രണ്ടാമത്തെ വീട് വാങ്ങാൻ കയ്യിലുള്ള സ്വർണം വിൽക്കണമോ അതോ പണയം വെക്കണമോ?

സ്വർണം മുഴുവൻ വിറ്റാലും പണയം വെച്ചാലും കോൺസെൻട്രേഷൻ റിസ്കും ഉയർന്ന പലിശയും മാർജിൻ കോൾ ഭീഷണിയും ഒഴിവാക്കാനാകില്ലെന്ന് വിദഗ്ധർ
Gold Funded Real Estate Investing
പ്രതീകാത്മക ചിത്രംImage Source: Canva
Published on

സമീപകാലത്ത് സ്വർണ വിലയിലുണ്ടായ വൻ കുതിച്ചുചാട്ടം സ്വതവേ സമ്പാദ്യപ്രിയരായ ഇന്ത്യൻ കുടുംബങ്ങളുടെ ആസ്തി മൂല്യത്തിലും വലിയ വർധനവാണ് ഉണ്ടാക്കിയിട്ടുള്ളത്. ഈയൊരു പശ്ചാത്തലത്തിൽ, കയ്യിലുള്ള സ്വർണം വിറ്റോ അല്ലെങ്കിൽ സ്വർണം പണയം വെച്ചോ പണം കണ്ടെത്തി റിയൽ എ​സ്റ്റേറ്റ് മേഖലയിലേക്ക് ഇപ്പോൾ മുതൽമുടക്കണോ എന്ന ആശയക്കുഴപ്പം പല നിക്ഷേപകർക്കും മുന്നിലുണ്ട്. എന്നാൽ, ഈ ചോദ്യത്തിന് 'വിൽക്കുക' അല്ലെങ്കിൽ 'പണയം വെക്കുക' എന്ന ഒറ്റവരി ഉത്തരമില്ലെന്നാണ് സാമ്പത്തിക ഉപദേശകരുടെ പൊതുവായ വിലയിരുത്തൽ.

രണ്ട് രീതികളിലേയും റിസ്ക്

  • ഒരേ ആസ്തിയിൽ നിക്ഷേപം കേന്ദ്രീകരിക്കുന്നതിന്റെ അപകടം (Concentration Risk): ഒരു വ്യക്തിയുടെ ആകെ നിക്ഷേപം ഒരൊറ്റ ആസ്തി വിഭാഗത്തിലേക്ക് മാറ്റുന്നത് വലിയ സാമ്പത്തിക അപകടസാധ്യത ഉണ്ടാക്കുമെന്നാണ് സാമ്പത്തിക വിദ​ഗ്ധർ നൽകുന്ന ഏറ്റവും പ്രധാന മുന്നറിയിപ്പ്. കൈവശമുള്ള സ്വർണം പൂർണമായും വിറ്റ് പുതിയൊരു പ്രോപ്പർട്ടി വാങ്ങുന്നതിലൂടെ കോൺസെൻട്രേഷൻ റിസ്ക് ഒഴിവാക്കുന്നില്ല, പകരം ഒരു ആസ്തിയിൽ നിന്ന് മറ്റൊന്നിലേക്ക് മാറ്റുക മാത്രമാണ് ചെയ്യുന്നത്. സാധാരണയായി, ഒരാൾ താമസിക്കുന്ന വീട് ഒഴികെയുള്ള റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങൾ ആകെ പോർട്ട്ഫോളിയോയുടെ 30 ശതമാനത്തിൽ കൂടരുതെന്നാണ് വിദ​ഗ്ധർ നിർദേശിക്കുന്നത്.

  • പണയ വായ്പയിലെ അപകടങ്ങൾ: നിലവിൽ സ്വർണ വായ്പകളുടെ പലിശ നിരക്ക് 8 ശതമാനത്തിന് മുകളിലാണ്. ഈ പലിശ ചെലവിനേക്കാൾ ഉയർന്ന റിട്ടേൺ സ്വർണത്തിൽ നിന്ന് ലഭിച്ചാൽ മാത്രമേ പണയം വെക്കുന്നതുകൊണ്ട് യഥാർത്ഥത്തിൽ ലാഭമുണ്ടാകുയുള്ളൂ. കൂടാതെ, വിപണിയിൽ സ്വർണ വിലയിൽ പെട്ടെന്ന് തകർച്ചയുണ്ടായാൽ വായ്പ തിരിച്ചടയ്ക്കാനോ കൂടുതൽ ഈട് നൽകാനോ ബാങ്കുകൾ ആവശ്യപ്പെടുന്ന 'മാർജിൻ കോൾ' (Margin Call) ഭീഷണിയുമുണ്ട്.

എന്ത് ചെയ്യണം?

ഒരൊറ്റ വഴിയെ മാത്രം ആശ്രയിക്കുന്നതിന് പകരം, നിക്ഷേപങ്ങൾക്കായി കൂടുതൽ സന്തുലിതമായ സമീപനരീതിയാണ് സാമ്പത്തിക വിദഗ്ദ്ധർ നിർദ്ദേശിക്കുന്നത്:

  • ഭാഗിക വിൽപ്പന: ആവശ്യമായ ഭൂമി/പ്രോപ്പർട്ടി വാങ്ങുന്നതിനായുള്ള ഡൗൺ പേയ്‌മെന്റിന്റെ ഒരു വിഹിതം കണ്ടെത്തുന്നതിനായി കയ്യിലുള്ള സ്വർണത്തിന്റെ ഒരു ഭാഗം മാത്രം വിൽക്കുന്ന കാര്യം പരി​ഗണിക്കാവുന്നതാണ്.

  • ഭവന വായ്പ: ബാക്കി തുകയ്ക്ക് സാധാരണ ഭവന വായ്പയെ ആശ്രയിക്കുന്നതാകും താരതമ്യേന ഉചിതം.

ഈ രീതിയിലൂടെ ഒരേസമയം സ്വർണത്തിന്റെ നിക്ഷേപ സാന്നിധ്യം നിലനിർത്താനും, പണയം വെക്കുമ്പോഴുള്ള മാർജിൻ കോൾ ഭീഷണി ഒഴിവാക്കാനും സാധിക്കും.

ചുരുക്കത്തിൽ രണ്ടാമത്തെ വീട് വാങ്ങുന്നതിനായി കൈവശമുള്ള സ്വർണം മുഴുവൻ വിറ്റഴിക്കുന്നതും പൂർണമായും പണയം വെക്കുന്നതും ഒക്കെ റിസ്ക് ഏറെ പതിയിരിക്കുന്ന തീരുമാനങ്ങളാണ്. ദീർഘകാല നിക്ഷേപ വിജയത്തിന് നിർണായകം ഒരു ആസ്തിയെ മറ്റൊന്നുകൊണ്ട് പകരംവെക്കുന്നതല്ല. മറിച്ച്, മൊത്തം നിക്ഷേപങ്ങളിലെ സന്തുലിതാവസ്ഥ നിലനിർത്തുന്നതാണ് മുഖ്യം. അതുകൊണ്ടുതന്നെ, സ്വർണത്തിന്റെ ഭാഗിക വിൽപ്പനയും ഭവന വായ്പയും സംയോജിപ്പിക്കുന്ന ഒരു സമീപന രീതിയാകും നിലവിലെ സാഹചര്യത്തിൽ കൂടുതൽ യുക്തിസഹമായ സാമ്പത്തിക തന്ത്രമെന്ന് വിദഗ്ധർ വിലയിരുത്തുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com