മ്യൂച്വല്‍ഫണ്ടിലെ 'തവണവ്യവസ്ഥ' തരംഗമാകുന്നു; എസ്.ഐ.പി വഴി കഴിഞ്ഞവര്‍ഷം എത്തിയത് ₹2ലക്ഷം കോടി

സമ്പത്ത് വര്‍ധിപ്പിക്കാനും അതിവേഗം സാമ്പത്തിക സ്വാതന്ത്ര്യം നേടാനുമുള്ള ഏറ്റവും മികച്ച നിക്ഷേപമാര്‍ഗമായി വിലയിരുത്തുന്ന മ്യൂച്വല്‍ഫണ്ടുകളിലേക്ക് തവണവ്യവസ്ഥയില്‍ നിക്ഷേപിക്കാവുന്ന സൗകര്യമായ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാനുകള്‍ക്ക് (SIP) ഇന്ത്യയില്‍ സ്വീകാര്യതയേറുന്നു.
ആഴ്ച, മാസം, ത്രൈമാസം തുടങ്ങി തവണവ്യവസ്ഥയില്‍ നിക്ഷേപിക്കാന്‍ എസ്.ഐ.പി വഴി സാധിക്കും. ഏറ്റവും കുറഞ്ഞത് 100 രൂപ മുതല്‍ നിക്ഷേപിക്കാമെന്നതാണ് സാധാരണക്കാരെയും എസ്.ഐ.പികളിലേക്ക് ആകര്‍ഷിക്കുന്നത്.
ഇക്കഴിഞ്ഞ മാര്‍ച്ച് 31ന് സമാപിച്ച 2023-24 സാമ്പത്തിക വര്‍ഷത്തില്‍ 1,99,219 കോടി രൂപയാണ് എസ്.ഐ.പി വഴി മ്യൂച്വല്‍ഫണ്ടുകളിലേക്ക് എത്തിയതെന്ന് മ്യൂച്വല്‍ഫണ്ട് സ്ഥാപനങ്ങളുടെ കൂട്ടായ്മയായ അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍ഫണ്ട്‌സ് ഇന്‍ ഇന്ത്യയുടെ (AMFI) കണക്കുകള്‍ വ്യക്തമാക്കി.
2022-23 സാമ്പത്തിക വര്‍ഷത്തെ 1.56 ലക്ഷം കോടി രൂപയെ അപേക്ഷിച്ച് 28 ശതമാനമാണ് വര്‍ധന. 2021-22ല്‍ 1.24 ലക്ഷം കോടി രൂപയും 2020-21ല്‍ 96,080 കോടി രൂപയുമായിരുന്നു എസ്.ഐ.പി വഴിയെത്തിയ നിക്ഷേപം. 2016-17ലെ എസ്.ഐ.പി നിക്ഷേപം വെറും 43,921 കോടി രൂപയായിരുന്നു എന്നത് വിലയിരുത്തമ്പോള്‍, കഴിഞ്ഞ 7 വര്‍ഷത്തിനിടെ നേടിയ സ്വീകാര്യത ഏറെ ശ്രദ്ധേയവുമാണ്.
എസ്.ഐ.പി അക്കൗണ്ടുകളും മൊത്തം തുകയും
ഇന്ത്യയിലാകെ 8.39 കോടി എസ്.ഐ.പി അക്കൗണ്ടുകളാണ് മാര്‍ച്ച് 31 പ്രകാരമുള്ളതെന്ന് ആംഫി പറയുന്നു. കഴിഞ്ഞവര്‍ഷം മാത്രം 4.28 ലക്ഷം പുതിയ അക്കൗണ്ടുകള്‍ രൂപീകരിക്കപ്പെട്ടു.
മ്യൂച്വല്‍ഫണ്ടുകള്‍ കൈകാര്യം ചെയ്യുന്ന മൊത്തം എസ്.ഐ.പി നിക്ഷേപം 10.71 ലക്ഷം കോടി രൂപയാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ തുടക്കത്തില്‍ (ഏപ്രില്‍, 2023) ഇത് 7.17 ലക്ഷം കോടി രൂപയായിരുന്നു.
പ്രതിമാസം ഒഴുകിയെത്തുന്ന എസ്.ഐ.പി നിക്ഷേപങ്ങളിലും മികച്ച വളര്‍ച്ചയുണ്ട്. 2023 മാര്‍ച്ചിലെത്തിയത് 14,276 കോടി രൂപയായിരുന്നെങ്കില്‍ ഇക്കഴിഞ്ഞ മാര്‍ച്ചിലെത്തിയത് 19,271 കോടി രൂപയാണ്.
എന്തുകൊണ്ട് എസ്.ഐ.പിക്ക് പ്രിയം?
തവണവ്യവസ്ഥകളിലൂടെ നിക്ഷേപിക്കാമെന്നതാണ് എസ്.ഐ.പിയുടെ പ്രധാന ഗുണം. ഇന്ത്യന്‍ ഓഹരി വിപണിയും നിരവധി കമ്പനികളുടെ ഓഹരികളും റെക്കോഡുകള്‍ തകര്‍ത്ത് മുന്നേറുന്നത് മ്യൂച്വല്‍ഫണ്ടുകളിലേക്കും നിക്ഷേപകരെ ആകര്‍ഷിക്കുകയാണ്.
ഒറ്റയടിക്ക് വലിയതുക ഓഹരികളിലേക്കും കടപ്പത്രങ്ങളിലേക്കും മറ്റും നിക്ഷേപിക്കാന്‍ സാധിക്കാത്തവര്‍ക്ക് എസ്.ഐ.പി പ്രയോജനപ്പെടുത്താം. ഓരോ മ്യൂച്വല്‍ഫണ്ട് പദ്ധതികളും കൈകാര്യം ചെയ്യുന്നത് ഗവേഷണങ്ങളുടെയും മറ്റും പിന്തുണയോടെ വിദഗ്ദ്ധരാണെന്നതും നിക്ഷേപകരെ ആകര്‍ഷിക്കുന്നു.
മ്യൂച്വല്‍ഫണ്ട് പദ്ധതികളിലെ നിക്ഷേപം മറ്റ് നിക്ഷേപ മാര്‍ഗങ്ങളെ അപേക്ഷിച്ച് താരതമ്യേന ശ്രദ്ധേയമായ നേട്ടം (Return) നല്‍കുന്നുണ്ടെന്നതും നിക്ഷേപകരില്‍ താത്പര്യം ജനിപ്പിക്കുന്നുവെന്നാണ് വിലയിരുത്തലുകള്‍.
ബാങ്കുകളിലെ നിക്ഷേപം കൊഴിയുന്നു, പണം മ്യൂച്വല്‍ഫണ്ടുകളിലേക്ക്
മ്യൂച്വല്‍ഫണ്ടുകള്‍ക്കും എസ്.ഐ.പികള്‍ക്കും സ്വീകാര്യതയേറിയതോടെ നിറംമങ്ങുകയാണ് രാജ്യത്തെ ബാങ്ക് നിക്ഷേപങ്ങള്‍. ബാങ്കുകളില്‍ കറന്റ് അക്കൗണ്ട് സേവിംഗ്‌സ് അക്കൗണ്ട് (CASA) നിക്ഷേപമായി എത്തേണ്ട പണത്തില്‍ വലിയപങ്ക് ഇപ്പോള്‍ എസ്.ഐ.പികളിലൂടെ മ്യൂച്വല്‍ഫണ്ടുകളിലേക്കാണ് ഒഴുകുന്നത്.
ഇത് ബാങ്കുകളുടെ പ്രവര്‍ത്തനത്തിലെ നിര്‍ണായകഘടകമായ കാസ നിക്ഷേപം കുറയാനിടയാക്കുന്നുണ്ട്. ഇത് ബാങ്കുകള്‍ക്ക് വലിയ തിരിച്ചടിയുമാണ്. യുവാക്കളാണ് കൂടുതല്‍ ബാങ്ക് നിക്ഷേപങ്ങളേക്കാളുപരി മ്യൂച്വല്‍ഫണ്ടുകളിലേക്ക് തിരിയുന്നതെന്നും വിവിധ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.
2023 മാര്‍ച്ചില്‍ ഇന്ത്യയിലെ വാണിജ്യ ബാങ്കുകളുടെ സംയുക്ത കാസ അനുപാതം (CASA Ratio/current account savings account deposits) 43.1 ശതമാനമായിരുന്നത് കഴിഞ്ഞ സെപ്റ്റംബറില്‍ 40.5 ശതമാനത്തിലേക്ക് ഇടിഞ്ഞിരുന്നു. 2022 മാര്‍ച്ചില്‍ അനുപാതം 45.2 ശതമാനമായിരുന്നു.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it