Begin typing your search above and press return to search.
സ്വര്‍ണ ബോണ്ടുകളില്‍ ഇപ്പോള്‍ നിക്ഷേപിക്കാം, 2.5% പലിശ
സ്വര്‍ണ വില കുറഞ്ഞു നില്‍ക്കുന്ന സാഹചര്യത്തില്‍ സ്വര്‍ണ ബോണ്ടുകളില്‍ നിക്ഷേപിക്കുന്നത് ദീര്‍ഘകാല നേട്ടം ലക്ഷ്യമിടുന്നവര്‍ക്ക് ആദായകരമാണ്. ഈ വര്‍ഷത്തെ രണ്ടാം ഘട്ട സ്വര്‍ണ ബോണ്ട് വില്‍പ്പന ഇന്ന് മുതല്‍ തുടങ്ങി. സെപ്റ്റംബര്‍ 15 വരെ നിക്ഷേപിക്കാം.
സബ്സ്‌ക്രിപ്ഷന്‍ ആരംഭിക്കുന്നതിന് മുന്‍പുള്ള മൂന്ന് ദിവസത്തെ 999 പരിശുദ്ധിയുള്ള സ്വര്‍ണത്തിന്റെ വിലയുടെ (ഇന്ത്യ ബുള്ള്യന്‍ & ജുവലേഴ്സ് അസോസിയേഷന്‍ പ്രസിദ്ധപ്പെടുത്തുന്ന) ശരാശരി വില കണക്കാക്കി ഗ്രാമിന് 5,923 രൂപയാണ് നിക്ഷേപകര്‍ നല്‍കേണ്ടത്. ഓണ്‍ലൈനായി അപേക്ഷിക്കുന്നവര്‍ക്ക് 50 രൂപ ഇളവ് ലഭിക്കും. അതായത് ഗ്രാമിന് 5,873 രൂപ നല്‍കിയാല്‍ മതി. ജൂണില്‍ സ്വര്‍ണ ബോണ്ടില്‍ നിക്ഷേപിച്ചവര്‍ക്ക് നല്‍കേണ്ടി വന്നത് 5,876 രൂപയാണ്.
മൂലധന നികുതി നേട്ടം
സ്വര്‍ണ ബോണ്ടുകള്‍ക്ക് കാലാവധി പൂര്‍ത്തിയാകുമ്പോള്‍ പിന്‍വലിക്കുന്നതിന് മൂലധന നേട്ട നികുതി ബാധകമല്ല. അതേസമയം, 2023-24 ബജറ്റിലെ നിര്‍ദേശങ്ങള്‍ പ്രകാരം മ്യൂച്വല്‍ ഫണ്ടുകളിലും സ്വര്‍ണ ഇ.ടി.എഫുകളിലും നിക്ഷേപിക്കുന്നതിന് ദീര്‍ഘ മൂലധന നേട്ട നികുതി ബാധകമാണ്. മൂന്ന് വര്‍ഷത്തിന് മുകളില്‍ നിക്ഷേപിക്കുന്ന ഡെറ്റ് ഫണ്ടുകള്‍ക്ക് ഇന്‍ഡെക്സേഷനോട് കൂടി 20% അല്ലെങ്കില്‍ 10% നികുതി നല്‍കണം. മൂന്ന് വര്‍ഷത്തില്‍ താഴെയുള്ള നിക്ഷേപങ്ങള്‍ക്ക് വരുമാന നികുതിയുടെ സ്ലാബ് അനുസരിച്ച് നികുതി ബാധകമാണ്. ഒരു വര്‍ഷത്തില്‍ അധികം നിക്ഷേപം നടത്തുന്ന ഓഹരി, ഫണ്ടുകള്‍ വില്‍ക്കുമ്പോള്‍ 10% ദീര്‍ഘ കാല മൂലധന നേട്ട നികുതി ബാധകമാണ്.
അതേപോലെ, ഭൗതിക സ്വര്‍ണ ആഭരണങ്ങള്‍ക്ക് മൂന്ന് വര്‍ഷത്തിന് ശേഷം വില്‍ക്കുമ്പോള്‍ ദീര്‍ഘകാല മൂലധന നേട്ട നികുതി ബാധകമാണ് -ഇന്‍ഡെക്സേഷനോടെ 20%.
ബോണ്ടുകളുടെ ആകര്‍ഷണം
സ്വര്‍ണ ബോണ്ട് നിക്ഷേപങ്ങള്‍ക്ക് 2.5% വാര്‍ഷിക പലിശ ലഭിക്കും. സ്വര്‍ണ ആഭരണങ്ങള്‍ക്ക് പണിക്കൂലി, പണികുറവ്, സൂക്ഷിക്കുന്ന ചെലവ് എന്നിവ നല്‍കേണ്ടി വരുന്നു. എന്നാല്‍ സ്വര്‍ണ ബോണ്ടുകള്‍ക്ക് ഇത് ബാധകമല്ല. കാലാവധി 8 വര്‍ഷമാണ്. അഞ്ചുവര്‍ഷത്തിന് ശേഷം നിക്ഷേപകര്‍ക്ക് പണം പിന്‍വലിക്കാന്‍ അവസരമുണ്ട്.
പോര്‍ട്ടഫോളിയോയില്‍ 10% സ്വര്‍ണത്തിന് നീക്കിവെക്കുന്നത് ദീര്‍ഘകാല നേട്ടത്തിന് സഹായകരമാകുമെന്ന് ഫണ്ട് മാനേജര്‍മാര്‍ പറയുന്നു. യു.എസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറയ്ക്കാനുള്ള സാധ്യത മങ്ങിയത് കൊണ്ട് സ്വര്‍ണ വിലയില്‍ ഹ്രസ്വ കാലയളവില്‍ ചാഞ്ചാട്ടം പ്രതീക്ഷിക്കുന്നില്ല. കേന്ദ്ര ബാങ്കുകള്‍ സ്വര്‍ണം വാങ്ങുന്നത് വര്‍ധിച്ചതാണ് കഴിഞ്ഞ ഒരു വര്‍ഷത്തില്‍ സ്വര്‍ണ വില ഉയരാന്‍ പ്രധാന കാരണമായത്.
Next Story
Videos