

2020-ലെ സോഷ്യൽ സെക്യൂരിറ്റി കോഡിന്റെ ഭാഗമായി പതിറ്റാണ്ടുകൾ പഴക്കമുള്ള 1952-ലെ ഇപിഎഫ് സ്കീമിന് പകരം ഇപിഎഫ് സ്കീം 2026 വിജ്ഞാപനം ചെയ്ത് കേന്ദ്ര സർക്കാർ. വിരമിക്കൽ ആനുകൂല്യങ്ങളുടെ അടിസ്ഥാന ഘടനയിൽ മാറ്റമില്ലാതെ, ഇപിഎഫ് സേവനങ്ങൾ കൂടുതൽ സുതാര്യവും കാര്യക്ഷമവുമാക്കുകയാണ് ഈ പുതിയ പരിഷ്കാരത്തിലൂടെ ലക്ഷ്യമിടുന്നത്. ഇപിഎഫ് വരിക്കാർക്ക് ഭാഗികമായ പിൻവലിക്കലുകൾ (Partial withdrawals) കൂടുതൽ ലളിതമാക്കുന്നതാണ് പുതിയ നിയമങ്ങൾ.
മിനിമം ബാലൻസ് നിബന്ധന: ഭാഗികമായ പിൻവലിക്കലുകൾ നടത്തുമ്പോൾ അക്കൗണ്ടിൽ ഒരു നിശ്ചിത തുക ബാലൻസ് നിലനിർത്തണമെന്നതാണ് പുതിയ സ്കീമിലെ ഏറ്റവും പ്രധാനപ്പെട്ട മാറ്റം. യോഗ്യമായ ബാലൻസിന്റെ കുറഞ്ഞത് 25 ശതമാനം തുക അക്കൗണ്ടിൽ തന്നെ സൂക്ഷിക്കണം. അതായത്, ഒരാളുടെ അക്കൗണ്ടിൽ ഒരു ലക്ഷം രൂപയുണ്ടെങ്കിൽ 25,000 രൂപ നിർബന്ധമായും നിലനിർത്തണം; ബാക്കിയുള്ള 75,000 രൂപ മാത്രമേ നിബന്ധനകൾക്ക് വിധേയമായി പിൻവലിക്കാൻ സാധിക്കൂ. ഈ മിനിമം ബാലൻസ് നിയമം എംപ്ലോയീ, എംപ്ലോയർ വിഹിതങ്ങൾക്ക് ഒരുപോലെ ബാധകമാണ്.
പുതിയ സ്കീമിൽ ഡിജിറ്റൽ കംപ്ലയൻസിന് വലിയ മുൻഗണന നൽകുന്നുണ്ട്. ക്ലെയിമുകൾ ഡിജിറ്റലായി പ്രോസസ് ചെയ്യുന്നതിനും മറ്റ് സേവനങ്ങൾ തടസ്സമില്ലാതെ ലഭ്യമാക്കുന്നതിനും അംഗങ്ങൾ തങ്ങളുടെ ആധാർ, പാൻ (PAN), ആധാറുമായി ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ട് വിവരങ്ങൾ എന്നിവ നൽകേണ്ടത് നിർബന്ധമാണ്. തൊഴിൽ മാറുമ്പോൾ അക്കൗണ്ടുകൾ എളുപ്പത്തിൽ കൈമാറുന്നതിനായി യൂണിവേഴ്സൽ അക്കൗണ്ട് നമ്പർ (UAN) തന്നെ സ്ഥിരമായ തിരിച്ചറിയൽ രേഖയായി തുടരും.
തൊഴിലുടമകളുടെയും ജീവനക്കാരുടെയും വിഹിതത്തിൽ പുതിയ സ്കീം മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. ശമ്പളത്തിന്റെ 12 ശതമാനം വീതമുള്ള നിലവിലെ സംഭാവന നിരക്ക് തന്നെ തുടരും. നിലവിലുള്ള ഇപിഎഫ് വരിക്കാർക്ക് പുതിയ സ്കീമിലേക്ക് സ്വയമേവ മാറ്റം (Automatic transition) ഉറപ്പാക്കിയിട്ടുണ്ട്. അവരുടെ നിലവിലെ സമ്പാദ്യത്തെ (Accumulated corpus) ഈ മാറ്റം യാതൊരു തരത്തിലും ബാധിക്കില്ല.
വവിധ ആവശ്യങ്ങൾക്കായി പണം പിൻവലിക്കാനുള്ള നിബന്ധനകൾ താഴെ പറയുന്നവയാണ്:
ചികിത്സ: ഇപിഎഫില്‍ ചേര്‍ന്ന് 12 മാസത്തിന് ശേഷം സ്വയമോ കുടുംബാംഗങ്ങൾക്കോ വേണ്ടി യോഗ്യമായ ബാലൻസിന്റെ 100 ശതമാനം വരെ പിൻവലിക്കാം.
വിദ്യാഭ്യാസം: 12 മാസത്തിന് ശേഷം 100 ശതമാനം വരെ പിൻവലിക്കാം. അംഗത്വ കാലയളവിൽ പരമാവധി 10 തവണ ഈ സൗകര്യം ഉപയോഗിക്കാം.
വിവാഹം: 12 മാസത്തിന് ശേഷം യോഗ്യമായ ബാലൻസിന്റെ 100 ശതമാനം വരെ പിൻവലിക്കാം. ഇത് പരമാവധി 5 തവണ വരെയാണ് അനുവദനീയമാകുന്നത്.
ഭവന ആവശ്യങ്ങൾ: വീടോ ഫ്ലാറ്റോ പ്ലോട്ടോ വാങ്ങുന്നതിനും വീട് നിർമ്മാണത്തിനും അറ്റകുറ്റപ്പണികൾക്കും ഭവനവായ്പ തിരിച്ചടവിനുമായി 12 മാസത്തെ അംഗത്വത്തിന് ശേഷം യോഗ്യമായ ബാലൻസിന്റെ 100 ശതമാനം തുകയും പിൻവലിക്കാം.
ജോലി ഉപേക്ഷിക്കൽ: 12 മാസം സർവീസ് പൂർത്തിയാക്കുന്നതിന് മുൻപ് ജോലി ഉപേക്ഷിക്കുന്നവർക്കും ഇപ്പോൾ നിശ്ചിത നിബന്ധനകളോടെ ഭാഗികമായി പണം പിൻവലിക്കാൻ സാധിക്കും. ഒരു സാമ്പത്തിക വർഷം പരമാവധി രണ്ട് തവണ ഇത്തരത്തിൽ പിൻവലിക്കാവുന്നതാണ്.
Read DhanamOnline in English
Subscribe to Dhanam Magazine