

ഡോ. സുജ ശേഖര്‍ സി
നിക്ഷേപകരുടെ പ്രിയപ്പെട്ട മേഖലകളിലൊന്നായ മ്യൂച്വല്‍ ഫണ്ടുകളുടെ ഗുണഫലങ്ങളുമായി പുതുതായി അവതരിപ്പിക്കപ്പെട്ട സ്‌കീമാണ് സ്പെഷ്യലൈസ്ഡ് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് (SIF). ചുരുങ്ങിയത് 10 ലക്ഷം രൂപ നിക്ഷേപിച്ച് ഈ പദ്ധതിയില്‍ അംഗമാകാമെന്നത് കൊണ്ടുതന്നെ മധ്യവര്‍ഗ നിക്ഷേപകര്‍ക്ക് ഈ ഫണ്ട് അനുയോജ്യമായിരിക്കും. 50 ലക്ഷം രൂപ നിക്ഷേപിക്കേണ്ട പോര്‍ട്ട്ഫോളിയോ മാനേജ്മെന്റ് സര്‍വീസ് (PMS), ഒരു കോടി രൂപ നിക്ഷേപിക്കേണ്ട ആള്‍ട്ടര്‍നേറ്റീവ് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടുകള്‍ (AIF) എന്നിവയുടെ ശ്രേണിയിലുള്ളതാണ് ഈ പുതിയ സ്‌കീമും.10 ലക്ഷം രൂപ നിക്ഷേപിച്ച ശേഷം 1,000 രൂപ മുതല്‍ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാനുകള്‍ (എസ്.ഐ.പി) വഴി അധിക തുകകള്‍ നിക്ഷേപിക്കാം. ഇവയുടെ നിയന്ത്രണം സെബിയുടെ മ്യൂച്വല്‍ ഫണ്ട് ചട്ടക്കൂടിന് കീഴിലാണ്.
ധനകാര്യ സ്ഥാപനങ്ങള്‍ക്ക് എസ്ഐഎഫുകള്‍ രണ്ട് വഴികളിലൂടെ ഓഫര്‍ ചെയ്യാം. കുറഞ്ഞത് മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തന പരിചയവും 10,000 കോടി രൂപയുടെ ആസ്തികള്‍ കൈകാര്യം ചെയ്തിട്ടുള്ളതുമായ (Asset Under Management) മ്യൂച്വല്‍ ഫണ്ടുകളുടേതാണ് ആദ്യ വഴി. രണ്ടാമത്തെ വഴി പുതിയ എ.എം.സി.കള്‍ക്ക് ഉള്ളതാണ്.
എസ്.ഐ.എഫ് നല്‍കാന്‍ തുടങ്ങുന്ന പുതിയ കമ്പനികളില്‍ കുറഞ്ഞത് 10 വര്‍ഷത്തെ നിക്ഷേപ പരിചയമുള്ള ഒരു ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് ഓഫീസര്‍ ഉണ്ടായിരിക്കണം. ശരാശരി 5,000 കോടി രൂപയുടെ എ.യു.എം കൈകാര്യം ചെയ്ത പ്രവൃത്തിപരിചയം ഇദ്ദേഹത്തിന് ഉണ്ടാവണം. കൂടാതെ കുറഞ്ഞത് 500 കോടി രൂപയുടെ എ.യു.എം കൈകാര്യം ചെയ്തും, മൂന്ന് വര്‍ഷത്തില്‍ കൂടുതല്‍ നിക്ഷേപ പരിചയവുമുള്ള മറ്റൊരു ഫണ്ട് മാനേജരും ഉണ്ടാകണം.
എസ്.ഐ.എഫുകള്‍ക്ക് ഇക്വിറ്റി-ഓറിയന്റഡ്, ഡെറ്റ്-ഓറിയന്റഡ്, അല്ലെങ്കില്‍ ഹൈബ്രിഡ് നിക്ഷേപ തന്ത്രങ്ങള്‍ എന്നിവ സ്വീകരിക്കാന്‍ കഴിയും. ഇക്വിറ്റിയിലും ഇക്വിറ്റി സംബന്ധിയായ ഉപകരണങ്ങളിലും നിക്ഷേപിക്കാനും ഡെറിവേറ്റീവുകള്‍ ഉപയോഗിച്ച് അപകട സാധ്യതകള്‍ക്കെതിരെ സംരക്ഷണം നല്‍കാനും അവര്‍ക്ക് അനുവാദമുണ്ട്. വിലയിലെ വ്യതിയാനങ്ങള്‍ നിക്ഷേപത്തെ ബാധിക്കാതിരിക്കാന്‍ ഡെറിവേറ്റീവ് ഉപകരണങ്ങള്‍ സഹായിക്കും. ഇവ ഫ്യൂച്ചേഴ്സ്-ഓപ്ഷന്‍സ് എന്ന പേരുകളില്‍ അറിയപ്പെടുന്നു.
ഒരു ഉദാഹരണം നോക്കാം, ലോങ്-ഷോര്‍ട്ട് സ്ട്രാഡില്‍ (Long-Short Straddle) തന്ത്രം പോലുള്ള ഒരു ലളിതമായ ഹെഡ്ജില്‍ (hedge) ഒരു കോള്‍ ഓപ്ഷനും (call options) ഒരു പുട്ട് ഓപ്ഷനും put option) വാങ്ങുന്നത് ഉള്‍പ്പെടുന്നു. മുന്‍കൂട്ടി നിശ്ചയിച്ച വിലയ്ക്ക് ഓഹരി വാങ്ങാനുള്ള അവകാശമാണ് കോള്‍. 'എക്സ്പയറേഷന്‍ ഡേറ്റ്' എന്ന് വിളിക്കുന്ന ഒരു നിര്‍ദിഷ്ട തീയതിക്കുള്ളില്‍ മുന്‍കൂട്ടി നിശ്ചയിച്ച വിലയ്ക്ക് വില്‍ക്കാനുള്ള അവകാശമാണ് പുട്ട്. ആസ്തി വില കൂടുതലാണെങ്കില്‍, കുറഞ്ഞ വിലയ്ക്ക് ഓഹരി വാങ്ങാന്‍ കോള്‍ ഓപ്ഷന്‍ ഉപയോഗിക്കാം. ആസ്തി വില കുറയുകയാണെങ്കില്‍, പുട്ട് ഓപ്ഷന്‍ ഉടമക്ക് മുന്‍കൂട്ടി നിശ്ചയിച്ച ഉയര്‍ന്ന വിലയ്ക്ക് ഓഹരി വില്‍ക്കാന്‍ സാധിക്കും. സാഹചര്യത്തിനനുസരിച്ച് നിക്ഷേപകന് കോള്‍ ഓപ്ഷന്‍, അല്ലെങ്കില്‍ പുട്ട് ഓപ്ഷന്‍ ഉപയോഗിക്കാം.
അവസാന തീയതിക്ക് ശേഷം പുട്ട്, കോള്‍ ഓപ്ഷനുകള്‍ ഉപയോഗിക്കാന്‍ കഴിയില്ല. ഇത്തരത്തിലുള്ള ഒരു സംരക്ഷണം നിക്ഷേപകനെ ഓഹരി വിലയിലെ വര്‍ധനവ് മുതലെടുക്കാനും ഓഹരി വിലയിലെ ഇടിവില്‍ നിന്ന് സംരക്ഷണം നേടാനും സഹായിക്കുന്നു. നിക്ഷേപകന്, വ്യത്യസ്ത അസറ്റ് ക്ലാസുകളിലുടനീളം ഹെഡ്ജ്-ഫണ്ട് പോലുള്ള തന്ത്രങ്ങള്‍ക്ക് (ഡെറിവേറ്റീവുകള്‍ ഉപയോഗിച്ച്) കീഴില്‍ വലിയ തുകകള്‍ വിന്യസിക്കാനുള്ള കഴിവ് എസ്ഐഎഫുകള്‍ വാഗ്ദാനം ചെയ്യുന്നു.
എസ്ഐഎഫുകളില്‍ ഒരൊറ്റ സെക്യൂരിറ്റിയിലേക്ക് 15 ശതമാനം വരെ വിഹിതം അനുവദനീയമാണ്. കൂടാതെ റിയല്‍ എസ്റ്റേറ്റ്, ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ട്രസ്റ്റുകളില്‍ (REIT-കളും InvITs-കളും) 20 ശതമാനം വരെ നിക്ഷേപം അനുവദനീയമാണ്. മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് ഈ പരിധികള്‍ ഒരു സെക്യൂരിറ്റിയിലേക്ക് യഥാക്രമം 10 ശതമാനവും, REIT-കളിലും InvITs-കളിലും 10 ശതമാനവും വരെയുമാണ്. മ്യൂച്വല്‍ ഫണ്ടുകളെ അപേക്ഷിച്ച് എസ്.ഐ.എഫുകള്‍ കൂടുതല്‍ നിക്ഷേപിക്കാന്‍ അവസരം ഒരുക്കുമ്പോള്‍, ഫണ്ടുകള്‍ പ്രത്യേക മേഖലയിലേക്കോ കമ്പനിയിലേക്കോ അമിതമായി ഇറങ്ങുന്നില്ല എന്ന് ഉറപ്പുവരുത്തുന്നു.
മ്യൂച്വല്‍ ഫണ്ട് കുടക്കുള്ളില്‍ എസ്.ഐ.എഫുകള്‍ നിലനിര്‍ത്തുന്നത് കൊണ്ട് നിക്ഷേപകന് മറ്റൊരു നേട്ടവുമുണ്ട്. പോര്‍ട്ട്‌ഫോളിയോ മാനേജ്മെന്റ് സേവനങ്ങള്‍ ഉപയോഗിക്കുമ്പോള്‍, ഓരോ നിക്ഷേപകനും അവരവരുടെ ലാഭത്തിന്റെയും മൂലധനത്തിന്റെയും അടിസ്ഥാനത്തില്‍ വെവ്വേറെ നിരക്ക് ഈടാക്കുന്നു. ചെലവുകളും ചാര്‍ജുകളും വ്യക്തിഗത പോര്‍ട്ട്‌ഫോളിയോയുമായി ബന്ധപ്പെട്ടിരിക്കുന്നു. അതിനാല്‍ കൂടുതല്‍ ഫീസ് ഈടാക്കിയേക്കാം.
എസ്ഐഎഫുകളില്‍ ചെലവുകള്‍ എല്ലാ നിക്ഷേപകരിലും ഒരുപോലെ പങ്കിടുന്നു. ഫണ്ട് വലുപ്പത്തെ അടിസ്ഥാനമാക്കി ക്രമീകരിച്ച നിരക്കുകളുള്ള മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് സമാനമായ, സുതാര്യമായ സംവിധാനമാണ് എസ്ഐഎഫുകള്‍ ഉപയോഗിക്കുന്നത്. 500 കോടി രൂപയില്‍ താഴെ ആസ്തിയുള്ള ഫണ്ടുകള്‍ക്ക് സാധാരണയായി ചെലവുകള്‍ 2.25 ശതമാനം (വാര്‍ഷികം) മുതല്‍ ആരംഭിക്കുന്നു. ഫണ്ട് വലുതാകും തോറും ചെലവുകളും കുറയും.
എസ്.ഐ.എഫ് സംവിധാനം നടപ്പാക്കിയ ശേഷം ഈ മേഖല നല്ല വളര്‍ച്ചയാണ് കാഴ്ചവെച്ചിരിക്കുന്നത്. ആംഫി (AMFI) നല്‍കുന്ന കണക്കുകള്‍ പ്രകാരം 2026 മാര്‍ച്ച് അവസാനം 14 സ്‌കീമുകളിലായി 10,620 കോടി രൂപ നിക്ഷേപം സമാഹരിച്ചിട്ടുണ്ട്. പ്രമുഖ മ്യൂച്വല്‍ ഫണ്ട് കമ്പനികളായ ക്വാണ്ട് മ്യൂച്വല്‍ ഫണ്ട് (qsif), എസ്.ബി.ഐ മ്യൂച്വല്‍ ഫണ്ട് (മാഗ്നം), എഡല്‍വീസ് മ്യൂച്വല്‍ ഫണ്ട് (ആള്‍ട്ടിവ), ടാറ്റ മ്യൂച്വല്‍ ഫണ്ട് (ടൈറ്റാനിയം), ഐടിഐ മ്യൂച്വല്‍ ഫണ്ട് (ഡിവിനിറ്റി), ബന്ധന്‍ മ്യൂച്വല്‍ ഫണ്ട് എന്നിവ നല്‍കുന്ന സ്‌കീമുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു.
വെല്ലുവിളികള്‍ ഓഹരി വിപണിയിലെ സ്പോട്ട്, ഡെറിവേറ്റീവ് സെഗ്മന്റുകളില്‍ ഒരുപോലെ വ്യാപാരം നടക്കുന്ന ഓഹരികളുടെ കുറവാണ് എസ്ഐഎഫ് സ്‌കീമുകള്‍ നേരിടുന്ന ഒരു വെല്ലുവിളി. ഷോര്‍ട്ട്-സെല്ലിങ് തന്ത്രങ്ങളില്‍ വൈദഗ്ധ്യമുള്ള ഉദ്യോഗസ്ഥരുടെ അഭാവമാണ് മറ്റൊരു വെല്ലുവിളി.
നിക്ഷേപത്തുക തിരികെ എടുക്കേണ്ടി വരുന്ന സാഹചര്യങ്ങളില്‍ സെബി നല്‍കുന്ന സൗകര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. എസ്.ഐ.എഫുകള്‍ മൂന്ന് തരത്തിലാവാം. ഓപണ്‍-എന്‍ഡഡ്, ക്ലോസ്-എന്‍ഡഡ് അല്ലെങ്കില്‍ ഇന്റര്‍വെല്‍ അടിസ്ഥാനമാക്കിയുള്ളത്. ഓപണ്‍-എന്‍ഡഡ് ഫണ്ടുകളിലുള്ള തുക നിക്ഷേപകന് ദിവസേന തിരികെ എടുക്കാം (റെഡീം ചെയ്യാം). ക്ലോസ്-എന്‍ഡ് ഫണ്ടുകള്‍ പുതിയ ഫണ്ട് ഓഫറുകളായാണ് അവയുടെ യൂണിറ്റുകള്‍ നല്‍കുന്നത്. ഇതിനാല്‍ ഒരു നിശ്ചിത കാലയളവിലേക്ക് ഫണ്ടുകള്‍ ലോക്ക് ചെയ്യപ്പെടുന്നു. കാലാവധി കഴിയാതെ പണം തിരികെ എടുക്കാന്‍ കഴിയില്ല.
ഈ ഫണ്ടുകള്‍ സ്റ്റോക്ക്-എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്തവയാണ്. അതുകൊണ്ട് ഹോള്‍ഡിങ്ങുകള്‍ ഓഹരികള്‍ പോലെ നിലവിലുള്ള മാര്‍ക്കറ്റ് വിലകളില്‍ (NAV അല്ല) കൈമാറ്റം ചെയ്യാന്‍ കഴിയും. ഇത് കുറച്ച് ലിക്വിഡിറ്റി വാഗ്ദാനം ചെയ്യുന്നു. ഇന്റര്‍വെല്‍ ഫണ്ടുകള്‍ സാധാരണയായി നിക്ഷേപകരെ എപ്പോള്‍ വേണമെങ്കിലും പണം നിക്ഷേപിക്കാന്‍ അനുവദിക്കും. തിരികെ എടുക്കുന്നത് നിര്‍ദിഷ്ട പ്രതിമാസ, ത്രൈമാസ, അര്‍ധവാര്‍ഷിക, അല്ലെങ്കില്‍ വാര്‍ഷിക കാല യളവിലാണ് സാധ്യമാകുന്നത്. ഇവയും ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തിട്ടുണ്ടാവണം. എസ്ഐഎഫില്‍ നിന്ന് ഈവിധം മൂന്ന് രീതികളില്‍ പണം പിന്‍വലിക്കാവുന്നതാണ്. മൂന്ന് വിധം ഉള്ളതിന്റെ പ്രയോജനം എന്തെന്നാല്‍ നിക്ഷേപകന് അവരുടെ സാമ്പത്തിക ലക്ഷ്യങ്ങള്‍ അനുസരിച്ച് നിക്ഷേപിക്കാം. അടുത്തുതന്നെ ആവശ്യം വരി ല്ലെങ്കില്‍ തുക ക്ലോസ്ഡ്-എന്‍ഡഡ് ഫണ്ടിലിടാം. ഇത് കൂടുതല്‍ സമയം നിക്ഷേപമായി തുടരാന്‍ കഴിയും.
Read DhanamOnline in English
Subscribe to Dhanam Magazine