ഓഹരിയും മ്യൂച്വൽ ഫണ്ടും: ഇപ്പോൾ നിക്ഷേപിക്കണോ കാത്തിരിക്കണോ? അസ്ഥിര വിപണിയിൽ വിദഗ്ധർ പറയുന്നത് ഇതാണ്

പശ്ചിമേഷ്യന്‍ സംഘര്‍ഷം, എണ്ണ വില വര്‍ധന, രൂപയുെട മൂല്യത്തകര്‍ച്ച, സന്ധിസംഭാഷണങ്ങള്‍... നല്ലതും ചീത്തയുമായ വാര്‍ത്തകേളാട് ഓഹരി വിപണികള്‍ അതിതീവ്രമായി പ്രതികരിക്കുന്ന സാഹചര്യത്തില്‍ നിക്ഷേപകര്‍ക്ക് ഇത് നല്ല സമയമാണോ?
low risk mutual funds
canva
Published on

ദിവസങ്ങേളാളം വിപണിയില്‍ ചോരപ്പുഴ ഒഴുകും. പിന്നീടൊരുനാള്‍ പച്ചകത്തും. പ്രത്യാശയും നിരാശയും മാറിമാറി വിപണിയില്‍ അതിതീവ്രമായി പ്രതിഫലിക്കുമ്പോള്‍, ആശങ്കയിലായിരിക്കുന്നത് നിക്ഷേപകരാണ്. ഓഹരി വിപണി ഇനിയും ഇടിയുമോ? അതോ മികച്ച കമ്പനികളുടെ ഓഹരികള്‍ വാങ്ങാനും നല്ല രീതിയില്‍ മാനേജ് ചെയ്യപ്പെടുന്ന മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കാനും ഇതാണോ നല്ല സമയം? ഓഹരി വിപണിയുടെ സ്വഭാവം പോലെ തന്നെ ഈ ഉത്തരങ്ങളും കൃത്യമായി പ്രവചിക്കാനാവില്ല.

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് അവസാനമില്ലാത്തത്, ഡോളറിനെതിരെ രൂപയുടെ മൂല്യത്തകര്‍ച്ച, വിദേശ നിക്ഷേപക സ്ഥാപനങ്ങളുടെ കനത്ത വില്‍പന, എണ്ണ വില വര്‍ധന തുടങ്ങി ഒട്ടേറെ ഘടകങ്ങള്‍ ഇപ്പോള്‍ വിപണിയുടെ ബലഹീനതക്ക് കാരണമായിട്ടുണ്ട്. സമീപകാലത്തെ ഏറ്റവും ഉയര്‍ന്ന തലത്തില്‍ നിന്ന നിഫ്റ്റിയും സെന്‍സെക്സും ഏതാണ്ട് 10-14 ശതമാനത്തോളം ഇടിവ് ഈ ചാഞ്ചാട്ട കാലത്തുണ്ടായിട്ടുണ്ട്. ഈ ഇടിവ് തീര്‍ച്ചയായും നിക്ഷേപകരുടെ ആശങ്കയും വര്‍ധിപ്പിച്ചിട്ടുണ്ട്. വിപണി ഇനിയും ഇടിയുമോ? നിക്ഷേപത്തിന് കൂടുതല്‍ അനുയോജ്യമായ സാഹചര്യം ഇനിയും വരുമോ? എന്നൊക്കെ സംശയിച്ച് മാറിനില്‍ക്കുന്നവരും ഏറെ.

ഡോളറിനെതിരെ രൂപയുടെ മൂല്യത്തകര്‍ച്ചയും നികുതി നിര്‍ദേശങ്ങളുമാണ് വിപണിയില്‍ വിദേശ നിക്ഷേപകരെ വില്‍പനക്കാരാക്കിയിരിക്കുന്നത്. ഇന്ത്യ, ആഭ്യന്തര ആവശ്യത്തിനുള്ള 85 ശതമാനം എണ്ണയും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ്. എണ്ണ വില വര്‍ധന സമ്പദ്‌വ്യവസ്ഥയെയും നാണ്യപ്പെരുപ്പത്തെയും കോര്‍പറേറ്റുകളുടെ ലാഭത്തെയുമെല്ലാം സ്വാധീനിക്കുക തന്നെ ചെയ്യും.

ആര്‍ബിഐ ഇടപെടലുകള്‍ നടന്നിട്ടുപോലും രൂപയുടെ മൂല്യത്തെ പിടിച്ചുനിര്‍ത്താനുമാവുന്നില്ല. മാത്രമല്ല, ലോകത്തിലെ പ്രധാന നിക്ഷേപ തീമായ എഐയുമായി ബന്ധപ്പെട്ട കമ്പനികളും ഇന്ത്യന്‍ ഓഹരി വിപണിയില്‍ ശക്തമായ സാന്നിധ്യമല്ല. ഇതെല്ലാമാണ് വിദേശ നിക്ഷേപക സ്ഥാപനങ്ങളെ വിപണിയിലെ മുഖ്യ വില്‍പനക്കാരാക്കിയിരിക്കുന്നത്. അസ്ഥിരമായ സാഹചര്യങ്ങള്‍ ഓഹരി വിപണി ഇഷ്ടപ്പെടുന്നില്ല. പക്ഷേ ദീര്‍ഘകാല സമ്പത്ത് സൃഷ്ടിക്കാനുള്ള ചുവടുവെപ്പ് തുടങ്ങാന്‍ അസ്ഥിരമായ സാഹചര്യങ്ങളാണ് നല്ലതെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നുണ്ട്.

"നിക്ഷേപിക്കാന്‍ 1,000 രൂപ കയ്യിലുണ്ടെങ്കില്‍ അത് മുഴുവന്‍ ഇപ്പോള്‍ നിക്ഷേപിക്കണമെന്ന് ഞാന്‍ പറയില്ല. പക്ഷേ അതിന്റെ മൂന്നിലൊന്ന് ഇപ്പോള്‍ നിക്ഷേപിക്കാന്‍ പറ്റുന്ന സമയമാണ്. നിഫ്റ്റി ഇപ്പോഴത്തെ തലത്തില്‍ നിന്ന് കുതിച്ചുമുന്നേറി വരാന്‍ 1-2 വര്‍ഷമെടുക്കുമെന്നാണ് എന്റെ നിഗമനം. ആഗോളതലത്തില്‍ ഇപ്പോള്‍ പ്രധാന നിക്ഷേപ തീം എഐയാണ്.

ആ തരംഗത്തില്‍ ഇന്ത്യന്‍ ഓഹരി വിപണിക്ക് വലിയ പങ്കാളിത്തമില്ല. ഡോട്ട്കോം ബബ്ള്‍ പോലെ എഐ രംഗത്ത് വലിയൊരു തകര്‍ച്ച ഞാന്‍ പ്രതീക്ഷിക്കുന്നില്ല. പക്ഷേ തിരുത്തലുകള്‍ വന്നേക്കാം. അങ്ങനെ സംഭവിച്ചാല്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ തിരികെ ഇന്ത്യന്‍ വിപണിയിലേക്ക് സജീവമായി വരാം. ഹെല്‍ത്ത്‌കെയര്‍, പവര്‍ പോലുള്ള മേഖലകള്‍ മിന്നുന്ന പ്രകടനം നടത്തിയേക്കാം.

ഇതെല്ലാം പരിഗണിക്കുമ്പോള്‍ നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്ന മുഴുവന്‍ തുകയും ഇപ്പോള്‍ നിക്ഷേപിക്കുന്നതിന് പകരം, അതിന്റെ മൂന്നിലൊന്ന് നിക്ഷേപിക്കാനുള്ള സാഹചര്യമാണിതെന്ന് ഞാന്‍ പറയും,'' വര്‍ഷങ്ങളായി ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിക്ഷേപം നടത്തുന്ന ഒരു നിക്ഷേപകന്‍ അഭിപ്രായപ്പെടുന്നു.

സ്വയം ചോദിക്കാം, 5 ചോദ്യങ്ങള്‍

മികച്ച ഓഹരികളും നല്ല രീതിയില്‍ മാനേജ് ചെയ്യുന്ന ഫണ്ടുകളും ആകര്‍ഷകമായ വിലയില്‍ ലഭിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം എന്നൊന്നില്ല. ഏറ്റവും താഴ്ചയില്‍ വാങ്ങി, ഏറ്റവും ഉയര്‍ന്ന മൂല്യത്തില്‍ വില്‍ക്കണമെന്നാണ് ഏതൊരു നിക്ഷേപകന്റെയും മോഹം. പക്ഷേ അത് ആര്‍ക്കും സാധിക്കാറില്ല.

ഇപ്പോള്‍ നിക്ഷേപിക്കാന്‍ ഒരുങ്ങുന്നവര്‍ തീര്‍ച്ചയായും അഞ്ച് ചോദ്യങ്ങള്‍ സ്വയം ചോദിക്കണമെന്ന് വിപണി വിദഗ്ധര്‍ പറയുന്നു.

1. എന്റെ നിക്ഷേപ കാലാവധി എത്രയാണ്? ആറ് മാസമാണോ, രണ്ട് വര്‍ഷമാണോ, അഞ്ച് വര്‍ഷത്തിന് മുകളിലാണോ?

2. അടിയന്തിരഘട്ടങ്ങള്‍ക്ക് വേണ്ട പണം കൈവശമുണ്ടോ?

3. വിപണിയില്‍ ഹ്രസ്വകാലത്തിനിടയില്‍ സംഭവിക്കുന്ന തിരുത്തലുകള്‍ താങ്ങാന്‍ കഴിവുണ്ടോ?

4. നിക്ഷേപം നടത്താന്‍ പോകുന്നത് അച്ചടക്കത്തോടെയാണോ, അതോ വൈകാരികമായുള്ള തീരുമാനത്തിന്റെ പുറത്തോ?

5. ഞാന്‍ പത്രവാര്‍ത്തകളുടെ തലക്കെട്ട് കണ്ട് ഞെട്ടിത്തരിക്കുമോ? അതോ ദീര്‍ഘകാല സമ്പത്ത് സൃഷ്ടിക്കാന്‍ വേണ്ടി ക്ഷമയോടെ ആശങ്കയില്ലാതെ തുടരുമോ?

പെട്ടെന്നുള്ള ആവശ്യത്തിനായി വലിയ നേട്ടം പ്രതീക്ഷിച്ച് നിക്ഷേപം നടത്താന്‍ പറ്റുന്ന വിപണി സാഹചര്യമല്ല ഇപ്പോഴത്തേത്. അതുപോലെ തന്നെ ഓഹരി വിപണി ഇനി എന്ന് തിരിച്ചുകയറുമെന്ന് ആശങ്കപ്പെട്ട് പൂര്‍ണമായും വിട്ടുനില്‍ക്കേണ്ട ഘട്ടവുമല്ല. വിപണിയിലെ പ്രതിസന്ധിഘട്ടങ്ങള്‍ പലതും ഇനി അതിന് അവസാനമില്ലെന്ന തോന്നലൊക്കെ സൃഷ്ടിക്കാറുണ്ട്. കോവിഡ് വ്യാപനത്തിന്റെ ആദ്യദിനങ്ങള്‍, ആഗോള സാമ്പത്തിക തകര്‍ച്ചയുടെ കാലം, ഭൗമ-രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ കൊടുമ്പിരികൊള്ളുമ്പോഴൊക്കെ ഓഹരി വിപണി ഇനി എന്ന് തിരിച്ചുകയറാന്‍? ഈ സാഹചര്യം കുറേക്കാലം നീണ്ടുനില്‍ക്കുമെന്നൊക്കെ തോന്നും. പക്ഷേ ചരിത്രം പറയുന്നത് മറ്റൊന്നാണ്. വിപണി ഭയചകിതരാകും. തിരുത്തല്‍ സംഭവിക്കും. പക്ഷേ അതിന് ശേഷം തിരിച്ചുകയറി മുന്നോട്ട് പോകും. നിക്ഷേപം നടത്താതിരിക്കുന്നത് ബുദ്ധിയല്ല. പകരം ബുദ്ധിപൂര്‍വം നിക്ഷേപിക്കുകയാണ് വേണ്ടത്.

എത്ര കാലേത്തക്കാണ് നിേക്ഷപം?

ഓഹരിയിലും മ്യൂച്വല്‍ ഫണ്ടിലും ഇപ്പോള്‍ നിക്ഷേപിക്കണോ, അതോ പിന്നീട് വേണോ എന്ന ചോദ്യത്തേക്കാള്‍ പ്രസക്തം എത്ര കാലത്തേക്കാണ് നിക്ഷേപം എന്നതാണ്. ആറുമാസം അല്ലെങ്കില്‍ ഒരു വര്‍ഷത്തിനുള്ളില്‍ നല്ല നേട്ടം പ്രതീക്ഷിച്ച് ഇപ്പോഴത്തെ വിപണിയില്‍ നിക്ഷേപിച്ചാല്‍ അത് ബുദ്ധിപൂര്‍വമായ നീക്കമായിരിക്കില്ലെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഭൗമ-രാഷ്ട്രീയ സംഘര്‍ഷങ്ങള്‍, കറന്‍സി മൂല്യത്തിലെ മാറ്റങ്ങള്‍, എണ്ണ വില തുടങ്ങിയ ഘടകങ്ങള്‍ വിപണിയെ അസ്ഥിരതപ്പെടുത്തിക്കൊണ്ടിരിക്കും. അതുകൊണ്ട് ഹ്രസ്വകാലത്തേക്ക് നിക്ഷേപം നടത്തുന്നവര്‍ നിക്ഷേപം സംരക്ഷിക്കുന്നതിനാണ് കൂടുതല്‍ ഊന്നല്‍ നല്‍കേണ്ടത്. കുതിച്ചുമുന്നേറുമെന്ന പ്രതീക്ഷയില്‍ വില കുറവായ ഓഹരി വാങ്ങാനൊന്നും ഇത്തരക്കാര്‍ മുതിരരുത്.

5-10 വര്‍ഷം കൊണ്ട് സമ്പത്ത് സൃഷ്ടിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഈ സാഹചര്യത്തില്‍ നല്ല സമയം നോക്കി കാത്തിരിക്കാന്‍ പാടില്ലെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. വിപണി കൂടുതല്‍ താഴ്ന്നിട്ട് വാങ്ങാമെന്ന് കരുതിയിരുന്നാല്‍, ആ താഴ്ച എത്തിയെന്ന് പ്രവചിക്കാന്‍ ആര്‍ക്കും കഴിവില്ല. ഇന്ത്യന്‍ ഓഹരി വിപണിയിലുണ്ടായ തിരുത്തല്‍ ഭൗമ-രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ ഫലമാണെന്നും ഘടനാപരമായി ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ ദൗര്‍ബല്യത്തിന്റെ പേരിലല്ലെന്നും അനലിസ്റ്റുകള്‍ പരക്കെ പറയുന്നുണ്ട്. അതുകൊണ്ട് ദീര്‍ഘകാല ലക്ഷ്യത്തോടെ നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ കാത്തിരിക്കാതെ ഇപ്പോള്‍ തന്നെ തുടങ്ങുക.

ഇനിയും താഴ്ചയിേലക്ക് പോയാേലാ?

ഇന്ത്യന്‍ ഓഹരി വിപണിയില്‍ തിരുത്തല്‍ ഇനിയും തുടരാന്‍ കാരണങ്ങള്‍ പലതുമുണ്ട്. എഐ പോലെ ആഗോള നിക്ഷേപകരെ കാന്തംപോലെ ആകര്‍ഷിക്കുന്ന തീം ഇപ്പോള്‍ ഇന്ത്യന്‍ ഓഹരി വിപണിയിലില്ല. ഫെര്‍ട്ടിലൈസര്‍ ക്ഷാമം മുതല്‍ മഴ ലഭ്യതയിലെ കുറവ് സംബന്ധിച്ച പ്രവചനം വരെ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ വലിയ തോതില്‍ സ്വാധീനിക്കും. ദൂരവ്യാപക ഫലങ്ങളുളവാക്കുന്ന ഇക്കാര്യങ്ങള്‍ കൊണ്ട് ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഇനിയും തിരുത്തല്‍ വന്നേക്കാമെന്ന് പ്രതീക്ഷിക്കുന്നവരുണ്ട്. അതുകൊണ്ട് ഇനിയും കാത്തിരിക്കുന്നതല്ലേ നല്ലത് എന്ന് ചോദിക്കുന്നവരുമുണ്ട്. പക്ഷേ നിക്ഷേപകര്‍ ഇപ്പോള്‍ ചോദിക്കേണ്ട ചോദ്യം ഇതല്ല. അസ്ഥിരമായ സാഹചര്യങ്ങളില്‍ ഞാന്‍ എങ്ങനെ നിക്ഷേപം നടത്തും? എന്നതാണ്.

അതിന് വിദഗ്ധര്‍ നല്‍കുന്ന ഉത്തരമിതാണ്:

  • എസ്ഐപി തുടരുക: വിപണിയില്‍ തിരുത്തല്‍ വരുമ്പോള്‍ പലരും എസ്‌ഐപി നിര്‍ത്തും. അത് തെറ്റായ തീരുമാനമാണ്. വിപണി ഇടിയുമ്പോള്‍ കൂടുതല്‍ യൂണിറ്റുകള്‍ കുറഞ്ഞ വിലയില്‍ കിട്ടും. വിപണി തിരിച്ചുകയറുമ്പോള്‍ ദീര്‍ഘകാല നിക്ഷേപകര്‍ക്ക് അത് നേട്ടവുമാകും. അതുകൊണ്ട് നിലവില്‍ എസ്‌ഐപി ഉള്ളവര്‍ അത് തുടരുക. ഇനി പുതുതായി എസ്‌ഐപിയില്‍ നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ കാത്തിരിക്കാതെ വേഗം ആരംഭിക്കുക.

  • ഘട്ടംഘട്ടമായി നിക്ഷേപിക്കുക: കയ്യിലെ തുക മുഴുവന്‍ ഇപ്പോള്‍ ആകര്‍ഷകമായ വിലയിലുള്ള ഓഹരി വാങ്ങാനോ, നല്ല മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കാനോ ചെലവിടരുത്. പകരം അതിലെ ഒരുഭാഗം മാത്രം ഇപ്പോള്‍ ചെലവിടുക. ഉദാഹരണത്തിന് നാലിലൊന്ന് തുകയോ, അല്ലെങ്കില്‍ മൂന്നിലൊന്ന് തുകയോ ഇപ്പോള്‍ നിക്ഷേപിച്ച് ബാക്കിയുള്ളവ അടുത്ത 3-6 മാസത്തിനുള്ളില്‍ നിക്ഷേപിക്കുക. വിപണിയിലെ ഓരോ തിരുത്തലും നിക്ഷേപിക്കാനുള്ള അവസരമാക്കി എടുക്കുക.

  • മികച്ചവക്ക് പ്രാധാന്യം നല്‍കുക: അസ്ഥിര സാഹചര്യങ്ങളില്‍ ശക്തമായ അടിത്തറയുള്ള ബിസിനസുകള്‍ മാത്രമാണ് അതിജീവിക്കുക. അതുകൊണ്ട് കടം കുറവുള്ള, അതത് രംഗങ്ങളില്‍ വിപണി നായകരായ, സുസ്ഥിരമായ ക്യാഷ് ഫ്ളോ ഉള്ള, ഉന്നത ഗവേണന്‍സ് നിലവാരമുള്ള കമ്പനികളില്‍ നിക്ഷേപം നടത്തുക.

ലാര്‍ജ് ക്യാപ് മ്യൂച്വല്‍ ഫണ്ടുകള്‍, ഫ്ളക്സി ക്യാപ് ഫണ്ടുകള്‍ എന്നിവ ഈ സാഹചര്യത്തില്‍ നിക്ഷേപത്തിന് അനുയോജ്യമാണ്.

അപ്പോള്‍ ഞാനിപ്പോള്‍ നിക്ഷേപിക്കണോ, കാത്തിരിക്കണോ? നിങ്ങള്‍ പെട്ടെന്നുള്ള നേട്ടം പ്രതീക്ഷിക്കുന്ന ട്രേഡറാണെങ്കില്‍ അങ്ങേയറ്റം ജാഗ്രത വേണ്ട ഘട്ടമാണിപ്പോള്‍. അതല്ല ദീര്‍ഘകാല നിക്ഷേപകനാണെങ്കില്‍ അസ്ഥിരസാഹചര്യം നിക്ഷേപം നിര്‍ത്തിവെക്കാനുള്ള കാരണമല്ല; മറിച്ച് സിസ്റ്റമാറ്റിക്കായി നിക്ഷേപം നടത്താനുള്ള കാരണമാണുതാനും.

വിപണിയില്‍ ഏത് സമയത്ത് പ്രവേശിക്കുന്നു എന്നതല്ല മികച്ച നേട്ടം കിട്ടാനുള്ള മാനദണ്ഡം. എത്രകാലം ക്ഷമയോടെ നിക്ഷേപം തുടര്‍ന്നു എന്നതാണ്.

ദീര്‍ഘകാല നിേക്ഷപകര്‍ക്ക് നല്ല കാലം

ജോസ് മാത്യു, സ്ഥാപകന്‍, MyEquityLab

ഇപ്പോഴെത്ത വിപണി സാഹചര്യങ്ങള്‍ ദീര്‍ഘകാല നിക്ഷേപകര്‍ക്ക്, പ്രത്യേകിച്ച് ദീര്‍ഘകാല വളര്‍ച്ചാസാധ്യതയുള്ള മികച്ച ഓഹരികളും മ്യൂച്വല്‍ ഫണ്ടുകളും തേടുന്നവരെ സംബന്ധിച്ച് വളരെ നല്ല അവസരമാണ്. അടിസ്ഥാനപരമായി നല്ല കമ്പനികളുടെ ഓഹരികള്‍ വാങ്ങാനും നല്ല രീതിയില്‍ മാനേജ് ചെയ്യപ്പെടുന്ന ഫണ്ടുകളില്‍ നിക്ഷേപിക്കാനുമൊക്കെ വിപണിയിലെ തിരുത്തലുകള്‍ പൊതുവെ നല്ല അവസരമാണ് തുറന്നിടുന്നത്. കാരണം, താരതമ്യേന ആകര്‍ഷകമായ മൂല്യത്തില്‍ ഇവ വാങ്ങാം. അതുപോലെ തന്നെ നിക്ഷേപകര്‍ക്ക് അവരുടെ പോര്‍ട്ട്ഫോളിയോ പുനഃക്രമീകരിക്കാനും അനുയോജ്യമായ കാലമാണിത്. സ്ഥിരമായി മോശം പ്രകടനം കാഴ്ചവെക്കുന്ന ഓഹരികളെയും ഫണ്ടുകളെയും ഒഴിവാക്കാം. പകരം നല്ല കമ്പനികളുടെ ഓഹരികള്‍ വാങ്ങി, നല്ല ബിസിനസുകളുടെ ഭാഗമാകാം. സുസ്ഥിര വളര്‍ച്ചാസാധ്യതയുള്ള ഫണ്ടുകളെ പോര്‍ട്ട്ഫോളിയോയുടെ ഭാഗമാക്കാം.

പുതുതായി നിക്ഷേപം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഈ സാഹചര്യം അനുകൂലമാണ്. മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്ന പുതുനിക്ഷേപകര്‍ എസ്‌ഐപി റൂട്ട് സ്വീകരിക്കുക. ദീര്‍ഘകാല ലക്ഷ്യത്തോടെ ഇപ്പോള്‍ നിക്ഷേപം തുടങ്ങിയാല്‍ വലിയ സമ്പത്ത് സൃഷ്ടിക്കാനാകും. എണ്ണ വില വര്‍ധന മൂലം പണപ്പെരുപ്പം, ഇന്ത്യയുടെ ഇറക്കുമതി ബില്‍, ധനകാര്യ സന്തുലിതാവസ്ഥയിലുള്ള സമ്മര്‍ദ്ദം എന്നിവയെക്കുറിച്ചുള്ള ആശങ്കകള്‍ വര്‍ധിച്ചിട്ടുണ്ട്. ഇത് മൊത്തത്തിലുള്ള വിപണി വികാരത്തെ പ്രതികൂലമായി ബാധിച്ചു. കൂടാതെ, ആഗോള വിപണിയിലെ ചാഞ്ചാട്ടവും പലിശ നിരക്ക് പ്രതീക്ഷകളെ ചുറ്റിപ്പറ്റിയുള്ള അനിശ്ചിതത്വവും സമീപകാല ബലഹീനതക്ക് കാരണമായി.

മൂല്യനിര്‍ണയ വീക്ഷണകോണില്‍ നിന്ന് നോക്കുമ്പോള്‍, നിഫ്റ്റി50 നിലവില്‍ ഏകദേശം 20.40 എന്ന പ്രൈസ്-ടു-ഏണിങ്സ് (പി/ഇ) അനുപാതത്തിലാണ് വ്യാപാരം നടത്തുന്നത് (2026 മെയ് 21 വരെ, ഏകീകൃത ടിടിഎം അടിസ്ഥാനത്തില്‍), ഇത് അതിന്റെ അഞ്ച് വര്‍ഷത്തെ ശരാശരി പി/ഇ ഏകദേശം 22.50ല്‍ താഴെയാണ്. കൂടാതെ പത്ത് വര്‍ഷത്തെ ശരാശരിയായ ഏകദേശം 23.43നേക്കാള്‍ കുറവുമാണ്. അഞ്ച് വര്‍ഷത്തെ ഏറ്റവും താഴ്ന്ന പി/ഇ ഏകദേശം 18.90 ആണ്. ഇത് സൂചിപ്പിക്കുന്നത് വിപണി നിലവില്‍ ചെലവേറിയ മൂല്യനിര്‍ണയങ്ങളിലല്ല, മറിച്ച് താരതമ്യേന ആകര്‍ഷകമായ മൂല്യനിര്‍ണയ നിലവാരത്തിനടുത്താണ് വ്യാപാരം നടത്തുന്നത് എന്നാണ്. അതിനാല്‍, ആഗോള അനിശ്ചിതത്വങ്ങള്‍ കാരണം ഹ്രസ്വകാല ചാഞ്ചാട്ടം തുടര്‍ന്നേക്കാം. ഇന്ത്യന്‍ ഓഹരി വിപണിയുടെ വിശാലമായ ദീര്‍ഘകാല വീക്ഷണം ഘടനാപരമായി പോസിറ്റീവായി തുടരുന്നു.

ഇതേല്ല സമയം?

റ്റി.സി മാത്യു, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍, സാമ്പത്തിക വിദഗ്ധന്‍

ഓഹരികളിലും മ്യൂച്വല്‍ ഫണ്ടുകളിലും നിക്ഷേപിക്കാന്‍ സമയമായോ എന്ന ചോദ്യം സാധാരണയാണ്. ഒപ്പം അപ്രസക്തവും. എന്തുകൊണ്ടാണ് ഇത് ചോദിക്കുന്നത്? നമ്മുടെ തീരുമാനത്തിന് ഒരു പിന്തുണ ലഭിക്കാന്‍. അത്രമാത്രം. അതിനപ്പുറം ഈ ചോദ്യത്തിനും കിട്ടുന്ന ഉത്തരത്തിനും പ്രാധാന്യം കൊടുക്കുന്നവര്‍ കുറവാണ്. എങ്കിലും എല്ലാവരും ഒരു ശീലം പോലെ ഇത് ചോദിക്കുന്നു. ചോദ്യത്തിന് വലിയ പ്രസക്തിയില്ല. സാധാരണ ഗതിയില്‍ വ്യക്തികള്‍ ഒറ്റയൊറ്റ ഓഹരികളിലും ഫണ്ടുകളിലുമാണ് നിക്ഷേപിക്കാറുള്ളത്. വിപണിയെപ്പറ്റി വിശാലമായ ചോദ്യത്തിനും ഉത്തരത്തിനും അവിടെ പ്രസക്തിയില്ല.

നിക്ഷേപത്തിന് ലക്ഷ്യമിടുന്ന കമ്പനികളുടെ ഓഹരികളെപ്പറ്റിയാണ് ചോദിക്കേണ്ടത്. അതാകട്ടെ കൃത്യമായ ഉത്തരമുള്ള കാര്യമാണ്. കമ്പനിയുടെ മൗലിക കാര്യങ്ങള്‍ (മാനേജ്‌മെന്റ്, വ്യവസായ മേഖല, ധനകാര്യ നില, ഭാവിസാധ്യത, പ്രതിഓഹരി ലാഭം, ഓഹരി വില തുടങ്ങിയവ) പരിശോധിച്ച് തീരുമാനം എടുക്കാവുന്ന കാര്യമാണത്. സമാന ബിസിനസിലുള്ള കമ്പനികളുടെ ഓഹരി വിലയും പിഇ അനുപാതവും നിര്‍ദിഷ്ട കമ്പനിയുടെ ഓഹരി വിലയും പിഇ അനുപാതവും താരതമ്യപ്പെടുത്തുക, കമ്പനി ഓഹരിയുടെ മുന്‍കാല പ്രകടനം പരിശോധിക്കുക, കമ്പനിയുടെ വളര്‍ച്ച ഓഹരി വില എത്രകണ്ട് വളരാന്‍ സഹായിക്കുന്നതാണ് എന്ന് പഠിക്കുക, സാധ്യമെങ്കില്‍ ഓഹരി വിലയുടെ സാങ്കേതിക ചാര്‍ട്ടുകള്‍ പഠിച്ച് നിക്ഷേപ യോഗ്യമായ വില കണ്ടെത്തുക തുടങ്ങിയവ ഓഹരിയിലെ നിക്ഷേപ സമയം തീരുമാനിക്കാന്‍ ഉപയോഗിക്കുന്ന നടപടികളാണ്.

ഇറാന്‍ യുദ്ധം പോലെ ഭൗമ-രാഷ്ട്രീയ സംഘര്‍ഷം ഉള്ളപ്പോള്‍ നിക്ഷേപ സമയമായോ എന്ന ചോദ്യത്തില്‍ ഉദ്ദേശിക്കുന്നത് വിപണിയുടെ ഇടിവ് കഴിഞ്ഞോ എന്നാണ്. പക്ഷേ അതിന്റെ ഉത്തരം വിപണി വിദഗ്ധര്‍ക്കല്ല അറിയാവുന്നത്. നയതന്ത്രജ്ഞര്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കുമാണ്. ഭൗമ-രാഷ്ട്രീയ പ്രശ്‌നങ്ങള്‍ നിരന്തരം മാറിക്കൊണ്ടിരിക്കുന്നതാണ്. തുടക്കത്തിലെ നില ആയിരിക്കില്ല ഏതാനും ആഴ്ച കഴിയുമ്പോള്‍.

കുറേ മാസങ്ങള്‍ കഴിയുമ്പോള്‍ വീണ്ടും സാഹചര്യം മാറും. യുക്രെയ്‌നിലെ റഷ്യന്‍ ആക്രമണം തന്നെ ഉദാഹരണമാണ്. യൂറോപ്പിലേക്കുള്ള ഇന്ധന നീക്കത്തിനും യുക്രെയ്‌നില്‍ നിന്നുള്ള ഭക്ഷ്യധാന്യ കയറ്റുമതിക്കും വലിയ തടസം തുടക്കത്തില്‍ പ്രതീക്ഷിച്ചു. ആഴ്ചകളും മാസങ്ങളും കഴിഞ്ഞപ്പോള്‍ അവക്ക് പരിഹാരമോ, ബദല്‍ മാര്‍ഗങ്ങളോ കണ്ടെത്തി. യുക്രെയ്‌നില്‍ ഡ്രോണ്‍ നിര്‍മാണമടക്കം പ്രതിരോധവുമായി ബന്ധപ്പെട്ട വ്യവസായങ്ങള്‍ വലിയ വളര്‍ച്ചയും നേടി.

ഗള്‍ഫ് യുദ്ധം ഇന്ത്യയെ വല്ലാതെ ബാധിക്കുമെന്ന് എല്ലാവര്‍ക്കും അറിയാമായിരുന്നു. അത് സംഭവിച്ചു. യുദ്ധം തീരുമെന്ന് പ്രതീക്ഷിക്കാം. യുദ്ധം മൂലം കുതിച്ചുകയറിയ ഇന്ധന വില താഴും, ഇടിഞ്ഞ രൂപയും മറ്റ് കറന്‍സികളും തിരിച്ചുകയറും, മുടങ്ങിയ വാണിജ്യം പുനരാരംഭിക്കും, ഗള്‍ഫില്‍ പുനര്‍നിര്‍മാണം നടക്കും. അതെല്ലാം ഇന്ത്യയിലെ മികച്ച ഓഹരികള്‍ക്ക് വലിയ വളര്‍ച്ചയുടെ അവസരമാകും. താഴ്ന്നുനില്‍ക്കുന്ന മികച്ച കമ്പനികളില്‍ ഇപ്പോള്‍ നല്ല നിക്ഷേപ അവസരം കാണാം. കയറ്റുമതി, നിര്‍മാണ, പ്രതിരോധ മേഖലകളിലെ കമ്പനികള്‍ പ്രത്യേകിച്ചും ആകര്‍ഷകമാണ്.

(Originally published in Dhanam Magazine June 15, 2026 issue.)

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com