ഒഡീസി സിനിമയും സാമ്പത്തിക പാഠവും; കളംമറന്ന് ഏതുവരെ കളിക്കാം?

സാമ്പത്തികമായും ശാരീരികമായും മികച്ച അവസ്ഥയിലാണ് നിങ്ങളെങ്കില്‍, അത് സാമ്പത്തിക ചൂതാട്ടത്തിലൂടെ കളഞ്ഞുകുളിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക
The odyssey poster
Published on

നിറഞ്ഞുകവിയുന്ന തിയേറ്ററുകള്‍, തകരുന്ന കളക്ഷന്‍ റെക്കോഡുകള്‍. ക്രിസ്റ്റഫര്‍ നോളന്റെ ദ ഒഡീസി 2026ലെ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്ററായി മാറാനുള്ള വഴിയിലാണ്. ഐമാക്സിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കളക്ഷനും നോളന്റെ ഏറ്റവും പണം നേടിയ സിനിമയും ഒഡീസിയാണ്. മാറ്റ് ഡെയ്മണ്‍ ഒഡീസിയസ് ആയും ആന്‍ ഹാത്തവേ അദ്ദേഹത്തിന്റെ ഭാര്യ പെനലോപ്പ് ആയും വേഷമിടുന്ന ചിത്രം, ട്രോജന്‍ യുദ്ധത്തിലേക്കും തിരിച്ചുമുള്ള ഒഡീസിയസിന്റെ സാഹസികവും ദീര്‍ഘവുമായ യാത്രയുടെ കഥയാണ് പറയുന്നത്. ആ അന്വേഷണം അതിവീരോചിതമാണ്, തിയേറ്ററില്‍ കണ്ടിരിക്കേണ്ട ചിത്രം തന്നെയാണിത്.

വീരത്വത്തിന്റെയും വെല്ലുവിളികളെ നേരിടാനുള്ള ധൈര്യത്തിന്റെയും തളരാത്ത മനോഭാവത്തിന്റെയും സന്ദേശമാണ് മിക്കവര്‍ക്കും ഈ ചിത്രത്തില്‍ നിന്ന് ലഭിക്കുന്നത്. എന്നാല്‍ ഈ ചിത്രം എനിക്ക് സമ്മാനിച്ചത് വീരഗാഥയുടെ ആവേശം മാത്രമല്ല, മറിച്ച് ഒരു നിക്ഷേപകനും കുടുംബനാഥനും ഒരുപോലെ ചിന്തിക്കേണ്ട സാമ്പത്തിക പാഠം കൂടിയാണ്.

യുദ്ധത്തിന് പോകരുതെന്നും പകരം തന്നെയും നവജാത പുത്രനെയും കൊണ്ട് പടിഞ്ഞാറോട്ട്, അസ്തമയ സൂര്യനെ പിന്തുടര്‍ന്ന് ഒരു കപ്പലില്‍ യാത്ര ചെയ്യാമെന്നും പെനലോപ്പ് ഒഡീസിയസിനോട് അഭ്യര്‍ത്ഥിക്കുന്ന ഒരു സീന്‍ ഈ സിനിമയിലുണ്ട്.

ട്രോയ് രാജകുമാരന്‍ പാരിസിനൊപ്പം ഒളിച്ചോടിയ തന്റെ സഹോദരന്റെ ഭാര്യയെ വീണ്ടെടുക്കാന്‍ ട്രോയിക്കെതിരായ യുദ്ധത്തില്‍ ഒപ്പം ചേരാന്‍ അഗമെംനോണ്‍ രാജാവ് ഒഡീസിയസിനോട് കല്‍പിച്ചതാണ് ഇതിന് കാരണം.

ഇത്താക്കയുടെ രാജാവായിരുന്ന ഒഡീസിയസിന് സുന്ദരിയായ ഭാര്യയും നവജാത പുത്രനും ഉണ്ടായിരുന്നു. തന്റെ രാജ്യത്തിനും ജനങ്ങള്‍ക്കും വേണ്ടി അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുന്ന, ജീവിതത്തിലെ ഏറ്റവും മികച്ച ഘട്ടത്തിലായിരുന്നു അദ്ദേഹം. എന്നിട്ടും ഏതൊരു വീരനായകനെയും പോലെ യുദ്ധത്തിനുള്ള വിളിക്ക് ഉത്തരം നല്‍കാന്‍ അദ്ദേഹം തീരുമാനിച്ചു.

മുപ്പതുകളില്‍ ചെയ്യേണ്ടത്‌

ഇത് നിങ്ങളുടെ സ്വന്തം ജീവിതവുമായി ഒന്ന് താരതമ്യം ചെയ്യുക. മുപ്പതുകളില്‍ എത്തിനില്‍ക്കുന്ന നിങ്ങള്‍, ഒഡീസിയസിനെപ്പോലെ സ്നേഹമുള്ള പങ്കാളിയും നവജാത പുത്രനുമായി സ്വപ്നജീവിതം നയിക്കുകയാണെന്ന് കരുതുക. സാമ്പത്തികമായ ഒരൊറ്റ തെറ്റായ തീരുമാനം, അതെല്ലാം ഇല്ലാതാക്കിയേക്കാം. ആ ഒരൊറ്റ ചൂതാട്ടം നിങ്ങളുടെയും കുടുംബത്തിന്റെയും ഭാവിയെ വര്‍ഷങ്ങളോളം പിന്നോട്ടടിച്ചേക്കാം. ഒഡീസിയസ് 20 വര്‍ഷമാണ് വീടുവിട്ട് നിന്നത്.

ഇത്താക്കക്ക് രാജാവില്ലായിരുന്നു. ഭാര്യക്ക് ആശ്രയിക്കാന്‍ ആരുമില്ലായിരുന്നു. മകനാകട്ടെ രാജ്യത്തെ സംരക്ഷിക്കാന്‍ കഴിയാത്തത്ര പ്രായം കുറഞ്ഞവനും.

തന്റെ ഭാര്യയെയും കുടുംബത്തെയും തകര്‍ത്തുകളയാന്‍ സാധ്യതയുള്ള ഒരു ദുര്‍ബലാവസ്ഥയിലേക്കാണ് അദ്ദേഹം അവരെ വിട്ടത്. അവള്‍ അനുഭവിച്ച വേദനയും കൂട്ടില്ലായ്മയും 20 വര്‍ഷത്തോളം സഹിച്ച ദുരിതങ്ങളും ആന്‍ ഹാത്തവേ അതിഗംഭീരമായി അഭിനയിച്ചു ഫലിപ്പിക്കുന്നു.

ചിത്രത്തിന്റെ അവസാനം ഒഡീസിയസ് വീട്ടിലേക്ക് മടങ്ങുന്നുണ്ട്. ഭാര്യയുടെയും മകന്റെയും സ്നേഹം വീണ്ടെടുത്ത്, നാട്ടുകാരുടെ ബഹുമാനവും നേടുന്നു. എന്നാല്‍ അതിനിടയില്‍ അദ്ദേഹം കടന്നുപോയ മരണത്തോളമെത്തിയ സന്ദര്‍ഭങ്ങള്‍ ഒന്ന് ആലോചിച്ചുനോക്കൂ.

ഒരു ഘട്ടത്തില്‍, താന്‍ ആരാണെന്ന് പോലും അദ്ദേഹത്തിന് ഓര്‍മയില്ലാതായി. കപ്പലിലുണ്ടായിരുന്ന എല്ലാവരും മരിച്ചു. അദ്ദേഹം മാത്രം അത്ഭുതകരമായി രക്ഷപ്പെട്ടു. അദ്ദേഹത്തിന്റെ അതിജീവനത്തിന്റെ ഒരു വലിയ പങ്ക് വെറും ഭാഗ്യംകൊണ്ട് മാത്രമായിരുന്നു. ഇത്താക്കയിലേക്ക് മടങ്ങിയെത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ലെങ്കിലോ? ആരെങ്കിലും ഭാര്യയോട് മോശമായി പെരുമാറിയിരുന്നെങ്കിലോ? മകന്റെ ജീവന്‍ സംരക്ഷിക്കാന്‍ അദ്ദേഹത്തിന് കഴിയാതെ പോയിരുന്നെങ്കിലോ? 

സാമ്പത്തിക സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള പഠനവും വ്യക്തിഗത ധനകാര്യ മികവും കേന്ദ്രീകരിക്കുന്നത് കുടുംബത്തോടൊപ്പം നിന്നുകൊണ്ട് സ്വയം മെച്ചപ്പെട്ട വ്യക്തിയായി മാറുകയെന്ന ആശയത്തിലാണ്. മക്കള്‍ അവരുടെ പൂര്‍ണ ശേഷിയിലേക്ക് വളരുന്നത് കണ്ടാസ്വദിക്കാന്‍ കഴിയുന്ന ഒരു ഘട്ടത്തില്‍. പണത്തെക്കുറിച്ച് ഒരിക്കലും ആശങ്കപ്പെടേണ്ടതില്ലാത്ത, ജീവിതം ആസ്വദിക്കാന്‍ നിങ്ങളുടെ ബക്കറ്റ് ലിസ്റ്റ് ഒന്നൊന്നായി പൂര്‍ത്തിയാക്കാന്‍ കഴിയുന്ന ഒരു അവസ്ഥ.

ജാഗ്രത പുലര്‍ത്തുക

സാമ്പത്തികമായും ശാരീരികമായും ജീവിതത്തിലെ ഏറ്റവും മികച്ച അവസ്ഥയിലാണ് നിങ്ങളെങ്കില്‍, അത് സാമ്പത്തിക ചൂതാട്ടത്തിലൂടെ കളഞ്ഞുകുളിക്കാതിരിക്കാന്‍ അതീവ ജാഗ്രത പുലര്‍ത്തുക. ചൂതാട്ടം നിങ്ങളെ കൂടുതല്‍ മോശമായ അവസ്ഥയിലാക്കിയേക്കാം. അതില്‍ സമയവും പണവും നഷ്ടപ്പെട്ടേക്കാം. യഥാര്‍ത്ഥ അവസ്ഥയിലേക്ക് തിരിച്ചെത്താന്‍ അനുഗ്രഹമെന്ന് കരുതിയത് പോലും വഴിതെറ്റിച്ചേക്കാം. ചില ചൂതാട്ടങ്ങള്‍ ജീവനോ, മുഴുവന്‍ ആസ്തിയോ തന്നെ നഷ്ടപ്പെടുത്തിയേക്കാം.

ചൂതാട്ടത്തിനും സാഹസികതയുടെ വിളിക്ക് ഉത്തരം നല്‍കാനുമുള്ള പ്രേരണ മനുഷ്യസഹജമാണ്; അതിനെ പൂര്‍ണമായി ഒഴിവാക്കാന്‍ നമുക്ക് കഴിയില്ല. അതുകൊണ്ട് അതിന് ഒരു പരിഹാരമുണ്ട്. നിങ്ങളുടെ ആസ്തിയുടെ (ില േംീൃവേ) 5% മാത്രം ചൂതാട്ടത്തിന് ഉപയോഗിക്കുക. സാഹസികതയുടെ ത്രില്‍ അത് നല്‍കും. എന്നാല്‍ നിങ്ങളുടെ സാമ്പത്തിക സ്ഥിരതയെ അത് തകര്‍ക്കില്ല.

നിങ്ങളുടെ മൊത്തം ആസ്തി (എല്ലാ സ്വത്തുക്കളും ഉള്‍പ്പെടെ) രണ്ട് കോടി രൂപയാണെങ്കില്‍ അതിന്റെ അഞ്ച് ശതമാനത്തില്‍ കൂടുതല്‍, അതായത് 10 ലക്ഷം രൂപയില്‍ കൂടുതല്‍ നഷ്ടപ്പെടാന്‍ സാധ്യതയുള്ള ഒരു ചൂതാട്ടത്തിലേക്ക് ഇറങ്ങരുത്. ചൂതാട്ടം വിജയിച്ചാല്‍ നിങ്ങള്‍ക്ക് ലാഭം; പരാജയപ്പെട്ടാലും 5% മാത്രമെ നഷ്ടമുള്ളൂ. അത് പൂര്‍ണമായി തകരുന്നതിനേക്കാള്‍ എത്രയോ ഭേദമാണ്.

നല്ലവശം എന്തെന്നാല്‍, ചൂതാട്ടം പരാജയപ്പെട്ടാലും നിങ്ങള്‍ക്ക് ഖേദിക്കേണ്ടി വരില്ല. അത് പിന്നീട് നിങ്ങളുടെ കൊച്ചുമക്കളോട് പങ്കുവെക്കാവുന്ന ഒരു കഥയായി മാറും. എന്നാല്‍ മുഴുവന്‍ ആസ്തിയും വെച്ചാണ് ചൂതാട്ടം നടത്തിയതെങ്കില്‍ ജീവിതം ജീവിക്കാനോ, കൊച്ചുമക്കളെ അറിയാനോ ഉള്ള അവസരം തന്നെ നഷ്ടപ്പെട്ടേക്കാം.

ഇനി കുറച്ചുകൂടി വ്യക്തമാക്കാം. എന്താണ് ചൂതാട്ടം?

ബിസിനസ് തുടങ്ങുന്നത്, ജോലി മാറുന്നത്, വീട് പണിയുന്നത്, സുഹൃത്തിന് പണം കടം കൊടുക്കുന്നത്, സുഹൃത്തിന്റെ ബിസിനസില്‍ നിക്ഷേപിക്കുന്നത്, വായ്പ എടുക്കുന്നത്, ഓഹരി വിപണിയിലെ നിക്ഷേപം തുടങ്ങിയവയെല്ലാം ഒരു ചൂതാട്ടമാണ്.

ഏതൊരു സാമ്പത്തിക തീരുമാനത്തെയും സൂക്ഷ്മമായി നോക്കിയാല്‍, അതൊരു മറഞ്ഞിരിക്കുന്ന ചൂതാട്ടമാണെന്ന് കാണാം. എന്നാല്‍ ഏതെങ്കിലും ഒരു ദിവസം അതിനെക്കുറിച്ച് ഒരു 'അതെ' അല്ലെങ്കില്‍ 'അല്ല' എന്ന തീരുമാനം എടുത്തേ മതിയാകൂ. ഇവിടെയാണ് 5% എന്ന സ്വയം നിയന്ത്രണം നിങ്ങള്‍ക്ക് വഴികാട്ടിയാകുന്നത്. ഓര്‍ക്കുക, ഏതൊരു സാമ്പത്തിക കരാറില്‍ ഏര്‍പ്പെടുമ്പോഴും അത് നിങ്ങളെ പൂര്‍ണമായി തകര്‍ക്കാന്‍ അനുവദിക്കരുത്.

(ഇന്‍വെസ്റ്റ്‌മെന്റ് അഡൈ്വസറും റിസര്‍ച്ച് അനലിസ്റ്റുമാണ് ലേഖകന്‍. website www.balamoney.com, Ph: 77360 10203.)

Christopher Nolan's epic film offers a vital lesson for investors in their 30s—never risk your entire net worth for high-risk financial gambles.

(ധനം മാഗസിന്‍ സെപ്റ്റംബര്‍ 15 ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്.)

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com