Begin typing your search above and press return to search.
സോവറിന്‍ ഗോള്‍ഡ് ബോണ്ട്: ഏതു സമയത്തും നിക്ഷേപിക്കാം
കൃത്യമായ ഇടവേളകളില്‍ റിസര്‍വ് ബാങ്ക് സോവറിന്‍ ഗോള്‍ഡ് ബോണ്ടുകള്‍ പുറത്തിറക്കുന്നതു കൂടാതെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ വഴിയും വാങ്ങാം
ഏറ്റവും മികച്ച റിട്ടേണ്‍ നല്‍കുന്ന ഒന്നാണ് സ്വര്‍ണത്തിലെ നിക്ഷേപം. ദീര്‍ഘകാലത്തില്‍ നേട്ടമുണ്ടാക്കാന്‍ ആഗ്രഹിക്കുന്നവര്‍ നിക്ഷേപത്തിന്റെ 10 ശതമാനം സ്വര്‍ണത്തില്‍ നീക്കി വയ്ക്കണമെന്നാണ് നിക്ഷേപ വിദഗ്ധര്‍ നല്‍കുന്ന ഉപദേശം. സ്വര്‍ണത്തില്‍ നിക്ഷേപിക്കാന്‍ നിരവധി മാര്‍ഗങ്ങളുണ്ടെങ്കിലും എക്കാലത്തും ആശ്രയിക്കാവുന്ന ഒരു മാര്‍ഗമാണ് സോവറിന്‍ ഗോള്‍ഡ് ബോണ്ടുകള്‍ അഥവാ എസ്.ജി.ബി. റിട്ടേണ്‍ കൂടാതെ 2.5 ശതമാനം വാര്‍ഷിക പലിശയും ലഭിക്കുമെന്നതാണ് എസ്.ജി.ബിയെ ആകര്‍ഷകമാക്കുന്നത്. മാത്രമല്ല മൂലധന നേട്ടത്തിന് നികുതിയുമില്ല.
സോവറിന്‍ ഗോള്‍ഡ് ബോണ്ട്
റിസര്‍വ് ബാങ്ക് ഉറപ്പു നല്‍കുന്ന ഗവണ്‍മെന്റ് സെക്യൂരിറ്റിയാണ് സോവറിന്‍ ഗോള്‍ഡ് ബോണ്ടുകള്‍. ഒരു ഗ്രാം ഗോള്‍ഡിന് തുല്യമായ തുകയിലാണ് അവ ഇഷ്യു ചെയ്യുന്നത്. വിപണി വിലയുമായി ബന്ധപ്പെടുത്തിയാണ് എസ്.ജി.ബിയുടെ വില നിശ്ചയിക്കുന്നത്. സുരക്ഷിതത്വം, ലിക്വിഡിറ്റി, നികുതി ക്ഷമത, ഉയര്‍ന്ന നേട്ടം, ഗവണ്‍മെന്റിന്റെ ഉറപ്പ് എന്നിവയാണ് എസ്.ജി.ബികളുടെ ഗുണം. കാലാവധി പൂര്‍ത്തിയാകുമ്പോള്‍ വിപണി വിലയ്ക്ക് തുല്യമായ തുക ബോണ്ടുകള്‍ക്ക് ലഭിക്കും. കൂടാതെ ഇഷ്യു വിലയുടെ 2.5 ശതമാനം സ്ഥിര പലിശയും നല്‍കുന്നു.
ഒരു സാമ്പത്തിക വര്‍ഷം പല ഘട്ടങ്ങളിലായി ആര്‍.ബി.ഐ എസ്.ജി.ബി പുറത്തിറക്കാറുണ്ട്. ഒരാഴ്ച നിക്ഷേപത്തിനായി അവസരമുണ്ടായിരിക്കും. എന്നാല്‍ റിസര്‍വ് ബാങ്ക് എസ്.ജി.ബി പുറത്തിറക്കുന്നത് വരെ നിക്ഷേപകര്‍ കാത്തിരിക്കണമെന്നില്ല. സെക്കൻഡറി വിപണിയില്‍ ഇവ എല്ലാ സമയത്തും ലഭ്യമാണ്. അതായത് എന്‍.എസ്.ഇ, ബി.എസ്.ഇ എന്നീ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ വഴി ഇവ ഏതു സമയത്തും വാങ്ങാം.
ഡിസ്‌കൗണ്ടഡ് നിരക്കില്‍ നിക്ഷേപകര്‍ക്ക് എക്‌സ്‌ചേഞ്ചുകള്‍ വഴി വാങ്ങാന്‍ സാധിക്കും. സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ കുറഞ്ഞ വിലയിലാണ് വ്യാപാരം ചെയ്യപ്പെടുന്നതെന്നതാണ് ഇതിന് കാരണം. സാധാരണ പൊതു നിക്ഷേപങ്ങള്‍ പോലെ സപ്ലൈ-ഡിമാന്‍ഡ് ഘടകങ്ങളാണ് വിപണിയില്‍ എസ്.ജി.ബിയുടെ വില നിര്‍ണയിക്കുന്നത്.
ലഭ്യത അനുസരിച്ച് വാങ്ങാം
സെക്കന്ററി വിപണിയില്‍ നിന്ന് വാങ്ങുമ്പോള്‍ എത്രയെണ്ണമാണോ ഓഫര്‍ ചെയ്യുന്നത് അതുകൊണ്ട് തൃപ്തിപ്പെടേണ്ടി വരും. മാര്‍ക്കറ്റ് കണ്ടീഷനെ അനുസരിച്ചിരിക്കും എത്ര എണ്ണം ലഭിക്കുമെന്നത്. അതേ പോലെ ലഭിക്കുന്ന ലോട്ടുകള്‍ക്ക് അനുസരിച്ച് മെച്യൂരിറ്റികാലയളവിലും വ്യത്യാസം വരും. കാലാവധിയെത്തും മുന്‍പ് പണം അത്യാവശ്യമായി വരികയാണെങ്കില്‍ കുറഞ്ഞ വിലയ്ക്ക് വില്‍ക്കേണ്ടി വരും. അതു മാത്രമല്ല വാങ്ങാന്‍ ആരെങ്കിലും എത്തുന്നതു വരെ കാത്തിരിക്കേണ്ടിയും വരും. നിലവില്‍ 63 എസ്.ജി.ബി സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്. എക്‌സ്‌ചേഞ്ച് വഴി വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട ഒരു പ്രധാന കാര്യം ഇഷ്യു വിലയുടെ 2.5 ശതമാനമാണ് പലിശയായി നല്‍കുന്നത്. അല്ലാതെ സെക്കന്ററി മാര്‍ക്കറ്റില്‍ നിന്ന് വാങ്ങുന്ന വിലയുടേതല്ല. അതുകൊണ്ട് കുറഞ്ഞ വിലയില്‍ വാങ്ങുന്നത് ഗുണകരമല്ല.
നികുതി ബാധ്യത
കാലാവധി പൂര്‍ത്തിയാകുന്നതു വരെ എസ്.ജി.ബി കൈവശം വച്ചാൽ നിക്ഷേപകര്‍ക്ക് പൂര്‍ണ നികുതി ആനുകൂല്യം ലഭിക്കും. കാലാവധിക്കു മുന്‍പാണെങ്കില്‍ കൈവശം വച്ച കാലയളവിനനുസരിച്ചാണ് നികുതി ബാധ്യത.
നിങ്ങള്‍ മൂന്നു വര്‍ഷത്തില്‍ താഴെയാണ് എസ്.ജി.ബി കൈവശം സൂക്ഷിച്ചതെന്ന് വിചാരിക്കുക, അങ്ങനെയാണെങ്കില്‍ നിങ്ങള്‍ക്ക് കിട്ടിയ നേട്ടത്തിനനുസരിച്ച് നിങ്ങളുടെ നികുതി സ്ലാബ് പ്രകാരം നികുതി നല്‍കേണ്ടി വരും. മൂന്നു വര്‍ഷമെങ്കിലും കൈവശം വച്ച ശേഷമാണ് വില്‍ക്കുന്നതിങ്കില്‍ ഇന്‍ഡെക്‌സേഷനു ശേഷം 20 ശതമാനം നികുതി നല്‍കിയാല്‍ മതി.
Next Story
Videos