Begin typing your search above and press return to search.
സ്വര്‍ണ ബോണ്ടില്‍ നിക്ഷേപിക്കാം, ഈടുവച്ച് സ്വര്‍ണ വായ്പ നേടാനും അവസരം
വിയര്‍പ്പൊഴുക്കി സമ്പാദിക്കുന്ന പണം ഭാവിയിലെ ആവശ്യങ്ങള്‍ക്കായി സുരക്ഷിതമായി സൂക്ഷിക്കാനും പലിശയടക്കമുള്ള ആദായം നേടാനും ശ്രമിക്കുന്നവരുടെ പ്രിയ നിക്ഷേപ മാര്‍ഗങ്ങളിലൊന്നാണ് കേന്ദ്രസര്‍ക്കാരും റിസര്‍വ് ബാങ്കും ചേര്‍ന്ന് അവതരിപ്പിച്ച സൊവറിന്‍ ഗോൾഡ് ബോണ്ട് (SGB) പദ്ധതി. 2015 നവംബറിലാണ് കേന്ദ്ര സര്‍ക്കാര്‍ ആദ്യമായി സ്വര്‍ണ ബോണ്ട് പദ്ധതി അവതരിപ്പിച്ചത്. അന്ന് ഗ്രാമിന് 2,684 രൂപ നിരക്കില്‍ സ്വര്‍ണ ബോണ്ട് വാങ്ങിയവര്‍ക്ക് 8 വര്‍ഷക്കാലാവധി അവസാനിച്ചപ്പോഴേക്കും ലഭിച്ചത് ഇരട്ടിയിലേറെ നേട്ടമാണ്.
ഇപ്പോഴിതാ, സ്വര്‍ണ ബോണ്ട് പദ്ധതിയുടെ രണ്ട് പുതിയ ഘട്ടങ്ങള്‍ കൂടി പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്രം. നടപ്പുവര്‍ഷത്തെ (2023-24) മൂന്നാം സീരീസാണ് ഒന്ന്. ഡിസംബര്‍ 18 മുതല്‍ 22 വരെയാണ് വാങ്ങല്‍ (subscription) കാലയളവ്, ഡിസംബര്‍ 28ന് ബോണ്ടുകള്‍ നിക്ഷേപകന് ലഭ്യമാക്കും.
നടപ്പുവര്‍ഷത്തെ നാലാം സീരീസ് സബ്‌സ്‌ക്രിപ്ഷന്‍ 2024 ഫെബ്രുവരി 12 മുതല്‍ 16 വരെയാണ്. ഫെബ്രുവരി 21ന് ബോണ്ട് നിക്ഷേപകര്‍ക്ക് ലഭ്യമാക്കും. കേന്ദ്രസര്‍ക്കാരിന് വേണ്ടി റിസര്‍വ് ബാങ്കാണ് ഗോള്‍ഡ് ബോണ്ട് പദ്ധതി നടപ്പാക്കുന്നത്. കേന്ദ്രത്തിന്റെയും റിസര്‍വ് ബാങ്കിന്റെയും മേല്‍നോട്ടമുണ്ടെന്നത് മികച്ച സുരക്ഷയുമാണ് പദ്ധതിക്ക് നല്‍കുന്നത്.
ആര്‍ക്കൊക്കെ വാങ്ങാം?
വിപണി വിലയ്ക്ക് അനുസൃതമായി റിസര്‍വ് ബാങ്ക് നിശ്ചയിക്കുന്ന വിലയില്‍ സ്വര്‍ണ ബോണ്ട് വാങ്ങാം. ഇന്ത്യന്‍ പൗരന്മാര്‍, ഹിന്ദു അവിഭക്ത കുടുംബങ്ങള്‍ (HUF), ട്രസ്റ്റുകള്‍, സര്‍വകലാശാലകള്‍, ചാരിറ്റബിള്‍ ഇന്‍സ്റ്റിറ്റിയൂഷനുകള്‍ എന്നിവയാണ് വാങ്ങാന്‍ യോഗ്യര്‍.
വ്യക്തികള്‍ക്കും ഹിന്ദു അവിഭക്ത കുടുംബങ്ങള്‍ക്കും പരമാവധി 4 കിലോഗ്രാം വരെ വാങ്ങാം. ട്രസ്റ്റുകള്‍ ഉള്‍പ്പെടെ മറ്റുള്ളവര്‍ക്ക് പരമാവധി 20 കിലോ വരെയും വാങ്ങാം.
ഗോള്‍ഡ് ബോണ്ടിനായി ഓണ്‍ലൈനായി അപേക്ഷിക്കുന്നവര്‍ക്കും പണമടയ്ക്കുന്നവര്‍ക്കും ഗ്രാമിന് 50 രൂപ ഡിസ്‌കൗണ്ട് ലഭിക്കും.
എവിടെ നിന്ന് വാങ്ങാം?
സ്‌മോള്‍ ഫിനാന്‍സ് ബാങ്കുകള്‍, പേമെന്റ് ബാങ്കുകള്‍, ഗ്രാമീണ്‍ ബാങ്ക് എന്നിവ ഒഴികെയുള്ള ഷെഡ്യൂള്‍ഡ് കൊമേഴ്‌സ്യല്‍ ബാങ്കുകള്‍, സ്‌റ്റോക്ക് ഹോള്‍ഡിംഗ് കോര്‍പ്പറേഷന്‍ (SHCIL), ക്ലിയറിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (CCIL), തിരഞ്ഞെടുക്കപ്പെട്ട പോസ്റ്റ് ഓഫീസുകള്‍, നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച്, ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് എന്നിവിടങ്ങളില്‍ നിന്ന് സോവറീന്‍ സ്വര്‍ണ ബോണ്ട് വാങ്ങാം.
എങ്ങനെ വാങ്ങാം?
സ്വര്‍ണ ബോണ്ട് വാങ്ങുന്നവര്‍ വോട്ടേഴ്‌സ് ഐ.ഡി., അധാര്‍ കാര്‍ഡ്, പാന്‍/ടാന്‍, പാസ്‌പോര്‍ട്ട് തുടങ്ങിയ ഏതെങ്കിലും തിരിച്ചറിയല്‍ കാര്‍ഡ് ഹാജരാക്കണം. അപേക്ഷ പൂര്‍ത്തിയാക്കുമ്പോള്‍ പാന്‍ വിവരങ്ങള്‍ നല്‍കേണ്ടതും നിര്‍ബന്ധമാണ്.
കറന്‍സി നോട്ടുകളായി പരമാവധി 20,000 രൂപ നിക്ഷേപിക്കാം. ഉയര്‍ന്ന തുകള്‍ക്ക് ഡി.ഡി., ചെക്ക്, ഓണ്‍ലൈന്‍ ഇടപാട് എന്നിവ ഉപയോഗിക്കണം.
എന്താണ് നേട്ടം?
എട്ടുവര്‍ഷമാണ് സ്വര്‍ണ ബോണ്ട് നിക്ഷേപത്തിന്റെ കാലാവധി. 5 വര്‍ഷങ്ങള്‍ക്ക് ശേഷം നിബന്ധനകളോടെ നിക്ഷേപം പിന്‍വലിക്കാവുന്നതാണ്. 2.50 ശതമാനമാണ് വാര്‍ഷിക പലിശനിരക്ക്. ഇത് ആറ് മാസത്തിലൊരിക്കല്‍ നിക്ഷേപകന്റെ അക്കൗണ്ടിലേക്ക് വരവുവയ്ക്കും.
നിക്ഷേപ കാലാവധി പൂര്‍ത്തിയാകുമ്പോഴുള്ള സ്വര്‍ണത്തിന്റെ വിപണി വിലയനുസരിച്ച് നിക്ഷേപവും പലിശയും തിരികെ ലഭിക്കും. ഉദാഹരണത്തിന്, പ്രഥമ ഗോള്‍ഡ് ബോണ്ട് പദ്ധതിയില്‍ മൊത്തം 93,940 രൂപ നല്‍കി 35 ഗ്രാം ബോണ്ടുകള്‍ വാങ്ങിയ നിക്ഷേപകന് എട്ടുവര്‍ഷ കാലാവധി കഴിഞ്ഞപ്പോള്‍ തിരികെ കിട്ടിയത് 2.14 ലക്ഷം രൂപയാണ്. എട്ടുവര്‍ഷം മുമ്പ് 2,684 രൂപയ്ക്ക് വാങ്ങിയ സ്വര്‍ണ ബോണ്ടിന് കാലാവധി അവസാനിച്ചപ്പോള്‍ കിട്ടിയ വില ഗ്രാമിന് 6,132 രൂപ വീതവുമാണ്.
ഈടുവയ്ക്കാം, വായ്പ നേടാം
ഭൗതിക സ്വര്‍ണമല്ലെങ്കിലും അതേ മൂല്യം പക്ഷേ സ്വര്‍ണ ബോണ്ടിനുണ്ട്. സൊവറീന്‍ ഗോള്‍ഡ് ബോണ്ട് ഈടുവച്ച് സ്വര്‍ണ വായ്പയും നേടാം.
Next Story
Videos