

ശമ്പള വരുമാനക്കാരെ അപേക്ഷിച്ച് ചെറുകിട സംരംഭം നടത്തുന്നവരോ സ്വയം തൊഴിലിൽ ഏർപ്പെട്ടിരിക്കുന്നവരോ (Self-Employed) എന്തെങ്കിലും പ്രോജക്ടിനായി കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവരോ (Consultants / Freelance Professionals) പുതുതലമുറക്കാരായ ഗിഗ് വർക്കേഴ്സും ഒക്കെ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി അസ്ഥിരമായ വരുമാനമാണ്. അതുകൊണ്ട് തന്നെ, കൃത്യമായ ഇടവേളകളിൽ ശമ്പളവും വാർഷിക ഇൻക്രിമെന്റും ലഭിക്കുന്ന ജീവനക്കാരുടേതിനേക്കാളും സങ്കീർണമാണ്, സ്വന്തം നിലയിൽ വരുമാനം തേടുന്നവർക്ക് വേണ്ടിയുള്ള നിക്ഷേപങ്ങൾ ആസൂത്രണം ചെയ്യുന്നത്. ഈയൊരു പശ്ചാത്തലത്തിൽ, ഫ്രീലാൻസർമാരും ഗിഗ് തൊഴിലാളികളും ചെറുകിട സംരംഭകരും തങ്ങളുടെ റിട്ടയർമെന്റ് ആസൂത്രണം ചെയ്യേണ്ടത് എങ്ങനെയെന്ന് വിശദമായി നോക്കാം.
ശമ്പള വരുമാനക്കാരുടെ വരുമാനം വർഷാവർഷം നിശ്ചിത ശതമാനം വർധിക്കുന്ന നേരായുള്ള രീതിയിലാണെങ്കിൽ (Linear Pattern), ബിസിനസ് മേഖലയിൽ പ്രാരംഭ ഘട്ടത്തിൽ വരുമാനം വളരെ കുറവായിരിക്കുകയും പിന്നീട് ഘട്ടംഘട്ടമായി വലിയ തോതിൽ വർധിക്കുകയും ചെയ്യുന്ന രീതിയാണ് കണ്ടുവരുന്നത്. ഉദാഹരണത്തിന്, ആദ്യ അഞ്ച് വർഷം പ്രതിമാസം 10,000 രൂപ മാത്രം വരുമാനമുള്ള ഒരു സംരംഭകന് പത്ത് വർഷം കഴിയുമ്പോൾ വരുമാനം 20 ലക്ഷം രൂപയിലേക്ക് വരെ ഉയർന്നേക്കാം. ഇത്തരത്തിൽ ശമ്പളക്കാരായ ജോലിക്കാരുടേയും സ്വയം തൊഴിൽ ചെയ്യുന്നവരുടേയും വരുമാനത്തിലെ ഘടനാപരമായ വ്യത്യാസം അവർക്ക് വേണ്ടി സ്വീകരിക്കേണ്ട നിക്ഷേപ തന്ത്രങ്ങളിലും രീതിയിലും മാറ്റങ്ങൾ ആവശ്യപ്പെടുന്നു.
സ്ഥിരവരുമാനം ഇല്ലാത്തതിനാൽ ബിസിനസ്സുകാർക്കും ഫ്രീലാൻസമാർക്കും ഒക്കെ ഉയർന്ന തുകയുടെ സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെന്റ് പ്ലാനുകൾ (എസ്.ഐ.പി) എല്ലായ്പ്പോഴും പ്രായോഗികമാകണമെന്നില്ല. ഇതിനുള്ള പരിഹാരങ്ങളെ കുറിച്ച് സെബി അംഗീകൃത ഇൻവെസ്റ്റ്‌മെന്റ് അഡ്വൈസറും റിസർച്ച് അനലിസ്റ്റുമായ ബാലചന്ദ്രൻ വിശ്വറാം (ബാലചന്ദ്രൻ ആർ.വി) വിശദീകരിച്ചത് ചുവടെ ചേർക്കുന്നു.
ടോക്കൺ സിസ്റ്റം: പ്രതിമാസം 100 അല്ലെങ്കിൽ 500 രൂപയുടെ ചെറിയ എസ്.ഐ.പി (Token SIP) നിലനിർത്തുകയും വരുമാനം അധികമായി ലഭിക്കുമ്പോൾ വലിയ തുകകൾ ലംപ്സം (Lumpsum) ആയി നിക്ഷേപിക്കുകയും ചെയ്യുക.
അടിയന്തിര നിധി: ശമ്പളക്കാർക്ക് 3 മുതൽ 6 മാസം വരെയുള്ള ചെലവിനുള്ള തുക അടിയന്തിര നിധിയായി (Emergency Fund) മതിയെങ്കിൽ, ബിസിനസ്സുകാർ/ സ്വയം തൊഴിൽ വരുമാനക്കാർക്ക് 9 മുതൽ 12 മാസം വരെയുള്ള തുക കരുതിവെക്കേണ്ടതുണ്ട്.
കേന്ദ്രീകരണത്തിലെ റിസ്ക് ഒഴിവാക്കൽ (Concentration Risk): ലാഭം മുഴുവൻ സ്വന്തം ബിസിനസ്സിൽ തന്നെ വീണ്ടും നിക്ഷേപിക്കുന്നത് അപകടസാധ്യത വർധിപ്പിക്കും. പത്ത് വർഷത്തിന് ശേഷം ബിസിനസ്സ് തകർച്ച നേരിട്ടാൽ മറ്റ് വരുമാന മാർഗ്ഗങ്ങൾ ഇല്ലാതാകും. അതിനാൽ, ബിസിനസ് വളർച്ചാ നിരക്ക് (CAGR) 25 ശതമാനത്തിൽ താഴെയാണെങ്കിൽ ലാഭവിഹിതം ഓഹരികളിലോ ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളിലോ നിക്ഷേപിച്ച് വൈവിധ്യവത്കരിക്കുന്നതാണ് ഉചിതം.
ആദ്യ 3—5 വർഷം: വരുമാനത്തിന്റെ 10 ശതമാനം മാത്രം നിക്ഷേപിക്കുക. ബാക്കി തുക സേവിങ്സ് ഫണ്ടിലേക്ക് മാറ്റുക. ഈ ഘട്ടത്തിൽ ശമ്പളക്കാരുടെ സമ്പാദ്യവുമായി താരതമ്യം ചെയ്ത് മാനസിക സമ്മർദ്ദം അനുഭവിക്കേണ്ടതില്ല.
5—10 വർഷം: ബിസിനസ് വളരുന്നതിനനുസരിച്ച് നിക്ഷേപം വരുമാനത്തിന്റെ 20 മുതൽ 30 ശതമാനം വരെയാക്കി ഉയർത്തുക.
10—20 വർഷം: സ്വന്തം ബിസിനസ്സിനേക്കാൾ വേഗത്തിൽ വളരുന്ന മറ്റ് മേഖലകളിൽ നിക്ഷേപം കേന്ദ്രീകരിക്കുക. പത്തൊൻപതാം വർഷം കഴിയുമ്പോഴേക്കും വരുമാനത്തിന്റെ 50 ശതമാനം വരെ നിക്ഷേപിക്കാനുള്ള ശേഷി കൈവരിക്കാൻ ശ്രമിക്കണം.
20 വർഷത്തെ ചിട്ടയായ നിക്ഷേപത്തിലൂടെ മതിയായ ഒരു സഞ്ചിതനിധി (Corpus) കെട്ടിപ്പടുക്കാൻ സാധിക്കാവുന്നതാണ്. ഇതിൽ നിന്നും സിസ്റ്റമാറ്റിക് വിത്ത്ഡ്രോവൽ പ്ലാൻ (SWP) വഴി പെൻഷന് സമാനമായ സ്ഥിരവരുമാനം ഉറപ്പാക്കി സുരക്ഷിതമായി വിരമിക്കാവുന്നതാണ്. ബിസിനസ്സിലെ ലാഭസമയങ്ങളിൽ കൂടുതൽ തുക നിക്ഷേപിക്കുകയും വരുമാനം കുറവുള്ളപ്പോൾ അതേ അളവിലുള്ള നിക്ഷേപത്തിനായി അമിത സമ്മർദ്ദം ചെലുത്താതിരിക്കുകയും ചെയ്യുക എന്നതാണ് ഇതിന്റെ അടിസ്ഥാന തത്വമെന്ന് ബാലചന്ദ്രൻ വിശ്വറാം കൂട്ടിച്ചേർത്തു.
Read DhanamOnline in English
Subscribe to Dhanam Magazine