ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ മറ്റൊരാളെ ആശ്രയിക്കേണ്ട, ലളിതമായി ഓണ്‍ലൈനില്‍ ഫയല്‍ ചെയ്യുന്നത് എങ്ങനെ? വിശദാംശങ്ങള്‍

ബിസിനസ് വരുമാനമില്ലാത്ത ശമ്പളക്കാരായ വ്യക്തികൾക്ക് ITR-1 ഫോമാണ് തിരഞ്ഞെടുക്കേണ്ടത്
ITR
Image courtesy: Canva
Published on

ആദായനികുതി റിട്ടേൺ (ഐ.ടി.ആർ) ഓൺലൈനായി ഫയൽ ചെയ്യുന്നത് മുമ്പെന്നത്തേക്കാളും ഇപ്പോള്‍ എളുപ്പമാണ്. ആദായനികുതി വകുപ്പ് ഘട്ടം ഘട്ടമായി നൽകുന്ന മാർഗനിർദേശങ്ങളും നിര്‍മിത ബുദ്ധി (AI) അടിസ്ഥാനമാക്കിയുള്ള ഉപയോക്തൃ സൗഹൃദ പോർട്ടലുകളുമാണ് ഇതിന് കാരണം. ശമ്പളം, സമ്പാദ്യത്തിൽ നിന്നുള്ള പലിശ, ഫ്രീലാൻസ് വരുമാനം പോലുള്ള ലളിത വരുമാന സ്രോതസുകളാണ് ഉളളതെങ്കില്‍ ഐ.ടി.ആർ ഫയല്‍ ചെയ്യാന്‍ പ്രത്യേകിച്ച് ഒരു ചാർട്ടഡ് അക്കൗണ്ടന്റിനെ (CA) നിയമിക്കേണ്ട ആവശ്യമില്ല. ഓണ്‍ലൈനായി ഫയല്‍ ചെയ്യുന്നതിനുളള വിവിധ ഘട്ടങ്ങളാണ് ഇവിടെ പരിശോധിക്കുന്നത്.

2024-25 സാമ്പത്തിക വർഷത്തിലെ ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള അവസാന തീയതി ഈ വർഷം ആദായനികുതി വകുപ്പ് നീട്ടിയിട്ടുണ്ട്. എല്ലാ വർഷവും ഐടിആർ ഫയലിംഗ് നടത്താനുള്ള അവസാന തീയതി ജൂലൈ 31 ആണ്. ഇത്തവണ അത് 2025 സെപ്റ്റംബർ 15 വരെ നീട്ടിയിരിക്കുന്നു.

ഘട്ടം 1: എല്ലാ രേഖകളും ശേഖരിക്കുക

ഫോം 16 (ശമ്പളക്കാരായ വ്യക്തികൾക്ക്), ബാങ്കിന്റെ വാർഷിക സ്റ്റേറ്റ്‌മെന്റുകൾ, പലിശ സർട്ടിഫിക്കറ്റുകൾ, ഫോം 26AS, വാർഷിക വിവര സ്റ്റേറ്റ്‌മെന്റ് (AIS) തുടങ്ങിയവ പോലുള്ള പ്രധാന രേഖകൾ ശേഖരിക്കുക.

ഘട്ടം 2: ആദായ നികുതി പോർട്ടലിൽ ലോഗിൻ ചെയ്യുക

പ്രസക്തമായ എല്ലാ രേഖകളും വിവരങ്ങളും ശേഖരിച്ചുകഴിഞ്ഞാൽ, ആദായനികുതി വകുപ്പിന്റെ https://www.incometax.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക. നിങ്ങളുടെ പാൻ, ആധാർ കാർഡ്, പാസ്‌വേഡ് എന്നിവ ഉപയോഗിച്ചാണ് അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്യേണ്ടത്. ആദ്യമായി ലോഗിന്‍ ചെയ്യുകയാണെങ്കില്‍ പാൻ കാർഡ്, മൊബൈൽ നമ്പർ, വർക്കിംഗ് ഇമെയിൽ ഐഡി, ആധാർ വിശദാംശങ്ങൾ എന്നിവ ഉപയോഗിച്ച് രജിസ്റ്റർ ചെയ്യേണ്ടതുണ്ട്.

ഘട്ടം 3: ശരിയായ ഐടിആർ ഫോം തിരഞ്ഞെടുക്കുക

ബിസിനസ് വരുമാനമില്ലാത്ത ശമ്പളക്കാരായ വ്യക്തികൾക്ക് ITR-1 (സഹജ്) ഫോമാണ് തിരഞ്ഞെടുക്കേണ്ടത്. അതേസമയം, ഒന്നിലധികം വരുമാന സ്രോതസുകളുള്ള ഫ്രീലാൻസർമാർക്കോ നികുതിദായകർക്കോ ITR-2 അല്ലെങ്കിൽ ITR-3 ആവശ്യമായി വന്നേക്കാം. അതുകൊണ്ട് ഏതെങ്കിലും പ്രത്യേക ഫോം തിരഞ്ഞെടുക്കുന്നതിന് മുമ്പ് നിങ്ങളുടെ വരുമാന സ്രോതസുകൾ വ്യക്തമായി മനസിലാക്കുകയും അവ ഒരു പ്രത്യേക ഷീറ്റിൽ എഴുതുകയും ചെയ്യുന്നത് നല്ലതാണ്.

ഘട്ടം 4: വിശദാംശങ്ങൾ പൂരിപ്പിച്ച ശേഷം പരിശോധിക്കുക

നികുതി റിട്ടേണുകൾ സമർപ്പിക്കാൻ സഹായിക്കുന്നതിനായി, നികുതിദായകരുടെ പാൻ കാർഡ്, AIS, ഫോം 26AS എന്നിവയിൽ നിന്നുളള ഡാറ്റ സ്വയമേവ പൂരിപ്പിക്കാന്‍ അനുവദിക്കുന്ന തരത്തിലാണ് പോര്‍ട്ടല്‍ സജ്ജീകരിച്ചിരിക്കുന്നത്. മുന്‍കൂട്ടി പൂരിപ്പിക്കപ്പെട്ട ഡാറ്റകള്‍ കൃത്യവും അപ്ഡേറ്റ് ചെയ്തതുമാണെന്ന് ഉറപ്പാക്കാൻ വിശദാംശങ്ങൾ ശ്രദ്ധാപൂർവം അവലോകനം ചെയ്ത് പരിശോധിക്കേണ്ടതാണ്.

ഘട്ടം 5: കിഴിവുകളും വരുമാനവും പ്രഖ്യാപിക്കുക

വരുമാന വിശദാംശങ്ങൾ നൽകിയതിന് ശേഷം, നിങ്ങള്‍ക്ക് വ്യക്തിഗതമായി ബാധകമായ സെക്ഷൻ 80C, 80D മുതലായവ പ്രകാരം കിഴിവുകൾ ക്ലെയിം ചെയ്യുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാം. ഈ കിഴിവുകൾ നിങ്ങളുടെ വാർഷിക വരുമാനത്തെ ആശ്രയിച്ചാണ് ഉളളത്. കൂടാതെ നിങ്ങളുടെ കേസിൽ ബാധകമായ ആദായനികുതി കിഴിവുകള്‍ മനസിലാക്കേണ്ടതുണ്ട്.

ഘട്ടം 6: അവലോകനം ചെയ്ത് സമർപ്പിക്കുക

ഫോം പൂരിപ്പിക്കുന്നതിനുള്ള മുഴുവൻ പ്രക്രിയയും പൂർത്തിയാക്കിക്കഴിഞ്ഞാൽ, പിശകുകളൊന്നുമില്ലെന്ന് ഉറപ്പാക്കാനായി വീണ്ടും എല്ലാം പരിശോധിക്കുക. ഇതിനായി സമർപ്പിക്കാൻ പോകുന്ന വിശദാംശങ്ങളുമായി നിങ്ങള്‍ കണക്കാക്കിയ നികുതിയുമായി പൊരുത്തപ്പെടുന്നുണ്ടോയെന്ന് നോക്കുക. വിശദാംശങ്ങൾ എല്ലാം പൂരിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കാനായി ഫോം പ്രിവ്യൂ ചെയ്യുക. എല്ലാം കൃത്യമാണെന്ന് ബോധ്യപ്പെട്ടാല്‍ ആധാർ OTP, നെറ്റ് ബാങ്കിംഗ്, ലഭ്യമായ മറ്റ് ഓപ്ഷനുകൾ തുടങ്ങിയവ ഉപയോഗിച്ച് ഇ-വെരിഫൈ ചെയ്ത് ഫോം സമർപ്പിക്കുക.

Step-by-step online ITR filing guide for FY 2024-25, with extended deadline until September 15, 2025.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com