ക്രെഡിറ്റ് കാര്‍ഡിന്റെ ലിമിറ്റ് കൂട്ടിയാല്‍ സമ്പന്നനാവില്ല, ബാധ്യത പെരുകും; ബുദ്ധിപരമായി നീങ്ങണം, ഈ നിര്‍ദേശങ്ങള്‍ നിങ്ങളെ സഹായിക്കും

തിരിച്ചടവിലെ കൃത്യത, വരവു ചെലവ് അനുപാതം തുടങ്ങി ഒട്ടേറെ കാര്യങ്ങളെ അടിസ്ഥാനമാക്കി വേണം ക്രെഡിറ്റ് കാര്‍ഡുകളിലെ പരിധി ഉയര്‍ത്താന്‍, അല്ലെങ്കില്‍ കുടുങ്ങും
Credit card
Credit card Canva
Published on

അത്യാവശ്യ കാര്യങ്ങള്‍ക്ക് പണം കണ്ടെത്താന്‍ കടമെടുക്കേണ്ടി വരുന്നവരാണ് അധിക പേരും. ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗപ്പെടുത്തി അപ്രതീക്ഷിത ചെലവുകളെ കൈകാര്യം ചെയ്യാന്‍ ഉപയോക്താവിന് കഴിയുന്നു. മികച്ച രീതിയില്‍ ഉപയോഗപ്പെടുത്തുന്നവര്‍ക്ക് ക്രെഡിറ്റ് പരിധി വര്‍ധിപ്പിച്ചു നല്‍കാന്‍ ബാങ്കുകളും താല്‍പര്യമെടുക്കാറുണ്ട്. കൂടിയ പലിശ നല്‍കേണ്ടി വരുമ്പോഴും ക്രെഡിറ്റ് കാര്‍ഡുകള്‍ അത്യാവശ്യ ഘട്ടങ്ങളില്‍ അനുഗ്രഹം തന്നെ. എന്നാല്‍, അനിയന്ത്രവും ചിട്ടയില്ലാത്തതുമായ ഉപയോഗം പലപ്പോഴും വിപരീത ഫലങ്ങള്‍ ഉണ്ടാക്കും. തിരിച്ചടവ് താളം തെറ്റുന്നതിനൊപ്പം ക്രെഡിറ്റ് പരിധി കുറയാനും ഇത് കാരണമാകും. ക്രെഡിറ്റ് പരിധി നിലനിര്‍ത്തേണ്ടത് ബുദ്ധിപരമായ തീരുമാനങ്ങളിലൂടെയാണ്.

തിരിച്ചടവിലെ കൃത്യത

ക്രെഡിറ്റ് കാര്‍ഡിലെ നിലവിലുള്ള ബില്ലുകള്‍ കൃത്യമായി തിരിച്ചടക്കേണ്ടത് പ്രധാനമാണ്. നിശ്ചിത കാലാവധിക്കുള്ളില്‍ തന്നെ ബില്ലുകള്‍ അടക്കുമ്പോള്‍ സ്വാഭാവികമായി ഒരാളുടെ ക്രെഡിറ്റ് പരിധി ശക്തമായി നില്‍ക്കും. ക്രെഡിറ്റ് പരിധി ഉയര്‍ത്തണമെന്ന് ആവശ്യപ്പെടുമ്പോള്‍ ബാങ്കുകള്‍ പ്രധാനമായി നോക്കുന്നത് മുന്‍കാലങ്ങളിലെ തിരിച്ചടവിലെ കൃത്യതയാണ്.

ലഭ്യമായ തുകയുടെ ഉപയോഗം

ക്രെഡിറ്റ് കാര്‍ഡുകളില്‍ ലഭ്യമായ തുക നല്ല രീതിയില്‍ ഉപയോഗിച്ച ശേഷം മാത്രമാണ് പരിധി ഉയര്‍ത്താന്‍ ശ്രമിക്കേണ്ടത്. ലഭ്യമായ പരിധി പൂര്‍ണമായി വേഗത്തില്‍ ഉപയോഗിക്കരുത്. അമിതമായ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗം, നിങ്ങള്‍ സാമ്പത്തിക പ്രശ്നത്തിലാണെന്ന സൂചനയാണ് നല്‍കുക. മിതമായ രീതിയില്‍ ഇടവിട്ട് ഉപയോഗിക്കുകയും ബില്ലുകള്‍ കൃത്യമായി അടക്കുകയും ചെയ്യുന്നവരെ ഉയര്‍ന്ന ക്രെഡിറ്റ് ലിമിറ്റിന് ബാങ്കുകള്‍ പരിഗണിക്കും.

സമയം പ്രധാനം

ക്രെഡിറ്റ് കാര്‍ഡുകളില്‍ പരിധി വര്‍ധിപ്പിക്കാന്‍ ആവശ്യപ്പെടുന്ന സമയവും പ്രധാനമാണ്. നേരത്തെയുള്ള ബില്ലുകള്‍ അടഞ്ഞു തീരാറാകുമ്പോഴോ നിങ്ങളുടെ സ്ഥിര വരുമാനത്തില്‍ വര്‍ധന വരുമ്പോഴോ ആണ് ഇതിനുള്ള മികച്ച സമയം. കടം അടച്ചു തീര്‍ക്കാള്ള വരുമാനം നിങ്ങള്‍ക്കുണ്ടെന്ന് ബോധ്യപ്പെടുമ്പോള്‍ മാത്രമേ ബാങ്കുകള്‍ ക്രെഡിറ്റ് പരിധി വര്‍ധിപ്പിക്കൂ.

ഇടക്കിടെ ചോദിക്കരുത്

ക്രെഡിറ്റ് പരിധി വര്‍ധിപ്പിക്കാന്‍ ഇടക്കിടെ ആവശ്യപ്പെടുന്നതും ബുദ്ധിയല്ല. ഒന്നിലേറെ കാര്‍ഡുകള്‍ ഉപയോഗിക്കുന്നവര്‍ ഇത് പ്രത്യേകം ശ്രദ്ധിക്കണം. ഓരോ കാര്‍ഡിലും ക്രെഡിറ്റ് പരിധി ഉയര്‍ത്താനുള്ള അപേക്ഷകളുടെ കാലാവധി പ്രധാന ഘടകമാണ്. എല്ലാ അപേക്ഷകളും കമ്പനികള്‍ക്ക് പരസ്പരം അറിയാനാകും എന്ന് മനസിലാക്കണം. ഇടവേളകളില്ലാതെ ക്രെഡിറ്റ് പരിധി ഉയര്‍ത്താന്‍ ആവശ്യപ്പെടുന്നത് നല്ല സ്വഭാവമായമല്ല ബാങ്കുകള്‍ കാണുന്നത്. ഓരോ അപേക്ഷക്കിടയിലും ആറ് മാസം മുതല്‍ ഒരു വര്‍ഷം വരെയുള്ള ഇടവേളകളാണ് അഭികാമ്യം.

ഓട്ടോമാറ്റിക് അപ്‌ഗ്രേഡിംഗ്

ഓരോ ഉപയോക്താവിന്റെയും ക്രെഡിറ്റ് കാര്‍ഡ് ഉപയോഗം, തിരിച്ചടവ് രീതികള്‍ എന്നിവയെ അടിസ്ഥാനമാക്കി ക്രെഡിറ്റ് പരിധിയില്‍ ഓട്ടോമാറ്റിക് ക്രമീകരണം നടത്താന്‍ സംവിധാനമുണ്ട്. ഇത് ഉപയോഗപ്പെടുത്തുന്നത് നല്ലതാണ്. ഓരോരുത്തരുടെയും ഉപയോഗം, തിരിച്ചടവ് ശേഷി എന്നിവ കണക്കാക്കിയാണ് ബാങ്കുകള്‍ തുക നിശ്ചയിക്കുന്നത്. ഇത് വരുമാന പരിധിക്കുള്ളില്‍ നിന്നു കൊണ്ടുള്ള ക്രെഡിറ്റ് കാര്‍ഡ് ഉപയോഗത്തിന് ഉപയോക്താവിനെ സഹായിക്കും.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com