

2026 സാമ്പത്തിക വർഷത്തിന്റെ തുടക്കത്തോടെ (ഏപ്രിൽ 1, 2026) ടിഡിഎസ് (TDS), ടിസിഎസ് (TCS) നിയമങ്ങളിൽ സുപ്രധാനമായ മാറ്റങ്ങൾ നടപ്പിലാക്കിയിരിക്കുകയാണ്. നികുതി നടപടിക്രമങ്ങൾ ലളിതമാക്കാനും മനുഷ്യ സഹജമായ പിശകുകൾ കുറയ്ക്കാനും ലക്ഷ്യമിട്ടുള്ള ഈ പരിഷ്കാരങ്ങൾ നിക്ഷേപകർക്കും വിദ്യാർത്ഥികൾക്കും വിദേശ യാത്രക്കാർക്കും വലിയ ആശ്വാസമായിരിക്കും. പ്രധാന മാറ്റങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
1. വിദേശ വിനിമയങ്ങൾക്കുള്ള ടിസിഎസ് നിരക്ക് കുറച്ചു: വിദേശ യാത്രാ പാക്കേജുകൾക്ക് ഇനി മുതൽ 2 ശതമാനം ഫ്ലാറ്റ് ടിസിഎസ് നിരക്ക് മാത്രമേ ഈടാക്കുകയുള്ളൂ. നേരത്തെ ഇത് 10 ലക്ഷം രൂപ വരെ 5 ശതമാനവും അതിനു മുകളിൽ 20 ശതമാനവുമായിരുന്നു. കൂടാതെ, വിദേശത്തെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കും ചികിത്സയ്ക്കുമായി പണം അയക്കുമ്പോഴുള്ള ടിസിഎസ് നിരക്ക് 5 ശതമാനത്തിൽ നിന്ന് 2 ശതമാനമായി കുറച്ചു.
2. ചെറുകിട നിക്ഷേപകർക്ക് ഏകീകൃത ഫോം: നികുതി ബാധ്യതയില്ലാത്ത വ്യക്തികൾക്ക് ടിഡിഎസ് ഒഴിവാക്കുന്നതിനായി നൽകിയിരുന്ന ഫോം 15G, ഫോം 15H എന്നിവ നിർത്തലാക്കി. പകരം 'ഫോം 121' എന്ന ഏകീകൃത ഫോം അവതരിപ്പിച്ചു. മുമ്പ് പ്രായത്തിന്റെ അടിസ്ഥാനത്തിലാണ് ഈ ഫോമുകൾ (60 വയസിന് താഴെയുള്ളവർക്ക് 15G, മുതിർന്ന പൗരന്മാർക്ക് 15H) തിരഞ്ഞെടുത്തിരുന്നതെങ്കിൽ, പുതിയ ഫോം 121 ൽ അത്തരം പ്രായവ്യത്യാസങ്ങൾ ഇല്ല.
3. എൻആർഐ വസ്തു ഇടപാടുകൾ ലളിതമാക്കി: പ്രവാസികളിൽ (NRI) നിന്ന് വസ്തു വാങ്ങുന്ന താമസക്കാരായ ഇന്ത്യക്കാർക്ക് 2026 ഒക്ടോബർ 1 മുതൽ വലിയ ഇളവ് അനുവദിച്ചു. ഇത്തരം ഇടപാടുകൾക്ക് ഇനി ടാക്സ് ഡിഡക്ഷൻ അക്കൗണ്ട് നമ്പർ (TAN) ആവശ്യമില്ല. പകരം വാങ്ങുന്നയാളുടെ പെർമനന്റ് അക്കൗണ്ട് നമ്പർ (PAN) മാത്രം ടിഡിഎസ് നടപടികൾ പൂർത്തിയാക്കാൻ മതിയാകും.
പുതിയ നികുതി വ്യവസ്ഥയിൽ (New Tax Regime) അടിസ്ഥാന നികുതി ഇളവ് പരിധി എല്ലാവർക്കും 4,00,000 രൂപയാക്കി നിശ്ചയിച്ചിട്ടുണ്ട്. പഴയ വ്യവസ്ഥയിൽ ഇത് സാധാരണക്കാർക്ക് 2,50,000 രൂപയും മുതിർന്ന പൗരന്മാർക്ക് 3,00,000 രൂപയുമാണ്. ഈ മാറ്റങ്ങൾ നികുതിദായകരുടെ പേപ്പർ ജോലികൾ കുറയ്ക്കാനും സാമ്പത്തിക ഇടപാടുകൾ വേഗത്തിലാക്കാനും സഹായിക്കും.
Read DhanamOnline in English
Subscribe to Dhanam Magazine