

ഓഹരി വിപണിയിലെ ചാഞ്ചാട്ടങ്ങൾക്കിടയിൽ മ്യൂച്വൽ ഫണ്ടുകളിൽ എങ്ങനെ നിക്ഷേപിക്കണം എന്നത് പല നിക്ഷേപകരെയും അലട്ടുന്ന ചോദ്യമാണ്. ഒരു വലിയ തുക ഒന്നിച്ച് നിക്ഷേപിക്കുന്നതിനേക്കാൾ (Lumpsum) സിസ്റ്റമാറ്റിക് ട്രാൻസ്ഫർ പ്ലാൻ (STP) അല്ലെങ്കിൽ എസ്ഐപി (SIP) വഴി നിക്ഷേപത്തിലേക്ക് കടക്കുന്നതാണ് ഏറ്റവും സുരക്ഷിതമായ മാർഗമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഒന്നിച്ച് ഒരു തുക (ഉദാഹരണമായി ഒന്നര ലക്ഷം രൂപ) കൈയില്‍ കിട്ടുമ്പോള്‍ അത് അപ്പാടെ നിക്ഷേപിക്കുന്നതിനുള്ള പ്രവണതയാണ് പൊതുവെയുളളത്. എന്നാല്‍ അസ്ഥിരമായി ചലിക്കുന്ന നിലവിലെ വിപണി സാഹചര്യത്തില്‍ അത് ഗുണകരമാകില്ല, മറിച്ച് എസ്ടിപി മാര്‍ഗം അവലംബിക്കുകയായിരിക്കും അഭികാമ്യം.
കഴിഞ്ഞ നാല് തുടർച്ചയായ വ്യാപാര ദിവസങ്ങളിൽ ഇന്ത്യൻ ഓഹരി വിപണിയിൽ ബി.എസ്.ഇ സെൻസെക്സ് ഏകദേശം 4.4 ശതമാനവും, നിഫ്റ്റി 50 സൂചിക 4 ശതമാനവുമാണ് ഇടിഞ്ഞത്. ഈ കാലയളവിൽ നിക്ഷേപകര്‍ക്കുണ്ടായ നഷ്ടം ഏകദേശം പതിനേഴ് ലക്ഷം കോടി രൂപയാണ്. യു.എസ്-ഇറാന്‍ യുദ്ധം, രൂപയുടെ മൂല്യത്തകർച്ച അടക്കമുളള വിഷയങ്ങള്‍ വിപണിയില്‍ പ്രതിഫലിക്കുന്നു. അതേസമയം ഇന്ന് (മെയ് 13) സെന്‍സെക്സ് 0.50 ശതമാനം ഉയര്‍ന്ന് 74,950 നിലവാരത്തിലും നിഫ്റ്റി ഒരു ശതമാനത്തോളം ഉയര്‍ന്ന് 23,517 നിലവാരത്തിലുമാണ് വ്യാപാരം. ഇത്തരത്തില്‍ വിപണി ചാഞ്ചാട്ടത്തിന്റെ പാതയിലുളളപ്പോള്‍ ഒന്നിച്ച് ഭാരിച്ച ഒരു തുക വിപണിയില്‍ മുടക്കുന്നത് ഉചിതമല്ല.
ഒരു വലിയ തുക ഒന്നിച്ച് നിക്ഷേപിച്ച ഉടൻ തന്നെ വിപണി താഴേക്ക് പോയാൽ, ആ നഷ്ടം വീണ്ടെടുക്കാൻ (Recovery) നിക്ഷേപകന് വലിയ സമയം ആവശ്യമായി വരുമെന്ന് തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജെഡിഐ വെല്‍ത്തിന്റെ സ്ഥാപകയും സിഇഒയുമായ ധന്യ വി.ആര്‍ സിഎഫ്പി ചൂണ്ടിക്കാട്ടുന്നു. എന്നാൽ എസ്ഐപി അല്ലെങ്കിൽ എസ്ടിപി വഴി നിക്ഷേപിക്കുമ്പോൾ പണം കൃത്യമായ ഇടവേളകളിൽ തവണകളായി വിന്യസിക്കപ്പെടുന്നു.
ഇതിലൂടെ വിപണി ഉയർന്നു നിൽക്കുമ്പോൾ കുറഞ്ഞ യൂണിറ്റുകളും, വിപണി താഴെയാകുമ്പോൾ കൂടുതൽ യൂണിറ്റുകളും വാങ്ങാൻ സാധിക്കുന്നു. ഇതിനെയാണ് 'റുപ്പി കോസ്റ്റ് ആവറേജിങ്' എന്ന് വിളിക്കുന്നത്. ഇത് നിക്ഷേപത്തിന്റെ ശരാശരി വില കുറയ്ക്കാനും വിപണിയിലെ ഇടിവുകളിൽ നിന്നുള്ള നഷ്ടം (Downside risk) കുറയ്ക്കാനും സഹായിക്കുന്നു. ലംപ്സം നിക്ഷേപത്തിൽ വിപണി വില ശരാശരി ആക്കാനുള്ള ഈ അവസരം ലഭിക്കില്ല.
വിപണിയുടെ സമയം നോക്കേണ്ടതില്ല (No Market Timing Risk): ലംപ്സം നിക്ഷേപത്തിന് വിപണി ഏറ്റവും താഴ്ന്ന നിലയിലായിരിക്കണം. എന്നാല്‍ വിപണിയുടെ കൃത്യമായ സമയം (Market Timing) പ്രവചിക്കുക അസാധ്യമാണ്. SIP അല്ലെങ്കിൽ STP വഴി നിക്ഷേപിക്കുമ്പോൾ വിപണി ഏത് നിലയിലാണെങ്കിലും ബാധിക്കുന്നില്ല. ഇത് തെറ്റായ സമയത്ത് വലിയ തുക നിക്ഷേപിച്ച് പണം നഷ്ടപ്പെടാനുള്ള സാധ്യത ഒഴിവാക്കുന്നതായും ധന്യ പറഞ്ഞു.
കയ്യിലുള്ള വലിയ തുക ആദ്യം ഒരു ലിക്വിഡ് അല്ലെങ്കിൽ ഡെറ്റ് ഫണ്ടിൽ ലംപ്സമായി നിക്ഷേപിക്കുന്നു.
അവിടെനിന്ന് നിശ്ചിത തുക കൃത്യമായ ഇടവേളകളിൽ ഇക്വിറ്റി ഫണ്ടിലേക്ക് (STP വഴി) മാറ്റുന്നു.
ഇതിലൂടെ ഡെറ്റ് ഫണ്ടിൽ നിന്ന് സ്ഥിരമായ പലിശയും ഇക്വിറ്റി ഫണ്ടിൽ നിന്ന് വിപണിയുടെ നേട്ടവും ഒരേസമയം ലഭിക്കുന്നു.
വിപണിയിൽ ചാഞ്ചാട്ടം (Volatility) അനുഭവപ്പെടുമ്പോൾ എസ്ഐപി നിർത്താതിരിക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. വിപണി താഴേക്ക് പോകുന്നത് ഒരു നെഗറ്റീവ് സാഹചര്യമായി കാണാതെ, കുറഞ്ഞ വിലയിൽ കൂടുതൽ യൂണിറ്റുകൾ വാങ്ങാനുള്ള ഒരു അവസരമായി (Opportunity) വേണം കാണാൻ. വിപണിയിൽ ഇടിവുണ്ടാകുന്ന ദിവസങ്ങൾ (Correction days) പോർട്ട്‌ഫോളിയോ ആവറേജ് ചെയ്യുന്നതിനായി ഉപയോഗിക്കണം. ഇത്തരത്തിൽ അച്ചടക്കത്തോടെയുള്ള നിക്ഷേപം തുടരുന്നത് ദീർഘകാലാടിസ്ഥാനത്തിൽ വലിയ നേട്ടം നൽകും.
പുതിയ നിക്ഷേപകർ വിപണിയിലെ താഴ്ചകളെ ഒരു അവസരമായി കണ്ട് നിക്ഷേപം ആരംഭിക്കണം, നിലവിലുള്ളവർ തങ്ങളുടെ പോർട്ട്‌ഫോളിയോ ആവറേജ് ചെയ്ത് മുന്നോട്ട് പോകുന്നതുമായിരിക്കും നല്ലതെന്ന് വിദഗ്ധര്‍ വ്യക്തമാക്കുന്നു.
നിക്ഷേപകരുടെ സാമ്പത്തിക ലക്ഷ്യങ്ങൾക്കനുസരിച്ചായിരിക്കണം (Goals) ഫണ്ടുകൾ തിരഞ്ഞെടുക്കേണ്ടത്.
ദീർഘകാലം (7 വർഷത്തിന് മുകളിൽ): ഇക്വിറ്റി ഫണ്ടുകൾ തിരഞ്ഞെടുക്കാം.
ഹ്രസ്വകാലം: ഡെറ്റ് ഫണ്ടുകളെ ആശ്രയിക്കുന്നതാണ് ഉചിതം.
ഇടത്തരം കാലയളവ്: റിസ്ക് കുറയ്ക്കാനും റിട്ടേൺ മെച്ചപ്പെടുത്താനും മൾട്ടി അസറ്റ് ഫണ്ടുകൾ (Multi-asset funds) മികച്ചതാണ്.
SIP and STP over lump sum investments in mutual funds during volatile market conditions to reduce risk and improve long-term returns.
Read DhanamOnline in English
Subscribe to Dhanam Magazine