എം.സി.എല്‍.ആര്‍ നിരക്ക് കൂട്ടാതെ എസ്.ബി.ഐ; വായ്പയെടുത്തവര്‍ക്ക് ആശ്വാസം

വായ്പകളുടെ അടിസ്ഥാന പലിശ മാനദണ്ഡമായ മാന്‍ജിനല്‍ കോസ്റ്റ് ഓഫ് ഫണ്ട്‌സ് ബേസ്ഡ് ലെന്‍ഡിംഗ് റേറ്റില്‍ (MCLR) ഇക്കുറിയും മാറ്റംവരുത്താതെ രാജ്യത്തെ ഏറ്റവും വലിയ വാണിജ്യബാങ്കായ എസ്.ബി.ഐ.

കഴിഞ്ഞ ജൂലൈ മുതല്‍ തുടര്‍ച്ചയായി എം.സി.എല്‍.ആര്‍ നിലനിറുത്തുകയാണ് എസ്.ബി.ഐ ചെയ്തത്. വായ്പാ ഇടപാടുകാര്‍ക്ക് വായ്പകളുടെ പ്രതിമാസ തിരിച്ചടവില്‍ (EMI) സ്ഥിരത പുലര്‍ത്താന്‍ സഹായകമായ നടപടിയാണിത്. കണ്‍സ്യൂമര്‍ വായ്പ, വാഹന വായ്പ, വ്യക്തിഗത വായ്പ, എന്നിവ എടുത്തവർക്ക് ആശ്വാസം.

രാജ്യത്തെ ഏറ്റവും വലിയ വായ്പാദാതാവായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI) എം.സി.എല്‍.ആര്‍ അധിഷ്ഠിത വായ്പാ നിരക്ക് (MCLR) ജൂലൈ 2023 മുതല്‍ മാറ്റമില്ലാതെ നിലനിര്‍ത്തുകയാണ്. പ്രതിമാസ വായ്പാ അടവുകള്‍ ഉള്ളവര്‍ക്ക് ആശ്വാസം പകരുന്ന നടപടിയാണ് ഇത്.

നവംബറിലെ നിരക്കുകള്‍

ഒറ്റനാൾ (Overnight) കാലാവധിയുള്ള വായ്പകളുടെ എം.സി.എല്‍.ആര്‍ 8 ശതമാനം തന്നെയാണ്. ഒരുമാസ കാലാവധിയുള്ള വായ്പകളുടെയും 3 മാസ കാലാവധിയുള്ളതിന്റേതും എം.സി.എല്‍.ആര്‍ 8.15 ശതമാനവും മൂന്ന് മാസക്കാലാവധിയുള്ളവയുടേത് 8.45 ശതമാനവുമാണ്.

ഒരുവര്‍ഷക്കാലാവധിയുള്ള വായ്പകളുടെ എം.സി.എല്‍.ആര്‍ നിലവില്‍ 8.55 ശതമാനവും രണ്ട് വര്‍ഷത്തേത് 8.65 ശതമാനവും ആണ്. മൂന്നു വര്‍ഷത്തേത് 8.75 ശതമാനമാണ്.

എം.സി.എല്‍.ആര്‍ നിരക്ക്

ബാങ്ക് വായ്പയുടെ അടിസ്ഥാന പലിശനിരക്ക് നിര്‍ണയിക്കാനായി 2016ല്‍ റിസര്‍വ് ബാങ്ക് കൊണ്ടുവന്നതാണ് എം.സി.എല്‍.ആര്‍. റിസര്‍വ് ബാങ്കിന്റെ റീപ്പോ നിരക്കില്‍ അധിഷ്ഠിതമാണിത്.

റീപ്പോ നിരക്ക് മാറുന്നതിന് ആനുപാതികമായി എം.സി.എല്‍.ആറിലും മാറ്റംവരും. എന്നാല്‍ റീപ്പോയ്ക്ക് പുറമേ വായ്പാ കാലാവധി, ബാങ്കിന്റെ പ്രവര്‍ത്തനച്ചെലവ്, വായ്പ നല്‍കാന്‍ ബാങ്ക് പണം കണ്ടെത്തുന്ന സ്രോതസ്സുകള്‍ക്ക് നല്‍കേണ്ട പലിശച്ചെലവ് (ഉദാഹരണത്തിന് സ്ഥിരനിക്ഷേപം/FD, സേവിംഗ്സ്/കറന്റ് അക്കൗണ്ട് നിക്ഷേം, റിസര്‍വ് ബാങ്കില്‍ നിന്നുള്ള വായ്പ), കരുതല്‍ ധന അനുപാതം (CRR) തുടങ്ങിയ ഘടകങ്ങളും വിലയിരുത്തിയാണ് ബാങ്ക് വായ്പാപ്പലിശ നിര്‍ണയിക്കുന്നത്. ഇത് ഓരോ ബാങ്കിനും വ്യത്യസ്തവുമാണ്.

നിലവിലെ റീപ്പോ നിരക്ക്

ഒക്ടോബറിലെ ധന നയ യോഗത്തില്‍ (എം.പി.സി) ആർ.ബി.ഐ റീപ്പോ നിരക്ക് 6.5 ശതമാനമായി നിലനിര്‍ത്തിയിരുന്നു. അടുത്തയോഗം ഡിസംബർ 6 മുതല്‍ 8 വരെയാണ്. അന്ന് നിരക്കുയർത്താൻ സാധ്യത ഇല്ല എന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. എങ്കിലും നിരക്കുയർത്തൽ ഉണ്ടായാൽ എം.സി.എല്‍.ആര്‍ അധിഷ്ഠിതമായ വായ്പ നിരക്കുകളുടെ പലിശ നിരക്കുകൾ ഉയർത്താൻ ബാങ്കുകൾ നിർബന്ധിതരായേക്കും.

(SBI auto loans, personal loans are linked to MCLR, while SBI latest availed home loans are linked to EBLR.)

Read This : ₹5 ലക്ഷം വരെ കാര്‍ഡ്‌ലെസ് ഇ.എം.ഐ അവതരിപ്പിച്ച് കൊട്ടക് മഹീന്ദ്ര ബാങ്ക്


Related Articles
Next Story
Videos
Share it