മാസം 500 രൂപ നീക്കിവെയ്ക്കൂ ജീവിക്കാം, ടെന്‍ഷനില്ലാതെ
ബിനോജ് കെ.ജി
സമ്പാദ്യം എപ്പോള്‍ തുടങ്ങും? എങ്ങനെ തുടങ്ങണം? എത്ര നീക്കിവെയ്ക്കണം? നിക്ഷേപിക്കാന്‍ എന്റെ കൈയില്‍ അതിനുമാത്രം പണമുണ്ടോ? ഇന്ന് കരിയര്‍ ആരംഭിക്കുന്ന പുതുതലമുറയുടെയും സാധാരണ വീട്ടമ്മമാരുടെയും മനസില്‍ ചിലപ്പോഴൊക്കെ ഇത്തരം ചോദ്യങ്ങള്‍ ഉയര്‍ന്നേക്കും. കരിയറിന്റെ ആരംഭഘട്ടത്തില്‍ ഇതിനെ കുറിച്ചൊന്നും ആലോചിക്കാത്തവരും ഏറെ.
ഏറ്റവും പുതിയ മൊബീല്‍ ഫോണും വാഹനങ്ങളും ഒക്കെയാണ് പുതുതലമുറയെ പലപ്പോഴും മോഹിപ്പിക്കുന്നത്. ഇത് തെറ്റല്ല. ജോലി ചെയ്ത് ജീവിതത്തിലെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കുക തന്നെ വേണം. പക്ഷേ സാഹചര്യങ്ങള്‍ മാറുകയാണ്. തൊഴില്‍ സ്ഥിരത ഇന്നത്തെ കാലത്ത് കുറവാണ്. ഭാവിയില്‍ ഇത്രപോലും കാണില്ല. ജീവിതചെലവ് കുതിച്ചുയരുന്നു. ആശുപത്രി ചെലവുകള്‍ ഇപ്പോള്‍ തന്നെ വളരെ ഉയര്‍ന്ന തോതിലാണ്. ഭാവിയില്‍ ജോലി ചെയ്ത് ജീവിക്കുന്ന വര്‍ഷത്തേക്കാള്‍ കൂടുതല്‍ കാലം ജോലിയില്ലാതെ വിശ്രമ ജീവിതം നയിക്കേണ്ടി വന്നേക്കാം.
വാര്‍ധക്യകാലത്തെ കാര്യം ഇപ്പോഴെന്തിന് ചിന്തിക്കണമെന്നോര്‍ത്ത് ഇപ്പോള്‍ ജീവിച്ചാല്‍ അങ്ങേയറ്റം കഷ്ടപ്പാടാകും പിന്നീടുണ്ടാവുകയെന്നത് ഉറപ്പ്.
എവിടെ തുടങ്ങണം?
സമ്പാദിക്കുകയെന്നത് ഒരു ശീലമാണ്. നമ്മള്‍ തുടങ്ങാതെ ആ ശീലം ജീവിതത്തിന്റെ ഭാഗമാകില്ല. എത്രയും നേരത്തെ ആ ശീലം തുടങ്ങുന്നുവോ അത്രയും നല്ലത്. എന്തായാലും കരിയറിന്റെ തുടക്കത്തില്‍ തീര്‍ച്ചയായും തുടങ്ങേണ്ട കാര്യങ്ങള്‍ ഇതൊക്കെയാണ്. വീട്ടമ്മമാരായ സ്ത്രീകള്‍ക്കും ഇതേ വഴി തെരഞ്ഞെടുക്കാം.
ടേം ഇന്‍ഷുറന്‍സ്
20-25 വയസില്‍ ടേം ഇന്‍ഷുറന്‍സ് എടുക്കുമ്പോള്‍ അതിന്റെ പ്രതിവര്‍ഷ പ്രീമിയം അടവിന് ഒരു ബ്രാന്‍ഡഡ് ഷര്‍ട്ടിന് ചെലവിടുന്ന തുകയേ വരൂ. എന്നെ ആശ്രയിച്ച് ജീവിക്കുന്നവരില്ലല്ലോ പിന്നെന്തിന് ടേം ഇന്‍ഷുറന്‍സ് എന്നു ചോദിക്കുന്ന യുവാക്കളും യുവതികളുമുണ്ട്. ചെറിയ പ്രായത്തില്‍ ദീര്‍ഘകാലത്തേക്കുള്ള ടേം ഇന്‍ഷുറന്‍സ് ഏറ്റവും കുറഞ്ഞ പ്രീമിയത്തില്‍ എടുക്കാം എന്നതാണ് ഒരു മെച്ചം. ഇപ്പോള്‍ കരിയര്‍ ആരംഭിക്കുന്നവര്‍ക്കും വിദ്യാഭ്യാസവായ്പ പോലുള്ള സാമ്പത്തിക ബാധ്യതകളുണ്ട്. അനിഷ്ടകരമായെന്തെങ്കിലും സംഭവിച്ചാല്‍ ആ ബാധ്യത കൂടി വൃദ്ധരായ മാതാപിതാക്കളുടെ ചുമലില്‍ വരും. ഇത്തരം കരുതലുകള്‍ പുതുതലമുറ കാണിക്കണം.
മെഡിക്ലെയിം പോളിസി
ചികിത്സാ ചെലവുകള്‍ റോക്കറ്റ് കണക്കേയാണ് ഉയരുന്നത്. ചെറിയ പ്രായത്തില്‍, ജീവിതശൈലീ രോഗങ്ങളൊന്നും പിടിമുറുക്കാത്ത കാലത്ത് ഏറ്റവും കുറഞ്ഞ പ്രീമിയത്തില്‍ ഉയര്‍ന്ന തുകയ്ക്കുള്ള മെഡിക്ലെയിം പോളിസി എടുക്കാം. ജോലി ചെയ്യുന്ന സ്ഥാപനം ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്നുണ്ട്, പിന്നെന്തിനായെന്ന ചോദ്യം വരാം. ഒരു സ്ഥാപനത്തില്‍ തന്നെ എല്ലായ്‌പ്പോഴും തുടരണമെന്നില്ല. ഇതിനിടെ ചിലപ്പോള്‍ തൊഴില്‍ തന്നെ നഷ്ടപ്പെട്ടേക്കാം. ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കാത്ത ഇടവേളയിലാണ് ആശുപത്രിയില്‍ പോകേണ്ടി വരുന്നതെങ്കില്‍ അതുമതി കടക്കെണിയിലാകാന്‍.
പേഴ്‌സണല്‍ ആക്‌സിഡന്റ് പോളിസി
അപകടങ്ങള്‍ നിത്യജീവിതത്തിന്റെ ഭാഗമാണിപ്പോള്‍. പ്രതിവാരം ബെനഫിറ്റ് കിട്ടുന്ന 10 ലക്ഷത്തിന്റെ പേഴ്‌സണല്‍ ആക്‌സിഡന്റ് പോളിസി പ്രതിവര്‍ഷം 700 രൂപ പ്രീമിയത്തില്‍ ചെറുപ്പക്കാര്‍ക്ക് എടുക്കാം. അപകടം സംഭവിച്ചാല്‍ ആശുപത്രി ചെലവും പിന്നീട് വീട്ടില്‍ വിശ്രമിക്കേണ്ടി വന്നാല്‍ ആഴ്ചയില്‍ നിശ്ചിത തുക കിട്ടുന്നതുമായ ഇത്തരം പോളിസികള്‍ എടുക്കുന്നത് അപകടത്തെ തുടര്‍ന്നുണ്ടായേക്കാവുന്ന സാമ്പത്തിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും.
20-25 വയസിനുള്ളില്‍ ഇവയൊക്കെ ചേര്‍ന്നാല്‍ ഇവയുടെയെല്ലാം പ്രതിവര്‍ഷ അടവിനായി 6000-7000 രൂപയൊക്കെയെ വരൂ. പ്രതിമാസം 500 - 600 രൂപ മാറ്റിവെച്ചാല്‍ ജീവിതകാലം മുഴുവന്‍ ആകസ്മികമായ സാമ്പത്തിക ബാധ്യതകളെ കുറിച്ച് ആശങ്കയില്ലാതെ ജീവിക്കാം.
റിട്ടയര്‍മെന്റ് പദ്ധതികള്‍
ജോലിക്ക് കയറുമ്പോഴേ വിരമിക്കലിനെ കുറിച്ച് ചിന്തിക്കണമോ എന്നു സംശയിക്കേണ്ട. വേണം. പ്രതിമാസം 500 രൂപയെങ്കിലും ഇതിനായി മാറ്റിവെയ്ക്കാന്‍ പറ്റിയാല്‍ അത്രയും നല്ലത്. ഇന്ന് എന്‍.പി.എസില്‍ പോലും 9 - 9.5 ശതമാനം പലിശ കിട്ടുന്നുണ്ട്. വളരെ നേരത്തെ തന്നെ നിക്ഷേപം തുടങ്ങുന്നവര്‍ക്ക് ജോലിയില്‍ നിന്ന് വിരമിക്കുന്ന കാലത്ത് പ്രതിമാസം നല്ലൊരു തുക തന്നെ ഇത്തരം പദ്ധതികളിലൂടെ ലഭിക്കും. റിട്ടയര്‍മെന്റ് പദ്ധതികളില്‍ നിക്ഷേപം നടത്താന്‍ വൈകുന്തോറും, നിലവിലുള്ള ജീവിതശൈലിയില്‍ വലിയ വ്യത്യാസമില്ലാതെ ജീവിക്കാന്‍ പറ്റുന്ന വിധം വരുമാനം ലഭിക്കാന്‍ വന്‍ തുക നിക്ഷേപം നടത്തേണ്ടി വരും. നേരത്തെ തുടങ്ങിയാല്‍ ചെറിയ തുകയിലൂടെ വലിയൊരു തുക സമ്പാദിക്കാനാകും.
എങ്ങനെ സാമ്പത്തിക ആസൂത്രണം ചെയ്യാം?
നിങ്ങളുടെ സ്വപ്‌നമെന്താണ്? ഇതിന് മറുപടിയായി പറയാന്‍ ഒരു സെറ്റ് കാര്യങ്ങളുണ്ടാകും. ആ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാന്‍ എന്തെല്ലാം കാര്യങ്ങളാണ് ചെയ്യുന്നത് എന്ന് ചോദിച്ചാല്‍ പലര്‍ക്കും വ്യക്തമായ ഉത്തരം കാണില്ല. ഓരോ സാമ്പത്തിക ലക്ഷ്യവും കൃത്യമായ സാമ്പത്തിക ആസൂത്രണത്തിലൂടെ നേടിയെടുക്കാം. ഇതിന് ഇക്കാലത്ത് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ സഹായിക്കും. നിങ്ങളുടെ വരുമാനം, സാമ്പത്തിക ലക്ഷ്യം, നിക്ഷേപതുക എന്നിവയെല്ലാം വിശകലനംചെയ്ത് കൃത്യമായ നിക്ഷേപ മാര്‍ഗങ്ങളും പദ്ധതികളും ഇവ നിര്‍ദേശിച്ചു തരും.
ഇത്തരം പ്ലാറ്റ്‌ഫോമുകള്‍ തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
1. സെക്യൂരിറ്റി സംവിധാനം ശക്തമാണോയെന്ന് പരിശോധിക്കണം. മികച്ച സുരക്ഷ ഉറപ്പാക്കുന്ന ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലൂടെ മാത്രമേ സാമ്പത്തികമായ കാര്യങ്ങള്‍ നടത്താവൂ.
2. സാമ്പത്തിക ലക്ഷ്യങ്ങള്‍ നേടിയെടുക്കാനായി വിവിധ സാമ്പത്തിക ഉല്‍പ്പന്നങ്ങള്‍ വിശകലനം ചെയ്ത് അവതരിക്കുന്ന പ്ലാറ്റ്‌ഫോമുകള്‍ തെരഞ്ഞെടുക്കുക. ഓരോ സാമ്പത്തിക ഉല്‍പ്പന്നവും കൃത്യമായി താരതമ്യം ചെയ്യുന്ന പ്ലാറ്റ്‌ഫോമാണെങ്കില്‍ ഓരോന്നിനെയും മനസിലാക്കി നിക്ഷേപം നടത്താം.
3. നിങ്ങളുടെ ഓരോ സാമ്പത്തിക ലക്ഷ്യത്തെയും കൃത്യമായി വിശകലനം ചെയ്ത് ലളിതമാക്കി, അനുയോജ്യമായ സാമ്പത്തിക ഉല്‍പ്പന്നങ്ങള്‍ തെരഞ്ഞെടുത്ത് അവതരിപ്പിക്കാനുള്ള ബാക്ക്എന്‍ഡ് സംവിധാനങ്ങള്‍ ഉണ്ടോയെന്നും പരിശോധിക്കണം. നിക്ഷേപ മാര്‍ഗങ്ങള്‍ നിര്‍ദേശിക്കുന്നത് നിങ്ങളുടെ ലക്ഷ്യങ്ങള്‍ മുന്നില്‍ വെച്ചായിരിക്കണം, മറിച്ച് മ്യൂച്വല്‍ ഫണ്ട് കമ്പനികളില്‍ നിന്ന് ലഭിക്കുന്ന കമ്മീഷന്‍ മുന്നില്‍ കണ്ട് ആകരുത്.
4. നിക്ഷേപത്തില്‍ നിന്നുള്ള നേട്ടം കൃത്യമായ ഇടവേളകളില്‍ വിലയിരുത്തണം. പക്ഷേ ഫണ്ടുകളുടെ പ്രകടനത്തിലെ ചാഞ്ചാട്ടം കണ്ട് നിക്ഷേപം സ്വയം പുനഃക്രമീകരിക്കരുത്. അങ്ങനെയുള്ള അവസരത്തില്‍ ഫിനാന്‍ഷ്യല്‍ അഡൈ്വസറുടെ സേവനം തേടുക. ഒരിക്കലും സ്വയമൊരു ഫണ്ട് മാനേജര്‍ ആകാന്‍ ശ്രമിക്കരുത്.
ഇന്ന് 40-45 വയസുള്ള സ്ത്രീകള്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ സാമ്പത്തിക ആസൂത്രണത്തിനും നിക്ഷേപം നടത്താനുമൊക്കെ ഏറെ ഉപയോഗിക്കുന്നുണ്ട്. നമ്മുടെ സമൂഹത്തില്‍ ഈ പ്രവണത വ്യാപകമായാല്‍ സാമ്പത്തിക സുരക്ഷിതത്വത്തിലേക്ക് കൂടുതല്‍ കൂടുംബങ്ങളാകും ഉയരുക.
ലേഖകന്‍ മണിബേസ് ഫിനാന്‍ഷ്യല്‍ അഡൈ്വസേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്റ്ററാണ്. ഫോണ്‍: 9447721473, http://www.moneybase.in