LTCG (> 12 മാസം): 12 മാസത്തിന് ശേഷം വിറ്റാല്‍ 1.25 ലക്ഷം രൂപക്ക് മുകളിലുള്ള ലാഭത്തിന് 12.5% നികുതി (1.25 ലക്ഷം രൂപ വരെ ഇളവുണ്ട്).

ശ്രദ്ധിക്കുക

TDS: 10,000 രൂപക്ക് മുകളില്‍ ഡിവിഡന്റ് ലഭിക്കുമ്പോള്‍ 10% TDS കുറക്കാറുണ്ട്. നിങ്ങളുടെ ആകെ വരുമാനം നികുതി പരിധിക്ക് താഴെയാണെങ്കില്‍ ITR ഫയല്‍ ചെയ്ത് ഈ തുക തിരികെ വാങ്ങാം.

നിക്ഷേപ വൈവിധ്യവല്‍ക്കരണം: പണം മുഴുവന്‍ ഒരൊറ്റ പ്ലോട്ടിലോ, ഫ്‌ളാറ്റിലോ ഇട്ട് ലോക്ക് ചെയ്യുന്നതിനേക്കാള്‍ നല്ലത് നിക്ഷേപങ്ങള്‍ വൈവിധ്യവല്‍ക്കരിക്കുന്നതാണ്.

ഓഹരി വിപണിയിലെ അമിത റിസ്‌ക് താല്‍പര്യമില്ലാത്തവര്‍ക്കും പണപ്പെരുപ്പത്തെ മറികടക്കുന്ന സുരക്ഷിത വരുമാനം ആഗ്രഹിക്കുന്നവര്‍ക്കും ഡിജിറ്റല്‍ റിയല്‍ എസ്റ്റേറ്റ് മികച്ചൊരു മാര്‍ഗമാണ്. മാറിച്ചിന്തിക്കാന്‍ തയാറുള്ള മലയാളി നിക്ഷേപകര്‍ക്ക് റിയല്‍ എസ്റ്റേറ്റ്, ഇന്‍ഫ്രാസ്ട്രക്ചര്‍ മേഖലകളില്‍ നിന്ന് വരുമാനം നേടാനുള്ള ആധുനിക ആയുധമാണിത്.

(Disclaimer: ലേഖനത്തിലെ വിവരങ്ങള്‍ അറിവിലേക്കായി മാത്രമുള്ളതാണ്; നിക്ഷേപ ശുപാര്‍ശകളല്ല. ഓഹരി, മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങള്‍ വിപണിയിലെ ലാഭനഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. നിക്ഷേപിക്കുന്നതിന് മുമ്പ് രേഖകള്‍ ശ്രദ്ധിച്ച് വായിക്കുക, അല്ലെങ്കില്‍ ടഋആക അംഗീകൃത നിക്ഷേപ ഉപദേശകരുടെ സഹായം ആരായുക.)

(ലേഖകന്‍ കേരള ഗവണ്മെന്റ് ധനകാര്യ വകുപ്പില്‍ ഡെപ്യൂട്ടി സെക്രട്ടറിയാണ്.)

(ധനം മാ​ഗസീനിൽ സെപ്റ്റംബർ 15 ലക്കത്തിൽ പ്രസിദ്ധീകരിച്ചത്)

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

കൊച്ചിയുടെ 'നെക്സ്റ്റ് ബിഗ് തിംഗ്': 20 മിനിറ്റില്‍ എറണാകുളത്തെത്താം; അരൂര്‍-തുറവൂര്‍ പാത യാഥാര്‍ത്ഥ്യമാകുമ്പോള്‍
റിയല്‍ എസ്റ്റേറ്റിലും ടൂറിസത്തിലും കുതിക്കാന്‍ ചേര്‍ത്തല
IFLU RAHMAN
FOUNDER & MANAGING DIRECTOR
home under construction
Investments in Alternative Assets
```html ```
logo
DhanamOnline
dhanamonline.com