വിദേശ യാത്രയ്ക്ക് ഒരുങ്ങുകയാണോ? കറന്‍സി എക്‌സ്‌ചേഞ്ചിനെക്കുറിച്ച് അറിഞ്ഞിരിക്കാം 10 കാര്യങ്ങള്‍
വിദേശത്തേക്ക് യാത്ര പോകാന്‍ പലരും തയ്യാറെടുപ്പുകള്‍ നടത്തുന്നു, തൊപ്പിയും സണ്‍ ഗ്ലാസും വരെ സൂക്ഷ്മതയോടെ വാങ്ങുന്നു. എന്നാല്‍ ഷോപ്പിംഗില്‍ കാണിക്കുന്ന ശ്രദ്ധ മറ്റൊരു കാര്യത്തില്‍ കൂടി കാണിക്കണം, ഫോറെക്‌സ് എക്‌സ്‌ചേഞ്ച് അഥവാ വിദേശ കറന്‍സി എക്‌സ്‌ചേഞ്ചിന്റെ കാര്യത്തിലാണ് ഇത്. രാജ്യത്തിന് പുറത്ത് പോയാല്‍ ഇന്ത്യന്‍ കറന്‍സിയോ ഇവിടുത്തെ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളോ ഇവിടെ ഉപയോഗിക്കുന്നത് പോലെ ഉപയോഗിക്കാനാകില്ല. മാത്രമല്ല മുന്‍കൂട്ടി പദ്ധതി ഇട്ടില്ലെങ്കില്‍ വലിയ സാമ്പത്തിക നഷ്ടമാകും നിങ്ങളെ കാത്തിരിക്കുക.
വിദേശ നാണയ /കറന്‍സി ഇടപാടുകള്‍ സംബന്ധിച്ച് അറിയേണ്ട 10 കാര്യങ്ങള്‍
വിദേശത്തേക്ക് പറക്കും മുമ്പ് കറന്‍സി മാറ്റാം
യാത്രയ്ക്കായുള്ള ബാക്കി എല്ലാ കാര്യങ്ങളും റെഡിയാക്കി വയ്ക്കാം, കറന്‍സി എക്‌സ്‌ചേഞ്ച് (forex)പിന്നീട് മതിയല്ലോ എന്ന് വിചാരിച്ചിരിക്കല്ലേ. ഇന്ത്യന്‍ കറന്‍സി ഗ്ലോബല്‍ കറന്‍സിയല്ല എന്നത് മറക്കേണ്ട. അതായത് ഇന്ത്യന്‍ കറന്‍സിയുടെ തത്തുല്യമായ വിദേശ കറന്‍സി സ്വന്തമാക്കാന്‍ ഇന്ത്യന്‍ എക്‌സ്‌ചേഞ്ചുകളിലൂടെ മാത്രമേ കഴിയൂ. വിദേശ കറന്‍സി എക്‌സ്‌ചേഞ്ചുകളില്‍ ഏതാനും തുകയ്ക്കുള്ള നോട്ടുകള്‍ മാറ്റിയെടുക്കാന്‍ കഴിഞ്ഞേക്കാമെങ്കിലും വല്യ തുക എക്‌സ്‌ചേഞ്ച് ചെയ്യാനുള്ള ഫീസ് ആയിത്തന്നെ വേണ്ടിവരും.
ലൈസന്‍സ് ഉള്ള എക്‌സ്‌ചേഞ്ചുകളെ സമീപിക്കുക
വിവിധ രാജ്യങ്ങളുടെ കറന്‍സികള്‍ മാറ്റി നല്‍കാന്‍ കഴിയുന്ന, ആര്‍.ബി.ഐ അംഗീകൃതമായ 'ഡീലര്‍-2' ലൈസന്‍സ് അല്ലെങ്കില്‍ 'മണി ചേഞ്ചര്‍ ലൈസന്‍സ്' എന്നിവ ഉള്ള എക്‌സ്‌ചേഞ്ചുകള്‍ വഴി മാത്രം കറന്‍സി മാറ്റി വാങ്ങുക. ലൈസന്‍സ് ഇല്ലാത്തവര്‍ തുച്ഛമായ ഫീസ് മാത്രം ഈടാക്കി പണം കൈമാറി നല്‍കുമെങ്കിലും നിങ്ങള്‍ക്ക് തരുന്ന നോട്ടുകള്‍ കണക്കില്‍ പെടാത്തവയോ കള്ളപ്പണമായി കൈമാറ്റം ചെയ്തവയോ ഒക്കെയാണെങ്കില്‍ വിദേശത്തെത്തുമ്പോള്‍ ആകും നിങ്ങള്‍ക്ക് 'വലിയ വിലകൊടുക്കേണ്ടിവരുക'.
നിങ്ങൾക്ക് ലഭിച്ചത് മാറ്റം ചെയ്യാന്‍ പാടില്ലാത്ത നോട്ടുകളെങ്കില്‍ നിയമനടപടികളും കേസും വരുക അത് കൈവശം വച്ചിട്ടുള്ള നിങ്ങളുടെ പേരിലാകും. അംഗീകൃത എക്സ്ചേഞ്ചുകളിൽ നിന്ന് വിനിമയം ചെയ്യാനാകുന്ന നോട്ടുകൾ ആകും ലഭിക്കുക. കൈമാറ്റം ചെയ്യുന്ന നോട്ടുകളുമായി ബന്ധപെട്ടു പിന്നീട് എന്തെങ്കിലും പ്രശ്നങ്ങൾ വന്നാലും നിങ്ങൾക്ക് നിയമ പരിരക്ഷ ഉറപ്പാക്കാം.
വില താരതമ്യം ചെയ്യുക
കറന്‍സി എക്‌സ്‌ചേഞ്ചുകളുടെ ചാര്‍ജുകള്‍, അവര്‍ നല്‍കുന്ന റേറ്റുകള്‍ എന്നിവ താരതമ്യം ചെയ്ത് നോക്കുക. ഇത്തരത്തില്‍ താരതമ്യം ചെയ്യാനുള്ള സൗകര്യമുള്ള വെബ്‌സൈറ്റുകള്‍ പോലുമുണ്ട്.
'ചില്ലറ' ആക്കി സൂക്ഷിക്കുക
വിദേശത്ത് വെക്കേഷനും മറ്റും പോകുന്നവരാണെങ്കില്‍ വിദേശ കറന്‍സിയുടെ ചില്ലറ അഥവാ ചെറിയ മൂല്യമുള്ള നോട്ടുകളും നാണയങ്ങളുമായി കയ്യില്‍ സൂക്ഷിക്കുന്നത് നന്നായിരിക്കും. ചെറു യാത്രകള്‍ക്ക് ടിക്കറ്റുകൾ എടുക്കാനും തെരുവോര കടകളിലും ഭക്ഷണശാലകളിലുമൊക്കെ നൽകേണ്ട തുക എന്നിവയ്ക്കായി ചില്ലറയാക്കി വയ്ക്കുന്ന കറൻസികൾ ഉപകരിക്കും.
കെ.വൈ.സി അറിഞ്ഞിരിക്കുക
ഇന്ത്യന്‍ പാസ്‌പോര്‍ട്ട്, വിസ(വേണമെങ്കില്‍), ഫ്‌ളൈറ്റ് ടിക്കറ്റ്(60 ദിവസത്തിനുള്ളില്‍ യാത്ര ചെയ്യുന്നു എന്ന് കാണിക്കുന്നത്), പാന്‍ കാര്‍ഡ് എന്നിവ നിര്‍ബന്ധമായും വേണ്ടിവരും. ആധാര്‍, വോട്ടിംഗ് ഐഡി കാര്‍ഡ് അല്ലെങ്കില്‍ ഡ്രൈവിംഗ് ലൈസന്‍സ് എന്നിവയില്‍ ഏതെങ്കിലും ഒന്ന് വേണ്ടി വരും. ഇവയെല്ലാം കയ്യില്‍ വച്ചുകൊണ്ട് വേണം എക്‌സ്‌ചേഞ്ചുകളെ സമീപിക്കാന്‍.
ഓണ്‍ലൈന്‍ ആയി ഓര്‍ഡര്‍ ചെയ്യാം
തോമസ് കുക്ക് പോലുള്ളവരുടെ ഓണ്‍ലൈന്‍ എക്‌സ്‌ചേഞ്ചുകള്‍ വഴി വീട്ടിലിരുന്നും കറന്‍സി എക്‌സ്‌ചേഞ്ച് ഡെലിവറി സൗകര്യം ഉപയോഗിക്കാം. എറണാകുളം, തിരുവനന്തപുരം, കോഴിക്കോട് പോലുള്ള പ്രധാന നഗരങ്ങളില്‍ ഉള്ളവര്‍ക്ക് ബുക്ക് ചെയ്താല്‍ 24 മണിക്കൂറില്‍ ഡെലിവറി നടത്തുന്ന എക്‌സ്‌ചേഞ്ചുകളുണ്ട്.
എയര്‍പോര്‍ട്ടുകളിലെ എക്‌സ്‌ചേഞ്ചുകള്‍ വേണ്ട
എപ്പോഴെങ്കിലും എയര്‍പോര്‍ട്ടില്‍ നിന്നും കാപ്പിയോ ചായയോ കഴിച്ചിട്ടുള്ളവര്‍ക്ക് അറിയാം എത്രരൂപ അധികമായി നല്‍കേണ്ടി വന്നിട്ടുണ്ട് എന്ന്. പറഞ്ഞിട്ടുകാര്യമില്ല, എയര്‍പോര്‍ട്ടില്‍ കടമുറി വാടക ഉയര്‍ന്നതിനാല്‍ അവര്‍ നല്‍കുന്ന ഉല്‍പ്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും ഉയര്‍ന്ന വില ഈടാക്കാന്‍ അവര്‍ നിര്‍ബന്ധിതരാണ്. അതിനാല്‍ തന്നെ എക്‌സ്‌ചേഞ്ചുകളും സാധാരണ ഉള്ളതിനേക്കാള്‍ 10-15 ശതമാനം വരെ അധിക തുക ചാര്‍ജ് ചെയ്യും. അതിനാല്‍ കറന്‍സ് എക്‌സ്‌ചേഞ്ചുകള്‍ക്ക് എയര്‍പോര്‍ട്ടുണ്ടല്ലോ എന്ന് കരുതി പുറത്തുനിന്ന് ചെയ്യാതെ അവസാന നിമിഷത്തേക്ക് അക്കാര്യം മാറ്റിവയ്‌ക്കേണ്ട. അത്യാവശ്യമെങ്കില്‍ മാത്രം അത്തരം സര്‍വീസുകള്‍ ഉപയോഗിക്കുക.
വിദേശ ഹോട്ടലുകളിലെ എക്‌സ്‌ചേഞ്ച് സൗകര്യം ഒഴിവാക്കാം
ഇന്ത്യന്‍ കറന്‍സി ഒരു ആഗോള കറന്‍സി അല്ലെന്ന് നമ്മള്‍ പറഞ്ഞല്ലോ. എന്നിരുന്നാലും, വിദേശത്തുള്ള ചില ഹോട്ടലുകള്‍ രൂപ സ്വീകരിക്കുകയും വിദേശ കറന്‍സി നല്‍കുകയും ചെയ്യാറുണ്ട്. ഈ സൗകര്യം ഉപയോഗിക്കുന്നത് അത്ര ബുദ്ധിയല്ല. സാധാരണയായി ബാങ്കുകളെക്കാളും കറന്‍സി എക്‌സ്‌ചേഞ്ച് ഓഫീസുകളേക്കാളും ഉയര്‍ന്ന വിനിമയ നിരക്കും ഫീസുമായിരിക്കും ഈ ഹോട്ടലുകള്‍ ഈടാക്കുക.
ഫോറെക്‌സ് കാര്‍ഡുകള്‍ ഉപയോഗിക്കാം
ആകെ ചെലവാക്കേണ്ട തുകയുടെ 30 ശതമാനം അതേ മൂല്യമുള്ള വിദേശ കറന്‍സിയും ബാക്കി 70 ശതമാനം ഫോറെക്‌സ് ട്രാവല്‍ കാര്‍ഡിലുമായി സൂക്ഷിക്കുക. ഫോറെക്‌സ് കാര്‍ഡ് വിദേശത്തെ എ.ടി.എം ഉപയോഗത്തിനും ഹോട്ടലുകളിലും ഷോപ്പിംഗ് മാളുകളിലുമെല്ലാം ഈസിയായി ഉപയോഗിക്കാന്‍ നിങ്ങളെ സഹായിക്കും. ഫ്‌ളൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്യാനും ഹോട്ടലുകള്‍ ബുക്ക് ചെയ്യാനുമെല്ലാം ഇവ ഉപയോഗിക്കാം.
കാര്‍ഡ് പേമെന്റുകള്‍ ഇല്ലാത്ത സ്ഥലത്ത് കറന്‍സി ഉപയോഗിക്കുന്നതാണ് ബുദ്ധി. ചിപ്, പിന്‍ എന്നിവ ഉള്ളതിനാല്‍ അവ സുരക്ഷിതമായി ഉപയോഗിക്കാനും കഴിയും. അംഗീകൃത എക്‌സ്‌ചേഞ്ചുകള്‍ വഴിയും ചില ബാങ്കുകള്‍ വഴിയും ഫോറെക്‌സ് കാര്‍ഡുകള്‍ സ്വന്തമാക്കാം.
ഇന്റര്‍നാഷണല്‍ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കാം
സ്ഥിരമായി വിദേശ യാത്ര വേണ്ടിവരുന്നയാളാണ് നിങ്ങളെങ്കിലോ അല്ലെങ്കില്‍ കുറെയേറെ ദിവസങ്ങള്‍ വിദേശത്ത് ചെലവഴിക്കാന്‍ പദ്ധതിയുണ്ടെങ്കിലോ വിദേശത്ത് കൂടെ ഉപയോഗിക്കാന്‍ അനുവാദമുള്ള അന്താരാഷ്ട്ര ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ (international debit/credit card)സ്വന്തമാക്കാവുന്നതാണ്.
എയര്‍പോര്‍ട്ട് ലോഞ്ചുകളിലേക്കുള്ള പ്രവേശനം പോലെയുള്ള അധിക ആനുകൂല്യങ്ങളോടെയാണ് പല അന്താരാഷ്ട്ര ഡെബിറ്റ് അല്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡുകളും വരുന്നത്. സൗജന്യ വൈഫൈ, ലഘു ഭക്ഷണങ്ങള്‍, പാനീയങ്ങള്‍, ഫ്രഷ് ആവാനുള്ള സൗകര്യം എന്നിവ പോലും ഈ കാര്‍ഡുകള്‍ ഓഫര്‍ ചെയ്‌തേക്കാം. എന്നിരുന്നാലും, നിങ്ങളുടെ യാത്രയ്ക്ക് മുമ്പ്, നിങ്ങളുടെ നിലവിലുള്ള ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡില്‍ അന്താരാഷ്ട്ര ഇടപാടുകള്‍ സാധ്യമെങ്കില്‍ അവ ആക്റ്റീവ് ആക്കണം. ഇത് നിങ്ങളുടെ ബാങ്കിന്റെ മൊബൈല്‍ ആപ്പ് വഴിയോ കസ്റ്റമര്‍ കെയറില്‍ ബന്ധപ്പെട്ടോ ചെയ്യാനും കഴിയും.