Begin typing your search above and press return to search.
റുപേ, വിസ, മാസ്റ്റർ കാർഡ് കൊണ്ടുളള വ്യത്യാസം അറിയാതെ നിങ്ങൾ ആശയക്കുഴപ്പത്തിലാണോ? ഇവയുടെ പ്രയോജനങ്ങള്‍ വേര്‍തിരിച്ചറിയാം
ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് സൂക്ഷ്മമായി നോക്കിയാല്‍, അതിൽ റുപേ, വിസ, മാസ്റ്റര്‍ കാര്‍ഡ് എന്നിങ്ങനെ വ്യത്യസ്ത പേരുകള്‍ ഉപയോക്താവിന് കാണാന്‍ സാധിക്കുന്നതാണ്. ഈ പേരുകൾക്ക് പ്രധാന്യമല്ലെന്ന് ചില ഉപയോക്താക്കളെങ്കിലും കരുതിയേക്കാം. എന്നാല്‍ അതൊരു തെറ്റിദ്ധാരണയാണ്.
പണരഹിത പേയ്‌മെന്റ് സംവിധാനം നൽകുന്ന കമ്പനികളാണ് വിസ, മാസ്റ്റർകാർഡ്, റുപേ എന്നിവ. ഈ കാർഡുകൾ തമ്മിലുള്ള വ്യത്യാസങ്ങളും അവയുടെ പ്രാധാന്യവും പരിശോധിക്കുകയാണ് ഇവിടെ. ലോകത്തിലെ ഏറ്റവും വലിയ പേയ്‌മെന്റ് നെറ്റ്‌വർക്കാണ് വിസ വാഗ്ദാനം ചെയ്യുന്നത്. തൊട്ടു പിന്നില്‍ നില്‍ക്കുന്നത് മാസ്റ്റർകാർഡ് ആണ്.
വിസ കാര്‍ഡ്
ലോകമെമ്പാടുമായി ഏറ്റവും വലിയ പേയ്‌മെന്റ് നെറ്റ്‌വർക്കുളള വിസ കാര്‍ഡുകള്‍ മിക്കവാറും എല്ലാ രാജ്യങ്ങളിലും ഉപയോഗിക്കാന്‍ സാധിക്കും. വ്യത്യസ്‌ത ആവശ്യങ്ങൾക്കായി വൈവിധ്യമാർന്ന വിസ കാർഡുകൾ ഉണ്ട്. ക്ലാസിക് കാർഡ് ആണ് അടിസ്ഥാന ആവശ്യങ്ങള്‍ക്കായി നല്‍കുന്നത്.
ഒരു നിശ്ചിത കാലയളവിനുശേഷം കാര്‍ഡുകള്‍ മാറ്റിയെടുക്കാനും, കൂടാതെ അത്യാഹിതങ്ങളിൽ പണം പിൻവലിക്കാനും ഉപയോക്താക്കളെ വിസ കാര്‍ഡ് അനുവദിക്കുന്നു. ക്ലാസിക് കാർഡിന് പുറമേ ഗോൾഡ്, പ്ലാറ്റിനം കാർഡുകൾ പോലുള്ള പ്രീമിയം ഓപ്ഷനുകളും വിസ വാഗ്ദാനം ചെയ്യുന്നു.
യാത്രാ സഹായം, ആഗോള ഉപഭോക്തൃ പിന്തുണ, എ.ടി.എമ്മുകളുടെ വിപുലമായ ശൃംഖലയിലേക്കുള്ള ആക്‌സസ് എന്നിവ പോലുള്ള അധിക സവിശേഷതകള്‍ ഈ കാര്‍ഡുകള്‍ നല്‍കുന്നു. അതിനാല്‍ പതിവായി യാത്ര ചെയ്യുന്നവരും കൂടുതൽ സമഗ്രമായ ആനുകൂല്യങ്ങൾ ആഗ്രഹിക്കുന്നവരും ഗോൾഡ്, പ്ലാറ്റിനം കാർഡുകളാണ് തിരഞ്ഞെടുക്കാന്‍ ഇഷ്ടപ്പെടുന്നത്.
മാസ്റ്റര്‍ കാര്‍ഡ്
മാസ്റ്റർകാർഡിനും ഒട്ടേറെ തരം കാർഡുകൾ ഉണ്ട്. ഇവയിൽ സ്റ്റാൻഡേർഡ് ഡെബിറ്റ് കാർഡ്, എൻഹാൻസ്ഡ് ഡെബിറ്റ് കാർഡ്, വേൾഡ് ഡെബിറ്റ് മാസ്റ്റർകാർഡ് എന്നിവ വളരെ ജനപ്രിയമാണ്. ഒരു ബാങ്ക് അക്കൗണ്ട് തുറക്കുമ്പോൾ സാധാരണയായി സ്റ്റാൻഡേർഡ് ഡെബിറ്റ് കാർഡാണ് നൽകാറുളളത്. ലോകമെമ്പാടുമുള്ള ഒട്ടേറെ കമ്പനികളുമായി മാസ്റ്റർകാർഡിന് പങ്കാളിത്തമുണ്ട്.
മാസ്റ്റർകാർഡിന്റെ ഉപയോക്താക്കൾക്കും വിസ കാർഡ് ഉടമകള്‍ക്ക് സമാനമായി ഒട്ടേറെ ആനുകൂല്യങ്ങൾ നല്‍കുന്നുണ്ട്.
റുപേ കാര്‍ഡ്
ഇന്ത്യയിൽ പ്രവർത്തിക്കുന്ന ഒരു പേയ്‌മെന്റ് നെറ്റ്‌വർക്കാണ് റുപേ കാർഡ്. നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻ.പി.സി.ഐ) ആണ് ഇത് അവതരിപ്പിച്ചത്. ക്ലാസിക്, പ്ലാറ്റിനം, സെലക്ട് എന്നിവയുൾപ്പെടെ വിവിധ തരത്തിലുള്ള കാർഡുകൾ റുപേ വാഗ്ദാനം ചെയ്യുന്നു. അതേസമയം ഈ കാർഡ് ഇന്ത്യയിൽ മാത്രമേ ഉപയോഗിക്കാൻ സാധിക്കൂവെന്ന കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്.
മൂന്ന് കാർഡുകൾ തമ്മിലുളള വ്യത്യാസം
വിസയ്ക്കും മാസ്റ്റർകാർഡിനും ഉയർന്ന പ്രവർത്തന ഫീസ് ഉണ്ടായിരിക്കും. എന്നാല്‍ റുപേ കാർഡിന് സര്‍വീസ് ചാർജുകൾ കുറവാണ്. വിസയും മാസ്റ്റർകാർഡും ആഗോളതലത്തിൽ സ്വീകാര്യമാണ്. വിസയും മാസ്റ്റർകാർഡും ഉപയോഗിക്കുന്നതിന് ബാങ്കുകൾ ത്രൈമാസ നിരക്കുകൾ ഈടാക്കുന്നു. എന്നാൽ റുപേ കാർഡിന് അത്തരം ഫീസുകളൊന്നുമില്ല.
റുപേ ഇന്ത്യയുടെ സ്വന്തം പേയ്‌മെന്റ് ശൃംഖലയായതിനാൽ ചെറുകിട ബാങ്കുകളും സഹകരണ ബാങ്കുകളും നല്‍കുന്ന സേവനങ്ങള്‍ പ്രയോജനപ്പെടുത്താനും ഉപയോഗിക്കാവുന്നതാണ്. അതേസമയം വിസ, മാസ്റ്റർകാർഡ് എന്നിവ ഇത്തരം ബാങ്കുകള്‍ കവർ ചെയ്യുന്നില്ല എന്നതും ശ്രദ്ധേയമാണ്.
എന്തുകൊണ്ടാണ് റുപേ കാർഡ് മികച്ചത്
വിസ, മാസ്റ്റർകാർഡ്, റുപേ കാർഡ് എന്നിവയുടെ ഗുണങ്ങൾ അവയെ പരസ്പരം വേറിട്ടു നിർത്തുന്നു. നിങ്ങളുടെ ഇടപാടുകൾ ഇന്ത്യയിൽ മാത്രമായി പരിമിതപ്പെടുത്തണമെങ്കില്‍ റുപേ കാർഡാണ് ഏറ്റവും അനുയോജ്യം. നേരെമറിച്ച്, വിദേശത്ത് പേയ്‌മെന്റുകൾ നടത്തുന്നതിന് വിസയും മാസ്റ്റർകാർഡുമാണ് ഉപയോഗിക്കേണ്ടത്.
Next Story
Videos