
വളരെ അപ്രതീക്ഷിതമായാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) ഗവർണർ സഞ്ജയ് മൽഹോത്ര ഇന്ന് റിപ്പോ നിരക്ക് 50 ബി.പി.എസ് (basis points) കുറയ്ക്കുന്നതായി പ്രഖ്യാപിച്ചത്. ഇതോടെ റിപ്പോ നിരക്ക് 5.50 ശതമാനമായി കുറഞ്ഞിരിക്കുകയാണ്. ഫെബ്രുവരിയിലും ഏപ്രിലിലും ആർബിഐ റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ചിരുന്നു. 2025 ൽ റിപ്പോ നിരക്ക് 100 ബേസിസ് പോയിന്റാണ് (25 + 25 + 50) ആര്‍.ബി.ഐ കുറവ് വരുത്തിയിരിക്കുന്നത്.
ഭവനവായ്പ എടുക്കുന്നവരെയും ബാങ്ക് സ്ഥിര നിക്ഷേപ (FD) അക്കൗണ്ട് ഉടമകളെയും ബാധിക്കുന്നതാണ് ഈ തീരുമാനം. ഏതു വിധത്തിലാണ് ഭവന വായ്പയേയും സ്ഥിരനിക്ഷേപത്തെയും പുതിയ മാറ്റം സ്വാധീനിക്കുകയെന്ന് പരിശോധിക്കുകയാണ് ഇവിടെ.
റിപ്പോ നിരക്കിന്റെ കുറവ് പുതിയ ഹോം ലോണ്‍ എടുക്കുന്നവർക്ക് ആശ്വാസം നൽകുന്നതാണ്. ബാങ്കുകൾ റിപ്പോ നിരക്കിന്റെ കുറവ് ഉപഭോക്താക്കൾക്ക് കൈമാറിയാൽ അവരുടെ പ്രതിമാസ ഇ.എം.ഐ കുറയും. ഉദാഹരണമായി 20 വർഷത്തേക്ക് 50 ലക്ഷം രൂപ വായ്പ എടുത്താല്‍ നിങ്ങൾക്ക് പ്രതിമാസ ഇഎംഐ യിൽ 1,960 രൂപയുടെ കുറവ് ഉണ്ടാകും. ഇത് വായ്പയുടെ കാലയളവിൽ 4.7 ലക്ഷം രൂപയില്‍ താഴെ ലാഭിക്കുന്നതിന് സഹായിക്കും. 20 വർഷത്തെ കാലാവധിയിൽ 30 ലക്ഷം രൂപ വായ്പ എടുത്തവർക്ക് പ്രതിമാസം 1,176 രൂപ എന്ന നിരക്കിൽ ഇഎംഐ കുറയും.
കഴിഞ്ഞ മൂന്ന് തവണയായി റിപ്പോ നിരക്ക് കുറച്ചത് മൂലം 100 ബേസിസ് പോയിന്റിന്റെ വ്യത്യാസം ഉണ്ടാകുന്നതിനാല്‍ ഈ കാലയളവില്‍ 20 വർഷത്തേക്ക് 50 ലക്ഷം രൂപ ഭവനവായ്പ എടുത്തവര്‍ക്ക് ഇഎംഐ യിൽ ഏകദേശം 3,800 രൂപ മുതൽ 4,000 രൂപ വരെ പ്രതിമാസ ഇളവ് ലഭിക്കും.
അതേസമയം, റിപ്പോ നിരക്ക് കുറയ്ക്കൽ എഫ്ഡി നിരക്കുകളെ പ്രതികൂലമായി ബാധിക്കും. ഹ്രസ്വകാല, ഇടത്തരം സ്ഥിര നിക്ഷേപങ്ങൾ ഏറ്റവും ഗുരുതരമായ നിരക്ക് കുറവുകൾക്ക് സാക്ഷ്യം വഹിക്കാൻ സാധ്യതയുണ്ട്. ഉദാഹരണമായി ഒരു വർഷത്തെ സ്ഥിര നിക്ഷേപ നിരക്ക് 7 ശതമാനത്തിൽ നിന്ന് 6.5 ശതമാനമായി കുറയുമ്പോൾ, 10 ലക്ഷം രൂപയുടെ നിക്ഷേപത്തിന് വാർഷിക പലിശയിൽ 5,000 രൂപ കുറവുണ്ടാകും.
ഈ സാഹചര്യത്തില്‍ എഫ്ഡി നിക്ഷേപകർ അവരുടെ നിക്ഷേപ തന്ത്രം പുനഃപരിശോധിക്കുന്നത് നല്ലതാണ്.
ചെറുകിട സമ്പാദ്യ പദ്ധതികൾ പരിശോധിക്കുക: സീനിയർ സിറ്റിസൺ സ്കീം അല്ലെങ്കിൽ നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റുകൾ പോലുള്ള സർക്കാർ സ്പോൺസർ ചെയ്യുന്ന പദ്ധതികൾ പലപ്പോഴും ഉയർന്ന വരുമാനം വാഗ്ദാനം ചെയ്യുന്നു, കൂടാതെ ഇവയ്ക്ക് റിപ്പോ നിരക്ക് മാറ്റങ്ങളോടുളള പ്രതികരണം കുറവാണ്.
ഹ്രസ്വകാല കോർപ്പറേറ്റ് ബോണ്ടുകൾ: ഉയർന്ന റാങ്കുള്ള 2-3 വർഷത്തെ കോർപ്പറേറ്റ് ബോണ്ടുകൾ പരമ്പരാഗത എഫ്ഡികളെ അപേക്ഷിച്ച് മികച്ച വരുമാനം നൽകുന്നതിന് സഹായിക്കുന്നതാണ്.
ഹൈബ്രിഡ് മ്യൂച്വൽ ഫണ്ടുകള്‍: ഈ ഫണ്ടുകൾ ഡെറ്റ്, ഓഹരി എന്നിവയുടെ മിശ്രിതത്തിലാണ് നിക്ഷേപിക്കുന്നത്. മിതമായ അപകടസാധ്യതയോടെ ഉയർന്ന വരുമാനം വാഗ്ദാനം ചെയ്യാനുള്ള സാധ്യത ഇതിലുണ്ട്.
പണപ്പെരുപ്പ പ്രവണതകൾ നിരീക്ഷിക്കൽ: 2026 സാമ്പത്തിക വർഷത്തിൽ ഉപഭോക്തൃ വില സൂചിക (CPI) പണപ്പെരുപ്പം 3.7 ശതമാനമായി പ്രവചിക്കപ്പെടുന്നതിനാൽ, എഫ്ഡികളിൽ നിന്നുള്ള വരുമാനം വളരെ കുറവാകാനുളള സാധ്യതകളാണ് ഉളളത്. ഇത് വൈവിധ്യമാർന്ന നിക്ഷേപ തന്ത്രങ്ങളുടെ ആവശ്യകതയെ എടുത്തു കാട്ടുന്നു. അത്തരമൊരു സാഹചര്യത്തിൽ നിക്ഷേപകർക്ക് ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളിലേക്ക് നീങ്ങുന്നതിനും ശ്രമിക്കാവുന്നതാണ്.
നിക്ഷേപങ്ങളുടെ വൈവിധ്യവൽക്കരണവും സാമ്പത്തിക സൂചകങ്ങളെക്കുറിച്ച് അറിവുള്ളവരായിരിക്കുന്നതും ഈ വെല്ലുവിളി നിറഞ്ഞ സാഹചര്യത്തെ മറികടക്കാൻ നിക്ഷേപകരെ വളരെയധികം സഹായിക്കും.
Repo rate cut by 50 bps brings EMI relief for home loan borrowers, but FD investors face declining returns—diversification advised.
Read DhanamOnline in English
Subscribe to Dhanam Magazine