Begin typing your search above and press return to search.
പുതുവര്‍ഷം ഓഹരി വിപണിയിലേക്ക് ഇറങ്ങുന്നുണ്ടോ? ഇതാ 4 പാഠങ്ങള്‍
കോവിഡിനെ തുടര്‍ന്നുണ്ടായ ലോക്ക്ഡൗണ്‍ കാലം മുതല്‍ ഇന്ത്യന്‍ ഓഹരി വിപണിയിലേക്കിറങ്ങുന്നവരുടെ ഒഴുക്ക് തുടരുകയാണ്. ജോലിയും ബിസിനസും അസ്ഥിരമായവരാണ് കൂടുതല്‍ റീറ്റെയ്ല്‍ നിക്ഷേപകരത്രെ.
പരമ്പരാഗത നിക്ഷേപമാര്‍ഗങ്ങള്‍ അനാകര്‍ഷകമായത്, നിക്ഷേപത്തിന്റെ ആവശ്യകത കൂടുതല്‍ തിരിച്ചറിഞ്ഞത്, ചെലവുകള്‍ വന്‍തോതില്‍ കുറഞ്ഞതോടെ യുവസമൂഹത്തിന്റെ കൈയില്‍ നിക്ഷേപയോഗ്യമായ പണം വന്നുചേര്‍ന്നത്, ലോക്ക്ഡൗണില്‍ ഓഹരി വിപണി കുറിച്ച് പഠിക്കാന്‍ കൂടുതല്‍ സമയം ലഭിച്ചത്, കൈയിലെ സ്മാര്‍ട്ട്‌ഫോണിലൂടെ ഓഹരി നിക്ഷേപം അനായാസം നടത്താന്‍ സഹായിക്കുന്നതെല്ലാം ഇതിന് ആക്കം കൂട്ടി.
എന്നാല്‍ പുതുവര്‍ഷത്തിന്റെ ആവേശത്തില്‍ മതിയായ ശ്രദ്ധ കൊടുത്തില്ലെങ്കില്‍ ഓഹരി വിപണി കുഴിയില്‍ ചാടിക്കും. ശ്രദ്ധിക്കാന്‍ ചില കാര്യങ്ങള്‍ ഇതാ.
1. ടിപ്‌സുകളെയും വീഡിയോകളെയും അന്ധമായി വിശ്വസിക്കരുത്
വിഡിയോയ്ക്ക് ആളെക്കയറ്റാന്‍ ചിലപ്പോള്‍ യൂ ട്യൂബില്‍ ഓഹരി നിക്ഷേപത്തെ കുറിച്ച് എബിസിഡി അറിയാത്തവര്‍ പോലും വിദഗ്ധ നിര്‍ദേശങ്ങള്‍ പടച്ചുവിടും. ഇക്കാലത്ത് ഇത് കൂടുതലുമാണ്. ഇത്തരക്കാരുടെ മാര്‍ഗനിര്‍ദേശങ്ങളെ കണ്ണുമടച്ച് വിശ്വസിക്കാന്‍ പാടില്ല.
അടുത്തിടെ ദേശീയതലത്തിലെ ഒരു പ്രമുഖ ചാനലിലെ ഓഹരി അധിഷ്ഠിത പരിപാടിയും അവതാരകന് എതിരെ പോലും സെബി നടപടി സ്വീകരിച്ചിരുന്നു. വ്യക്തിതാല്‍പ്പര്യങ്ങള്‍ മുന്‍നിര്‍ത്തി ഓഹരി നിര്‍ദേശങ്ങള്‍ നല്‍കുന്നുവെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണിത്.
ഈ രംഗത്തെ വിദഗ്ധരെ സമീപിച്ച് മാര്‍ഗനിര്‍ദേശം തേടുക. സെബി അംഗീകൃത നിക്ഷേപ വിദഗ്ധര്‍ സൗജന്യമായി തന്നെ ഇത്തരം വിഷയങ്ങളില്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലൂടെ സൗജന്യമായി ക്ലാസ് എടുക്കുന്നുണ്ട്. അവ അന്വേഷിക്കുക.
2. രേഖകള്‍ സൂക്ഷിക്കുക
വെപ്രാളത്തില്‍ പെടരുത്. Slow and steady wins .... നിങ്ങള്‍ വാങ്ങുന്ന/ വില്‍ക്കുന്ന ഓഹരികളുമായി ബന്ധപ്പെട്ട എല്ലാവിവരങ്ങളും ഒരു എക്‌സല്‍ ഷീറ്റില്‍ രേഖപ്പെടുത്തി സൂക്ഷിക്കണം. ഓഹരി വാങ്ങിയ തീയതി, വില, വില്‍ക്കുകയാണെങ്കില്‍ എന്ന്, എത്ര രൂപയ്ക്ക്, ലാഭമോ നഷ്ടമോ അങ്ങനെ എല്ലാം രേഖപ്പെടുത്തി വെയ്ക്കണം. നിങ്ങളുടെ നിക്ഷേപം കൃത്യമായി വിശകലനം ചെയ്യാനും നികുതി സംബന്ധമായ കാര്യങ്ങള്‍ക്കും സാമ്പത്തിക അച്ചടക്കം വരുന്നതിനും ഇത് അനിവാര്യമാണ്.
3. ചെറിയ തുകയില്‍ തുടങ്ങാം
വലിയൊരു തുക കൈയിലുണ്ടെങ്കില്‍ പോലും ആദ്യനിക്ഷേപകര്‍ ആദ്യം ചെറിയ തുകകളായി നിക്ഷേപം നടത്തുന്നതാണ് ഉചിതം. നിക്ഷേപം നടത്തി തുടങ്ങുന്നതോടെ ഗൗരവത്തോടെ വിപണിയെ നോക്കാന്‍ തുടങ്ങും. കാര്യങ്ങള്‍ അറിയാന്‍ തുടങ്ങും. പിന്നീട് പതുക്കെ നിക്ഷേപ തുക ഉയര്‍ത്താം.
4. അറിവ് നേടുക
അറിവിനായി നടത്തുന്ന നിക്ഷേപമാണ് ഏറ്റവും ഉയര്‍ന്ന പലിശ നല്‍കുന്നതെന്ന് പറഞ്ഞിട്ടുണ്ട് ബെഞ്ചമിന്‍ ഫ്രാങ്ക്‌ളിന്‍. ബിസിനസ്, നിക്ഷേപ വാര്‍ത്തകള്‍ വരുന്ന പത്രങ്ങളും മാധ്യമങ്ങളും വായിക്കുക. കമ്പനികാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന ടിവി ചാനലുകള്‍ കാണുക. നിക്ഷേപ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്ന വിശ്വാസ്യതയുള്ള യൂട്യൂബ് ചാനലുകള്‍ കാണുക എന്നിവയിലൂടെയെല്ലാം അറിവ് വര്‍ധിപ്പിക്കാന്‍ പറ്റും. അതുപോലെ നിക്ഷേപഗുരുക്കളുടെ വിദഗ്ധ ഉപദേശങ്ങള്‍ പിന്തുടരുക. അവരുടെ ബുക്കുകള്‍ വായിക്കുക.
സമ്പത്ത് ആര്‍ജ്ജിക്കുന്നതിന് അതിന്റേതായ സമയം വേണം. കണ്ണടച്ച് തുറക്കുന്ന വേഗത്തില്‍ ആരും ധനികരായിട്ടില്ല. ഓഹരി വാങ്ങുകയെന്നാല്‍ ഒരു ബിസിനസിന്റെ പങ്കാളിയാകുക എന്നതാണ്. അതൊരു ചൂതാട്ടമോ ഭാഗ്യാന്വേഷണമോ അല്ല. എപ്പോള്‍ നിക്ഷേപിച്ചുവെന്നതല്ല എത്രകാലം നിക്ഷേപം തുടര്‍ന്നു എന്നതാണ് നേട്ടം സമ്മാനിക്കുന്ന ഒരു ഘടകം.
Next Story
Videos