

2025 ൽ നടന്ന മൂന്ന് പണനയ യോഗങ്ങളിലായി റിപ്പോ നിരക്ക് 100 ബേസിസ് പോയിന്റാണ് ആർബിഐ കുറച്ചത്. ഇതേ തുടര്‍ന്ന് മിക്ക ബാങ്കുകളും സ്ഥിര നിക്ഷേപ (FD) പലിശ നിരക്കുകൾ കുറച്ചിരിക്കുകയാണ്. പ്രതിവർഷം 5.5 മുതൽ 6.5 ശതമാനം വരെയാണ് ഇപ്പോള്‍ പലിശ നിരക്ക്. ഈ പശ്ചാത്തലത്തിൽ ചെറുകിട സമ്പാദ്യ പദ്ധതികൾ തീർച്ചയായും നിക്ഷേപകർക്ക് പരിഗണിക്കാവുന്നതാണ്. താരതമ്യേന ഉയർന്ന വരുമാനം നൽകുന്നതിനൊപ്പം നിക്ഷേപകർക്ക് ആദായനികുതി ആനുകൂല്യവും ലഭിക്കുന്നു.
എഫ്ഡികളുടെയും പോസ്റ്റ് ഓഫീസ് സ്കീമുകളുടെയും പലിശ നിരക്കുകൾ തമ്മിലുള്ള വ്യത്യാസം വളരെ കുറവാണെങ്കിലും ആദായനികുതി ഇളവ് മൂലം ലഭിക്കുന്ന സമ്പാദ്യം വളരെ കൂടുതലാണ്. ഉദാഹരണമായി സ്ഥിര നിക്ഷേപങ്ങളിൽ 7 ശതമാനം പലിശ ലഭിക്കുകയും ആ വ്യക്തിയുടെ ആദായ നികുതി നിരക്ക് 20 ശതമാനവുമാണെങ്കില്‍, നികുതിക്ക് ശേഷം അയാളുടെ റിട്ടേൺ 5.6 ശതമാനമായി കുറയും.
എന്നാല്‍, ചെറുകിട സമ്പാദ്യ പദ്ധതികളിലെ പലിശ വരുമാനം ആദായനികുതിയിൽ നിന്ന് പൂർണമായും ഒഴിവാക്കപ്പെട്ടിരിക്കുന്നു. സെക്ഷൻ 80 സി പ്രകാരം നിക്ഷേപത്തിന് നൽകുന്ന നികുതി കിഴിവ് കൂടാതെയാണ് ഇത്. പബ്ലിക് പ്രോവിഡന്റ് ഫണ്ട്, മുതിർന്ന പൗരന്മാരുടെ സേവിംഗ്സ് സ്കീം, അഞ്ച് വർഷത്തെ ടേം ഡെപ്പോസിറ്റുകൾ എന്നിവ 80 സി പ്രകാരമുളള കിഴിവുകൾക്ക് അർഹതയുള്ള പദ്ധതികളിൽ ഉൾപ്പെടുന്നു.
ഏഴ് ജനപ്രിയ ചെറുകിട സമ്പാദ്യ പദ്ധതികളും അവയിൽ വാഗ്ദാനം ചെയ്യുന്ന പലിശയുമാണ് ഇവിടെ പരിശോധിക്കുന്നത്.
നാഷണൽ സേവിംഗ്സ് റിക്കറിംഗ് ഡെപ്പോസിറ്റ് (RD): ഈ സ്കീം പ്രതിവർഷം 6.7 ശതമാനം പലിശ വാഗ്ദാനം ചെയ്യുന്നു. പരമാവധി നിക്ഷേപ പരിധിയില്ല. കുറഞ്ഞ നിക്ഷേപ പരിധി 100 രൂപയാണ്.
നാഷണൽ സേവിംഗ്സ് ടൈം ഡെപ്പോസിറ്റ്: 1,000 നിക്ഷേപത്തോടെ ഇത് ആരംഭിക്കാം. പരമാവധി നിക്ഷേപ പരിധിയില്ല. 6.9 ശതമാനം, 7 ശതമാനം, 7.1 ശതമാനം, 7.5 ശതമാനം എന്നിങ്ങനെ 1 വർഷം, 2 വർഷം, മൂന്ന് വർഷം, 5 വർഷം എന്നീ കാലാവധികളിൽ ഈ ചെറുകിട സമ്പാദ്യ പദ്ധതി വാഗ്ദാനം ചെയ്യുന്നു. അഞ്ച് വർഷത്തെ നിക്ഷേപങ്ങൾക്ക് മാത്രമേ 80C ഇളവിന് അർഹതയുള്ളൂ.
നാഷണല്‍ സേവിംഗ്സ് എംഐഎസ് (പ്രതിമാസ വരുമാന അക്കൗണ്ട്, National Savings MIS): നിക്ഷേപങ്ങൾക്ക് ഈ പദ്ധതി വാർഷിക പലിശ 7.4 ശതമാനം വാഗ്ദാനം ചെയ്യുന്നു. പരമാവധി നിക്ഷേപ പരിധി ഒരു അക്കൗണ്ടിന് 9 ലക്ഷം രൂപയും ജോയിന്റ് അക്കൗണ്ടിന് 15 ലക്ഷം രൂപയുമാണ്.
സീനിയർ സിറ്റിസൺസ് സേവിംഗ്സ് സ്കീം അക്കൗണ്ട്: നിക്ഷേപകർക്ക് പ്രതിവർഷം 8.2 ശതമാനം പലിശ വാഗ്ദാനം ചെയ്യുന്ന പദ്ധതി. പരമാവധി നിക്ഷേപ പരിധി 30 ലക്ഷം രൂപയാണ്. കൂടാതെ ഇത് ആദായനികുതി കിഴിവിനും അർഹമാണ്.
PPF (പബ്ലിക് പ്രൊവിഡന്റ് ഫണ്ട്): ചെറുകിട സമ്പാദ്യ പദ്ധതികളിൽ ഏറ്റവും പ്രചാരമുള്ള ഒന്നാണിത്. പ്രതിവർഷം 7.1 ശതമാനം പലിശ വാഗ്ദാനം ചെയ്യുന്നു. ഒറ്റ തവണ പരമാവധി നിക്ഷേപിക്കാവുന്ന തുക 1.5 ലക്ഷം രൂപയാണ്. നിക്ഷേപത്തിന് ഐടി ആക്ടിലെ 80C പ്രകാരം കിഴിവ് ലഭിക്കും.
NSC (VIII ഇഷ്യു): ഈ പദ്ധതി നിക്ഷേപകർക്ക് പ്രതിവർഷം 7.7 ശതമാനം വാഗ്ദാനം ചെയ്യുന്നു. പരമാവധി പരിധിയില്ല, കൂടാതെ നിക്ഷേപങ്ങൾക്ക് ആദായ നികുതി കിഴിവ് ലഭിക്കാൻ അർഹതയുണ്ട്.
KVP (കിസാൻ വികാസ് പത്ര): 7.5 ശതമാനം വാർഷിക പലിശ നൽകുന്ന ഈ പദ്ധതിയിൽ നിക്ഷേപങ്ങൾക്ക് പരമാവധി പരിധിയില്ല.
Seven small savings schemes offering better returns than fixed deposits, along with income tax benefits, in 2025.
Read DhanamOnline in English
Subscribe to Dhanam Magazine