

ശമ്പളം ഒരു ലക്ഷത്തിനു മുകളില്‍ വാങ്ങുന്ന ഒരാളുടെ കഥ പറയാം.
ജീവിതം ചെറുതല്ലേ. അതുകൊണ്ട് നന്നായി ജീവിക്കാന്‍ തീരുമാനിച്ചു. ജീവിത വിജയത്തിന്റെ ഗുട്ടന്‍സ് പിടികിട്ടിയവന്റെ മട്ടിലാണ് അയാള്‍. ദുബൈക്ക് പോകുന്നത് ബിസിനസ് ക്ലാസില്‍. കൈയില്‍ പുതിയ ഐ-ഫോണ്‍. തായ്‌ലന്റില്‍ ഹോളിഡെ. എല്ലാം ഇ.എം.ഐയാണ്. ആകെ ഇ.എം.ഐ 55,000. അതായത് ശമ്പളത്തിന്റെ പകുതി.
കേട്ടിട്ട് എന്തു തോന്നുന്നു? അയാള്‍ റിച്ചാണോ? ഭാവിയിലെ സമ്പാദ്യവും സമ്പന്നതയുമെല്ലാം അഡ്വാന്‍സായി കടമെടുത്തിരിക്കുകയാണ് ചങ്ങാതി. ആഡംബര ജീവിതം 12 ഇന്‍സ്റ്റാള്‍മെന്റു കൊണ്ടാണ് വരുന്നതെങ്കില്‍ അത് ആഡംബരമാണോ, ബാധ്യതയാണോ?
അതെന്താ, ഒരാള്‍ക്ക് നന്നായി ജീവിക്കണമെന്ന് ആഗ്രഹിച്ചു കൂടേ? അതിനു കുഴപ്പമില്ല. എപ്പോള്‍ അതാഗ്രഹിച്ചു എന്നതിലാണ് കുഴപ്പം. ആഡംബരം ശരിക്കും ലഹരിയാണ്. ഈ സുഖലഹരി ഒരു ഇ.എം.ഐ ഷെഡ്യൂളുമായിട്ടാണ് വരുന്നതെങ്കിലോ? മാനസിക പിരിമുറുക്കം ആഘോഷപൂര്‍വം കടന്നു വരുന്നു എന്നേയുള്ളൂ.
മുടിയാതിരിക്കണമെങ്കില്‍ തിരുത്താതെ അയാള്‍ക്ക് പറ്റില്ല. ആദ്യം വാങ്ങാം, അടച്ചു തീര്‍ക്കാനുള്ള വഴിയൊക്കെ പിന്നെ കണ്ടുപിടിക്കാം എന്ന രീതി പറ്റില്ല. ആദ്യം കൈയില്‍ കാശുണ്ടാകട്ടെ. അപ്‌ഗ്രേഡ് ചെയ്യുന്നത് പിന്നെയാകാം.
ഒരു എമര്‍ജന്‍സി ഫണ്ട്, ഒരു എസ്.ഐ.പിയൊക്കെ വേണ്ടേ, ഒരു കരുതലിന്? ഒരു ലക്ഷം വാങ്ങുന്നയാള്‍ അഞ്ചിലൊന്ന് അടിയന്തിരാവശ്യത്തിന് കരുതേണ്ടേ? ഭാവിയെക്കരുതി 15,000 രൂപ എസ്.ഐ.പിയിലോ മറ്റോ ഇടേണ്ടേ? ബോണസില്‍ നിന്നും മറ്റു വരുമാനത്തില്‍ നിന്നുമാകട്ടെ ഉല്ലാസ യാത്ര.
ഒന്നു ചോദിക്കട്ടെ: ബാങ്കുകാര്‍ കുടിശിക ഈടാക്കാന്‍ വരുന്നതും പേടിച്ച് കഴിയണോ നമ്മള്‍? പിന്നൊരിക്കല്‍ കുറ്റബോധത്തിന് വഴിയുണ്ടാക്കി വെക്കണോ? ഇപ്പോള്‍ ആഘോഷമായി ജീവിച്ചില്ലെങ്കില്‍ പിന്നെ പറ്റാത്ത വിധം പടുകുഴിയില്‍ വീണുപോകുമെന്ന് പേടിക്കണോ?
മാന്യമായി ആഡംബരം നുണഞ്ഞ് ജീവിച്ചാല്‍ തുലഞ്ഞു പോകുകയൊന്നുമില്ല. പക്ഷേ, തിരക്കു കൂട്ടിയാലുണ്ടല്ലോ -അനുഭവിക്കും.
Read DhanamOnline in English
Subscribe to Dhanam Magazine