ചെറിയ വലിയ ചെലവുകള്‍; ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍
ആവശ്യവും അനാവശ്യമായതുമായ പല ആഗ്രഹങ്ങളും നമ്മുടെ ഉള്ളില്‍ ഉണ്ടാവും. ഉദാഹരണത്തിന് ഇപ്പോഴുള്ള ആന്‍ഡ്രോയിഡ് ഫോണില്‍ നിന്ന് ഐഫോണിലേക്ക് മറണമെന്നോ അല്ലെങ്കില്‍ ഈ ഹാച്ച്ബാക്ക് മാറ്റി ഒരു എസ്‌യുവി എടുത്താലോ തുടങ്ങിയ ചിന്തകളൊക്കെ മനസിലേക്ക് വരും. അനാവശ്യമായി കടബാധ്യത വരുത്തേണ്ടല്ലോ എന്ന് കരുതിയാവും പലരും ഇവയൊക്കെ മാറ്റി വെയ്ക്കുന്നത്.
മുകളില്‍ പറഞ്ഞ കാറും ഫോണും ഒന്നും അനാവശ്യമല്ലെങ്കിലും ഒരാളുടെ സാമ്പത്തിക നില അതിനെ ആഢംബരവും അധികച്ചെലവും ആക്കിയേക്കാം. ആരെയെങ്കിലും വിളിക്കാന്‍ വേണ്ടി മാത്രം ഫോണ്‍ ഉപയോഗിക്കുന്ന ഒരാള്‍ സുഹൃത്തുക്കളെ കാണിക്കാന്‍ വേണ്ടി ഒരു ലക്ഷം രൂപ വിലയുള്ള ഐഫോണ്‍ വാങ്ങുന്നതും ഒരു യുട്യൂബ് വ്‌ലോഗര്‍ അതേ ഫോണ്‍ ഉപയോഗിക്കുന്നതും തമ്മില്‍ തീര്‍ച്ചയായും വ്യത്യാസമുണ്ട്. വ്‌ലോഗര്‍ ഐഫോണ്‍ ഉപയോഗിച്ച് കണ്ടന്റുകള്‍ ക്രിയേറ്റ് ചെയ്ത് പണം സമ്പാദിക്കുമ്പോള്‍ ആദ്യത്തെയാള്‍ ഇഎംഐ അടയ്ക്കുകയായിരിക്കും.
വിലകൂടിയ ബ്രാന്‍ഡഡ് വസ്ത്രങ്ങളും വാച്ചുകളും ഷൂസും തുടങ്ങി കാണുന്നതൊക്കെ വാങ്ങിക്കൂട്ടി ആര്‍ഭാടം കാണിക്കണോ എന്നത് ഒരാളുടെ വ്യക്തിപരമായ തീരുമാനമാണ്. കൈയ്യില്‍ ആവശ്യത്തിലേറെ പണമുണ്ടെങ്കില്‍ ആര്‍ഭാടം കാണിക്കുന്നതിനും കുഴപ്പമില്ല. എന്നാല്‍ ഒരു കുടുംബത്തിന്റെ മുഴുവന്‍ ഉത്തരവാദിത്വം ചുമലിലുള്ള ഒരാളാണ് നിങ്ങളെങ്കില്‍, പണം ചെലവഴിക്കുമ്പോള്‍ രണ്ട് വട്ടം ആലോചിക്കുക തന്നെ വേണം.
ചെലവുകള്‍ പല വഴിക്കാണെന്ന് പറയാറുണ്ട്. മാസം സമ്പാദിക്കുന്ന പണം 50:30:20 എന്ന രീതിയില്‍ നീക്കി വെക്കുന്ന ബഡ്ജറ്റിംഗ് രീതി പത്രത്താളുകള്‍ മുതല്‍ ഇന്‍സ്റ്റഗ്രാം റീലുകളില്‍ വരെ കണ്ടിട്ടുള്ള ആളാവാം നിങ്ങള്‍. അത്യാവശ്യകാര്യങ്ങളും (50%) മറ്റ് ചെലവുകളും (30%) കഴിഞ്ഞ് ഇപ്പറയുന്ന 20 ശതമാനം നീക്കി വെക്കാന്‍ പലര്‍ക്കും കഴിയാറില്ല എന്നതാണ് യാഥാര്‍ത്ഥ്യം. അതിന് വേണ്ടത് കൃത്യമായ സാമ്പത്തിക അച്ചടക്കമാണ്.
നോ പറയാന്‍ പഠിക്കാം
പല അനാവശ്യ ചെലവുകളും ഒഴിവാക്കാന്‍ പറ്റിയ ഒരു സിംപിള്‍ ട്രിക്കാണ് നോ പറയാന്‍ പഠിക്കുക എന്നത്. നിങ്ങള്‍ക്ക് താല്‍പ്പര്യമില്ലാതെ സുഹൃത്തുക്കള്‍ നിര്‍ബന്ധിച്ചതുകൊണ്ട് മാത്രം ബാറില്‍ പോയി മദ്യപിക്കുന്നതോ സിനിമയ്ക്ക് പോവുന്നതോ ഒക്കെ നോ പറച്ചിലിലൂടെ ഒഴിവാക്കാം.
ഷോപ്പിംഗ് ശീലങ്ങള്‍
നല്ല വസ്ത്രങ്ങള്‍ വാങ്ങുന്നതോ ബ്യൂട്ടിപാര്‍ലറുകളില്‍ സമയം ചെലവഴിക്കുന്നതോ ഒന്നും ഒരിക്കലും മോശം കാര്യമല്ല. എന്നാല്‍ അടിക്കടിയുള്ള ഷോപ്പിംഗുകള്‍ കീശ കാലിയാക്കുന്നുണ്ടെന്ന തോന്നല്‍ ഉണ്ടെങ്കില്‍ ഇപ്പറയുന്ന കാര്യങ്ങള്‍ ഗുണം ചെയ്‌തേക്കാം. ഇ-കൊമേഴ്‌സ് വെബസൈറ്റുകളിലെ ഓഫറുകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകളിലെ വില വ്യത്യാസങ്ങള്‍ മുതലായ കാര്യങ്ങള്‍ അറിഞ്ഞിരിക്കണം.
മറ്റൊന്നാണ് സാധനങ്ങളുടെ വില ട്രാക്ക് ചെയ്യുന്ന വെബ്‌സൈറ്റുകള്‍. ഉല്‍പ്പന്നങ്ങളുടെ കുറഞ്ഞ വിലയും കൂടിയ വിലയും ഈ സൈറ്റുകളില്‍ കാണിക്കും. കുറഞ്ഞ വില സൂചിപ്പിക്കുന്നത് ആ ഉല്‍പ്പന്നത്തിന്റെ വില അത്രയും താഴെവരെ പോവാനുള്ള സാധ്യത ഉണ്ട് എന്നതാണ്. പിന്നെ എന്തുവാങ്ങുമ്പോഴും ഈടുനില്‍ക്കുന്നവ നോക്കി തെരഞ്ഞെടുക്കുക. 600 രൂപയുടെ ചെരുപ്പ് വര്‍ഷത്തില്‍ രണ്ട് തവണ വാങ്ങുന്നതിലും ലാഭം 800 രൂപയുടെ ചെരുപ്പ് ഒരു വര്‍ഷം ഉപയോഗിക്കുന്നതല്ലേ..
മുന്‍കൂട്ടി തയ്യാറാവാം
ഇവിടെ പറയുന്നത് കാലങ്ങളോളം നീണ്ടു നില്‍ക്കുന്ന എസ്‌ഐപി നിക്ഷപങ്ങളെക്കുറിച്ചൊന്നും അല്ല. ചെറിയ ചെറിയ കുറേ ആവശ്യങ്ങള്‍ക്ക് പണം കരുതേണ്ടതിനെക്കുറിച്ചാണ്. ഇപ്പോള്‍ ഉപയോഗിക്കുന്ന ഫോണ്‍ വാങ്ങിയിട്ട് രണ്ട് വര്‍ഷം കഴിഞ്ഞെന്നും അടുത്ത വര്‍ഷം തന്നെ പുതിയത് വാങ്ങേണ്ടി വന്നേക്കാം എന്നും അറിയാം. ഈ സാഹചര്യത്തില്‍ ചെറിയൊരു തുക എല്ലാ മാസവും പുതിയൊരു ഫോണിനായി മാറ്റിവെയ്ക്കാം. നിങ്ങളുടെ ചെലവഴിക്കല്‍ ശേഷിക്ക് മുകളിലുള്ളതും എന്നാല്‍ ഒരുപാട് പണം വേണ്ടാത്തതുമായ ഷൂസ്, വസ്ത്രങ്ങള്‍, വാച്ച് തുടങ്ങിയവയൊക്കെ വാങ്ങാന്‍ ഈരീതി ഉപയോഗിക്കാം.
ടെക്ക് ലോകത്തെ അനാവശ്യ ചെലവുകള്‍
ആമസോണ്‍ പ്രൈം മെമ്പര്‍ഷിപ്പ് എടുത്തിട്ട് ഒരു സിനിമ പോലും മര്യാദയ്ക്ക് കാണാത്ത നിരവിധി പേരുണ്ടാകും. പലരും ഒന്നിലധികം ഒടിടി പ്ലാറ്റ്‌ഫോമുകള്‍ സബ്‌സ്‌ക്രൈബ് ചെയ്തിട്ടുണ്ടാകും. കോവിഡ് ലോക്ക്ഡൗണ്‍ കാലത്ത് എടുത്ത സബ്‌സ്‌ക്രിപ്ഷന്‍ ഇപ്പോഴും ഒരു ശീലം പോലെ പലരും തുടരുന്നുണ്ട്. സിനിമയും സീരീസുകളും ഒന്നും കാണാന്‍ സമയമില്ലെങ്കില്‍ പിന്നെ എന്തിനാണ് സബ്‌സ്‌ക്രൈബ് ചെയ്യുന്നത്. സിനിമ കാണമമെന്ന് തോന്നുമ്പോള്‍ രണ്ട് മാസത്തില്‍ ഒരിക്കല്‍ സബ്‌സ്‌ക്രൈബ് ചെയ്യുകയോ അക്കൗണ്ട് ഷെയര്‍ ചെയ്യുന്ന രീതിയോ സ്വീകരിക്കാം. മറ്റൊന്ന് സോഷ്യല്‍ മീഡിയയില്‍ കാണുന്ന ഓരോ ലിങ്കിലും കയറി ചെറിയ ചെറിയ സാധനങ്ങള്‍ മേടിക്കുന്നത്. മുകളില്‍ പറഞ്ഞവ ചെറിയ കാര്യങ്ങളാണെങ്കിലും ശ്രദ്ധിച്ചാല്‍ അത്ര ചെറുതല്ലാത്ത ഒരു സംഖ്യ ലാഭിക്കാം.