വില്‍പത്രം രജിസ്റ്റര്‍ ചെയ്യണോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കുക... വെറുതെ തര്‍ക്കത്തിന് ഇടം കൊടുക്കണോ?

ഭൂമി, വീട്, സ്വര്‍ണം, ഓഹരി, ബാങ്ക് അക്കൗണ്ട്, വാഹനം... നിക്ഷേപ രീതികള്‍ പലതാണ്. തന്റെ മരണ ശേഷം ആര്‍ക്കൊക്കെ, ഏതേതു വിധത്തിലാണ് അതില്‍ അര്‍ഹതയെന്ന് മുന്‍കൂട്ടി വ്യക്തമായി എഴുതി വെക്കേണ്ടത് പ്രധാനമാണ്. അവകാശത്തര്‍ക്കം വേണ്ട; ഉദ്ദേശിച്ചവരിലേക്ക് സ്വത്ത് ചെന്നുചേരും
title deed
Image courtesy: Canva
Published on

എങ്ങനെ എഴുതണം?

വില്‍പത്രമെഴുതാന്‍ വളച്ചുകെട്ടൊന്നും വേണ്ട. ലളിതമായ ഭാഷയില്‍ വ്യക്തമായി എഴുതി ഒപ്പുവെക്കുക. തന്നേക്കാള്‍ പ്രായം കുറഞ്ഞ, വിശ്വസിക്കാവുന്ന രണ്ടു സാക്ഷികളെ കണ്ടെത്തി ഒപ്പിടുവിക്കുക. വില്‍പത്രം എവിടെ സൂക്ഷിക്കുന്നുവെന്ന കാര്യം അതിലെ വ്യവസ്ഥകള്‍ നടപ്പാക്കേണ്ടയാളോട് മുന്‍കൂട്ടി പറയുക.

പുതുക്കേണ്ടത് എപ്പോള്‍?

ഒരിക്കല്‍ വില്‍പത്രം എഴുതിയാല്‍ നിര്‍ണായക സന്ദര്‍ഭങ്ങളില്‍ പുതുക്കുന്നത് നല്ലത്. ഉദാഹരണത്തിന് വസ്തു വാങ്ങല്‍, വിവാഹം, ജനനം... എന്നിങ്ങനെ. വില്‍പത്രത്തിലെ വസ്തുക്കളില്‍ ഒരു ഭാഗം പിന്നീട് സ്വമേധയാ ക്രയവിക്രയം നടത്തിയാലും വില്‍പത്രം അതിനൊത്ത് പുതുക്കണം.

രജിസ്റ്റര്‍ ചെയ്യണോ?

വില്‍പത്രം രജിസ്റ്റര്‍ ചെയ്യണമെന്നില്ല. സ്വന്തം സ്വത്ത് ആര്‍ക്കൊക്കെയാണ് നല്‍കേണ്ടതെന്ന് വെള്ളക്കടലാസില്‍ എഴുതി കൈയൊപ്പിട്ടു വെച്ചാലും മരണാനന്തരം അതിന് സാധുതയുണ്ട്. ഉറ്റ ബന്ധുക്കളല്ലാത്ത രണ്ടു സാക്ഷികള്‍ ഒപ്പിട്ടിട്ടുണ്ടെങ്കില്‍ കൂടുതല്‍ നന്നായി. എന്നാല്‍ നിയമം അറിയാവുന്നവരുടെ സഹായം ഇതിന് ഉണ്ടാവുന്നത് കൂടുതല്‍ നന്ന്. സുബോധത്തോടെയാണ് എഴുതുന്നതെന്നു സ്ഥാപിക്കാന്‍ തൊട്ടടുത്ത കാലയളവിലെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നന്ന്.

നിയമസാധുത കിട്ടുമോ?

വില്‍പത്രം രജിസ്റ്റര്‍ ചെയ്യുന്നത് എന്തുകൊണ്ടും നല്ലതാണ്. രജിസ്റ്റര്‍ ചെയ്താല്‍ വില്‍പത്രത്തിന് ആധികാരികതയും നിയമസാധുതയും കൂടും. അതിന്റെ പകര്‍പ്പ് സബ്‌രജിസ്ട്രാറുടെ പക്കല്‍ ഉണ്ടാവും. അതുകൊണ്ട് ചോദ്യം ചെയ്യാനോ വ്യാജരേഖ ചമയ്ക്കാനോ കഴിയില്ല. സുബോധത്തോടെയാണ് വില്‍പത്രമെഴുതിയതെന്നു കൂടി ഇതോടെ സ്ഥാപിക്കപ്പെടുന്നു.

നോട്ടറി സാക്ഷ്യപ്പെടുത്തണോ?

വില്‍പത്രം നോട്ടറി സാക്ഷ്യപ്പെടുത്തണമെന്നില്ല. നോട്ടറിയുടെ മുദ്രയല്ല പ്രധാനം; വില്‍പത്രത്തില്‍ രണ്ടു സാക്ഷികള്‍ ഒപ്പിടുന്നതാണ്.

എന്താണ് പ്രൊബേറ്റ് ചെയ്യല്‍?

ഒരു വില്‍പത്രം അസ്സലാണെന്ന് കോടതി സ്ഥിരീകരിക്കുന്നതാണ് പ്രൊബേറ്റ് ചെയ്യല്‍. മുംബൈ, ചെന്നൈ, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ തയാറാക്കിയ വില്‍പത്രം പ്രൊബേറ്റ് ചെയ്തിരിക്കണം. മറ്റു സ്ഥലങ്ങളില്‍ പ്രത്യേക സാഹചര്യങ്ങളില്‍, ആവശ്യാനുസരണം മാത്രം ചെയ്താല്‍ മതി.

വില്‍പത്രം, പ്രൊബേറ്റ് -വ്യത്യാസമെന്ത്?

വില്‍പത്രം രജിസ്റ്റര്‍ ചെയ്യുന്നതും പ്രൊബേറ്റ് ചെയ്യുന്നതും തമ്മിലുള്ള വ്യത്യാസം എന്താണ്? ഒരാള്‍ ജീവിച്ചിരിക്കുമ്പോള്‍ തയാറാക്കുന്നതാണ് വില്‍പത്രം. രജിസ്റ്റര്‍ ചെയ്യുന്നത് സബ്‌രജിസ്ട്രാര്‍ മുമ്പാകെ. സ്വത്ത് വിഭജനത്തില്‍ അത് ശക്തമായ തെളിവ്. രജിസ്‌ട്രേഷന്‍ ചെലവ് പരിമിതം.

പ്രൊബേറ്റ് ചെലവ് എങ്ങനെ?

വില്‍പത്രം എഴുതിയ ആളുടെ മരണശേഷമാണ് പ്രൊബേറ്റ് ചെയ്യല്‍. അധികാര പരിധിക്ക് വിധേയമായി ജില്ലാ കോടതിയോ, ഹൈകോടതിയോ ആണ് പ്രൊബേറ്റ് ചെയ്യുന്നത്. ശരിയായ വില്‍പത്രമാണെന്ന് സാക്ഷ്യപ്പെടുത്തുന്നത് അധികാരാവകാശം ഊട്ടിയുറപ്പിക്കുന്നു. എന്നാല്‍ ചെലവ് കുടുതല്‍. കോടതി ചെലവ്, വക്കീല്‍ ഫീസ്, കാലതാമസം...

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com