ഏറ്റവും സുരക്ഷിതമായ സ്വര്‍ണ സമ്പാദ്യ പദ്ധതിയില്‍ ഇപ്പോള്‍ നിക്ഷേപിക്കാം

ഏറ്റവും സുരക്ഷിതമായ സ്വര്‍ണ സമ്പാദ്യ പദ്ധതികളിലൊന്നാണ് സോവറീൻ ഗോള്‍ഡ് ബോണ്ടുകള്‍. ഓരോ സിരീസുകളായിട്ടാണ് സ്വര്‍ണ ബോണ്ടുകളില്‍ നിക്ഷേപിക്കുക. ഈ സാമ്പത്തിക വര്‍ഷത്തിലെ (2023-24) മൂന്നാമത്തെ സിരീസ് (SGB 2023-24 Series III) ഇന്ന് ആരംഭിച്ചു. ഡിസംബര്‍ 22 വരെ നീളുന്ന സ്വര്‍ണ ബോണ്ടുകള്‍ ബാങ്ക് വഴിയോ ഓണ്‍ലൈനായോ വാങ്ങാവുന്നതാണ്.

ഇത്തവണ ഗ്രാമിന് 6,199 രൂപയാണ് റിസര്‍വ് ബാങ്ക് വില നിശ്ചയിച്ചിരിക്കുന്നത്. ഓണ്‍ലൈനിലൂടെ നിക്ഷേപിക്കുന്നവര്‍ക്ക് ഗ്രാമിന് 50 രൂപ വീതം ഡിസ്‌കൗണ്ട് ലഭിക്കും. ഇവര്‍ ഗ്രാമിന് 6,149 രൂപ നല്‍കിയാല്‍ മതി.

2015 നവംബറിലാണ് കേന്ദ്ര സര്‍ക്കാറിന് വേണ്ടി റിസര്‍വ് ബാങ്ക് ആദ്യ സ്വര്‍ണ ബോണ്ട് ഇറക്കിയത്. ഗ്രാമിന് 2,684 രൂപ നിരക്കില്‍ അന്ന് സ്വര്‍ണ ബോണ്ടില്‍ നിക്ഷേപിച്ചവര്‍ക്ക് 8 വര്‍ഷക്കാലാവധി അവസാനിച്ചപ്പോള്‍ ഇരട്ടിയിലേറെ നേട്ടമുണ്ടാക്കാനായി.

ഇതാ സ്വര്‍ണ ബോണ്ടുകളില്‍ നിക്ഷേപിക്കും മുമ്പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍:

  • മൂന്നാം സിരീസില്‍ ഡിസംബര്‍ 18 മുതല്‍ 22 വരെയാണ് വാങ്ങല്‍ (subscription) കാലയളവ്, ഡിസംബര്‍ 28ന് ബോണ്ടുകള്‍ നിക്ഷേപകന് ലഭ്യമാക്കും.
  • കേന്ദ്രസര്‍ക്കാരിന് വേണ്ടി റിസര്‍വ് ബാങ്കാണ് ഗോള്‍ഡ് ബോണ്ട് പദ്ധതി നടപ്പാക്കുന്നത്. കേന്ദ്രത്തിന്റെയും റിസര്‍വ് ബാങ്കിന്റെയും മേല്‍നോട്ടമുണ്ടെന്നത് മികച്ച സുരക്ഷയുമാണ് പദ്ധതിക്ക് നല്‍കുന്നത്.
  • വിപണി വിലയ്ക്ക് അനുസൃതമായി റിസര്‍വ് ബാങ്ക് നിശ്ചയിക്കുന്ന വിലയില്‍ സ്വര്‍ണ ബോണ്ട് വാങ്ങാം. ഇന്ത്യന്‍ പൗരന്മാര്‍, ഹിന്ദു അവിഭക്ത കുടുംബങ്ങള്‍ (HUF), ട്രസ്റ്റുകള്‍, സര്‍വകലാശാലകള്‍, ചാരിറ്റബിള്‍ ഇന്‍സ്റ്റിറ്റിയൂഷനുകള്‍ എന്നിവയാണ് വാങ്ങാന്‍ യോഗ്യര്‍.
  • വ്യക്തികള്‍ക്കും ഹിന്ദു അവിഭക്ത കുടുംബങ്ങള്‍ക്കും പരമാവധി 4 കിലോഗ്രാം വരെ വാങ്ങാം. ട്രസ്റ്റുകള്‍ ഉള്‍പ്പെടെ മറ്റുള്ളവര്‍ക്ക് പരമാവധി 20 കിലോ വരെയും വാങ്ങാം.
  • ഗോള്‍ഡ് ബോണ്ടിനായി ഓണ്‍ലൈനായി അപേക്ഷിക്കുന്നവര്‍ക്കും പണമടയ്ക്കുന്നവര്‍ക്കും ഗ്രാമിന് 50 രൂപ ഡിസ്‌കൗണ്ട് ലഭിക്കും.
  • സ്മോള്‍ ഫിനാന്‍സ് ബാങ്കുകള്‍, പേമെന്റ് ബാങ്കുകള്‍, ഗ്രാമീണ്‍ ബാങ്ക് എന്നിവ ഒഴികെയുള്ള ഷെഡ്യൂള്‍ഡ് കൊമേഴ്സ്യല്‍ ബാങ്കുകള്‍, സ്റ്റോക്ക് ഹോള്‍ഡിംഗ് കോര്‍പ്പറേഷന്‍ (SHCIL), ക്ലിയറിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (CCIL), തിരഞ്ഞെടുക്കപ്പെട്ട പോസ്റ്റ് ഓഫീസുകള്‍, നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച്, ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് എന്നിവിടങ്ങളില്‍ നിന്ന് സോവറീന്‍ സ്വര്‍ണ ബോണ്ട് വാങ്ങാം.
  • വോട്ടേഴ്സ് ഐ.ഡി, ആധാര്‍ കാര്‍ഡ്, പാസ്പോര്‍ട്ട് തുടങ്ങിയ ഏതെങ്കിലും തിരിച്ചറിയല്‍ രേഖകള്‍ സമര്‍പ്പിക്കണം.
  • പാന്‍ നിര്‍ബന്ധമായും നല്‍കിയിരിക്കണം
  • കറന്‍സി നോട്ടുകളായി പരമാവധി 20,000 രൂപ വരെ ബോണ്ടുകളില്‍ നിക്ഷേപിക്കാം. ഉയര്‍ന്ന തുകയ്ക്ക്ക്ക് ഡി.ഡി., ചെക്ക്, ഓണ്‍ലൈന്‍ ഇടപാട് എന്നിവ ഉപയോഗിക്കണം.
  • 2.50 ശതമാനമാണ് വാര്‍ഷിക പലിശനിരക്ക്. ഇത് ആറ് മാസത്തിലൊരിക്കല്‍ നിക്ഷേപകന്റെ അക്കൗണ്ടിലേക്ക് വരവുവയ്ക്കും.
  • എട്ടുവര്‍ഷമാണ് സ്വര്‍ണ ബോണ്ട് നിക്ഷേപത്തിന്റെ കാലാവധി. 5 വര്‍ഷങ്ങള്‍ക്ക് ശേഷം നിബന്ധനകളോടെ നിക്ഷേപം പിന്‍വലിക്കാവുന്നതാണ്. മാത്രമല്ല ഭൗതിക സ്വര്‍ണമല്ലെങ്കിലും സോവറീന്‍ ഗോള്‍ഡ് ബോണ്ട് പേപ്പര്‍ ഈടുവച്ച് സ്വര്‍ണ വായ്പയും നേടാം.
  • ഇടയ്ക്ക് പലിശയുടെ നേട്ടം എടുക്കാത്തവര്‍ക്ക് നിക്ഷേപ കാലാവധി പൂര്‍ത്തിയാകുമ്പോഴുള്ള സ്വര്‍ണത്തിന്റെ വിപണി വിലയനുസരിച്ച് നിക്ഷേപവും പലിശയും തിരികെ ലഭിക്കും. അല്ലാത്തവര്‍ക്ക് അപ്പോഴുള്ള വിപണി വിലയ്ക്ക് അനുസരിച്ച് സ്വര്‍ണമായോ പണമായോ പിന്‍ വലിക്കാനുള്ള സൗകര്യം ബാങ്കുകള്‍ നല്‍കുന്നുണ്ട്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it