റിട്ടയര്‍മെൻ്റ് പ്ലാനിംഗ്‌, ഇനിയും താമസിപ്പിക്കരുത്...

റിട്ടയര്‍മെൻ്റ് പ്ലാനിംഗിൻ്റെ കാര്യത്തില്‍ രാജ്യം വളരെയേറെ മുന്നിലാണെന്നാണ് നമ്മുടെ ധാരണ. എന്നാല്‍ അങ്ങനെ അല്ലെന്ന് സൂചിപ്പിക്കുന്നതാണ്‌ 2021 ല്‍ പ്രസിദ്ധീകരിച്ച mercer CFA ഇന്‍സ്റ്റിറ്റ്യൂട്ട് ഗ്ലോബല്‍ പെന്‍ഷന്‍ ഇന്‍ഡക്‌സിലെ ഇന്ത്യയുടെ സ്ഥാനം. മാത്രമുള്ള പട്ടികയിൽ ഇന്ത്യ പിന്നിൽ നിന്നും നാലാമത് ആണ്. അതായത് 40ആം സ്‌ഥാനത്ത്. പെന്‍ഷന്‍ സംവിധാനത്തിൻ്റെ കാര്യക്ഷമതയുടെ കാര്യത്തില്‍ രാജ്യത്തിൻ്റെ സ്ഥാനം ഏറ്റവും പിന്നിലും.

ഇന്ത്യയിലെ ജോലി എടുക്കുന്ന ജനസംഖ്യയുടെ ഭൂരിഭാഗവും അസംഘടിത മേഖലയിലാണെന്നതും അവര്‍ സര്‍ക്കാരിൻ്റെ റിട്ടയര്‍മെൻ്റ് സ്‌കീമുകളുടെ ഭാഗം ആകുന്നില്ല എന്നതും ആണ് പ്രധാന പ്രശ്‌നം. കൂടാതെ ഇത്തരത്തില്‍ അസംഘടിത മേഖലയില്‍ ജോലി ചെയ്യുന്നവര്‍ റിട്ടയര്‍മെന്റിനെ കുറിച്ച് ആലോചിക്കുന്നുണ്ടോ എന്നും സംശയം ആണ്. ആരോഗ്യം അനുവദിക്കുംവരെ ജോലി തുടരാം എന്നതായിരിക്കും പലരുടെയും ചിന്ത.
റിട്ടയര്‍മെൻ്റ് ജീവിതത്തിനായി എത്രമാത്രം സമ്പാദിക്കണം
നിങ്ങള്‍ ജോലി ചെയ്ത് തുടങ്ങുമ്പോള്‍ റിട്ടയര്‍മെൻ്റ് ജീവിതം ഒരു 35 വര്‍ഷത്തിനും അപ്പുറം ആയിരിക്കും. അതുകൊണ്ട് തന്നെ റിട്ടയര്‍മെൻ്റ് ജീവിതത്തിന് എത്ര തുക വേണ്ടിവരും എന്നത് കൃത്യമായി കണക്കുകൂട്ടുക പ്രയാസമായിരിക്കും. ഇപ്പോഴത്തെ പണപ്പെരുപ്പം നോക്കിയാല്‍ ഇന്ന് 20000 രൂപ ജീവിത ചിലവുകള്‍ക്ക് വേണ്ടിടത്ത് 10 വര്‍ഷത്തിനപ്പുറം അത് 53,006 രൂപയോളം ആകും.
എപ്പോള്‍ മുതല്‍ തുടങ്ങണം
എത്രയും നേരത്തെ തുടങ്ങാമോ അത്രയും നല്ലത് എന്നാണ് അതിനുള്ള ഉത്തരം. എല്ലാമാസവും നിങ്ങളുടെ ആകെ സമ്പാദ്യത്തില്‍ ഒരു പങ്ക് റിട്ടയര്‍മെന്റ് ജീവിത്തിന് മാറ്റിവെക്കാം. ഉദാഹരണത്തിന് ആകെ ശമ്പളത്തിൻ്റെ 30 ശതമാനം ആണ് സേവിംഗ്‌സ് ആയി മാറ്റി വെക്കുന്നത് എങ്കില്‍ അതില്‍ മൂന്നിലൊന്ന് എന്ന രീതിയില്‍ എടുക്കാവുന്നതാണ്.
നിങ്ങളൊരു യുവാവ് ആണെങ്കില്‍ ജീവിതരീതിയില്‍ ഒരുപക്ഷെ പല മാറ്റങ്ങളും ഉണ്ടായേക്കാം. അതെല്ലാം സമ്പാദ്യത്തെയും ബാധിക്കും. എന്നാല്‍ നാല്‍പ്പതുകളില്‍ എത്തിയ ഒരാളാണെങ്കില്‍ സ്ഥിരമായ ജീവിതരീതിയും മറ്റും രൂപപ്പെട്ടിരിക്കും. അത്തരക്കാര്‍ക്ക് ജീവിത ചെലവുകള്‍ കൃത്യമായി കണക്കുകൂട്ടി റിട്ടയര്‍മെൻ്റ് പ്ലാനിംഗ് നടത്താം.
നിക്ഷേപങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍
ഒന്നില്‍ മാത്രം നിക്ഷേപം നടത്താതെ വിവിധ സ്‌കീമുകളില്‍ തുക നിക്ഷേപിക്കാവുന്നതാണ്. യുവാക്കള്‍ക്ക് തുകയുടെ 80 ശതമാനം വരെ ഇക്യുറ്റികളില്‍ നിക്ഷേപിക്കാം എന്നാണ് ഈ മേഖലയിലെ വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നത്.
അധികം റിസ്‌ക് എടുക്കാന്‍ താല്‍പര്യമില്ലാത്തവരാണെങ്കില്‍ അത് 50 ശതമാനം വരെയാക്കി കുറയ്ക്കാം. സ്ഥിരവരുമാനമുള്ളവര്‍ക്ക് എംപ്ലോയിസ് പ്രൊവിഡൻ്റ് ഫണ്ട് ഒരു അടിത്തറയായി ഉണ്ടാവും. അല്ലാത്തവര്‍ക്ക് പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട് തെരഞ്ഞെടുക്കാവുന്നതാണ്. നാഷണല്‍ പെന്‍ഷന്‍ സ്‌കീമാണ് മറ്റൊന്ന്.
എപ്പോഴാണ് ആ സമയം
പലരെയും റിട്ടയര്‍മെൻ്റ് നിക്ഷേപങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്തുന്ന ഒരു ചിന്തയാണ് ഇത്രയും നേരത്തെ നിക്ഷേപം തുടങ്ങണോ എന്നത്. ഹൗസിംഗ് ലോണ്‍, കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് തുടങ്ങിയവയും റിട്ടയര്‍മെൻ്റ് നിക്ഷേപങ്ങളില്‍ നിന്ന് ആളുകളെ അകറ്റും. എന്നാല്‍ ഒരു ചെറിയ തുക നിക്ഷേപിച്ചാല്‍ പോലും നീണ്ട ഒരു കാലയളവ് കൊണ്ട് നിങ്ങള്‍ക്ക് നല്ലൊരു തുക ലഭിക്കും.
ഉദാഹരണത്തിന് 30 വയസ്സുള്ള ഒരാള്‍ക്ക് അടുത്ത 30 വര്‍ഷം കൊണ്ട് പ്രതിമാസം 4300 രൂപ 12 ശതമാനം പലിശ നിരക്കില്‍ മ്യൂച്വല്‍ ഫണ്ടിലോ മറ്റോ നിക്ഷേപിച്ചാല്‍ 1.5 കോടി രൂപ വരെ നേടാനാകും. എന്നാല്‍ 45 ാം വയസ്സിലാണ് നിക്ഷേപം തുടങ്ങുന്നതെങ്കില്‍ അടുത്ത 15 വര്‍ഷം പ്രതിമാസം 30000 രൂപ നിക്ഷേപിക്കണം.Dhanam News Desk
Dhanam News Desk  

Related Articles

Next Story
Share it