SIP നിക്ഷേപത്തിന് 7 വർഷമെങ്കിലും സമയം നൽകണമെന്ന് പറയുന്നത് എന്തുകൊണ്ട്? 21 വർഷത്തെ പഠനം കാണിക്കുന്നത് ഇതാണ്

കാലയളവ് വർദ്ധിക്കുമ്പോൾ ഏറ്റവും കുറഞ്ഞ റിട്ടേൺ നിരക്കിലും കാര്യമായ പുരോഗതിയുണ്ടായി. നിഫ്റ്റി 100-ൽ 5 വർഷത്തെ ഏറ്റവും കുറഞ്ഞ റിട്ടേൺ -5.9% ആയിരുന്നത് 7 വർഷത്തിൽ -0.8% ആയും 10 വർഷത്തിൽ +2.8% ആയും മെച്ചപ്പെട്ടു
Mutual Funds
Image courtesy: Canva
Published on: 

ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളിലും സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെന്റ് പ്ലാനുകളിലും (SIP) എത്ര കാലയളവ് നിക്ഷേപം തുടരുന്നതാണ് അനുയോജ്യം എന്നത് മിക്കവരെയും ചിന്താകുഴപ്പത്തിലാക്കാറുണ്ട്. ഈ അവസരത്തില്‍ മോത്തിലാൽ ഓസ്വാൾ മ്യൂച്വൽ ഫണ്ട് (Motilal Oswal Mutual Fund) നടത്തിയ പഠനം ശ്രദ്ധേയമാകുകയാണ്. 2005 ഏപ്രിൽ മുതൽ 2026 ഒക്ടോബർ വരെയുള്ള 21 വർഷത്തെ ഡാറ്റയും 2008-09 ധനകാര്യ പ്രതിസന്ധി, 2013-ലെ വിപണി ഇടിവ്, കോവിഡ്-19 തുടങ്ങിയ വിവിധ വിപണി ചക്രങ്ങളും വിശകലനം ചെയ്താണ് ഈ റിപ്പോർട്ട് തയാറാക്കിയത്.

നിക്ഷേപ കാലയളവും നഷ്ടസാധ്യതയും

നിക്ഷേപിക്കുന്ന കാലയളവ് കൂടുന്തോറും കുറഞ്ഞ റിട്ടേൺ നിരക്ക് (Minimum returns) മെച്ചപ്പെടുകയും നഷ്ടം (Negative returns) വരാനുള്ള സാധ്യത കുത്തനെ കുറയുകയും ചെയ്യുന്നതായി പഠനം വ്യക്തമാക്കുന്നു.

5 വർഷത്തെ എസ്.ഐ.പി: നെഗറ്റീവ് റിട്ടേൺ ഉണ്ടാകാനുള്ള സാധ്യത നിഫ്റ്റി 100-ൽ 1%, നിഫ്റ്റി മിഡ്ക്യാപ് 150-ൽ 2%, നിഫ്റ്റി സ്മോൾക്യാപ് 250-ൽ 10.5%, നിഫ്റ്റി 500-ൽ 2% എന്നിങ്ങനെയായിരുന്നു.

7 വർഷത്തെ എസ്.ഐ.പി: 7 വർഷം പിന്നിടുമ്പോൾ നെഗറ്റീവ് റിട്ടേൺ സാധ്യത നിഫ്റ്റി 100-ൽ 0.6%, നിഫ്റ്റി മിഡ്ക്യാപ് 150-ൽ 0%, നിഫ്റ്റി സ്മോൾക്യാപ് 250-ൽ 5.1%, നിഫ്റ്റി 500-ൽ 0.6% ആയി കുറഞ്ഞു.

10 വർഷത്തെ എസ്.ഐ.പി: 10 വർഷത്തെ നിക്ഷേപ കാലയളവിൽ നിഫ്റ്റി സ്മോൾക്യാപ് 250 ഒഴികെയുള്ള മൂന്ന് സൂചികകളിലും 0% നെഗറ്റീവ് റിട്ടേൺ മാത്രമാണ് രേഖപ്പെടുത്തിയത് (സ്മോൾക്യാപിൽ 0.7% മാത്രം). അതായത് 10 വർഷത്തെ എസ്.ഐ.പികൾ ഏതാണ്ട് പൂർണമായും പോസിറ്റീവ് റിട്ടേണിൽ അവസാനിച്ചു.

കുറഞ്ഞ റിട്ടേണുകളിലെ മാറ്റം: കാലയളവ് വർദ്ധിക്കുമ്പോൾ ഏറ്റവും കുറഞ്ഞ റിട്ടേൺ നിരക്കിലും കാര്യമായ പുരോഗതിയുണ്ടായി. ഉദാഹരണത്തിന്, നിഫ്റ്റി 100-ൽ 5 വർഷത്തെ ഏറ്റവും കുറഞ്ഞ റിട്ടേൺ -5.9% ആയിരുന്നത് 7 വർഷത്തിൽ -0.8% ആയും 10 വർഷത്തിൽ +2.8% ആയും മെച്ചപ്പെട്ടു. നിഫ്റ്റി മിഡ്ക്യാപ് 150-ൽ ഇത് -8.4%-ൽ നിന്ന് 7 വർഷത്തിൽ +0.4% ആയും 10 വർഷത്തിൽ +4.6% ആയും വർദ്ധിച്ചു.

10 വർഷത്തെ ശരാശരി റിട്ടേൺ: 10 വർഷത്തെ എസ്.ഐ.പികളിൽ നിഫ്റ്റി 100 ശരാശരി 11.5%, നിഫ്റ്റി മിഡ്ക്യാപ് 150 16.3%, നിഫ്റ്റി സ്മോൾക്യാപ് 250 13.8%, നിഫ്റ്റി 500 12.1% വീതം ശരാശരി വാർഷിക റിട്ടേൺ നൽകി.

ഹ്രസ്വകാലയളവിലെ വിപണി അസ്ഥിരതകളെ മറികടന്ന് മെച്ചപ്പെട്ട സുരക്ഷിതത്വവും റിട്ടേണും ലഭിക്കുന്നതിന് എസ്.ഐ.പി നിക്ഷേപങ്ങൾക്ക് കുറഞ്ഞത് 7 മുതൽ 10 വർഷം വരെ സമയം നൽകേണ്ടത് അത്യാവശ്യമാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```