

വർഷങ്ങളായി യു.എ.ഇയിൽ താമസിക്കുന്ന പ്രവാസി മലയാളിയായ രാജേഷ് മാത്യു (സാങ്കൽപ്പിക പേര്), നാട്ടിലെ ബാങ്കിലുള്ള തന്റെ രണ്ടു വർഷത്തോളമായ ഫിക്സഡ് ഡിപ്പോസിറ്റുകൾ പരിശോധിച്ചപ്പോൾ നിരാശാജനകമായ ഒരു വസ്തുതയാണ് മനസ്സിലാക്കിയത്. ബാങ്കിൽ നിന്നും പലിശ കൃത്യമായി ലഭിക്കുന്നുണ്ടെങ്കിലും, ഡോളർ മൂല്യത്തിലേക്ക് കണക്കാക്കുമ്പോൾ അദ്ദേഹത്തിന്റെ നിക്ഷേപത്തിൽ അറ്റ മൂലധന നഷ്ടം (Net Capital Loss) സംഭവിച്ചിരിക്കുന്നു.
കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ ഇന്ത്യൻ രൂപയുടെ മൂല്യം ഡോളറിനെതിരെ ഏകദേശം 13—17 ശതമാനം വരെ ഇടിഞ്ഞതാണ് രൂപ അധിഷ്ഠിത നിക്ഷേപങ്ങൾ കൈവശം വച്ചിരിക്കുന്ന രാജേഷിനെ പോലുള്ള അനേകം പ്രവാസികൾക്ക് (NRIs) തിരിച്ചടിയായത്. ഇന്ന് (2026 മേയ് 20) രാവിലത്തെ റിപ്പോർട്ട് പ്രകാരം, യു.എസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 96.90 എന്ന നിലവാരത്തിലാണ് രേഖപ്പെടുത്തിയത്. 2024 മേയ് മാസത്തിൽ ഇത് 83-84 രൂപയായിരുന്നു. വിദേശത്ത് നിന്നുള്ള വരുമാനം എൻ.ആർ.ഇ, എൻ.ആർ.ഒ അക്കൗണ്ടുകളിലേക്ക് മാറ്റി സ്ഥിരനിക്ഷേപങ്ങൾ നടത്തിയ പ്രവാസികളുടെ ആസ്തിയിലാണ് ഇതിലൂടെ ഗണ്യമായ നഷ്ടമുണ്ടായിരിക്കുന്നത്.
ഒരു ഉദാഹരണം നോക്കാം: ഒരു പ്രവാസി നിക്ഷേപകൻ 2024 മേയിൽ 10,000 ഡോളർ, അന്നത്തെ നിരക്കായ 83 രൂപയിൽ മാറ്റിയെടുത്ത് (ആകെ 8,33,000 രൂപ) രണ്ടു വർഷത്തെ എൻ.ആർ.ഇ (NRE) ഫിക്സഡ് ഡിപ്പോസിറ്റ് സ്കീമിൽ നിക്ഷേപിച്ചു. പ്രതിവർഷം 6.5% പലിശ നിരക്കിലാണ് (നിലവിൽ പ്രമുഖ ബാങ്കുകൾ 1 മുതൽ 3 വർഷത്തെ നിക്ഷേപങ്ങൾക്ക് 6 - 6.7% പലിശയാണ് നൽകുന്നത്) ഈ തുക നിക്ഷേപിച്ചതെന്ന് കരുതുക.
2026 മേയിലേക്കെത്തുമ്പോൾ ഡോളറിനെതിരെ രൂപയുടെ മൂല്യം 96.5 നിലവാരത്തിലേക്ക് താഴ്ന്നു. ഇതിനിടെ രണ്ട് വർഷത്തെ കാലാവധി പൂർത്തിയാക്കിയ പ്രവാസിയുടെ എഫ്.ഡി നിക്ഷേപം 9,44,240 രൂപയായി വളർന്നു. എന്നാൽ പലിശ ലഭിച്ച ശേഷമുള്ള മൊത്തം തുക തിരികെ ഡോളറിലേക്ക് മാറ്റുമ്പോഴാണ്, സമീപകാലത്തെ രൂപയുടെ മൂല്യത്തകർച്ച കാരണം നിക്ഷേപകന് ലഭിക്കുന്ന അറ്റാദായം (Net Return) പൂജ്യമോ അല്ലെങ്കിൽ നെഗറ്റീവോ ആയി മാറുന്ന സ്ഥിതിവിശേഷം തിരിച്ചറിയുന്നത്.
ഇവിടെ സൂചിപ്പിച്ച പ്രവാസി നിക്ഷേപകൻ, എൻ.ആർ.ഇ അക്കൗണ്ടിലെ എഫ്.ഡി പിൻവലിച്ചപ്പോൾ ലഭിച്ച 9.44 ലക്ഷം രൂപ തിരികെ ഡോളറിലേക്ക് മാറ്റുമ്പോൾ 9,825 ഡോളർ (മേയ് മാസമാദ്യം രൂപയുടെ വിനിമയനിരക്ക് 96.10 എന്ന കണക്കിൽ) മാത്രമാണ് കിട്ടുന്നത്. അദ്ദേഹം ആദ്യം നിക്ഷേപിക്കാനായി എത്തിച്ചത് 10,000 ഡോളറായിരുന്നു എന്നത് ഓർക്കുക. അങ്ങനെ നോക്കുമ്പോൾ രണ്ട് വർഷത്തെ കാത്തിരിപ്പിനുശേഷം എഫ്.ഡി പിൻവലിച്ചപ്പോൾ പ്രവാസി നിക്ഷേപകന് കൈപൊള്ളിയെന്ന് (നെഗറ്റീവ് റിട്ടേൺ) ചുരുക്കം.
മാത്രമല്ല വാടക, പെൻഷൻ തുടങ്ങിയ ഇന്ത്യയിൽ നിന്നും പ്രവാസികൾക്ക് ലഭിക്കുന്ന വരുമാനങ്ങൾ നിക്ഷേപിക്കുന്ന എൻ.ആർ.ഒ (NRO) അക്കൗണ്ടുകളിലെ പലിശയ്ക്കുമേൽ ടി.ഡി.എസ് (TDS) കൂടി ഈടാക്കുന്നതിനാൽ ഇവിടെയുള്ള നഷ്ടത്തിന്റെ ആഘാതം മേൽസൂചിപ്പിച്ച ആദ്യ കേസിനേക്കാളും കൂടുതലായിരിക്കും. അതുപോലെ യു.എസ് ഡോളറുമായി യു.എ.ഇ ദിർഹം, സൗദി റിയാൽ പോലുള്ള വിദേശ കറൻസികളും പെഗ് ചെയ്തിട്ടുള്ളതിനാൽ, അത്തരം കറൻസികളിൽ നിന്നും ഇന്ത്യൻ ബാങ്കുകളിലെ റുപ്പി അക്കൗണ്ടിലേക്ക് നടത്തിയിട്ടുള്ള എഫ്.ഡി നിക്ഷേപങ്ങളുടെ ആദായത്തേയും പ്രതികൂലമായി ബാധിക്കുന്നതാണ്.
"ഇന്ത്യയുടെ വിദേശനാണ്യ ശേഖരത്തെയും കറന്റ് അക്കൗണ്ട് ബാലൻസിനെയും നിലനിർത്തുന്നതിൽ പ്രവാസികളുടെ നിക്ഷേപങ്ങൾ നിർണായക പങ്കുവഹിക്കുന്നുണ്ട്. എന്നാൽ പണപ്പെരുപ്പത്തിലെ വ്യത്യാസങ്ങളും ഘടനാപരമായ മറ്റ് കാരണങ്ങളും മൂലം ദീർഘകാലാടിസ്ഥാനത്തിൽ രൂപയുടെ മൂല്യം പ്രതിവർഷം ശരാശരി 3 മുതൽ 5 ശതമാനം വരെ ഇടിയാറുണ്ട് എന്നത് പ്രവാസികൾ പരിഗണിക്കേണ്ടതുണ്ട്," സർട്ടിഫൈഡ് ഫിനാൻഷ്യൽ പ്ലാനർ ആയ രതീഷ് കണ്ണങ്കര പറഞ്ഞു. രൂപ മൂല്യശോഷണം നേരിടുന്ന വേളയിൽ പ്രവാസികൾക്ക് പരിഗണിക്കാവുന്ന നിക്ഷേപ മാർഗ്ഗങ്ങൾ ചുവടെ ചേർക്കുന്നു:
എഫ്.സി.എൻ.ആർ നിക്ഷേപങ്ങൾ: വിദേശത്ത് നിന്നും ലഭിക്കുന്ന പുതിയ വരുമാനങ്ങൾ, ഡോളറിലോ മറ്റ് വിദേശ കറൻസികളിലോ തന്നെ നിക്ഷേപിക്കുന്ന കാര്യം പരിഗണിക്കാവുന്നതാണ്. ഇതിന് ലഭിക്കുന്ന 3 മുതൽ 5.5% വരെയുള്ള പലിശ പൂർണമായും നികുതി ഇളവിന് അർഹമാണ്. കൂടാതെ രൂപയുടെ മൂല്യത്തകർച്ചാ ഭീഷണിയുമില്ല എന്നതും ശ്രദ്ധേയം.
വൈവിധ്യവത്കരണം: എഫ്.സി.എൻ.ആർ, എൻ.ആർ.ഇ എന്നിവയ്ക്ക് പുറമെ നിക്ഷേപങ്ങൾ ആഗോള ഇക്വിറ്റികളിലേക്കും ഇ.ടി.എഫുകളിലേക്കും വ്യാപിപ്പിക്കുന്നതും പരിഗണിക്കാം. ഗിഫ്റ്റ് സിറ്റി (GIFT City) വഴിയുള്ള ആഗോള നിക്ഷേപ സാധ്യതകളും പരിശോധിക്കാവുന്നതാണ്.
(വായിക്കുക: നികുതിയില്ല, രൂപയുടെ മൂല്യത്തകർച്ചയും പേടിക്കേണ്ട! പ്രവാസികൾക്ക് ബദൽ നിക്ഷേപ സാധ്യതകളുമായി ഗിഫ്റ്റ് സിറ്റി)
നിലവിലുള്ള നിക്ഷേപങ്ങളുടെ പുനഃക്രമീകരണം: രൂപയുടെ മൂല്യം ഇനിയും ഇടിയാൻ സാധ്യതയുണ്ടെന്ന് കരുതുന്നുവെങ്കിൽ, പഴയ ഉയർന്ന പലിശ നിരക്കിലുള്ള നിക്ഷേപങ്ങൾ പിൻവലിക്കുന്നതിനെ കുറിച്ചോ ഭാഗികമായി പിൻവലിക്കുന്ന് സംബന്ധിച്ചോ അംഗീകൃത സാമ്പത്തിക വിദഗ്ധരിൽ നിന്നും മാർഗനിർദേശം സ്വീകരിച്ചശേഷം ഉചിതമായ തീരുമാനമെടുക്കുക, രതീഷ് കണ്ണങ്കര പറഞ്ഞു.
Read DhanamOnline in English
Subscribe to Dhanam Magazine