

2024-25 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ITR) സമർപ്പിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 15 ആണ്. മിക്ക നികുതിദായകരും കൃത്യസമയത്ത് റിട്ടേൺ സമർപ്പിക്കുന്നതിനായി രേഖകൾ ഒരുക്കുന്ന തിരക്കിലാണ്. ഈ സന്ദര്‍ഭത്തില്‍ നികുതിദായകർ അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട പദങ്ങൾ പരിശോധിക്കുകയാണ് ഇവിടെ.
മൊത്ത വരുമാനം (Gross Income): വർഷത്തിൽ നേടിയ മൊത്തം വരുമാനത്തെ സൂചിപ്പിക്കുന്നതാണ് ഈ പദം. ശമ്പളം, ഫ്രീലാൻസ് അസൈൻമെന്റുകൾ, വാടക വരുമാനം, ഓഹരികളുടെ വിൽപ്പന, സമ്മാനത്തുക മുതലായവയിലൂടെ നേടിയ പണം അടക്കം ഇതില്‍ ഉള്‍പ്പെടുത്താം.
കിഴിവുകൾ (Deductions): മൊത്ത വരുമാനം കണക്കാക്കിയ ശേഷം, ഐടി ആക്ട് പ്രകാരം നിയമാനുസൃത കിഴിവുകളായി അനുവദനീയമായ തുക കുറയ്ക്കാൻ നികുതിദായകർക്ക് അർഹതയുണ്ട്. പിപിഎഫിലും ആരോഗ്യ ഇൻഷുറൻസിലും നിക്ഷേപിക്കുന്നതിന് യഥാക്രമം 80C, 80D പോലുള്ള വിവിധ വ്യവസ്ഥകൾ പ്രകാരമുളള കിഴിവുകള്‍ ലഭ്യമാണ്.
ഇളവുകൾ ( Exemptions): കിഴിവുകളിൽ നിന്ന് വ്യത്യസ്തമായി, ഇളവുകൾ എന്നത് നികുതി നൽകേണ്ട വരുമാനമല്ല. ഉദാഹരണമായി പിപിഎഫിന്റെയോ കാർഷിക വരുമാനത്തിന്റെയോ പലിശ.
റിബേറ്റ്: ചില ഉദ്ദേശ്യങ്ങൾക്കായി മൊത്തം നികുതിയിൽ നിന്ന് ഒഴിവാക്കിയ തുകയെയാണ് ഇത് സൂചിപ്പിക്കുന്നത്. റിബേറ്റിന്റെ ഒരു ഉദാഹരണം സെക്ഷൻ 87A (റിബേറ്റ്) ആണ്, പുതിയ നികുതി വ്യവസ്ഥ പ്രകാരം 7 ലക്ഷം രൂപയിൽ താഴെ വരുമാനമുള്ള നികുതിദായകർക്ക് 25,000 രൂപ വരെ ഇത് അനുവദനീയമാണ്.
മൂലധന നേട്ടം (Capital gains): സ്വത്ത്, സ്വർണം, സെക്യൂരിറ്റികൾ ഉൾപ്പെടെയുള്ള ആസ്തികളുടെ വിൽപ്പനയിലൂടെ ലഭിക്കുന്ന വരുമാനത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. ആസ്തിയുടെ കൈവശമുള്ള കാലയളവിന്റെ കാലാവധിയെ അടിസ്ഥാനമാക്കി മൂലധന നേട്ടം ഹ്രസ്വകാലമോ ദീർഘകാലമോ ആകാം.
ഐടിആർ ഫോം: ശമ്പളക്കാർ, ബിസിനസ് വ്യക്തികൾ, ഫ്രീലാൻസർമാർ എന്നിങ്ങനെ വ്യത്യസ്ത വിഭാഗത്തിലുള്ള നികുതിദായകർക്ക് വ്യത്യസ്ത ഐടിആർ ഫോമുകളാണ് ഉപയോഗിക്കേണ്ടതെന്ന കാര്യം ശ്രദ്ധിക്കേണ്ടതാണ്.
പുതിയ നികുതി വ്യവസ്ഥ (NTR): നിലവിൽ ആദായനികുതി വകുപ്പ് നികുതിദായകർക്ക് പഴയതും പുതിയതുമായ രണ്ട് വ്യവസ്ഥകളിൽ ഒന്നിന് കീഴിൽ നികുതി റിട്ടേണുകൾ സമർപ്പിക്കാൻ അനുവദിക്കുന്നു. പേര് സൂചിപ്പിക്കുന്നത് പോലെ, പഴയത് വളരെക്കാലമായി നിലവിലുണ്ട്. പുതിയ വ്യവസ്ഥ ആദ്യമായി അവതരിപ്പിച്ചത് 2020-21 മുതലാണ്.
പഴയ നികുതി വ്യവസ്ഥയിൽ ഉയർന്ന നികുതി നിരക്കുകളുണ്ടെങ്കിലും കൂടുതൽ കിഴിവുകൾ ഉണ്ട്. അതേസമയം പുതിയ വ്യവസ്ഥയിൽ കുറഞ്ഞ നികുതി നിരക്കുകളാണുള്ളത്, എന്നാൽ കിഴിവുകൾ കുറവാണ്.
സെസ്: ആരോഗ്യത്തിനും വിദ്യാഭ്യാസത്തിനും ധനസഹായം നൽകുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ മൊത്തം നികുതിയിൽ (സർചാർജ് ഉൾപ്പെടെ) 4 ശതമാനം സെസ് ചുമത്തുന്നു.
ടി.ഡി.എസ് (TDS, ഉറവിടത്തിൽ നികുതി കുറയ്ക്കുന്നു): സാധാരണയായി തൊഴിലുടമകൾ ജീവനക്കാർക്ക് ശമ്പളം നൽകുമ്പോൾ വർഷവും നികുതി കുറയ്ക്കുന്നു. മുൻകൂറായി അടച്ച ഈ നികുതി വാർഷിക വിവര പ്രസ്താവനയിൽ (AIS) ടി.ഡി.എസ് ആയി കാണിക്കുന്നതാണ്.
അടയ്‌ക്കേണ്ട ആകെ നികുതി (Total Tax payable): എല്ലാ കിഴിവുകളും റിബേറ്റുകളും കുറച്ചതിനുശേഷം, സെസ് ചേർത്തതിനുശേഷം ഒടുവില്‍ പ്രതിഫലിക്കുന്ന സംഖ്യയെ അടയ്‌ക്കേണ്ട മൊത്തം നികുതി എന്ന് വിളിക്കുന്നു. TDS ആയി മുൻകൂട്ടി അടച്ചിട്ടുണ്ടെങ്കില്‍, അത് പൂജ്യമോ നെഗറ്റീവോ ആകാം (ഇത് നികുതി റീഫണ്ടിലേക്ക് നയിക്കുന്നു).
Ten key income tax terms every taxpayer must know before filing the 2025 ITR.
Read DhanamOnline in English
Subscribe to Dhanam Magazine