റിട്ടയര്‍മെന്റ് പ്ലാനിംഗ്: ഇന്നുതന്നെ തുടങ്ങാം, ചെയ്യാം ഈ 5 കാര്യങ്ങള്‍

റിട്ടയര്‍മെന്റ് കാലം സന്തോഷത്തോടെ കഴിയാന്‍ പണം മാറ്റിവെക്കേണ്ടത് നാളെ മുതലല്ല, ഇന്ന് തന്നെ തുടങ്ങണം
People vector created by freepik - www.freepik.com
People vector created by freepik - www.freepik.com
Published on

വരുമാനം നിലച്ചാലോ കുറഞ്ഞാലോ ജീവിതത്തിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ എന്തൊക്കെയാണെന്ന് കോവിഡ് കാലത്ത് പലരും അനുഭവിച്ചറിഞ്ഞുകാണും. ഇനി ജോലി ചെയ്യാന്‍ ആരോഗ്യമില്ലാത്ത നാളുകളിലാണ് വരുമാനമില്ലാത്ത അവസ്ഥ വന്നിരുന്നെങ്കിലോ? ഈ അവസ്ഥ ജീവിതത്തില്‍ വരാതിരിക്കാന്‍ ഇന്ന് ചെയ്യാവുന്ന ഒരു കാര്യമാണ് റിട്ടയര്‍മെന്റ് പ്ലാനിംഗ്.

വര്‍ഷങ്ങളോളം ജോലിയോ അല്ലെങ്കില്‍ ബിസിനസോ ഒക്കെയായി കഷ്ടപ്പെട്ട് ജീവിച്ചവര്‍ക്കെല്ലാം സാമ്പത്തിക ക്ലേശമില്ലാതെ സന്തോഷകരമായ റിട്ടയര്‍മെന്റ് ജീവിതം നയിക്കാനുള്ള അവകാശം തീര്‍ച്ചയായും ഉണ്ട്. എന്നാല്‍ ഇതിനായി സാമ്പത്തിക ആസൂത്രണം നടത്തേണ്ടത് നാളെ അല്ല ഇന്നു തന്നെയാണ്.

ചെറുപ്പക്കാര്‍ അമാന്തിക്കരുത്

നമ്മളില്‍ പലരും റിട്ടയര്‍മെന്റ് പ്ലാനിംഗിന്റെ കാര്യത്തില്‍ അലംഭാവം കാണിക്കാറുണ്ട്. വയസ്സാകുമ്പോള്‍ കുട്ടികള്‍ കാര്യങ്ങള്‍ നോക്കുമെന്ന വിശ്വാസമൊക്കെയാകും പലരെയും ഇതിന് പ്രേരിപ്പിക്കുന്നത്. അങ്ങനെ സംഭവിച്ചാലും സ്വന്തം സാമ്പത്തിക ആവശ്യങ്ങള്‍ക്ക് ആരുടെ മുന്നിലും കൈനീട്ടാതെ ആത്മാഭിമാനത്തോടെ നില്‍ക്കാനും റിട്ടയര്‍മെന്റ് പ്ലാനിംഗ് കൂടിയേ തീരു.

22 - 25 വയസ്സില്‍ തന്നെ ജോലിയില്‍ പ്രവേശിക്കുന്ന യുവതലമുറ ഇപ്പോള്‍ തന്നെ നല്ലൊരു തുക റിട്ടയര്‍മെന്റ് കാലത്തെ ജീവിതത്തിനായി മാറ്റിവെയ്ക്കണം. ഈ പ്രായക്കാര്‍ക്ക് ഇപ്പോള്‍ സാമ്പത്തിക ബാധ്യതകള്‍ കുറവായിരിക്കും. പ്രാരാബ്ദങ്ങള്‍ കാണില്ല.

റിട്ടയര്‍മെന്റ് കാലത്തെ ജീവിതത്തിനായി എങ്ങനെ പണം കണ്ടെത്താം?

പണിയെടുക്കാന്‍ ആരോഗ്യമില്ലാതെ കഴിയുന്ന കാലത്ത് ജീവിക്കാന്‍ പണം വേണമെന്ന് എല്ലാവര്‍ക്കും അറിയാം. പക്ഷേ വീട് നിര്‍മാണം പോലെയോ ഇഷ്ട കാര്‍ വാങ്ങുന്ന പോലെയോ മക്കളുടെ വിദ്യാഭ്യാസം, വിവാഹം എന്നിവ പോലെയോ തീവ്രമായൊരു ആഗ്രഹമായി അതിനെ കണ്ട് പണം സ്വരൂപിക്കാറില്ല. അതുമൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ തിരിച്ചറിയുമ്പോള്‍ റിട്ടയര്‍മെന്റ് കാലത്തെ ജീവിതത്തിനായി നീക്കി വെയ്ക്കാന്‍ പോയിട്ട് നിത്യചെലവിന് പോലും പണമില്ലാത്ത അവസ്ഥയാകും.

അതുകൊണ്ട് ഇന്നു മുതല്‍ എന്തുചെയ്യണമെന്ന് നോക്കാം.

1. റിട്ടയര്‍മെന്റ് പ്ലാനിംഗ് 100 മീറ്റര്‍ ഓട്ടമല്ല. മറിച്ച് അതൊരു മാരത്തോണാണ്. മിന്നല്‍ വേഗത്തില്‍ ഓടി ലക്ഷ്യം കാണാന്‍ സാധിക്കാത്തതുകൊണ്ട് എത്രയും വേഗത്തില്‍ തുടങ്ങുക. തുടര്‍ച്ചയായി ചെറിയ തുകകളെങ്കിലും ഇതിനായി മാറ്റിവെയ്ക്കുക.

2. പ്രായം കൂടുന്തോറും റിട്ടയര്‍മെന്റ് പ്ലാനിംഗിനായി നിങ്ങള്‍ മാറ്റിവെക്കേണ്ട തുകയും കൂടും. ചെറിയ പ്രായത്തില്‍ ചെറിയ തുകകള്‍ നിരന്തരം നിക്ഷേപിച്ചാല്‍ അത് നല്‍കുന്ന നേട്ടം കൂടി റിട്ടയര്‍മെന്റ് കാലത്തെ ജീവിതത്തിനുള്ള വിഹിതത്തിലേക്ക് കൂട്ടിച്ചേര്‍ക്കപ്പെടും.

3. നിങ്ങളുടെ വരവ് ചെലവുകള്‍ കൃത്യമായി ഇന്നു തന്നെ വിശകലനം ചെയ്യുക. എത്ര തുക കൈയില്‍ വരുന്നു? എന്ത് ചെലവാകുന്നു? ഏതിനത്തില്‍ ചെലവാകുന്നു? ആ ചെലവ് അത്യാവശ്യമാണോ? എന്നൊക്കെ പരിശോധിക്കുക. അപ്പോള്‍ തന്നെ റിട്ടയര്‍മെന്റ് പ്ലാനിംഗിനായി നീക്കി വെയ്ക്കാന്‍ പറ്റുന്ന തുക നിങ്ങള്‍ക്ക് കണ്ടെത്താന്‍ സാധിക്കും. ഇതിലെ ഏതെങ്കിലും ചെലവ് കുറച്ചാല്‍ തന്നെ നിക്ഷേപത്തിന് പണം കിട്ടും.

4. നിങ്ങള്‍ സേവ് ചെയ്യണമെന്നാഗ്രഹിക്കുന്ന തുക എത്രയാണെന്ന് മുന്‍കൂട്ടി കണക്കാക്കുക. അതായത് നിങ്ങള്‍ കൃത്യമായൊരു ലക്ഷ്യം മനസ്സില്‍ കുറിക്കുക. അതിന് വേണ്ട പണമെത്രയെന്നും കണ്ടെത്തുക. ഇത് ഒരു കടലാസില്‍ എഴുതി നിത്യം കാണുന്ന സ്ഥലത്ത് തന്നെ പതിച്ചുവെയ്ക്കുക. അത് കാണുമ്പോള്‍ ആ ലക്ഷ്യം നേടാന്‍ മാറ്റിവെയ്‌ക്കേണ്ട തുകയെ കുറിച്ച് ഓര്‍മ വരും. അത് ഉണ്ടാക്കാനുള്ള വഴികളെ കുറിച്ച് ചിന്തിക്കും. ഓര്‍ക്കുക, സാമ്പത്തിക ലക്ഷ്യങ്ങളെ കുറിച്ച് നിരന്തരം ഓര്‍മ്മയില്ലെങ്കില്‍ കൈയില്‍ വരുന്ന പണം ചെലവായി പോകുന്ന വഴി കാണില്ല.

5. ആരംഭശൂരത്വം കാണിച്ച് നിക്ഷേപം തുടങ്ങിയാലും പലരും പാതിവഴിയില്‍ വെച്ച് ഉപേക്ഷിക്കും. പെട്ടെന്ന് വരുന്ന സാമ്പത്തിക ആവശ്യങ്ങള്‍ക്ക് പണം കണ്ടത്തേണ്ടി വരുമ്പോള്‍ നിക്ഷേപത്തിന് പണം കാണില്ല. ഇതൊഴിവാക്കാന്‍ എക്കൗണ്ടില്‍ നിന്ന് ഡയറക്റ്റായി പണം ഡെബിറ്റ് ചെയ്യുന്ന സംവിധാനമോ അല്ലെങ്കില്‍ സ്റ്റാന്‍ഡിംഗ് ഓര്‍ഡറോ നല്‍കിയിരിക്കണം. അപ്പോള്‍ പണം ഓട്ടോമാറ്റിക്കായി മാറ്റിവെക്കപ്പെടും.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com