ക്രെഡിറ്റ് കാര്‍ഡ് ബാധ്യതയാകാതെ ഉപയോഗിക്കാം; ഈ തെറ്റുകള്‍ ഒഴിവാക്കൂ

കൈയില്‍ പണം കാലിയായാലും ക്രെഡിറ്റ് കാര്‍ഡ് ഉണ്ടെങ്കില്‍ ലഭിക്കുന്ന ആശ്വാസം പ്രതിസന്ധി ഘട്ടത്തില്‍ വളരെ വലുതാണ്. എന്നാല്‍ ക്രെഡിറ്റ് കാര്‍ഡ് ശരിയായ രീതിയില്‍ കൃത്യമായുപയോഗപ്പെടുത്തിയാല്‍ പണി കിട്ടാതെ രക്ഷപ്പെടാം. കാരണം കാര്‍ഡ് ഉപയോഗിക്കാനറിഞ്ഞില്ലെങ്കില്‍ പൊല്ലാപ്പ് ഉറപ്പാണ്. ഇതാ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗത്തില്‍ വരുത്തി വയ്ക്കുന്ന ചില തെറ്റുകളും ഒഴിവാക്കേണ്ട മാര്‍ഗങ്ങളും.

മിനിമം ഡ്യൂ മാത്രം അടയ്ക്കല്‍
പലരും ക്രെഡിറ്റ് പേയ്‌മെന്റ് അടക്കേണ്ട ദിവസം മിനിമം ഡ്യൂ മാത്രം അടച്ചു പോകും. അതിനു ശേഷം വീണ്ടും ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കും. ഇത് നിങ്ങളുടെ ബാധ്യത കൂട്ടുകയേ ഉള്ളൂ. മിനിമം ഡ്യൂ മാത്രം അടച്ചു പോകുമ്പോള്‍ മുതല്‍ തുക അവിടെ തന്നെ ഇരിക്കുകയാണ്. അതില്‍ കുറവ് വരുന്നില്ല. അപ്പോള്‍ പലിശയും മറ്റു ഹിഡണ്‍ ചാര്‍ജുകളും അടക്കേണ്ടിവരും. മാത്രമല്ല. കുറേ നാള്‍ കഴിയുമ്പോള്‍ വന്‍ തുകയായി മാറും. അത് ഒന്നിച്ചടയ്ക്കാന്‍ പ്രയാസമാകും. ഇത് ക്രെഡിറ്റ് സ്‌കോര്‍ താഴ്ത്തും എന്നതു മാത്രമല്ല നിങ്ങളെവ വലിയ കടക്കെണിയിലുമാക്കും.
മാസം തോറുമുള്ള തിരിച്ചടവ് മുടങ്ങല്‍
മാസന്തോറുമുള്ള ക്രെഡിറ്റ് കാര്‍ഡ് തിരിച്ചടവ് മുടങ്ങിയാല്‍ ക്രെഡിറ്റ് സ്‌കോര്‍ സൂപ്പര്‍ ഫാസ്റ്റ് ആയി താഴെ പോകും. ഒരു തവണ മുടങ്ങിയാല്‍ ഒരു മാസം പുറകില്‍ പോകുമെന്ന് മാത്രമല്ല, ഇതിന്റെ ഫലം 7 വര്‍ഷത്തെ ക്രെഡിറ്റ് സ്‌കോറില്‍ പ്രതിഫലിക്കും.
ക്രെഡിറ്റ് പരിധി മുഴുവന്‍ ഉപയോഗിക്കുന്നത്
ക്രെഡിറ്റ് കാര്‍ഡിന്റെ കാര്യത്തില്‍ പൂര്‍ണമായി ഉപയോഗിച്ചാല്‍ പൂര്‍ണമായും അടയ്ക്കാമല്ലോ എന്നതാണ് പലരും പിന്തുടരുന്ന പോളിസി. ക്രെഡിറ്റ് ലിമിറ്റിലുള്ള തുക മുഴുവന്‍ ചെലവഴിച്ചാല്‍ വന്‍ പ്രതിസന്ധി നേരിടേണ്ടി വരും. ആശുപത്രി ചികില്‍സ പോലുള്ള എന്തെങ്കിലും അടിയന്തര സാഹചര്യം വരുമ്പോള്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കാന്‍ കഴിയാതെ വരും. കെഡ്രിറ്റ് പരിധിയ്ക്കപ്പുറം ചെലവഴിക്കുമ്പോള്‍ അത്യാവശ്യ ഘട്ടങ്ങളില്‍ അധികമായി ക്രെഡിറ്റ് ചോദിക്കാനുള്ള അവസരം നഷ്ടമാക്കും.
പരിധിയില്‍ കടന്നാല്‍
കെഡിറ്റ് കാര്‍ഡ് ഉപയോഗം പരിധി കടന്നാല്‍ അധികം ഉപയോഗിച്ച തുകയുടേതടക്കം നല്ലൊരു തുക ബാധ്യതയായി വരും. അതിതു പുറമേ പലിശയും നല്‍കണം. ഓവര്‍ ലിമിറ്റ് ഫീസും ഈടാക്കും.
ബാലന്‍സ് ട്രാന്‍ഫര്‍ ചെയ്താല്‍
പഴയ ക്രെഡിറ്റ് കാര്‍ഡിലെ ബാലന്‍സ് പുതിയ കാര്‍ഡിലേക്കു മാറ്റുന്നവരുണ്ട്. പുതിയ കാര്‍ഡില്‍ ഒരു വര്‍ഷത്തേക്ക് പലിശ ഈടാക്കാറില്ല. എന്നാല്‍ ഇതൊരു എളുപ്പ മാര്‍ഗമായി സ്വീകരിക്കരുത്. ബാധ്യത കൂടുകയേ ഉള്ളൂ. ഒട്ടേറെ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നത് ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കും. ക്രെഡിറ്റ് കാര്‍ഡുകളെ ആകര്‍ഷകമാക്കുന്നത് ഇഎംഐ ഓപ്ഷനാണ്. ഏതു പണക്കൈമാറ്റവും (ഡയറക്ട് കാഷ് എടുക്കുന്നതും സ്വര്‍ണം വാങ്ങുന്നതും ഒഴികെ) ഇഎംഐ ആക്കാം. ഇഎംഐകളുടെ എണ്ണം കൂടാതിരിക്കാന്‍ ശ്രദ്ധിക്കുക.


Related Articles
Next Story
Videos
Share it