വിപണിയിൽ ചാഞ്ചാട്ടം; പക്ഷേ എസ്ഐപി നിർത്തിയാൽ നിങ്ങളെ കാത്തിരിക്കുന്നത് വൻ നഷ്ടം; എങ്ങനെ?

ഓഹരി വിപണിയിൽ കടുത്ത ചാഞ്ചാട്ടം; ഇപ്പോൾ എസ്ഐപി നിർത്തണോ അതോ തുടരുന്നതോ ​ഗുണകരം?
mutual fund sip investment
Published on

ആ​ഗോള ഘടകങ്ങൾ പ്രതികൂലമായതിനെ തുടർന്ന് കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇന്ത്യൻ ഓഹരി വിപണിയിൽ കടുത്ത ചാഞ്ചാട്ടമാണ് പ്രകടമാകുന്നത്. എൻഎസ്ഇയുടെ അടിസ്ഥാന ഓഹരി സൂചികയിൽ ഈമാസം ഇതുവരെയുള്ള കാലയളവിനിടെ 1,200 പോയിന്റിലധികം തിരിച്ചടി നേരിട്ടു. സർവകാല റെക്കോഡ് നിലവാരത്തിൽ നിന്നും പൊടുന്നനേ സൂചികകൾ താഴേക്കിറങ്ങിയപ്പോൾ സാധാരണക്കാരിലെ ഒരു വിഭാ​ഗത്തിന് മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിൽ നിന്നും നഷ്ടം നേരിടുമോ എന്നതു സംബന്ധിച്ച ആശങ്കയുയരുന്നു.

ഇതോടെ മ്യൂച്വൽ ഫണ്ടുകളിലേക്കുള്ള പ്രതിമാസ നിക്ഷേപമായ എസ്ഐപി തുക, ഓഹരി വിപണി ശാന്തമാകുന്നതു വരെ നി‌ർത്തിവെക്കണോ? അതോ കൂടുതൽ നഷ്ടം നേരിടുന്നതിന് മുൻപ് കൈവശമുള്ള എസ്ഐപി മ്യൂച്വൽ ഫണ്ട് നിക്ഷേപം പിൻവലിച്ച് രക്ഷപ്പെടണോ? തുടങ്ങിയ ചോ​ദ്യങ്ങളാണ് നിക്ഷേപകരുടെ മനസ്സിനെ പ്രധാനമായും വലയ്ക്കുന്നത്. ഈയൊരു പശ്ചാത്തലത്തിൽ എസ്ഐപി നിക്ഷേപം നേരത്തെ നിർത്തിയാൽ നേരിടാവുന്ന നഷ്ടങ്ങളും ഇത്തരം സന്ദർഭങ്ങളിൽ എന്ത് തന്ത്രമാണ് നിക്ഷേപകർ പുലർത്തേണ്ടത് എന്നും വിശദമായി അറിയാം.

എസ്ഐപി നേരത്തെ നിർത്തുന്നതിനുള്ള പൊതുവായ കാരണങ്ങൾ

വിപണിയിലെ കടുത്ത ചാഞ്ചാട്ടം, അനിശ്ചിതാവസ്ഥ, വമ്പൻ ഇടിവ് എന്നിവ എസ്ഐപി നിർത്തിവെപ്പിക്കാൻ മിക്ക നിക്ഷേപകരേയും പ്രേരിപ്പിക്കും. പക്ഷേ, വിപണി ഇടിയുമ്പോഴാണ് ഒരേ നിക്ഷേപ തുകയില്‍ കൂടുതല്‍ യൂണിറ്റുകള്‍ വാങ്ങാന്‍ കഴിയുക. ഇതിലൂടെ ശരാശരി വാങ്ങല്‍ വില കുറയും. ഇക്കാര്യങ്ങള്‍ മറക്കുന്നതാണ് വിറ്റൊഴിയാന്‍ പ്രേരിപ്പിക്കുന്നത്.

അതുപോലെ ഉയർന്ന പ്രകടനം കാഴ്ചവെക്കുന്ന മറ്റൊരു അസറ്റ് വിഭാ​ഗത്തിലേക്കോ അല്ലെങ്കിൽ മ്യൂച്വൽ ഫണ്ടിലേക്കോ നിക്ഷേപം മാറ്റാനുള്ള ത്വരയും നിലവിലുള്ള എസ്ഐപി നി‌ർത്തുന്നതിന് ചിലരെ പ്രേരിപ്പിക്കുന്ന ഘടകമായി മാറുന്നുണ്ട്. വിപണിയുടെ കയറ്റിറക്കങ്ങളെക്കുറിച്ച് കൃത്യമായ ധാരണ ഇല്ലാത്തതും നേരത്തെ നിക്ഷേപം നിര്‍ത്താന്‍ പ്രേരിപ്പിക്കുന്നു.

ദീ‌ർഘകാലമില്ലെങ്കിൽ കോമ്പൗണ്ടിങ് നഷ്ടമാകും

എസ്ഐപി എന്നത് ദീർഘകാലയളവിൽ പയറ്റിത്തെളിഞ്ഞതും താരതമ്യേന വിജയസാധ്യത ഉള്ളതുമായ നിക്ഷേപ ശൈലിയാണ്. ഇതിനെ ഹ്രസ്വകാലയളവിലേക്കുള്ള ട്രേഡിങ് ഇടപാടായി കാണരുത്. എത്രത്തോളം കാലം എസ്ഐപി നിക്ഷേപം നീണ്ടുനിൽക്കുമോ അത്രത്തോളം മൊത്ത സമ്പാദ്യം വർധിപ്പിക്കുന്നതിലേക്കും നയിക്കും. കാരണം ദീർഘകാലയളവിലാണ് കോമ്പൗണ്ടിങ്ങിന്റെ ശക്തി വെളിപ്പെടുന്നത്. ഒരു ഉദാഹരണം താഴെ കൊടുക്കുന്നു.

പ്രതിമാസം 10,000 രൂപ വീതം എസ്ഐപി തുകയായി 15 ശതമാനം സംയോജിത വാർഷിക വളർച്ച രേഖപ്പെടുത്തുന്ന ഒരു ഫണ്ടിൽ നിക്ഷേപിക്കുന്നു എന്ന് കരുതുക. എങ്കിൽ ആദ്യ മൂന്ന് വർഷത്തിനു ശേഷം നിങ്ങളുടെ മൊത്തം നിക്ഷേപമൂല്യം 4.56 ലക്ഷം രൂപയായിരിക്കും. അഞ്ച് വർഷത്തിനു ശേഷമാണെങ്കിൽ നിക്ഷേപം 8.96 ലക്ഷം രൂപയിലേക്കും 10 വർഷം പൂർത്തിയാകുമ്പോൾ 27.86 ലക്ഷം രൂപയിലേക്കും വളരും. എന്നാൽ അതേ എസ്ഐപി നിക്ഷേപം 20 വർഷത്തേക്കാണ് തുടർന്നിരുന്നതെങ്കിൽ നിങ്ങളുടെ കയ്യിലേക്ക് എത്തിച്ചേരുന്നത് 1.52 കോടി രൂപയായിരിക്കും. അതായത്, നേരത്തെ എസ്ഐപി നിക്ഷേപം നിർത്തിയാൽ ഭാവിയിൽ കിട്ടാമായിരുന്ന വമ്പൻ ആദായമാണ് നഷ്ടപ്പെടുത്തുകയെന്ന് സാരം.

നിക്ഷേപകർ എന്ത് ചെയ്യണം?

വളരെ ദീർഘമായ കാലയളവിലേക്ക് നിക്ഷേപം തുടർന്നാൽ മാത്രമാണ് എസ്ഐപിയുടെ മാജിക് അനുഭവിക്കാൻ കഴിയുക എന്ന് മനസ്സിലാക്കുക. 10 വർഷക്കാലയളവിനു മുകളിലേക്ക് എസ്ഐപിയിൽ കാത്തിരിക്കുന്തോറും സമ്പാദ്യത്തിന്റെ കനവും വർധിക്കാം. അതിനാൽ ക്ഷമയും അച്ചടക്കവും കാണിക്കുമ്പോഴാണ് എസ്ഐപി നിക്ഷേപത്തില്‍ നിന്ന് നേട്ടമുണ്ടാക്കാനാവുക. എത്രത്തോളം നേരത്തെ എസ്ഐപി ആരംഭിക്കാമെങ്കിൽ അത്രയും നല്ലത്. അതിലൂടെ കോമ്പൗണ്ടിങ് ശക്തിയുടെ നേട്ടം കൂടുതൽ സ്വന്തമാക്കാനുള്ള അവസരവും കൈവരുന്നു.

വാർഷികമായി എസ്ഐപി തുകയിൽ വർധനവ് വരുത്താൻ സാധിക്കുമെങ്കിൽ (​സ്റ്റെപ്പ്-അപ്പ് എസ്ഐപി) ആദായത്തിന്റെ വലിപ്പം കൂട്ടാനോ അല്ലെങ്കിൽ ലക്ഷ്യം നേരത്തെ നേടിയെടുക്കാനോ സഹായിക്കും. റീബാലൻസിങ്ങിലൂടെ കൃത്യമായ അസറ്റ് അലോക്കേഷൻ നിലനിർത്തുക, ശക്തമായ മേൽനോട്ടവും റിസ്ക് മാനേജ്മെന്റും പുലർത്തുന്ന ക്വാളിറ്റിയുള്ള ഫണ്ട് തെരഞ്ഞെടുക്കുക തുടങ്ങിയ കാര്യങ്ങളും ശ്രദ്ധിക്കുക.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com