

സാമ്പത്തികമായി ഉയര്‍ന്ന നിലയിലുള്ളവര്‍ സമ്പത്ത് നിലനിര്‍ത്തുന്നതിനും വര്‍ധിപ്പിക്കുന്നതിനും ചില പ്രത്യേക നിയമങ്ങള്‍ പിന്തുടരാറുണ്ട്. മധ്യവരുമാനക്കാര്‍ക്ക് പലര്‍ക്കും അറിയാത്ത ഈ സീക്രട്ടാണ് അവരെ വേര്‍തിരിച്ച് നിര്‍ത്തുന്നത്. അതെന്തൊക്കെയാണെന്ന് നോക്കാം.
സാധാരണക്കാര്‍ വരുമാനത്തിനായി സമയം ചിലവഴിക്കുമ്പോള്‍, സമ്പന്നര്‍ തങ്ങളുടെ പണം നിക്ഷേപങ്ങളിലൂടെയും മറ്റും അധിക വരുമാനം (Passive Income) ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നു. നിങ്ങള്‍ ഉറങ്ങുമ്പോഴും നിങ്ങളുടെ പണം നിങ്ങള്‍ക്കായി പണിയെടുത്തു കൊണ്ടിരിക്കണം എന്നതാണ് ഇവരുടെ പോളിസി.
മിഡില്‍ ക്ലാസ് ആളുകള്‍ തങ്ങളുടെ പണം 4% മാത്രം ലാഭം നല്‍കുന്ന സേവിങ്സ് അക്കൗണ്ടുകളില്‍ നിക്ഷേപിക്കുന്നു. എന്നാല്‍ സമ്പന്നര്‍ അതേ പണം തന്നെ പ്രതിവര്‍ഷം 12 മുതല്‍ 20 ശതമാനം വരെ ആദായം നല്‍കുന്ന ആസ്തികളില്‍ നിക്ഷേപിച്ച് വളര്‍ത്തുന്നു.
കയ്യില്‍ നിന്ന് പണം നഷ്ടപ്പെടുത്തുന്നവയാണ് ലയബിലിറ്റികള്‍. ഉദാഹരണത്തിന് ആഡംബര കാറുകള്‍, ഗാഡ്ജെറ്റുകള്‍ പോലുള്ളവ. എന്നാല്‍ അസറ്റുകള്‍ കയ്യിലേക്ക് പണം എത്തിക്കുന്നു. അതായത് ഓഹരികള്‍, റിയല്‍ എസ്റ്റേറ്റ് തുടങ്ങിയവ. പലപ്പോഴും സാധാരണക്കാര്‍ ലയബിലിറ്റികളെ അസറ്റുകളായി തെറ്റിദ്ധരിക്കാറുണ്ട്.
ഒരു കോടി രൂപയുടെ കാര്‍ വാങ്ങാന്‍ ആഗ്രഹിക്കുന്ന ഒരു സമ്പന്നന്‍ തന്റെ അക്കൗണ്ടിലെ പണം മുഴുവന്‍ അതിനായി ചിലവാക്കില്ല. പകരം, പ്രതിമാസം 1.2 ലക്ഷം രൂപ വാടക ലഭിക്കുന്ന ഒരു പ്രോപ്പര്‍ട്ടി അദ്ദേഹം വാങ്ങുന്നു. ആ തുക ഉപയോഗിച്ച് കാറിന്റെ ഇഎംഐ (EMI) അടയ്ക്കുന്നു.
ഫലമോ? അദ്ദേഹത്തിന് കാറും ലഭിക്കുന്നു, അതോടൊപ്പം ആ പ്രോപ്പര്‍ട്ടിയും സ്വന്തമാകുന്നു. എന്നാല്‍ മിഡില്‍ ക്ലാസ് ആളുകള്‍ കാര്‍ മാത്രം വാങ്ങുന്നു. അവരുടെ കയ്യിലുള്ള മുതലാകട്ടെ എന്നെന്നേക്കുമായി നഷ്ടപ്പെടുകയും ചെയ്യുന്നു.
സ്വന്തം പണം മാത്രം ഉപയോഗിക്കുന്നതിന് പകരം വായ്പകളിലൂടെയും മറ്റും ലഭിക്കുന്ന 'അന്യരുടെ പണം' (Other People's Money - OPM) ഉപയോഗിച്ച് വരുമാനം തരുന്ന ആസ്തികള്‍ വാങ്ങാന്‍ ഇവര്‍ക്ക് മടിയില്ല. ഈ തുക കൃത്യമായി കൈകാര്യം ചെയ്യാന്‍ അവര്‍ക്കറിയാം.
കടം ഒഴിവാക്കുക എന്നതാണ് പൊതുവായി പറയപ്പെടുന്നത്. എന്നാല്‍ ശരിയായ രീതിയില്‍ കടം ഉപയോഗിക്കുക എന്നതാണ് സമ്പന്നരുടെ രീതി. വാര്‍ഷികാടിസ്ഥാനത്തില്‍ 14% ആദായം നല്‍കുന്ന ഒരു കൊമേഴ്‌സ്യല്‍ പ്രോപ്പര്‍ട്ടി (Commercial property) വാങ്ങാന്‍ 8% പലിശയ്ക്ക് ലോണ്‍ എടുക്കുന്നത് ആലോചിച്ചു നോക്കൂ. ഇവിടെ മറ്റൊരാളുടെ പണത്തിലൂടെ നിങ്ങള്‍ ഉണ്ടാക്കുന്നത് 6% ലാഭമാണ് ഇതിനെയാണ് 'ലിവറേജ്' എന്ന് വിളിക്കുന്നത്.
ചുരുക്കത്തില്‍, മിഡില്‍ ക്ലാസ് കടം ഒഴിവാക്കുന്നു, അതുകൊണ്ട് തന്നെ ആസ്തികളുടെ കാര്യത്തില്‍ പിന്നിലായിപ്പോകുന്നു. സമ്പന്ന വിഭാഗം സമ്പത്ത് വേഗത്തില്‍ വര്‍ദ്ധിപ്പിക്കാന്‍ കടം തന്ത്രപരമായി ഉപയോഗിക്കുന്നു.
സമ്പന്നര്‍ സ്വന്തമായി നികുതി റിട്ടേണുകള്‍ ഫയല്‍ ചെയ്യാറില്ല. മിഡില്‍ ക്ലാസ് ചിന്തിക്കുന്നത് 'എനിക്ക് തന്നെ ചെയ്യാവുന്ന ഒരു കാര്യത്തിന് എന്തിനാണ് ഞാന്‍ ഒരു അക്കൗണ്ടന്റിന് 50,000 രൂപ നല്‍കുന്നത്?'
സമ്പന്നരുടെ ചിന്താഗതിയാകട്ടെ 'എന്റെ ഒരു മണിക്കൂറിന് 5,00,000 രൂപ വിലയുണ്ട്. പിന്നെന്തിനാണ് വെറുതെ പേപ്പര്‍ വര്‍ക്കുകള്‍ക്കായി ഞാന്‍ ആ സമയം ചിലവഴിക്കുന്നത്?'
സമ്പന്നര്‍ ജോലികള്‍ ഔട്ട്സോഴ്‌സ് (Outsource) ചെയ്യുന്നു. നികുതി നിയമപരമായി കുറയ്ക്കുന്നതിന് സിപിഎ (CPA), ടാക്‌സ് അറ്റോര്‍ണിമാര്‍ എന്നിവരെ ഏല്‍പ്പിക്കുന്നു, നിക്ഷേപങ്ങള്‍ കൃത്യമായി വിന്യസിക്കുന്നതിന് (Portfolio allocation) ഫിനാന്‍ഷ്യല്‍ അഡൈ്വസര്‍മാരെ ഏല്‍പ്പിക്കുന്നു, റിയല്‍ എസ്റ്റേറ്റ് ബിസിനസ് കാര്യക്ഷമമായി നടത്തുന്നതിന് പ്രോപ്പര്‍ട്ടി മാനേജര്‍മാരെ ഏല്‍പ്പിക്കും.
സമയം എന്നത് ഒരിക്കലും തിരിച്ചുപിടിക്കാന്‍ കഴിയാത്ത ഏക സമ്പത്താണ്. അതുകൊണ്ട് തന്നെ മൂലധനത്തെ സംരക്ഷിക്കുന്നതുപോലെ സമ്പന്നര്‍ തങ്ങളുടെ സമയത്തെയും സംരക്ഷിക്കുന്നു.
നിക്ഷേപം നടത്താന്‍ ഒരു 'അനുയോജ്യമായ സമയത്തിനായി' സമ്പന്നര്‍ കാത്തിരിക്കാറില്ല. വിപണി എപ്പോള്‍ ഉയരും എന്ന് നോക്കി നില്‍ക്കുന്നതിനേക്കാള്‍ (Market Timing), എത്ര കാലം വിപണിയില്‍ നിക്ഷേപം നിലനിര്‍ത്തുന്നു (Time in Market) എന്നതിലാണ് കാര്യമെന്ന് സമ്പന്നര്‍ വിശ്വസിക്കുന്നു. വിപണി ഉയര്‍ച്ചയിലാണെങ്കിലും ഇടിവിലാണെങ്കിലും മഴയോ വെയിലോ നോക്കാതെ എല്ലാ മാസവും അവര്‍ അത് ഓട്ടോമേറ്റ് ചെയ്യുന്നു.
കോമ്പൗണ്ടിംഗിന്റെ ഗുണം ലഭിക്കാന്‍ ദീര്‍ഘകാല നിക്ഷേപം അനിവാര്യമാണ്. വര്‍ഷങ്ങളിലൂടെ നിശബ്ദമായി ഒരു വലിയ നിക്ഷേപശേഖരം കെട്ടിപ്പടുക്കാന്‍ സഹായിക്കുന്നു. ബുദ്ധിസാമര്‍ത്ഥ്യത്തേക്കാള്‍ എപ്പോഴും വിജയിക്കുന്നത് കൃത്യമായ ഇടവേളകളിലുള്ള ഈ തുടര്‍ച്ചയായ നിക്ഷേപശൈലിയാണ്.
നികുതികള്‍ നിയമപരമായിത്തന്നെ എങ്ങനെ കുറയ്ക്കാം എന്നതിനെക്കുറിച്ച് സമ്പന്നര്‍ക്ക് വ്യക്തമായ ധാരണയുണ്ടാകും. വരുമാനം വര്‍ധിപ്പിക്കുന്നതിനോടൊപ്പം തന്നെ ചെലവുകളും നികുതിയും കുറയ്ക്കുന്നത് സമ്പത്ത് വേഗത്തില്‍ വളരാന്‍ സഹായിക്കുന്നു.
സമ്പന്നര്‍ വരുമാനം ഹോള്‍ഡിംഗ് കമ്പനികള്‍ (Holding companies), ഷെല്‍ സ്ട്രക്ചറുകള്‍ (Shell structures), ഫാമിലി ട്രസ്റ്റുകള്‍ എന്നിവയിലൂടെയാണ് വഴിതിരിച്ചുവിടുന്നത്. ഇതെല്ലാം പൂര്‍ണ്ണമായും നിയമപരവുമാണ്.
വ്യക്തിഗത വരുമാനത്തിന് (Perosnal income) ഏറ്റവും ഉയര്‍ന്ന സ്ലാബ് നിരക്കിലാണ് നികുതി ഈടാക്കുന്നത്. കോര്‍പ്പറേറ്റ് വരുമാനത്തിന് കുറഞ്ഞ നിശ്ചിത നിരക്കിലാണ് (Flat rate) നികുതി ചുമത്തുന്നത്.
കമ്പനി വഴി നടത്തുന്ന ചെലവുകള്‍ (ഓഫീസ്, യാത്ര, ഉപകരണങ്ങള്‍ തുടങ്ങിയവ) നികുതി നല്‍കേണ്ട വരുമാനത്തെ വീണ്ടും കുറയ്ക്കുന്നു.
ഇതിന്റെ ഫലമെന്തെന്നാല്‍ ഒരു ശതകോടീശ്വരന്റെ ജീവിതശൈലി പലപ്പോഴും പൂര്‍ണമായും കോര്‍പ്പറേറ്റ് ഫണ്ട് വഴിയായിരിക്കും. അതേസമയം അവരുടെ വ്യക്തിഗത നികുതി ബാധ്യത പൂജ്യത്തിന് അടുത്തായി നില്‍ക്കുകയും ചെയ്യുന്നു.
ഏറ്റവും മികച്ച നിക്ഷേപ അവസരങ്ങള്‍ ഒരിക്കലും പൊതുജനമധ്യത്തില്‍ എത്താറില്ല - അത് തന്നെയാണ് അതിന്റെ പ്രത്യേകതയും.
ഏറ്റവും കൂടുതല്‍ ലാഭം നല്‍കുന്ന ഇടപാടുകള്‍ - പ്രീ-ഐപിഒ (Pre-IPO) ഓഹരികള്‍, പ്രൈവറ്റ് ഇക്വിറ്റി റൗണ്ടുകള്‍, ഓഫ്-മാര്‍ക്കറ്റ് റിയല്‍ എസ്റ്റേറ്റ് എന്നിവയൊന്നും ഒരിക്കലും പരസ്യം ചെയ്യപ്പെടാറില്ല. അവ ഉയര്‍ന്ന ആസ്തിയുള്ള വ്യക്തികള്‍ക്കിടയിലുള്ള (High-net-worth individuals) അടച്ചിട്ട മുറികളിലെ ചര്‍ച്ചകളില്‍ മാത്രമാണ് കൈമാറ്റം ചെയ്യപ്പെടുന്നത്.
അതുകൊണ്ടാണ് സമ്പന്നര്‍ തങ്ങളുടെ സാമൂഹിക ബന്ധങ്ങള്‍ (Social capital) കെട്ടിപ്പടുക്കുന്നതില്‍ ഇത്രയധികം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ശരിയായ ഒരു വിരുന്നിലെ ഒരു ചെറിയ സംഭാഷണം പോലും വര്‍ഷങ്ങളായുള്ള സാധാരണ നിക്ഷേപങ്ങളേക്കാള്‍ വലിയ ലാഭം നല്‍കിയേക്കാം.
ഒത്തുചേര്‍ന്നുള്ള നിക്ഷേപ അവസരങ്ങള്‍ (Co-investment) ലാഭം പലമടങ്ങ് വര്‍ധിപ്പിക്കുന്നു. വിശ്വസ്തരായ ആളുകളുടെ ശുപാര്‍ശകള്‍ വഴി തുറക്കപ്പെടുന്ന വാതിലുകള്‍ ഒരിക്കലും സാധാരണ അപേക്ഷകള്‍ വഴി തുറക്കപ്പെടില്ല.
സമ്പത്ത് വര്‍ദ്ധിപ്പിക്കുന്നതിനുള്ള വിവരങ്ങളിലേക്കുള്ള പ്രവേശനം പോലും സമ്പന്നര്‍ക്കിടയില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്ന ഒന്നാണെന്നാണ് ഇത് സൂചിപ്പിക്കുന്നത്.
തുടക്കമെന്ന നിലയില്‍ എന്തുചെയ്യാം? നിങ്ങളുടെ സാമ്പത്തിക സൗഹൃദവലയം ബോധപൂര്‍വ്വം വികസിപ്പിക്കുക - ഓരോ ബന്ധങ്ങളിലൂടെയും പടിപടിയായി മുന്നേറുക.
ചുരുക്കത്തില്‍, സമ്പന്നനാകുക എന്നത് കേവലം ഭാഗ്യം മാത്രമല്ല, മറിച്ച് കൃത്യമായ അറിവും അച്ചടക്കത്തോടെയുള്ള പ്ലാനിംഗും കൂടിയാണ്.
സമ്പന്നര്‍ക്ക് കൂടുതല്‍ പണമുണ്ടെന്നത് മാത്രമല്ല പ്രത്യേകത. അവര്‍ പണത്തെ തികച്ചും വ്യത്യസ്തമായ രീതിയിലാണ് കാണുന്നത് ഈ തന്ത്രങ്ങള്‍ ആര്‍ക്കും പഠിച്ചെടുക്കാവുന്നതേയുള്ളൂ. എന്നാല്‍ ചിന്താഗതിയില്‍ മാറ്റം വരുത്തുക എന്നതാണ് ഏറ്റവും പ്രയാസമേറിയ കാര്യം.
Read DhanamOnline in English
Subscribe to Dhanam Magazine